പൂകൊത്തിക്കാക്ക

കാക്ക വെറുതേ ഇരിക്കുകയായിരുന്നു മുറ്റത്ത്.
ആരോ കളഞ്ഞ ചോറും കൂട്ടാനും അടുക്കളവശത്തുനിന്നു വയറുപൊട്ടും വരെ കഴിച്ചതു കാരണം കാക്കയ്ക്ക് അനങ്ങാന്‍ വയ്യായിരുന്നു.
വയറു വല്ലാതെ നിറഞ്ഞതിന്റെ അസ്‌ക്കിത ഇത്തിരി നടന്നാല്‍ മാറിക്കിട്ടും എന്നോര്‍ത്ത് കാക്ക, വെറുതെ അങ്ങോട്ടുമിങ്ങോട്ടും നടന്നു.
അപ്പോഴാണ് മുക്കുറ്റിച്ചെടി നിറയെ പൂത്തുനില്‍ക്കുന്നത് കാക്ക കണ്ടത്.
തെരഞ്ഞെടുപ്പുകാലത്തെ ഉച്ചഭാഷിണി പോലെ നില്‍ക്കുന്ന മുക്കുറ്റിച്ചെടിപ്പൂവ്, അതിന്റെ തണ്ടോടുകൂടി കൊത്തിയെടുത്തു കാക്ക.

കൊക്കില്‍ മുക്കൂറ്റിപ്പൂ അടുക്കിപ്പിടിച്ച് മുറ്റത്തു കൂടെ കവാത്തു നടത്തുന്ന കാക്കയെ കണ്ടു കൊണ്ടാണ് അന്ന സ്‌ക്കൂള്‍ വിട്ടു വന്നത്. ഈ കാക്കയ്‌ക്കെന്താ ഇന്ന് ഒന്നും തിന്നാന്‍ കിട്ടിയില്ലേ എന്ന് അന്ന വിചാരിച്ചു.
ഒന്നും തിന്നാന്‍ കിട്ടാത്തുകൊണ്ടാണോ നീ പൂ തിന്നാന്‍ തുടങ്ങുന്നത് എന്നു കാക്കയോട് ചോദിക്കുകയും ചെയ്തു അന്ന. വയറു നിറഞ്ഞിട്ട് ‘കാ,’ ‘കാ’ എന്ന് കരയാന്‍ പോലും വയ്യാതെ നിന്ന് കാക്ക അവളെ ചരിഞ്ഞ ഒരു നോട്ടം നോക്കുക മാത്രം ചെയ്തു. എന്നിട്ട് മുക്കുറ്റിപ്പൂവൊക്കെ വഴിയില്‍ത്തന്നെയിട്ട് നിലത്തോട്ടു വളഞ്ഞു കിടക്കുന്ന ഒരു ചെമ്പരത്തിക്കമ്പിലെ മൊട്ട് കൊത്തിപ്പറിച്ചു കാക്ക താഴെയിട്ടു. അയ്യോ,നമ്മടെ പുതിയ ചെമ്പരത്തിയിലെ ആദ്യത്തെ മൊട്ട് ഈ കാക്ക കളഞ്ഞു കുളിച്ചതു നോക്കമ്മേ എന്ന് അകത്തേക്കു നോക്കി വിളിച്ചു പറഞ്ഞു അന്ന.
അമ്മ അകത്തുനിന്നെത്തും മുമ്പേ, അന്ന കുനിഞ്ഞൊരു പന്തെടുത്ത്‌ കാക്കക്കിട്ടൊരേറ്.

കാക്ക, പന്ത് വരുന്നതു അതിന്റെ ചാഞ്ഞുചരിഞ്ഞ നോട്ടത്തില്‍ക്കൂടി കാണുകയും ചെയ്തു, എന്നിട്ട് പന്ത് കൊള്ളുന്നതില്‍ നിന്ന് പറന്ന് ഒഴിഞ്ഞുമാറുകയും ചെയ്തു.priya a s , childrens stories, iemalayalam
ആ പന്ത്  കൊണ്ടതോ, ആ വഴി വന്ന കുട്ടപ്പന്‍പട്ടിയുടെ തലയ്ക്കിട്ട്.
അവന്‍ മോങ്ങിക്കൊണ്ട് ഒറ്റ ഓട്ടം പാസ്സാക്കി. പോകും വഴി, അന്നേ നിനക്കിട്ട് ഞാന്‍ വെച്ചിട്ടുണ്ട് എന്നു പറയുമ്പോലെ രണ്ടു കുരയും കുരച്ചു കുട്ടപ്പന്‍.

അന്ന, നിന്നയിടത്തുതന്നെ നിന്ന് നാലുവശത്തേക്കും തിരിഞ്ഞ് നോക്കി. എല്ലാ കുഴപ്പത്തിനും കാരണമായ ആ കാക്ക എവിടെപ്പോയി? അതിന്റെ പൊടിപോലും കാണാനില്ലായിരുന്നു അവിടെങ്ങും. അകത്തുനിന്നു വന്ന്, താലോലിച്ചു വളര്‍ത്തിയ ചെമ്പരത്തിയുടെ ആദ്യത്തെ മൊട്ട് കാക്ക കൊത്തിക്കീറിയിട്ടതിനു മുന്നില്‍ വിഷമിച്ചു നില്‍ക്കുന്ന അമ്മയോട് ‘എല്ലാം ഒപ്പിച്ചുവച്ചിട്ട് സ്ഥലം വിട്ടിരിക്കുന്നു വിരുതന്‍ ശങ്കു’ എന്നവള്‍ പറഞ്ഞു.

അതോ ആ കാക്ക ,ഒരു വിരുതത്തി ശങ്കരി ആയിരിക്കുമോ എന്ന് പെട്ടെന്ന് അന്നയ്ക്ക് സംശയം വന്നു. എന്നും ചോറുണ്ടു മടുത്തു കാണില്ലേ നിനക്ക്, നീയിന്ന് ബ്രഡ് തിന്നോ ഇത്തിരി ചിക്കനും കൂട്ടി എന്നു പറഞ്ഞ് ഏതായാലും ഇനി ആ കാക്കയ്ക്ക് ആരും കാണാതെ വാഴച്ചോട്ടിലേക്ക് ലഞ്ച് ബോക്‌സില്‍ ബാക്കി വന്നത് എറിഞ്ഞു കൊടുക്കുന്ന പ്രശ്‌നമേയില്ല എന്ന് അന്ന തീരുമാനിച്ചു.

അപ്പോള്‍ ഒരു കാക്ക, ‘കാ’ ‘കാ’ ബഹളത്തോടെ അവളുടെ തലയ്ക്കു മുകളിലൂടെ പറന്നുപോയി. അപ്പറന്നു പോയത് ആ പൂകൊത്തിക്കാക്ക തന്നെയാവും എന്ന് അന്നയ്ക്ക് നല്ല നിശ്ചയമുണ്ട്.

‘അയ്യോ അങ്ങനെ പറയല്ലേ പുന്നാര അന്നക്കുട്ടി, നീയല്ലാതാരാ എനിക്ക് ചിക്കനും ബ്രഡും വല്ലപ്പോഴും തരാന്‍.  ഞാന്‍ നെനക്ക് ഈ വീട്ടിലില്ലാത്ത ചെമ്പരത്തിയുടെ കമ്പൊടിച്ചു കൊണ്ടുത്തരാം,’ എന്നു പറയുകയാണവള്‍ എന്ന് അന്നയ്‌ക്കേതായാലും നല്ലതു പോലെ മനസ്സിലായി.

അപ്പോഴും ആ കാക്കയെ, ആ പൂകൊത്തിക്കാക്കയെ , ‘എന്തു കുരുത്തക്കേടാ കാണിച്ചത്’ എന്നു പറഞ്ഞ് അമ്മ വഴക്കു പറയുകയായിരുന്നു. ആരാണാവോ ഈ കാക്കയെ കുരുത്തക്കേടു കാണിയ്ക്കാന്‍ പഠിപ്പിച്ചത്!

രണ്ടു നല്ല ഭൂതങ്ങള്‍

രാജകുമാരിയാവണോ ഭൂതമാകണോ മാലാഖയാകണോ വേലക്കാരിയാവണോ നിനക്ക് എന്നു ചോദിച്ചു നാടകം കളിക്കുന്ന സമയത്ത് തങ്കം, അനിയത്തി പങ്കിയോട്.

‘ഭൂതമായാല്‍ മതി, എന്നാലല്ലേ എല്ലാവരെയും പേടിപ്പിക്കാന്‍ പറ്റൂ’ എന്നാണ് തന്റെ വിചാരം എന്ന് പങ്കി പ്രഖ്യാപിച്ചു. പക്ഷേ ഭൂതത്തിന്റെ മേക്കപ് കിറ്റ്, തങ്കത്തിന്റെയും പങ്കിയുടെയും കൈയിലില്ലായിരുന്നു. തന്നെയുമല്ല ‘മുക്കുവനും ഭൂതവും’ കഥയിലെ ഭൂതം, ഭയങ്കര ഈസിയായി കുടത്തിലേക്ക് കയറാന്‍ പറ്റും തനിക്ക് എന്നു പറഞ്ഞ് പുക രൂപത്തില്‍ കുടത്തിലേക്ക് കയറുന്ന ചിത്രം മാത്രമേ അവര്‍ ഭൂതത്തിന്റേതായി കണ്ടിരുന്നുള്ളു. ഭൂതത്തിന്റെ ശരിക്കുള്ള രൂപം എങ്ങനെയിരിക്കും എന്ന് അവര്‍ക്ക് ഒരു പിടിയുമില്ലായിരുന്നു.

ഭൂതത്തിന് കൊമ്പുണ്ടാവും എന്നു പങ്കി പറഞ്ഞു. ഭൂതം തൊപ്പിവച്ചിട്ടുണ്ടാവും, അതു കൊണ്ട് കൊമ്പ് കാണാന്‍ പറ്റില്ല എന്ന് തങ്കം വാദിച്ചു. ഭൂതത്തിന് കോന്ത്രന്‍ പല്ലായിരിക്കും, തുറു കണ്ണായിരിക്കും ചോന്ന നാക്കായിരിക്കും, നീണ്ടുവളഞ്ഞ നഖങ്ങളായിരിക്കും എന്ന് പങ്കിക്ക് നല്ല നിശ്ചയമുണ്ടായിരുന്നു.

പക്ഷേ പങ്കി പറഞ്ഞു ഭൂതത്തിന് പച്ചപ്പല്ലായിരിക്കും കണ്ണില്ലായിരിക്കും ചെവി കുന്തമുനപോലെ മൂര്‍ച്ചയുള്ളതായിരിക്കും കൈയും കാലുമൊന്നുമില്ലാതെ ഗോളരൂപത്തിലായിരിക്കും.
രണ്ടുപേരും കൂടി ഭൂതമിങ്ങനെ, ഭൂതമങ്ങനെ എന്നു പറഞ്ഞ് പൊരിഞ്ഞ വഴക്കായപ്പോ, ‘എന്താ അവടെ ബഹളം, രണ്ടും കൂടെ തമ്മിത്തല്ലുവാണോ,’ എന്നു ചോദിച്ച് അമ്മ രംഗപ്രവേശം ചെയ്തു.priya a s , childrens stories, iemalayalam
കാര്യമറിഞ്ഞപ്പോ അമ്മ ചിരിച്ചു. എന്നിട്ട് പറഞ്ഞു,നമക്ക് നമ്മടെ നാടകത്തിലെ ഭൂതത്തിനെ നല്ല ഭൂതമാക്കാം. എപ്പഴും സന്തോഷമായിരിക്കുന്ന, പതുപതുത്ത വിരലുകളുള്ള, എല്ലാവരെയും സഹായിക്കുന്ന, കണ്ടാലേ ആര്‍ക്കായാലും സന്തോഷം വരുന്ന തരത്തിലെ ഭൂതം എന്നമ്മ വിസ്തരിച്ചപ്പോ, അങ്ങനെ നല്ല ഭൂതങ്ങളുണ്ടാവുമോ, ഭൂതങ്ങളെല്ലാം ദുഷ്ടന്മാരല്ലേ എന്നു ചോദിച്ചു പങ്കിയും തങ്കയും.
അമ്മ പിന്നെയും ചിരിച്ചു, എന്നിട്ട് ചോദിച്ചു മനുഷ്യരെല്ലാം നല്ലവരാണോ, അല്ലല്ലോ, നല്ലവരും ചീത്തയാളുകളുമില്ലേ മനുഷ്യരില്‍?
അതു ശരിയാണല്ലോ എന്നു വിചാരിച്ചു കുട്ടികള്‍.

ഭൂതങ്ങളിലുമുണ്ട് നല്ല സ്വഭാവക്കാരും ചീത്തസ്വഭാവക്കാരും എന്ന് സങ്കല്‍പ്പിക്കാനാണ് എനിക്കിഷ്ടം എന്നു പറഞ്ഞു അമ്മ. എന്നാല്‍പ്പിന്നെ അമ്മ പറയുന്നതുപോലെ നാടകം കളിച്ചേക്കാം എന്നു വിചാരിച്ചു അവര്‍.
രണ്ട് നല്ല ഭുതങ്ങള്‍ എന്നു പേരിട്ട്, ആപത്തില്‍പ്പെടുന്നവരെ സഹായിക്കുന്ന രണ്ടു നല്ല ഭൂതങ്ങളുടെ കഥ നാടകമാക്കിക്കളിച്ചു അവര്‍.
ഞങ്ങള്‍ മാലാഖമാരേക്കാള്‍ നല്ല ഭൂതങ്ങളോ എന്നു വിചാരിച്ച് അത്ഭുതപ്പെട്ടു നില്‍ക്കുന്ന ഒരു മാലാഖയുടെ റോള്‍ അമ്മയ്ക്ക് തരാം എന്ന് തങ്കയും പങ്കിയും പറഞ്ഞെങ്കിലും അമ്മ നാടകത്തില്‍ പങ്കെടുത്തില്ല.
കാരണം, അമ്മയ്ക്ക് ഒരു ചെടി നടാനുണ്ടായിരുന്നു. ഭൂതങ്ങള്‍ വന്നു ചെടി നടാന്‍ സഹായിക്കണോ എന്ന് തങ്കവും പങ്കിയും ചോദിച്ചു.
‘വേണ്ട, ഭൂതങ്ങള്‍ നാടകം കളിച്ചോളൂ,’ എന്നു പറഞ്ഞ് അമ്മ ചെടിയ്ക്ക് തടമെടുക്കാന്‍ പോകുന്നത് തങ്കഭൂതവും പങ്കിഭൂതവും നോക്കിനിന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook