ഒരു പൂച്ചക്കഥ

അമ്മിണിയുടെ അമ്മ, ഒരു ദിവസം കുറേ ചെടിത്തണ്ടുകള്‍ കൊണ്ടുവന്നു, അമ്മയുടെ ഒരു കൂട്ടുകാരിയുടെ വീട്ടില്‍ പോയപ്പോള്‍. അതൊക്കെ പത്തു മണിച്ചെടികളാണെന്നമ്മ പറഞ്ഞു.
രാവിലെ പത്തുമണിക്കാണവര് അവരുടെ പൂക്കണ്ണും തുറന്നെണീക്കുക, അതാണവരെ പത്തുമണിച്ചെടികള്‍ എന്നു വിളിക്കുന്നത്.

പത്തുമണിച്ചെടിയൊക്കെ വേരു പിടിച്ച് പൂവിടാന്‍ തുടങ്ങിയപ്പോള്‍, അമ്മിണിക്കാണോ അമ്മയ്ക്കാണോ കൂടുതല്‍ സന്തോഷമായതെന്നറിയില്ല കേട്ടോ. എത്ര തരത്തില്‍, എത്ര നിറത്തില്‍, എത്ര ആകൃതിയില്‍ പത്തുമണിച്ചെടികളുണ്ടെന്നോ ഈ ഭൂമിയില്‍, നീ നോക്ക് എന്നു പറഞ്ഞ് അമ്മിണി തന്റെ അപ്പു ജോര്‍ജ് പൂച്ചയെ പൂത്തടത്തിനരികെ കൊണ്ടുപോയി പത്തുമണിപ്പൂക്കള്‍ കാണിച്ചു കൊടുത്തു.

അവനത് മണത്തു നോക്കുന്ന പോലെ  പൂവില്‍ അവന്റെ മീശയുരുമ്മി,  ‘മ്യാവൂ’ എന്നു പറഞ്ഞു. അവന് നാലുമണിപ്പൂവാണിഷ്ടം എന്നാണ് അവന്‍ പറഞ്ഞത് എന്നമ്മ പറഞ്ഞു.
വൈകുന്നേരമാവട്ടെ, നമുക്ക് അമ്മയും ഞാനും കൂടി കിണറിനു ചുറ്റും നട്ടിരിക്കുന്ന നാലുമണിപ്പൂ കാണാന്‍ പോകാം, അത് വൈകുന്നേരം നാലുമണിക്കല്ലേ വിരിയൂ എന്നു പറഞ്ഞു അമ്മിണി.

അപ്പു ജോര്‍ജ് അവന്റെ വാലു കുടഞ്ഞു കൊണ്ട് സമ്മതം പ്രകടിപ്പിച്ചു.
പിന്നെ അവര് രണ്ടു പേരും കൂടി നാലുമണിപ്പൂവ് വിരിയുന്ന നാലുമണിനേരത്തിനായി കാത്തിരുന്നു. അങ്ങനെ നാലുമണിച്ചെടിയുടെ ചുറ്റുമായി അവര്‍ ചുറ്റി നടക്കുന്ന നേരത്ത്, കിഴങ്ങു നട്ടും കുരു നട്ടും നാലുമണിച്ചെടി പിടിപ്പിക്കാമെന്ന് അമ്മിണിയോടും അപ്പു ജോര്‍ജിനോടും അമ്മ പറഞ്ഞു.

അപ്പോ അപ്പു ജോര്‍ജ് , ഒരു മൂന്നാലു ‘മ്യാവൂ’ കരച്ചിലുകള്‍ കൊണ്ട് ‘ഇനിയെങ്ങാനും എട്ടുമണിച്ചെടിയുമുണ്ടോ ഈ ഭൂമിയില്‍’എന്നൊരു ചോദ്യം. അമ്മയോട് ചോദിച്ചുറപ്പു വരുത്തിയിട്ട്, ഇല്ല എന്ന് അമ്മിണി പറഞ്ഞതും കാലു നാലും മേലോട്ടാക്കി, അതെന്താ എട്ടുമണിച്ചെടി ഇല്ലാത്തത് എന്നു ചോദിച്ച് അപ്പു ജോര്‍ജ് ‘മ്യാവൂ’ എന്ന് വന്‍ ബഹളമായി.

നിന്നെക്കൊണ്ടു തോറ്റു എന്നു പറഞ്ഞ്, അമ്മിണി അവനെ, അവളുടെ പെന്‍സില്‍ കൈയിലെടുത്ത് പിടിച്ച് ‘വെറുതെ നടക്കാത്തകാര്യങ്ങള്‍ക്ക് വാശി പിടിച്ചാലുണ്ടല്ലോ’ എന്ന് ദേഷ്യപ്പെട്ടു.priya a s, childrens stories,iemalayalam
അവനുടനെ, ‘ശറ പറാ’ എന്നെണീറ്റ് ഓടിപ്പോയി.
പിണങ്ങിപ്പോയതാണെന്നാണ് അമ്മിണി കരുതിയത്.
പക്ഷേ അവനൊരോന്തിനെ ഓടിക്കാന്‍ പോയതായിരുന്നു.
ആ നേരത്താണ് നാലു മണിപ്പൂവ്, അതിന്റെ ഇതള്‍ക്കണ്ണുകള്‍ തുറന്ന് ചിരിക്കാന്‍ തുടങ്ങിയത്.
അപ്പു ജോര്‍ജിനെ കളിയാക്കി നാലു മണിപ്പൂവ് ചിരിക്കുന്നു എന്നാണ് അമ്മിണിക്ക് തോന്നിയത്. കാരണം, അപ്പു ജോര്‍ജ് ഓടിച്ചാടി ചെന്നപ്പോഴേക്ക് ഓന്തിന്റെ തരിപോലും അവിടെങ്ങും കാണാനില്ലായിരുന്നു. ഓന്തിനെ കാണാനില്ല എന്നറിഞ്ഞ് ഇളിഭ്യനായി നിന്ന അപ്പു ജോര്‍ജിന്റെ നില്‍പ്പുകണ്ട് നാലുമണിപ്പൂവെന്നല്ല ആരായാലും ചിരിച്ചു പോകും എന്ന് അമ്മിണി അമ്മയോട് പറഞ്ഞു. അപ്പു ജോര്‍ജ് പിന്നെ അവിടെ നിന്നും ഓടിപ്പോയി.
ചെലപ്പോ എട്ടുമണിപ്പൂവന്വേഷിച്ച് നടക്കുകയാവും.
മണ്ടന്‍, മരമണ്ടന്‍, അല്ലാതെന്താ അവനെ വിളിക്കുക!

 

 കസേരത്തീവണ്ടി

ഒരു കല്യാണസ്ഥലമായിരുന്നു.
സമീറയും കൂട്ടുകാരും തീവണ്ടി കളിക്കുകയായിരുന്നു.
കസേരകള്‍ ഒന്നിനു പുറകേ ഒന്നായി അടുക്കി നിരത്തി ബോഗികളാക്കി അവര്‍ നിരത്തിയപ്പോള്‍, കല്യാണത്തിനു വന്ന ചിലര്‍ക്കൊക്കെ ഇരിക്കാന്‍ കസേര കിട്ടാതെ വന്നു.
അവരെല്ലാം കുട്ടികളുടെ തീവണ്ടിക്കളി നോക്കി ചിരിച്ചു കൊണ്ടുനിന്നു.

കസേരകള്‍ക്ക് തീവണ്ടിയുടെ ഒച്ചയുണ്ടാക്കാനാവില്ലല്ലോ.
അതുകൊണ്ട് കുട്ടികള്‍, ചുണ്ടുകള്‍ കൂര്‍പ്പിച്ച് കവിളുകള്‍ വിര്‍പ്പിച്ച് ‘ഛുക്കു ഛുക്കു’ എന്ന് തീവണ്ടിയൊച്ചയായി. പിന്നെ കസേരത്തീവണ്ടിയെ അനക്കാന്‍ വേണ്ടി, കസേരനിരയുടെ പിന്നില്‍ നിന്ന് കസേരനിരയെ സമീറ മുന്നോട്ടുന്തിനീക്കി.

കയറാനും ഇറങ്ങാനും ആളുകള്‍ വേണമല്ലോ എന്നാലോചിച്ച് സമീറയും കൂട്ടുകാരും കല്യാണത്തിന് വന്ന് സീറ്റു കിട്ടാതെ നില്‍പ്പായവരെയും കൂട്ടി. ഒന്നു ഞങ്ങളുടെ തീവണ്ടിയില്‍ കയറി അടുത്ത സ്‌റേറഷനിലിറങ്ങാമോ എന്നു ചോദിച്ചപ്പോള്‍, ഓ അതിനെന്താ, ഞങ്ങളുമെത്രയോ കളിച്ചിരിക്കുന്നു ഇങ്ങനെ എന്നു പറഞ്ഞു തിടുക്കത്തിലും പതുക്കെയും അവരില്‍ പലരും യാത്രക്കാരായി.

തീവണ്ടിയങ്ങനെ മൂന്നാലു സ്റ്റേഷന്‍ കഴിഞ്ഞു. പല യാത്രക്കാരും ഇറങ്ങുകയും കയറുകയും ചെയ്തു. കല്യാണം കഴിഞ്ഞ് സദ്യയുടെ നേരമായി അപ്പോഴേയ്ക്ക്. യാത്രക്കാര്‍ മുഴുവന്‍, ഇനി പിന്നെ എന്നു പറഞ്ഞ് തീവണ്ടിയില്‍ നിന്നിറങ്ങി സദ്യ കഴിക്കാന്‍ പോയി. സമീറയെയും കൂട്ടുകാരെയും അവരുടെ അച്ഛനുമമ്മയും വന്നു വിളിച്ചു കൊണ്ടുപോയി സദ്യയുടെ സ്ഥലത്തേക്ക്. കസേരകള്‍, വീണ്ടും കസേരകള്‍ മാത്രമായി.priya a s, childrens stories,iemalayalam
ഇനി എന്നാണ് ഒരു കല്യാണം വരിക, കുട്ടികള്‍ വന്ന് തങ്ങളെ ബോഗികളാക്കുക എന്നാലോചിച്ച് കിടന്ന അവരെയെല്ലാം കല്യാണഹാളിലെ ജോലിക്കാര്‍ വന്ന് എടുത്ത് പഴയ സ്ഥാനങ്ങളിലിട്ടു. കല്യാണഹാള്‍ പഴയപോലെയായി.

കുട്ടികള്‍ ദൂരെ ഊണുഹാളിലിരുന്ന് സദ്യ കഴിക്കുക എന്ന പുതിയ കളിയില്‍ മുഴുകി.
അവര്‍ കസേര ബോഗികളെ മറന്നേ പോയിരുന്നു…കുട്ടികള്‍ എത്ര പെട്ടെന്നാണ് ഒരു കളിയില്‍ നിന്നിറങ്ങി മറ്റൊന്നിലേക്ക്, ഒരു കസേരയില്‍ നിന്ന് മറ്റൊന്നിലേക്ക് ചാടുന്നത് എന്ന് അവരുടെ തീവണ്ടിക്കളികളിലെ യാത്രക്കാരനായിരുന്ന ഒരാള്‍, അടുത്തിരുന്നയാളോട് പറഞ്ഞു.

സദ്യ ഉണ്ണുന്നതും ഒരു കളിയാക്കി മാറ്റാന്‍ കുട്ടികള്‍ക്കേ പറ്റൂ എന്നും ആ ആള്‍ പറഞ്ഞു.
ശരിയാണ്, ചോറിനു മേലെ പപ്പടം വച്ച് അതില്‍ മുഴുവന്‍ ഓരോ കറിയുടെ ഇത്തിരിയെടുത്തു നിരത്തി പപ്പടനടുക്ക് ഒരോട്ടയുണ്ടാക്കി അതിലൊരു മുരിങ്ങക്കോല്‍ കുത്തി വച്ച് സമീറ കളിക്കുകയായിരുന്നു.

ഉണ്ണുന്നില്ലേ എന്നു ചോദിച്ച അമ്മയോട് സമീറ പറഞ്ഞു “ഞാന്‍ കളിക്കുകയല്ലേ അമ്മേ, ഊണുകളിയാണിത്. ഇതു തീരുമ്പോ ഞാന്‍ ഊണു കഴിച്ചോളാം കേട്ടോ.”
അവളുടെ അമ്മ ചിരിയടക്കാന്‍ പാടുപെടുന്നുണ്ടായിരുന്നു അപ്പോള്‍. സദ്യയുണ്ണലുകാരനായി മാറിയ യാത്രക്കാരനും അതു കണ്ട് ചിരി വന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook