സദ്യ

കുഞ്ഞനും അമ്മയും അമ്മൂമ്മയും വേറേ കുറേ ആളുകളുമൊക്കെ കസേരകളിലിരുന്നു.
മുന്നിലെ ഡസ്‌ക്കില്‍ ഓരോ ആളുടെയും മുന്നില്‍ ഓരോ വാഴയില കൊണ്ടുവന്നുവച്ചു ഏതോ ഒരു മാമന്‍.
സദ്യ വിളമ്പാനാണ് എന്ന് അമ്മ പറഞ്ഞു.
കുഞ്ഞന്റെ മുന്നില്‍ വച്ചത് ഒരു ഇളം പച്ച സുന്ദരന്‍ വാഴയിലയായിരുന്നു.
കുഞ്ഞനതില്‍ തലവച്ചിരുന്ന് ഒരു പാട്ടു പാടന്‍ തോന്നി.
അപ്പോ ഒരു മാമന്‍ വന്ന് ശര്‍ക്കരപെരട്ടിയും കായുപ്പരിയും പഴവും ഇലയുടെ തുഞ്ചത്ത് കൊണ്ടുവച്ചു.
സുമച്ചേച്ചിയുടെ കല്യാണത്തിന്റെ സദ്യയായിരുന്നു.
അമ്മയും അമ്മൂമ്മയും തിന്നുന്നതു കണ്ട് കുഞ്ഞനും എടുത്തു തിന്നു കായുപ്പേരിയും ശര്‍ക്കരപെരട്ടിയും.
കുഞ്ഞന് അവിടെയിരുന്നിട്ട് നല്ല ചൂടെടുക്കുന്നുണ്ടായിരുന്നു .
വേറൊരു മാമന്‍ കൊണ്ടുവച്ച പപ്പടമെടുത്ത് കുഞ്ഞന്‍ കാറ്റു വരുന്നുണ്ടോന്ന് വീശി നോക്കി. പപ്പടം പൊടിഞ്ഞതു മാത്രം മിച്ചം.
കുറേ കൂട്ടാന്‍ വിളമ്പുകാര്‍ വന്ന്, ‘ഠപോ ഠപോന്ന്’ സ്പൂണ്‍ കൊണ്ട് ഓരോ നിറത്തിലുള്ള കറി വിളമ്പി.
ഇല, ഒരു പൂക്കളം പോലെയായി.
കുഞ്ഞന് കുറച്ച് ചോറിട്ടാല്‍ മതി എന്ന് ചോറുവിളമ്പുകാരനോട് അമ്മ പറഞ്ഞു .
പക്ഷേ സാമ്പാറുകാരന്‍ വന്ന് കുഞ്ഞന്റെ ചോറിനു മീതെ കൂടെ സാമ്പാര്‍ വാരിക്കോരിയൊഴിച്ച് കുഞ്ഞന്റെ ചോറിനെ ഒരു സാമ്പാറുമലയാക്കി.
കുറച്ചു സാമ്പാറേ ഒഴിക്കാവൂ എന്ന് അയാളോട് പറയേണ്ടതായിരുന്നു എന്ന് അമ്മ പറഞ്ഞു.
സാരമില്ല എന്നു പറഞ്ഞ് കുഞ്ഞന്‍, ജെ സി ബി മണ്ണുമാന്തും പോലെ സാമ്പാറിനടയില്‍ നിന്ന് ചോറു കണ്ടുപിടിച്ച് പുറത്തേക്ക് കൊണ്ടു വന്നു.
ഒരു വെളുത്ത കൂട്ടാനാണ് ആദ്യം കുഞ്ഞന്‍ വിരല്‍ കൊണ്ടു തൊട്ടു നോക്കിയത്.priya a s ,childrens stories,iemalayalam
അതിന് ഓലന്‍ എന്നാണ് പേരെന്നമ്മ പറഞ്ഞു തീരും മുമ്പേ കുഞ്ഞന്‍ ഒരു നല്ല ചുവന്ന കൂട്ടാനില്‍ വിരല്‍ മുഴുവന്‍ മുക്കി നാക്കത്തു വച്ചു.
അയ്യോന്ന് തുള്ളിപ്പോയി കുഞ്ഞന്‍.അത് അച്ചാറാണത്രെ.
എരിഞ്ഞിട്ട് വയ്യായിരിക്കും കൊച്ചിന് എന്നു പറഞ്ഞ് അമ്മ, കുഞ്ഞന് ഗ്‌ളാസിലെ വെള്ളമെടുത്ത് കൊടുത്തു, പിന്നെ ഒരു മധുരക്കൂട്ടാന്‍ നാവില്‍ തേച്ചു കൊടുത്തു.
മധുരക്കൂട്ടാന് നല്ല മധുരമുണ്ടായിരുന്നതു കൊണ്ട് കുഞ്ഞന്‍ കരച്ചില്‍ നിര്‍ത്തി.
മധുരക്കൂട്ടാന്‍ പിന്നെയും പിന്നെയും വാങ്ങി കുഞ്ഞന്‍ ചോറുണ്ടു. പിന്നെ പായസംകാരന്‍ വന്നപ്പോ കുഞ്ഞന്‍, കുളം പോലെ സാമ്പാറൊഴിച്ച ആളെ ഓര്‍ത്ത്, ഇത്തിരി മതി എന്നു പരഞ്ഞു.
ഇടയ്ക്ക് കുഞ്ഞന് അച്ചാറിന്റെ എരിവും ഓര്‍മ്മ വന്നു.
കുഞ്ഞന്‍ പായസം കാരനോട് പറഞ്ഞു, എരിവുള്ള പായസമാണെങ്കില്‍ വേണ്ട.
പായസംകാരനും അമ്മയും അമ്മൂമ്മയും ചുറ്റുമുള്ളവരും, എരിവുള്ള പായസം ലോകത്തെങ്ങുമില്ല കുഞ്ഞാ, പായസത്തിനൊക്കെ മധുരമാണ് എന്നു പറഞ്ഞു കുടുകുടാ ചിരിച്ചു.
അപ്പോ കുഞ്ഞനും കൂടെ ചിരിച്ചു. എന്നിട്ട്, ഒട്ടും എരിവില്ലാത്ത, നല്ല മധുരമുള്ള പായസം ഇലയിലൊഴിച്ച് കുഞ്ഞിക്കെ അതില്‍ മുക്കി പിന്നെ കൈ നക്കി നക്കി കുടിച്ചു.

 

 

കടലാസും കഥയും കണക്കും

അമ്മു നോക്കുമ്പോഴുണ്ട് അച്ഛന്റെ മേശയില്‍ കുറേ വെളുത്ത കടലാസ്.
എത്തിവലിഞ്ഞുനിന്ന് അമ്മു അതൊക്കെ പെറുക്കിയെടുത്തു.
എന്നിട്ട് ഓരോന്നും ചുരുട്ടി ഓരോ പന്താക്കി.
എന്നിട്ടത് തലയ്ക്കു മുകളിലെറിഞ്ഞു കളിച്ചു.
ഭിത്തിയില്‍ അവളെ നോക്കി അനങ്ങാതിരിപ്പായിരുന്ന പല്ലിക്കുട്ടന്റെ തലയിലൊരു പന്തു ശരിക്കും കൊണ്ടു.
അവന്‍ പേടിച്ച്, ‘ശര്‍’ എന്ന് ഓടിപ്പോയി അതോടെ.
അവന്റെ ഓട്ടം കണ്ട് അമ്മുക്കുട്ടി ഉറക്കെ ചിരിച്ചു.
അവളുടെ ആ ചിരി കേട്ടാണ് അച്ഛന്‍ ഒരു ചിരിയോടെ, എന്താ അമ്മുക്കുട്ടീ എന്നു ചോദിച്ച് മുറിയിലേക്കു വന്നത്.
അച്ഛന്‍ എഴുതാന്‍ വച്ചിരുന്ന കടലാസൊക്കെ പന്തായി മുറിയിലങ്ങിങ്ങ് കിടക്കുന്നത് കണ്ട് അച്ഛന്റെ മുഖഭാവം മാറി.
എന്താ ഇത് അമ്മുക്കുട്ടീ നീയിക്കാണിച്ചത്, അച്ഛനെഴുതാന്‍ വച്ച കടലാസല്ലേ ഇതെല്ലാം എന്നച്ഛന്‍ അവളുടെ നേരെ കൈയോങ്ങി.
അമ്മുക്കുട്ടി വലിയ വായില്‍ കരഞ്ഞു കൊണ്ട് സ്ഥലം വിട്ടു.priya a s ,childrens stories,iemalayalam
അമ്മു രാത്രിയില്‍ ഉറങ്ങാന്‍ നേരത്ത് കേള്‍ക്കുന്ന കഥയൊക്കെയില്ലേ, അമ്മ പറഞ്ഞു കൊടുക്കുന്നത്, അതെല്ലാം ആരോ ഏതൊക്കെയോ കടലാസുകളില്‍ എഴുതി വച്ചതാണ് എന്നമ്മ പറഞ്ഞു.
അപ്പോഴല്ലേ അമ്മുവിന് മനസ്സിലായത് കഥകള്‍ എഴുതാനാണ് കടലാസ് എന്ന്.
ഇതില്‍ എഴുതിയിരിക്കുന്ന കഥ അച്ഛാ, ഒന്ന് വായിച്ചു തരാമോ എന്നു ചോദിച്ച് പിന്നെ അമ്മു, അച്ഛന്റെ അടുത്തു ചെന്നു. അച്ഛനിപ്പോ എഴുതുന്നത് ഓഫീസിലെ ചില കണക്കുകളുടെ കഥയാണ് എന്നും അമ്മുവിന് ഇപ്പോള്‍ അതൊന്നും മനസ്സിലാവില്ല എന്നും പറഞ്ഞ് അച്ഛനവളെ എഠുത്തു മടിയിലിരുത്തി.
എന്നാല്‍ ഓഫീസിലെയല്ലാത്ത, അമ്മുവിന് മനസ്സിലാവുന്ന ഒരു കഥ പറഞ്ഞു തരൂ അച്ഛാ എന്നായി അപ്പോ അമ്മു.
അപ്പോ അച്ഛനവള്‍ക്ക്, അമ്മ പറഞ്ഞത് കേള്‍ക്കാതെ രാത്രിയില്‍ കാട്ടിലേക്ക് നിലാവത്ത് പോയ ആട്ടിന്‍ കുട്ടിയെ ചെന്നായ പിടിച്ചു തിന്ന കഥ പറഞ്ഞു കൊടുത്തു. ചെന്നായ ആട്ടിന്‍ കുട്ടിയെ പിടിക്കാന്‍ നോക്കിയതേയുള്ള , അപ്പോള്‍ വനദേവത വന്ന് ഒരു മാന്ത്രിക വടി ചുഴറ്റി ചെന്നായയെ ബോധം കെടുത്തി, ആട്ടിന്‍ കുട്ടിയെ കൈയിലെടുത്ത് പറന്ന് അതിന്റെ അമ്മയുടെ അടുത്തു കൊണ്ടു ചെന്നാക്കി എന്ന് അമ്മു കഥ മാറ്റി. പിന്നെ അമ്മു ഉറങ്ങിപ്പോയി അച്ഛന്റെ തോളില്‍ക്കിടന്ന്.
അച്ഛനവളെ കിടക്കയില്‍ കൊണ്ടു ചെന്നു കിടത്തിയിട്ട് തിരിച്ചു വന്ന് കടലാസുകളില്‍ ഓഫീസിലെ കണക്കുകളുടെ കഥ വീണ്ടും എഴുതാന്‍ തുടങ്ങി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook