തെറ്റാലിത്താഷി

താഷിയ്ക്ക് ഒരു തെറ്റാലി കിട്ടി. അപ്പുറത്തെ വീട്ടിലെ നിമ്മിയാന്റി വയനാട് പോയപ്പോ താഷിയ്ക്ക് കൊണ്ടുവന്ന സമ്മാനമാണ് തെറ്റാലി.

ഇംഗ്‌ളീഷിലെ ‘XYZ’ ലെ ‘Y’ ഇല്ലേ അവനെപ്പോലെയാ തെറ്റാലി ഇരിക്കുന്നത്.
എന്നിട്ടാ രണ്ടു ശിഖരത്തിലും കൂടി കെട്ടിയിരിക്കുന്ന ഒരു കട്ടി റബര്‍ബാന്‍ഡും കൂടിയായാല്‍ തെറ്റാലിയായി.

നടുക്ക് ഒരു കല്ല് വച്ച് വലിച്ചു വിടുകയേ വേണ്ടൂ, ഉന്നത്തില്‍ ചെന്നു കൊണ്ട് മാങ്ങയും കശുമാങ്ങയും ചാമ്പക്കയുമൊക്കെ ചറുപിറോ എന്നു വീഴും.

തെറ്റാലിക്ക് അമ്മയൊക്കെ കവണ എന്നാണ് പറയുക. താഷിയ്ക്ക് കവണ എന്ന പേര് ഇഷ്ടമായില്ല. തെറ്റാലി എന്നു കേള്‍ക്കുമ്പോള്‍ത്തന്നെ ഒരു കല്ല് വായുവിലൂടെ ഉന്നം നോക്കി ചീറിത്തെറിച്ചു പോകുന്നതായിത്തോന്നില്ലേ, അപ്പോ തെറ്റാലി എന്ന വാക്കല്ലേ നല്ലത്?

താഷിയ്ക്ക് മാവില്‍ നിന്ന് മാങ്ങ വീഴ്ത്താനാണ് പ്രധാനമായും തെറ്റാലി.
മാവില്‍നിന്ന് താഷിയുടെ അമ്മയൊക്കെ സാധാരണ മാങ്ങ പറിക്കുന്നത് മുളന്തോട്ടി കൊണ്ടാണ്.

അവിയലില്‍ ഇടാനും മീന്‍കറി വയ്ക്കാനും ഒക്കെ അമ്മയ്ക്ക് പച്ച മാങ്ങാ വേണം. നല്ല മധുരമുള്ള മാങ്ങാപ്പച്ചടി വയ്ക്കാന്‍ നേരം അമ്മയ്ക്ക് പഴുത്ത മാങ്ങാ വേണം.

താഷിക്ക് പഴുത്ത മാങ്ങയും പച്ച മാങ്ങയും ഉപ്പും മുളകും തൂവി തിന്നാന്‍ വലിയ ഇഷ്ടമാണ്. പിന്നെ മാങ്ങാ സ്‌ക്വാഷ്, പച്ച മാങ്ങാ നറുക്കിയതും പച്ചമുളകരിഞ്ഞതും ചെറിയ ഉള്ളിയും ഒരിത്തിരി ഇഞ്ചിയും മിക്‌സിയിലിട്ടടിച്ച് അതിലേക്ക് കരിവേപ്പില തിരുമ്മിച്ചേര്‍ത്ത് …ആഹാ താഷിക്കെന്തൊരിഷ്ടമാണത്…

പക്ഷേ താഷിയ്ക്ക് മുളന്തോട്ടി  പൊക്കാന്‍ പറ്റില്ല. എന്തൊരു കനമാണെന്നോ തോട്ടിയ്ക്ക്! തെറ്റാലിയാവുമ്പോ, താഷിക്ക് കുഞ്ഞിക്കൈയില്‍ സുഖമായി പിടിച്ച്, മാവില്‍ തുങ്ങിക്കിടക്കുന്ന മാങ്ങകളെ ഓരോന്നായി ഉന്നം വച്ച് തുരതുരാ  വീഴ്ത്താം. തന്നെയുമല്ല ഉന്നം നോക്കാനുള്ള താഷിയുടെ കഴിവ് കൂടുകയും ചെയ്യും എന്ന് നിമ്മിയാന്റിയും അമ്മയും പറഞ്ഞു. priya a s ,childrens stories, iemalayalam
പക്ഷേ താഷി, തെറ്റാലിയിലെ റബ്ബര്‍ബാന്‍ഡിന്റെ നടുക്ക് കല്ലു വച്ച്, അത് താഴോട്ട് വലിച്ചു പിടിക്കുന്നതു കാണുമ്പോഴേ, മരക്കൊമ്പിലിരിക്കുന്ന കാക്കകള്‍ക്കും മറ്റു കിളികള്‍ക്കും എന്തൊരു പേടിയാണെന്നോ…
ഇപ്പോഴിപ്പോ, താഷിയുടെ കൈയില്‍ തെറ്റാലി ഇല്ലെങ്കിലും കിളികള്‍ താഷിയെ കണ്ടാലുടന്‍ സ്ഥലം കാലിയാക്കും. അതെന്തിനാണോ ആവോ?
തെറ്റാലി കൊണ്ട് കല്ല് തൊടുത്തു വിട്ട്, കിളികളെ കൊല്ലാനോ മുറിവേല്‍പ്പിക്കാനോ നോക്കുന്ന കുട്ടിയാണ് താഷി എന്ന് കിളികള്‍ വിചാരിക്കുന്നത് താഷിക്ക് സങ്കടമാണ്.

ഒരു ദിവസം താഷി ഒരു പണി ചെയ്തു. നന്നായി പഴുത്ത രണ്ടു മൂന്നു മാങ്ങ തെറ്റാലി വച്ച് വീഴ്ത്തിയിട്ട്, അതൊന്നും പെറുക്കി എടുക്കാതെ ,വാ വന്നു തിന്നു നോക്ക് നല്ല മധുരമുള്ള മാങ്ങയാ എന്ന് വിളിച്ചു പറഞ്ഞു. കിളികള്‍ ആദ്യം സംശയിച്ചുസംശയിച്ച് മാങ്ങയുടെ അടുത്തേക്കു വരാതെ നിന്നു.
പിന്നെ ഓരോരുത്തരായി വന്ന് മാങ്ങാ കൊത്തിത്തിന്നാന്‍ തുടങ്ങി. അപ്പോ താഷി അവരുടെ അടുത്തേക്ക് ചെന്ന് പറഞ്ഞു. മാങ്ങാ വീഴ്ത്താനാണ് തെറ്റാലി. അല്ലാതെ നിങ്ങളെ വീഴ്ത്താനും  ഉപദ്രവിക്കാനുമൊന്നുമല്ല. ഞാന്‍ നിങ്ങളുടെ ഫ്രണ്ടല്ലേ ?

എല്ലാം മനസ്സിലായതുപോലെ കാക്കകള്‍ ‘കാ,’ ‘കാ’ എന്ന് ചിലച്ചു. വേറെ കിളികളും വളരെ സന്തോഷത്തില്‍ എന്തൊക്കെയോ ചിലച്ച് താഷിയോട് സംസാരിച്ചു. ‘അവര്‍ക്ക് ഞാമ്പറയണത് നല്ലോണം മനസ്സിലാകുന്നുണ്ട് അമ്മേ,’ എന്ന് താഷി അമ്മയോട് വിളിച്ചു പറഞ്ഞു. കിളികള്‍, കാക്കകള്‍, താഷി ഇവരെയെല്ലാം നോക്കി അമ്മ നല്ല ഭംഗിയുള്ള ഒരു ചിരി പാസ്സാക്കി.

കിളി കിഡ്‌സ് സ്‌ക്കൂള്‍

അപ്പു വിളിച്ചു പറഞ്ഞു, നിങ്ങളൊരിത്തിരി നേരം മിണ്ടാതടങ്ങിയിരിക്ക്, ഞാനൊന്നുറങ്ങട്ടെ. സമയത്തും കാലത്തും ഉറങ്ങിയാലല്ലേ എനിക്ക് സമയത്തും കാലത്തും എണീറ്റ് പ്ലേ സ്‌ക്കൂളില്‍ പോകാന്‍ പറ്റൂ. ഇങ്ങനെ തുരുതുരാ ചിലച്ചു കൊണ്ടിരുന്നാല്‍ എനിക്കെങ്ങനെയാ ഉറങ്ങാന്‍ പറ്റുക?

അപ്പു ചോദിച്ചത് മുറിയുടെ വെന്റിലേറ്ററടച്ചിരിക്കുന്ന തെര്‍മോക്കോളില്‍ കുഞ്ഞിക്കാല്‍വിരല്‍ കൊണ്ട് മാന്തി ഒച്ച ഉണ്ടാക്കിക്കൊണ്ട് ചിലപ്പു നിര്‍ത്താതെ കണ്ണും തുറന്നിരിക്കുന്ന കിളിക്കുഞ്ഞുങ്ങളോടാണ്.

വണ്ണാത്തിക്കിളിയമ്മയുടെയും വണ്ണാത്തിക്കിളിയച്ഛന്റെയും വണ്ണാത്തിക്കിളിക്കുഞ്ഞുങ്ങളാണവര്‍. എത്രയെണ്ണമുണ്ടെന്നറിഞ്ഞ കൂടാ. തെര്‍മോക്കോളിനപ്പുറത്തല്ലേ അവര്‍ താമസം, അതു കൊണ്ട് കാണാന്‍ പറ്റില്ല അവരെ, എണ്ണമെടുക്കാനും പറ്റില്ല.

വണ്ണാത്തിക്കിളികളുടെ കൂടാണത്. മുട്ടയിടാറാകുമ്പോ അവരെല്ലാ മഴക്കാലത്തും വന്ന് അവിടെ കൂടുവയ്ക്കും. എന്തെല്ലാമോ നാരുകള്‍ കൊണ്ടാണ് കൂട്. എന്നിട്ട് കിളിപ്പെണ്ണ് മുട്ടയിടും. മുട്ടയിട്ടു കഴിഞ്ഞാല്‍പ്പിന്നെ അവള്‍ കിളിയമ്മയാണ്. കിളിയമ്മ മുട്ടകള്‍ക്ക് മുകളില്‍ അടയിരിക്കും. കിളിയമ്മയുടെ ശരീരത്തിന്റെ ചൂട് മുട്ടകള്‍ക്ക് പകര്‍ന്നു കൊടുത്തു കൊണ്ട് മുട്ടകള്‍ക്കുമേല്‍ പതിഞ്ഞിരിക്കുന്നതിനാണ് അടയിരിക്കുക എന്നു പറയുന്നത്. അങ്ങനെ ഇത്തിരി ദിവസം കഴിയുമ്പോ മുട്ട വിരിയും. ഇത്തിരി ഇത്തിരി സൈസില്‍ കിളിക്കുഞ്ഞുങ്ങള്‍ പുറത്ത വരും. ഇത്തിരിക്കുഞ്ഞനൊച്ചയില്‍ ആദ്യം ചിലച്ച് കൊണ്ടിരുന്ന് കളിക്കും.

കിളികുഞ്ഞുങ്ങളാണ് ഇപ്പോള്‍ ഏതു നേരവും ഉച്ചത്തില്‍ ബഹളമുണ്ടാക്കുന്നത്. അമ്മക്കിളീം അച്ഛന്‍ കിളീം പറന്ന് പുറത്തുപോയി വല്ല പുഴുവിനെയോ ചെറു പ്രാണിയെയോ കൊണ്ടുവരുന്നുണ്ടോ എന്ന് നോക്കി വായും പിളര്‍ത്തി ഇരിപ്പാണ് അവര്‍ക്കാദ്യമൊക്കെയുള്ള  ഒരു പണി. ഇപ്പോ അവര് വലുതായി പറക്കാറായിക്കാണും. വലുതായപ്പോ വിശപ്പും കൂടിക്കാണും.priya a s ,childrens stories, iemalayalam
വിശക്കുന്നേ എന്നാണ് പാതിരാത്രിക്ക് അവര്‍ ബഹളമുണ്ടാക്കുന്നതെന്നും ഇനി ഈ നട്ടപ്പാതിരയ്ക്ക് എവിടുന്ന് പുഴൂനെ പിടിച്ചു കൊണ്ടുവരാനാ എന്ന് അമ്മേമച്ഛനും അവരെ വഴക്കുപറയുകയാണെന്നും ആണ് അപ്പു വിചാരിക്കുന്നത്.

എത്രകാലം കാത്തുകാത്തുണ്ടായ കുഞ്ഞങ്ങളാണേലും ശരി, ഉറങ്ങാന്‍ നേരത്ത് ഉറങ്ങാന്‍ കൂട്ടാക്കാതെ കളിക്കാനും ബഹളം വയ്ക്കാനും തുടങ്ങിയാല്‍ ഏതച്ഛനമ്മമാരായാലും വഴക്കു പറഞ്ഞു പോകില്ലേ!

‘ഇനീം വേണം കഥ,’ എന്നു പറഞ്ഞ് രാത്രി കിടക്കാന്‍ നേരത്ത് അപ്പു ചിണുങ്ങുമ്പോ ‘ഒന്നു മിണ്ടാതെ കിടക്കുന്നുണ്ടോ അവിടെ, എനിക്ക് ഉറങ്ങിയെണീറ്റ് രാവിലേ ബസും ട്രെയിനും ഒക്കെ കേറി ഓഫീസില്‍ പോകാനുള്ളതാ,’ എന്ന് അമ്മ വഴക്കു പറയാറുണ്ടല്ലോ അപ്പുവിനെ, അതു പോലെ തന്നെ കിളിയമ്മയും എന്തൊക്കെയോ പറഞ്ഞ് കിളിക്കുഞ്ഞങ്ങളെ വഴക്കു പറയുകയാണ് എന്ന് അപ്പു അമ്മയോട് പറഞ്ഞു. ഒന്നു ശ്രദ്ധിച്ചുനോക്കിയേ, കിളിയമ്മയുടെയാണ് ആ ഉച്ചത്തില്‍ കേള്‍ക്കുന്ന ശബ്ദം.

‘നാളെ നിങ്ങളെ പറക്കാന്‍ പഠിപ്പിച്ചിട്ടു തന്നെ കാര്യം, എന്നിട്ട് വേണം എല്ലാത്തിനേം പ്ലേ സ്‌ക്കൂളില്‍ ചേര്‍ക്കാന്‍,’എന്നാണ് കിളിയമ്മ പറയുന്നത്.
‘കഥ,’ ‘കഥ’ എന്ന് സദാ അപ്പു ബഹളമായപ്പോഴാണ് അമ്മ അവനെ പ്ലേ സ്‌ക്കൂളില്‍ ചേര്‍ത്തത്.

കിളിക്കുഞ്ഞുങ്ങള്‍ക്ക് ശരിക്കും പ്ലേ സ്‌ക്കൂളൊക്കെ ഉണ്ടാവുമോ?
കിളി കിഡ്‌സ് സ്‌ക്കൂളെന്നാവുമോ അതിന്റെ പേര്? മനുഷ്യര്‍ ,അവരുടെ കുട്ടികള്‍ക്ക് കിളികളുടെ കഥ പറഞ്ഞു കൊടുക്കും പോലെ, കിളിക്കുഞ്ഞുങ്ങള്‍ക്ക് കിളിറ്റീച്ചര്‍ മനുഷ്യരുടെ കഥയാവുമോ പറഞ്ഞു കൊടുക്കുക?

‘ഒരിടത്തൊരിടത്ത് അപ്പു എന്നു പറഞ്ഞൊരു മനുഷ്യക്കുട്ടിയുണ്ടായിരുന്നു…’ എന്നാവും അവരുടെ കഥയിലെ ആദ്യവാചകം. അങ്ങനെ ഓരോന്നാലോചിച്ച് അപ്പു ഉറങ്ങിപ്പോയി. കിളിക്കുഞ്ഞുങ്ങള്‍ അപ്പോഴും ചിലപ്പു തുടര്‍ന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook