താഷിയും മാജിക് ബീഡ്‌സും

വഴിയേ നടക്കുമ്പോള്‍, അവിടെയുമിവിടെയുമൊക്കെ കളിപ്പാട്ടക്കച്ചവടക്കാരിരിപ്പുണ്ടാവും.
മറ്റു കുട്ടികളെപ്പോലെ അമ്മയുടെ കൈ പിടിച്ചു വലിച്ച് അല്ലെങ്കില്‍ അച്ഛനെ ഒന്നു തോണ്ടി, ഇതു വേണം എനിക്ക്, വാങ്ങിത്താ എന്നു വഴിയില്‍ കണ്ണില്‍ക്കണ്ടതെല്ലാം ചൂണ്ടിക്കാണിച്ച് വാശി പിടിക്കുന്ന കുട്ടിയേയല്ല താഷി.

പക്ഷേ ഇന്ന്, ഓര്‍ബീസ് എന്നും ബാത് ബീഡ്‌സ് എന്നും പേരുള്ള മാജിക് ബീഡ്‌സ് വില്‍ക്കുന്നതിന്റെ മുന്നിലെത്തിയപ്പോള്‍ ഒരു പാക്കറ്റ് എടുത്തു കൈയില്‍ പിടിച്ച്, ഇതു വാങ്ങിത്തരാമോ എന്ന് ചോദിച്ച് നില്‍പ്പായി താഷി.

നമ്മള് ഇന്നാളല്ലേ ഇതു പോലൊരു പാക്കറ്റ് വാങ്ങിയതും വെള്ളത്തിലേക്കത് കുടഞ്ഞിട്ടതും വെള്ളത്തില്‍ കുതിര്‍ന്ന് പലനിറത്തിലത് വീര്‍ത്തുവന്നതും ചില്ലുപാത്രത്തിലിട്ട് നമ്മളത് താഷിയ്ക്ക് എപ്പഴും കാണാനായി താഷിയുടെ മുറിയിലെ കുഞ്ഞിമേശയില്‍ വച്ചതും എന്നൊക്കെ അമ്മ ചോദിച്ചു. ഇനീം ഇതെന്തിനാ എന്നച്ഛനും ചോദിച്ചു.

വേണം, ഇനീം വേണം എന്നു താഷി ചിണുങ്ങിയപ്പോ അച്ഛനത്ര പിടിച്ചില്ല.
എന്നാലും ഒടുക്കം അച്ഛന്‍ വാങ്ങിക്കൊടുത്തു താഷിയ്ക്ക് ഒരു പാക്കറ്റ്.
അതും വാങ്ങി ഓട്ടോയിലിരിക്കുമ്പോള്‍, താഷി ഒരു വാശിക്കാരനായി മാറുന്നുണ്ട്, അച്ഛനിതത്ര ഇഷ്ടപ്പെടുന്നില്ല എന്ന് അച്ഛന്‍ ഗൗരവത്തില്‍ പറഞ്ഞു. ഓട്ടോയുടെ ചില്ലുജനാലയിലൂടെ മാജിക് ബീഡ്‌സ് വില്‍ക്കുന്നയാളെ താഷി ഒന്ന് തിരിഞ്ഞുനോക്കി, എന്നിട്ട് ആ ആളെ അച്ഛന് ചൂണ്ടിക്കാണിച്ചു കൊടുത്തു.priya a s ,childrens stories, iemalayalam
അച്ഛന്‍ തിരിഞ്ഞ് നോക്കി.
അത് താഷിയോളം പ്രായമുള്ള ഒരു ചെറിയ കുട്ടിയായിരുന്നു.
അവന്‍, അവന്റെ അനിയത്തിക്ക് പാല് വാങ്ങാന്‍ വേണ്ടിയോ അവന്റെ അമ്മൂമ്മയ്ക്ക് മരുന്നുവാങ്ങാന്‍ വേണ്ടിയോ ആവും മാജിക് ബീഡ്‌സ് വിറ്റ് അവന്റെ അച്ഛനെ സഹായിക്കുന്നത് എന്നാ എന്റെ വിചാരം എന്നു താഷി പറഞ്ഞു. ഓ ,ഞാനവനെ ശ്രദ്ധിച്ചില്ലായിരുന്നു എന്നു പറയുമ്പോള്‍ അച്ഛന്റെ ശബ്ദത്തില്‍ സങ്കടമായിരുന്നു എന്ന് താഷിയ്ക്ക് തോന്നി.

താഷി, മാജിക് ബീഡ്‌സ് വാങ്ങി സഹായിച്ചില്ലെങ്കില്‍പ്പിന്നെ ആരാണവനെ സഹായിക്കുക എന്നു ചോദിച്ച് താഷി, അച്ഛനോട് ചേര്‍ന്നിരുന്നു.
അച്ഛന്റെ വലിയ കണ്ണ് ഒന്നു നിറഞ്ഞു എന്ന് താഷിയ്ക്കപ്പോ തോന്നി.
ചിലപ്പോ താഷിയ്ക്ക് തോന്നിയതാവും.

സാറ, കാറ് തുടയ്ക്കുന്നു

കാറിലെ മാറ്റ് പുറത്തേക്കെടുത്തിട്ട് അത് മെല്ലെ കുടഞ്ഞു സാറ.
പൊടിമയം മുഴുവന്‍ പോകാന്‍ വേണ്ടി പിന്നെ സാറ, മാറ്റുകള്‍ ഓരോന്നും ഈറന്‍ തുണി കൊണ്ട് തുടച്ചു. പിന്നെ ഉണങ്ങിയ തുണി കൊണ്ട് തുടച്ച് നനവൊക്കെ മാറ്റി.
അതുകഴിഞ്ഞ് മാറ്റൊക്കെ എടുത്ത് വെയിലത്തിട്ട് ശരിക്കുമുണക്കി.
പിന്നെ അതെല്ലാം തിരിച്ച് കാറിലേക്ക് ഭംഗിയായെടുത്തിട്ടു.

അത്ര നേരവും അച്ഛന്‍ ബക്കറ്റില്‍ കാര്‍വാഷ് പതപ്പിച്ചെടുത്ത് സ്‌പോഞ്ച് കൊണ്ട് കാറിന്റെ പുറം തുടച്ചു വൃത്തിയാക്കുകയായിരുന്നു. അച്ഛനും മകളും കൂടി കാറ് കഴുകുകയാണല്ലേ എന്നു ഒന്നു നിന്നു ചോദിച്ചു വീടിനു മുന്നിലൂടെ നടന്നു പോയ ഹരിമാമന്‍.
അതെ, അതെ എന്നു പറഞ്ഞച്ഛന്‍ മാമനെ കൈ വീശിക്കാണിച്ചപ്പോ സാറയും മാമനെ അച്ഛനെപ്പോലെ തന്നെ കൈ വീശിക്കാണിച്ചു.

കാറിന്റെ പുറം മുഴുവന്‍ തുടച്ചുവൃത്തിയാക്കാന്‍ അച്ഛനേ പറ്റൂ, കാരണം സാറയ്ക്ക് കാറിന്റെ പകുതി ഉയരം വരെ പോലും കൈ എത്തില്ല. സാറ, ചെറിയപൊക്കക്കാരി കുഞ്ഞല്ലേ !

സാറ കാറ് കഴുകുന്നതേ, കാറ് വൃത്തിയായിരിക്കാന്‍ വേണ്ടി മാത്രമല്ല, സാറയ്ക്ക് പോക്കറ്റ് മണി കിട്ടാന്‍ കൂടി വേണ്ടിയാണ്. കാറ് തുടച്ചുവൃത്തിയാക്കുന്ന ഓരോ തവണയും അച്ഛന്‍ സാറയ്ക്ക് ഇരുപതു രൂപ കൊടുക്കും.

അത് കൂട്ടിക്കൂട്ടി വച്ച് സാറ, ഒരു ചൂരല്‍ ഊഞ്ഞാല വാങ്ങിയ്ക്കും.
അച്ഛനത് സാറയ്ക്ക് വാങ്ങിക്കൊടുക്കാന്‍ പറ്റാഞ്ഞിട്ടല്ല, പക്ഷേ സാറ, സാറയുടെ പോക്കറ്റ് മണി കൊണ്ട് അത് വാങ്ങുന്നതാണ് നല്ലത് എന്നച്ഛന്‍ പറഞ്ഞു. ഒരു ലക്ഷ്യം മനസ്സില്‍ വച്ച് മറ്റൊന്നിനുമായി പൈസ കളയാതെ സമ്പാദിക്കുന്നത് എങ്ങനെയാണ് എന്ന് സാറ പഠിക്കും അങ്ങനെയാവുമ്പോള്‍ എന്നും അച്ഛന്‍ പറഞ്ഞു.priya a s ,childrens stories, iemalayalam
തന്നെയുമല്ല, സാറയ്ക്ക് തന്റെ സമ്പാദ്യം കൊണ്ട് വാങ്ങിയ ഊഞ്ഞാലിലിരുത്തി അച്ഛനെയും അമ്മയെയും സന്തോഷിപ്പിക്കാനും പറ്റും…
അവര്‍ക്ക് നല്ല അഭിമാനം വരും സാറ സ്വന്തം പൈസ കൊണ്ട് വാങ്ങിയ ഊഞ്ഞാലിലിരുന്നാടുമ്പോള്‍ എന്നും അച്ഛന്‍ പറഞ്ഞു.
എപ്പഴും അച്ഛനും അമ്മയും അല്ലേ സാറയ്ക്ക് വേണ്ടതെല്ലാം വാങ്ങിക്കൊടുക്കാറ്, ഇടയ്‌ക്കൊക്കെ സാറയും തന്നാല്‍ കഴിയുന്നത് എന്തെങ്കിലും വാങ്ങി അവരെയും സന്തോഷിപ്പിക്കണ്ടേ?

ഊഞ്ഞാല്‍ വാങ്ങിക്കഴിയുമ്പോള്‍, സാറ, കാറ് തുടച്ചു കിട്ടുന്ന പൈസ കൊണ്ട് സ്‌ക്കേറ്റിങ് ഷൂ വാങ്ങും. സ്‌ക്കേറ്റിങ് ഷൂവിന് വലിയ വിലയാണ്. അതു കൊണ്ട്, അടുത്ത കൊല്ലം സാറ, അടുക്കളയില്‍ അമ്മയെ പാത്രം കഴുകി സഹായിച്ച് അമ്മയുടെ കൈയില്‍ നിന്നു കൂടി പോക്കറ്റ് മണി സമ്പാദിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്.
അപ്പോഴേയ്ക്ക് സാറ, ഇത്തിരികൂടി പൊക്കം വച്ച്, അടുക്കളയിലെ സിങ്കിനോളം എത്തി പാത്രം കഴുകാന്‍ തക്ക പൊക്കം വയ്ക്കും. അങ്ങനെയാണ് സാറയ്ക്ക് തോന്നുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook