scorecardresearch
Latest News

കഥ നേരം-ഒരു പല്ലിജീവിതം

വെള്ളം പാഴാക്കാനുള്ളതല്ല എന്നൊരു പാഠവും പല്ലിയെ പോലുള്ള കുഞ്ഞൻ ജീവികളുടെ ഓരോരോ കഷ്ടപ്പാടും ശനിയാഴ്ചക്കഥയിൽ

കഥ നേരം-ഒരു പല്ലിജീവിതം

സേവ് വാട്ടര്‍

നീലി രാവിലെ എഴുന്നേറ്റ് അമ്മു എന്ന ടെഡിയുമായി സോഫയില്‍ ഉറക്കഭാവം മാറാതെ ചടഞ്ഞുകൂടി ഇരിക്കുകയായിരുന്നു.

അച്ഛന്‍ വാഷ്‌ബേസിനരികെ നിന്ന് ഷേവുചെയ്തു കൊണ്ട് നീലിയ്ക്ക് ഒരു ചിരിഗുഡ്‌മോണിങ് പറഞ്ഞു.
നീലിയും അമ്മുടെഡിയും മടിയോടെയാണെങ്കിലും തിരിച്ചും പറഞ്ഞു ഗുഡ് മോണിങ്.

‘രാവിലെ തന്നെ രണ്ടാളും കൂടി കൂനിപ്പിടിച്ച് ഒരു ഉഷാറില്ലാതെ ഇരിക്കുന്നതെന്താ ?’എന്ന് കളിയാക്കി അച്ഛന്‍.
‘അച്ഛനെന്തിനാ വാഷ്‌ബേസിന്റെ ടാപ്പ് നിര്‍ത്താതെ തുറന്നിട്ടിരിക്കുന്നത്? ഷേവിങ് സെറ്റു കഴുകാന്‍ നേരത്തും മുഖം വൃത്തിയാക്കാന്‍ നേരത്തും തുറന്നാല്‍പ്പോരേ അച്ചേ ടാപ്പ് ?’എന്നു ചോദിക്കുന്നു നമ്മുടെ അമ്മുടെഡി എന്ന് നീലി അച്ഛനോട് വിളിച്ചു പറഞ്ഞു.

‘ഓ,അതു ശരിയാണല്ലോ’ എന്നു പറഞ്ഞ് അച്ഛന്‍ ഇടനെ ടാപ്പടച്ചു നല്ല കുട്ടിയായത് ,നീലി അവളുടെ മുഖത്തേക്കു വീണു കിടക്കുന്ന ചുരുണ്ട തലമുടിയിഴകള്‍ക്കിടയിലൂടെ കണ്ടു.

‘ഇനിയിപ്പോ അമ്മുടെഡിയുടെ ഉടമസ്ഥ നീലിക്കുട്ടിക്ക് എന്താണാവോ പറയാനുള്ളത് ?’ എന്ന് അച്ഛന്‍ ,നീലിയെ കള്ളക്കണ്‍ നോട്ടം നോക്കി ചോദിച്ചു.

‘വെള്ളം ഒരു മഗില്‍ എടുത്തു യൂസ് ചെയ്താല്‍ ഒട്ടും വെള്ളം പാഴാവില്ല അച്ചേ ‘ എന്ന് അപ്പോള്‍ അമ്മുവിനെ സോഫയില്‍ കിടത്തിയിട്ട് നടന്നു വന്ന് അച്ചയെ കെട്ടിപ്പിടിച്ചു നീലി പറഞ്ഞു.priya a s ,childrens stories, iemalayalam
ഷേവിങ് പതയെല്ലാം മുഖത്തുനിന്ന് കഴുകിക്കളഞ്ഞ ശേഷം തോര്‍ത്തു കൊണ്ട് മുഖവും കഴുത്തുമൊക്കെ ഒപ്പി വൃത്തിയാക്കി അച്ഛന്‍.

എന്നിട്ട് കുനിഞ്ഞ് നീലിയെ എടുത്തു തോളിലിരുത്തി.

അച്ഛന് ചായയും നീലിക്ക് പാലും കിട്ടാറായോ എന്നു തിരക്കി അച്ഛനും മോളും അങ്ങനെ അടുക്കളയിലേക്ക് അമ്മയെ അന്വേഷിച്ചു ചെന്നപ്പോഴുണ്ട്, അമ്മ അവിടെ സിങ്കിലെ ടാപ്പ് തുറന്നിട്ടു കൊണ്ട് പാത്രം കഴുകലോട് കഴുകല്‍.

‘എടോ, അമ്മക്കുട്ടീ,നീലി തനിക്ക് പറഞ്ഞു തന്നിട്ടില്ലേ സേവ് വാട്ടര്‍ എന്ന്? മഗില്‍ പിടിച്ചു വെച്ച വെള്ളം കൊണ്ടു വേണം പാത്രം കഴുകാനെന്ന് ഇതആ വലുതായിട്ടും അറിയില്ലേ തനിക്ക് ?’ എന്നു ചോദിച്ചു- ഒരുചിരിയോടെ അച്ഛന്‍.

അമ്മ വേഗം ടാപ്പടച്ചു.

എന്നിട്ട് ‘നീലിയുടെ സ്‌ക്കൂളിലെ അസംബ്ലിയില്‍ സേവ് വാട്ടര്‍ ക്ലാസ് ഉണ്ടായിരുന്നു ഇന്നലെ, അതറിഞ്ഞില്ല അല്ലേ അച്ചേ?,’ എന്നു ചോദിച്ചു അച്ഛന്‍ കുട്ടിയെയും നീലിക്കുട്ടിയെയും കെട്ടിപ്പിടിച്ചു.

പിന്നെ നീലി, എങ്ങനെയൊക്കെ സൂക്ഷിച്ചു പയോഗിക്കാം വെള്ളം എന്നതിനെ കുറിച്ച് അച്ഛന് ‘സേവ് വാട്ടര്‍’ ക്ലാസ് എടുത്തു.

അതിനിടെ അമ്മ , നീലിക്ക് പാലും അച്ഛന് ചായയും എടുക്കാന്‍ തുടങ്ങി.

ക്്‌ളാസു എടുത്തുകഴിഞ്ഞ ശേഷം,നീലി ഗ്ലാസില്‍ വെള്ളം പിടിച്ചു വച്ച് പല്ല് ബ്രഷു ചെയ്യാനും തുടങ്ങി.

 

ഒരു പല്ലിജീവിതം

മാര്‍ട്ടിന്‍ പല്ലിക്ക് നല്ലോണം വിശക്കുന്നുണ്ടായിരുന്നു.

ഒരു കൊതുകോ ഈച്ച യോ പോലും വരുന്നില്ലല്ലോ ഈ വഴിയേ, പിന്നെന്തിനെ പിടിച്ച് ശാപ്പിടാനാണ് എന്ന് മാര്‍ട്ടിന് ആകെ ദേഷ്യം വരുന്നുമുണ്ടായിരുന്നു.

അപ്പോഴാണ് ജാനറ്റ്കുട്ടി ഊണുകഴിക്കാന്‍ വന്നത്.

റോസിച്ചേടത്തി അവള്‍ക്ക് ചോറും വറുത്ത മീനും തോരനും രസവും വിളമ്പുന്നത് നോക്കി, മാര്‍ട്ടിന്‍പല്ലി ഭിത്തിയിലിരുന്ന് കൊതിയോടെ നോക്കുകയും ‘എനിക്കും താ’ എന്ന് ചിലക്കുകയും ചെയ്തു.

priya a s ,childrens stories, iemalayalam

ജാനറ്റ് ഊണുകഴിക്കുമ്പോള്‍ കുറേയൊക്കെ അവളുടെ കുഞ്ഞുകൈയില്‍ നിന്നൂര്‍ന്ന് താഴെ വീഴും, അതു കൊണ്ട് എനിക്കിനിയിപ്പം തന്നെ ഓരോന്നുതിന്നുതിന്ന് വയറ് നിറയും,എന്നിട്ടെന്റെ കുഞ്ഞുവയറ് പൊട്ടാറാകും എന്നോര്‍ത്ത് ഗമയില്‍ ഇരുന്നു മാര്‍ട്ടിന്‍.

അപ്പോഴല്ലേ കത്രീനപ്പൂച്ച ,വാലും പൊക്കി കുണുങ്ങിക്കുണുങ്ങി വന്നതും താഴെ വീണ ചോറു തരിയൊക്കെ നക്കിത്തിന്നാന്‍ തുടങ്ങുകയും ചെയ്തത് !

അതിനിടയില്‍ അവള്‍ ആ കത്രീന, ഭിത്തിയില്‍ മാര്‍ട്ടിന്‍ ഇരിക്കുന്നിടത്തേക്ക് നോക്കി ‘നിന്നെ ഞാനിപ്പം തന്നെ പിടിക്കും തിന്നും ‘എന്നുള്ള മട്ടില്‍ രണ്ടു ചാട്ടവും പാസ്സാക്കി.

മാര്‍ട്ടിന്‍ ഓടെടാ ഓട്ടമായെന്നു പറഞ്ഞാല്‍ മതിയല്ലോ.

വിശപ്പു മാറുന്നതിനേക്കാള്‍ വലുതല്ലേ ജീവന്‍ രക്ഷിക്കല്‍…!

Stay updated with the latest news headlines and all the latest Children news download Indian Express Malayalam App.

Web Title: Priya as stories for kids katha neram save water oru palli jeevitham