ഒളിച്ചു കളി

ഒരു നീള്‍വാലന്‍ തുമ്പി
വീട്ടുമുറ്റത്തുനിന്ന് വീട്ടിന്നകത്തേയ്ക്കു പറന്നകത്തേയ്ക്കു കയറി ജനല്‍ക്കമ്പിമേലിരുന്നു.
പുറത്ത് മഴയായിരുന്നല്ലോ.

പുറത്തൊക്കെ പറന്നുനടന്ന് മഴ നനഞ്ഞു പനി പിടിക്കണ്ട എന്നു വിചാരിച്ചുകാണും തുമ്പി.
ജനല്‍ക്കമ്പിയിലിരുന്ന് തുമ്പി വീട്ടിന്നകത്തേക്കു നോക്കിയപ്പോഴോ ?

അമ്മയും കുഞ്ഞുഗാഥയും കൂടി രസിച്ചുരസിച്ചു ഒളിച്ചുകളിക്കുകയായിരുന്നു നിലത്തിരുന്ന്.
അമ്മ , ഒളിച്ചേ എന്നു പറഞ്ഞ് വിരലുകള്‍ കൊണ്ട് അമ്മയുടെ മുഖം പൊത്തും , അപ്പോ ഗാഥ പിച്ച,പിച്ച എന്ന് ആടിയാടി നടന്നുവന്ന് അവളുടെ കുഞ്ഞിക്കൈയിലെ കുഞ്ഞുവിരലുകള്‍ കൊണ്ട് അമ്മയുടെ വിരലുകള്‍ പിടിച്ചുമാറ്റി ,കണ്ടേ എന്നു പറയണം.

അപ്പോള്‍ അമ്മയും ഗാഥയും ചിരിയ്ക്കും.
പിന്നെ ഗാഥ ,അവളുടെ മുഖം പൊത്തി ഒളിച്ചേ എന്നു പറയും .
അപ്പോ അമ്മ വിരലു പിടിച്ചു മാറ്റി കണ്ടേ എന്നു പറയണം.
അപ്പോഴും അമ്മയും ഗാഥയും ചിരിയ്ക്കും.

എന്തിനാണ് ഇങ്ങനെ വിരലുകള്‍ പിടിച്ചു മാറ്റി കണ്ടുപിടിയ്ക്കുമ്പോള്‍ ഇവര്‍ രണ്ടാളും ഇങ്ങനെ നിര്‍ത്താതെ കുടുകുടാന്ന് ചിരിയ്ക്കുന്നതും പിന്നെ തമ്മില്‍ത്തമ്മില്‍ ഉമ്മ വയ്ക്കുന്നതും കെട്ടിപ്പിടിക്കുന്നതും എന്ന് ജനാലക്കമ്പിയിലിരുന്ന തുമ്പി അത്ഭുതപ്പെട്ടു.
ഈ മനുഷ്യരുടെ കളികളും രസങ്ങളുമൊന്നും നമുക്കു മനസ്സിലാവില്ല എന്നു പറഞ്ഞ് അപ്പോള്‍ ഒരു പുല്‍ച്ചാടിയും പറന്നു വന്നു.
മഴ നനയാതിരിക്കാന്‍ വേണ്ടിയാണ് നീയും വന്നത് അല്ലേ എന്നു തുമ്പി ചോദിച്ചു അവനോട്.priya a s ,childrens stories, iemalayalam
പിന്നെ അവര്‍ രണ്ടാളും കൂടി അമ്മയും കുഞ്ഞുഗാഥയും കൂടി ഒളിച്ചുകളിക്കുന്നത് നോക്കി ഇരുന്നു. പിന്നെ അവരും തീരുമാനിച്ചു ഒളിച്ചു കളിയ്ക്കാന്‍.

തുമ്പി ഷെല്‍ഫിലെ പുസ്തകത്തിന്റെ പുറകില്‍ ഒളിച്ചു.കുറേ തിരഞ്ഞ് പുല്‍ച്ചാടി അവനെ കണ്ടുപിടിച്ചു.

എന്നിട്ട് കണ്ടു പിടിച്ചേ എന്ന് കൂവിപ്പറഞ്ഞു. പിന്നെ പുല്‍ച്ചാടി ലാംപ്‌ഷെയ്ഡിന്റ പുറകിലൊളിച്ചപ്പോ തുമ്പി അവനെ കണ്ടുപിടിച്ചു സന്തോഷം പ്രകടിപ്പിച്ച് തുരുതുരാ ചിറകടിച്ചു.

ആ ചിറകടി ശബ്ദം കേട്ട് ഒരു പല്ലി ഓടി വന്ന് എത്തിനോക്കി.
ഒരു തുമ്പിയെയും പുല്‍ച്ചാടിയെയും കണ്ട് ആഹാ, വരെ പിടിച്ചു തിന്നും ഞാന്‍ എന്ന് അവന്‍ ഇരുന്നയിടത്തുനിന്ന് ഓടിപ്പാഞ്ഞു വരുന്നതു കണ്ട് പുല്‍ച്ചാടിയും തുമ്പിയും പുറത്തെ മഴയത്തേക്കു തന്നെ തിടുക്കത്തില്‍ പറന്നു രക്ഷപ്പെട്ടു. പല്ലിയുടെ വയറ്റിലാവുന്നതിനേക്കാള്‍ മഴ കൊള്ളുന്നതാണ് നല്ലതെന്ന് തമ്മില്‍ത്തമ്മില്‍ പറഞ്ഞ് അവര്‍ പറന്നു പോകുന്നതും നോക്കി പല്ലി ഇളിഭ്യനായി ഭിത്തിയിലിരുന്നു. അപ്പോഴും ഗാഥയും അമ്മയും ഒളിച്ചു കളിയും ചിരിബഹളവും തുടര്‍ന്നു.

പുറത്ത് മഴയും തുടര്‍ന്നു അതിന്റെ ബഹളം .
മഴ കൊള്ളാതെ ഇരിക്കാന്‍ പറ്റിയ വലിയൊരു ചെമ്പരത്തി ഇലയുടെ താഴത്ത് മഴയില്‍ നിന്നൊളിച്ചിരുന്ന് പുല്‍ച്ചാടിയും തുമ്പിയും, അവരും കുടുകുടെ ചിരിച്ചു.
മഴയ്ക്ക് കണ്ടുപിടിക്കാന്‍ പറ്റില്ലേ ഇവരെ എന്ന് ചെമ്പരത്തിയില കാറ്റിലാടി ചിരിച്ചു.

വള്ളിപ്പന്തല്‍

വീട്ടിന്നകത്ത് എത്ര നേരമെന്നു വച്ചാണിരിക്കുക !
ബോറടിച്ചിട്ട് വയ്യാതായി ആലോലക്കുട്ടിക്ക്.
അവള്‍ അപ്പോള്‍ എണീറ്റു വീടിനു പുറത്തേക്കുവന്ന് പരിസരമാകെ ഒന്നു വിസ്തരിച്ച് നോക്കി.
ആരാണ് മുറ്റത്തെ വള്ളിപ്പന്തലില്‍ തൂങ്ങിക്കിടന്ന് കാറ്റത്താടിക്കളിക്കുന്നത് !
ആഹാ, ഇതിന്നാള് ആലോലയും അമ്മയും കൂടി നട്ട പാഷന്‍ ഫ്രൂട്ടല്ലേ?
ഇത്ര വേഗം പാഷന്‍ഫ്രൂട്ട് വള്ളിയില്‍ കായുണ്ടായോ എന്നത്ഭുതപ്പെട്ട് ആലോല അത് തൊട്ടുനോക്കി.
ആഹാ ,നല്ല മഞ്ഞനിറമായി പഴുത്തു നില്‍ക്കുകയാണല്ലോ …
‘ഇതുവരെ പച്ച ഇലകള്‍ക്കിടയില്‍ പച്ചനിറത്തില്‍ത്തന്നെ ആടിക്കിടന്ന് എന്നെ പറ്റിച്ചു അല്ലേ നീയ് ?’എന്നു ചോദിച്ച് എത്തിവലിഞ്ഞ് ആലോല ,ആ മഞ്ഞ പാഷന്‍ഫ്രൂട്ട് പറിച്ചെടുത്തു.
അമ്മ ,അവള്‍ക്കത് പപ്പാതിയായി മുറിച്ച് കൊടുത്തു.
രണ്ട് മഞ്ഞ ബൗള്‍ പോലെ രണ്ട് പപ്പാതികള്‍.
അതിലോരരോന്നിലും പഞ്ചസാര ഇളക്കിച്ചേര്‍ത്ത് സ്പൂണ്‍ കൊണ്ട് അതു കോരിക്കഴിച്ചപ്പോ ,ആഹാ ,എന്തു രസം…!
പാഷന്‍ഫ്രൂട്ടിലെ കുരു,കരുമുരാ എന്ന് കടിച്ചപ്പോഴോ ,മഹാരസം !priya a s ,childrens stories, iemalayalam
സ്പൂണിനും കിട്ടാതെ ബാക്കിയായ കുറച്ച് ജ്യൂസ് ,ആ മഞ്ഞപ്പാതിയിലിരുന്ന് , ‘ഞങ്ങളെ കളയാമ്പോകുവാണോ ?’എന്ന് സങ്കടപ്പെട്ടു ചോദിച്ചു.
ആ പാതികളോരോന്നുമെടുത്ത് ,നാവതിലേക്കിട്ട് ആരും കാണാതെ ഒരു തരിപോലും ജ്യൂസ് കളയാതെ ആലോല നക്കിത്തുടച്ചു കഴിച്ചു.
ആരെങ്കിലും കണ്ടോ തന്റെ സൂത്രം എന്നു ആലോല ചുറ്റും ചുറ്റും തിരിഞ്ഞും മറിഞ്ഞുമൊക്കെ നോക്കി.
അപ്പോഴുണ്ട് തുറന്നു കിടന്ന ജനലിനപ്പുറം നിന്ന് ,അമ്മയുടെ ചിരിയും ‘ഞാന്‍ കണ്ടേ’ എന്ന പറച്ചിലും.
‘പണ്ട് ഞാനും കുഞ്ഞായിരുന്നല്ലോ, ഞാനുമപ്പഴിതേ വേല കാണിച്ചിട്ടുണ്ട് ‘എന്നമ്മ വിളിച്ചു പറഞ്ഞതു കേട്ട് ഒരു തവള പുല്‍ക്കൂട്ടത്തില്‍ നിന്ന് ചാടിപ്പോയി..
‘എന്തൊരു വികൃതി അമ്മയും മകളും എന്നു വിചാരിച്ചിട്ടാവും അവനങ്ങനെ ചാടിപ്പോയത് ‘എന്നു പറഞ്ഞുകൊണ്ട് ഒരു കീരി അപ്പോഴതു വഴി വന്നു.
എന്നിട്ടവന്‍ ആലോല വലിച്ചെറിഞ്ഞ ആ മഞ്ഞപ്പാതികളും കടിച്ചുകൊണ്ട് ഒറ്റഓട്ടം.
‘വല്ല പന്താണെന്നോ മറ്റോ സങ്കല്‍പ്പിച്ച് കൂട്ടുകാരുമൊത്ത് വല്ലതും കളിക്കാനാവും ‘എന്നു പറഞ്ഞു അമ്മ.
കീരികളെന്താവും കളിക്കുക,അവരെങ്ങനെയാവും കളിയില്‍ സ്‌കോര്‍ ചെയ്യുക എന്നാലോചിച്ച് ,ഇനിയുമുണ്ടോ പാഷന്‍ ഫ്രൂട്ട് പഴുത്ത് എന്ന് തിരഞ്ഞ് ആലോല, വള്ളിപ്പടര്‍പ്പിനു ചുറ്റും നടന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook