നാലു ദോശകളും ഒരു ഇമയും

ഇമ ദോശ കഴിക്കാനിരിക്കുകയായിരുന്നു. അമ്മ നാലു ദോശ വച്ചിട്ടുണ്ട് പ്‌ളേറ്റില്‍.  ഒന്നാം ദോശ ,ഒരു പൂ പോലെയാണമ്മ ഉണ്ടാക്കിയിക്കുന്നത്.
രണ്ടാം ദോശ, ഒരു കോഴിക്കുഞ്ഞിനെപ്പോലെ. മൂന്നാം ദോശ, ഒരു മൊട്ടത്തലയന്‍ ഉണ്ടക്കണ്ണന്‍ കുട്ടിയാണ്. നാലാം ദോശ, ഒരു പൂമ്പാറ്റ.

പൂദോശയും കോഴിക്കുഞ്ഞും ദോശയും കഴിച്ചു കഴിഞ്ഞപ്പോൾ ഇമയുടെ കുഞ്ഞിവയറ് നിറഞ്ഞു. ഇനി ബാക്കി ദോശ എന്തു ചെയ്യും ! അപ്പോഴാണ് ഒരു പൂച്ച വന്നത്. അപ്പുറത്തെ വീട്ടിലെ കേണലങ്കിളിന്റെ ലക്ഷ്മണന്‍ പൂച്ചയാണ് അവന്‍.

‘കേണലങ്കിള്‍ ഹോസ്പിറ്റലിലല്ലേ പനിയായിട്ട്, ലക്ഷ്മണന്‍ പൂച്ചയ്ക്ക് ആര് കൊടുക്കാനാണ് ആഹാരം, ഞാനിവന് ഈ മൊട്ടത്തലയന്‍, ഉണ്ടക്കണ്ണന്‍ കുട്ടിദോശയുടെ ചെവിയും കൈയും കൊടുത്തോട്ടെ അമ്മേ?’ എന്നു അടുക്കളയില്‍ നില്‍ക്കുന്ന അമ്മയോട് വിളിച്ചു ചോദിച്ചു ഇമ.

‘ശരിയാണ്, അവന് വല്ലതും കഴിക്കാന്‍ കിട്ടിയിട്ട് രണ്ടു ദിവസമായിക്കാണും, അമ്മ വന്നവന് രണ്ടു വലിയ ദോശ ചുട്ടു കൊടുക്കാം, ഇമക്കുട്ടീടെ ദോശ ഇമക്കുട്ടി തന്നെ തിന്നോളൂ’ എന്നമ്മ പറഞ്ഞു.

‘അയ്യോ ,അമ്മേ അവന്‍ കൊതി പിടിച്ച് എന്റെ ദോശ നാക്കുനീട്ടി നക്കിക്കഴിഞ്ഞു’ എന്നു പറഞ്ഞതിനുശേഷം, ദൂരെക്കൂടി വാലും പൊക്കിപ്പിടിച്ച് ഒരു ആലോചനക്കാരനായി നടന്നുപോയ പൂച്ചയെ ‘ഓടി വാ’ എന്നു ചെറിയ ഒച്ചയില്‍ വിളിച്ചു ഇമ.

എന്നിട്ട് ആ മൊട്ടക്കുട്ടിദോശ മുഴുവനും അവന് കൊടുത്തു. ഇമയെങ്ങാനത് തിരിച്ചു വാങ്ങിക്കുമോ എന്നു പേടിച്ച മട്ടില്‍, ദോശ കിട്ടിയതും ലക്ഷ്മണന്‍പൂച്ച ഒറ്റ ഓട്ടം അവന്റെ വീട്ടിലേക്ക്.

മിച്ചം വന്ന ഒരു ദോശ ഒഴിവായി കിട്ടിയതില്‍ സന്തോഷിച്ച്, ഇനി പൂമ്പാറ്റദോശ എന്തു ചെയ്യും എന്ന ആലോചനയിലായി ഇമ. പഞ്ചസാര ഇട്ടശേഷം പഞ്ചസാരക്കുപ്പി ഒന്നു കുലുക്കി ഇത്തിരി പഞ്ചസാരക്കുകൂടി അമ്മ സ്ഥലമുണ്ടാക്കുന്നതു പോലെ ഇമ എണീറ്റുനിന്ന് വയറ്റില്‍ ഒരു ദോശയ്ക്കുകൂടി ഇടമുണ്ടാകാന്‍ വേണ്ടി ഒന്നു കുലുങ്ങിച്ചാടി നോക്കി.

എന്താണാവോ, ഇമവയറ്റില്‍ ഒരിത്തിരിസ്ഥലം പോലും ഉണ്ടായില്ല.
അപ്പോഴാണ് കാക്കമ്മ ഊണുമുറിയുടെ തുറന്നുകിടക്കുന്ന വാതിലില്‍ വന്നിരുന്ന് ചാഞ്ഞുചരിഞ്ഞുനോക്കിയത്.

ആരെങ്കിലും കാണുന്നുണ്ടോ എന്നു നോക്കി പൂമ്പാറ്റദോശയെ അവളുടെ മുന്നില്‍ വച്ചു കൊടുത്തു ഇമ. ‘കാ കാ’ എന്ന് ഒരു സന്തോഷപ്പാട്ടും പാടി അവളത് മാവിന്‍കൊമ്പിലെ കൂട്ടിലേക്ക് കൊണ്ടുപോയി.

priya a s ,childrens story,iemalayalam
കുഞ്ഞുങ്ങള്‍ക്ക് കൊടുക്കാനാവും.
‘അയ്യോ അമ്മേ, കാക്ക വന്ന് പൂമ്പാറ്റയെ കൊത്തിയെടുത്തു ‘എന്ന് അഭിനയക്കരച്ചിലായി പിന്നെ ഇമ.

‘കഷ്ടായിപ്പോയല്ലോ, കാക്ക കൊത്തിയപ്പോ അവളുടെ ചുണ്ടുകൊണ്ട് വിരലൊന്നും മുറിഞ്ഞില്ലല്ലോ അല്ലേ,’ എന്ന് വിളിച്ചു ചോദിക്കുമ്പോള്‍ അമ്മ കുളിക്കുകയായിരുന്നു.

‘അമ്മ ഒന്നു വന്നോട്ടെ ഒരു ദോശ കൂടി ചുട്ടുതരാം’ എന്നു പറഞ്ഞതു കേട്ട് ഇമ ഞെട്ടിപ്പോയി. അയ്യോ ,ഇനിയും ഒരു ദോശയോ എന്ന് ചുണ്ടു ചുളിച്ചു പിടിച്ച് ‘വേണ്ടാമ്മേ, അമ്മയ്ക്ക് ഓഫീസി്ല്‍ പോകാനുള്ളതല്ലേ , ഞാന്‍ പഴം തിന്നോളാം’ എന്നു പറഞ്ഞു ഇമ…

‘ഈ പൂച്ചകളും കാക്കകളും ഒന്നുമില്ലായിരുന്നു ഈ ലോകത്തെങ്കില്‍ അമ്മാരും അമ്മൂമ്മമാരും ഉണ്ടാക്കിക്കൊടുക്കുന്ന ദോശയും കൊഴുക്കട്ടയും ഇഡ്ഢലിയും പുട്ടുമൊക്കെത്തിന്നു തിന്ന് കുട്ടികള്‍ കഷ്ടപ്പെട്ടേനെ’ എന്ന് കേണലങ്കിളിന്റെ വീട്ടില്‍ നിന്ന് തിരികെ വന്ന് ദോശക്കൈയും നക്കിയിരിപ്പായ ലക്ഷ്മണന്‍ പൂച്ചയോട് ഇമ ചിരിച്ചുകൊണ്ട് പതുക്കെ പറഞ്ഞു.

ലക്ഷ്മണന്‍, രണ്ടു മ്യാവു കൊണ്ട് ‘അതെ,അതെ ‘എന്നു പറഞ്ഞു.
‘ഉച്ചയൂണു നേരത്തും നീ വരണേ, മീന്‍കറി ബാക്കി വന്നാല്‍ നീ അടുത്തില്ലെങ്കില്‍ ഞാന്‍ കഷ്ടപ്പെട്ടുപോവും ‘എന്ന് അവനോടും പിന്നെ തെങ്ങോലത്തുമ്പത്തിരുന്ന കാക്കയോടും ഇമ ഒച്ചതാഴ്ത്തി പറഞ്ഞു.
ശരി എന്ന മട്ടില്‍ കാക്ക, കൂട്ടിലേക്കു തന്നെ പറന്നുപോയി.

 

കാലാവസ്ഥ

നട്ടുച്ചയായിരുന്നു.
ആമ്പല്‍ക്കുളത്തിനു മുകളിലൂടെ കാറ്റ് വീശിയപ്പോള്‍, ആമ്പല്‍ ഇലകളുടെ അരികുകള്‍ അങ്ങോട്ടിങ്ങോട്ടനങ്ങി. ഒരു ചെറു തവളക്കുട്ടന്‍, ആമ്പലിലയൊന്നില്‍ കയറിയിരുന്ന് ആകാശത്തിലൂടെ ഒഴുകി നീങ്ങുന്ന മേഘങ്ങളെയും കണ്ടുകണ്ടങ്ങനെ സമയം ചെലവഴിക്കുകയായിരുന്നു.
കാറ്റത്ത് ആമ്പലില ഇളകിയപ്പോള്‍, അവന്റെ ബാലന്‍സ് പോയി അവന്‍ വെള്ളത്തിലേക്ക് പ്‌തോം എന്നു വീണു. വീണെങ്കിലും അവന്‍ നല്ല നീന്തലുകാരനായതു കൊണ്ട് അവനൊന്നും പറ്റിയില്ല. വീഴ്ചയില്‍ ഇത്തിരി വെള്ളം അവന്റെ മൂക്കില്‍ കയറി, അത്രേയുള്ളു.

എന്നിട്ടവനൊന്നു തുമ്മി. അവന്‍ തുമ്മിയപ്പോള്‍ അവിടെയൊക്കെക്കൂടി വാലിട്ടിളക്കി രസിച്ചു നടന്ന മീങ്കുഞ്ഞ് പേടിച്ചുപോയി. എന്താ സംഭവം എന്നു നോക്കാന്‍ പോലും നില്‍ക്കാതെ അവനൊറ്റപ്പാച്ചില് വെള്ളത്തിന്റെ അടിയിലേക്ക്.

അവന്റെ ഓടിപ്പാഞ്ഞുള്ള വരവും പേടിച്ച മട്ടും കണ്ട് ആമച്ചാര് വിചാരിച്ചത്, ആരോ ചുണ്ടയിടാന്‍ വന്നു എന്നും ചൂണ്ടക്കൊളുത്ത് മീങ്കുഞ്ഞിന്റെ നേര്‍ക്ക് താഴ്ന്നു താഴ്ന്നു വന്നപ്പോള്‍ മീങ്കുഞ്ഞ് പാഞ്ഞോടി രക്ഷപ്പെട്ടു എന്നും ആണ്.
എന്താ സംഭവിച്ചത് എന്ന് നോക്കി വരാന്‍ അമ്മ മീന്‍, ആമ ഡിറ്റക്റ്റീവിനെ ഏല്‍പ്പിച്ചു.

വെള്ളത്തിന്റെ മുകള്‍പ്പരപ്പിലേക്കു ആമ നീന്തിച്ചെന്നപ്പോഴുണ്ട് അവിടെയൊരു തവളക്കുഞ്ഞന്‍ മാത്രം. അവനാണെങ്കിലോ നിര്‍ത്താതെ നീന്തി രസിക്കുകയാണ്. ഇവിടെ പ്രത്യേകിച്ചെന്തെങ്കിലും സംഭവിച്ചോ എന്ന് ആമച്ചന്‍ തവളക്കുഞ്ഞനോട് ചോദിച്ചു.

ഇലപ്പുറത്തുനിന്ന് വീണതൊക്കെ എപ്പോഴേ മറന്നു പോയതു കൊണ്ട്, ‘ഇല്ലല്ലോ , ഒന്നുമുണ്ടായില്ലല്ലോ’ എന്ന് മറുപടി പറഞ്ഞ് അവന്‍ നീന്തല്‍ തുടര്‍ന്നു.
ഇനി ആരെ ചോദ്യം ചെയ്യണം എന്നറിയാതെ ആമച്ചന്‍ അവിടെത്തന്നെ കറങ്ങിനടന്നു.priya a s ,childrens story, iemalayalam
നീന്തി മടുത്തിട്ട് തവളക്കുഞ്ഞന്‍ വീണ്ടും ആമ്പലിലപ്പുറത്ത് കയറിയിരുന്ന് മേഘം നോക്കലില്‍ മുഴുകി. താന്‍ പേടിച്ച കാര്യമൊക്കെ മറന്നു പോയി,  മീങ്കുഞ്ഞ് വീണ്ടും വെള്ളളപ്പരപ്പിനു മുകളിലേക്കു വന്ന് എത്തിനോക്കി.

അപ്പോ വീണ്ടും കാറ്റു വന്നു. ഇലകളിളകി. തവളക്കുഞ്ഞന്‍ പിന്നെയും പേടിച്ച് വെള്ളത്തിലേക്കു വീണ്,വെള്ളം മൂക്കില്‍ കയറി തുമ്മല്‍ തുടങ്ങി.
മീങ്കുഞ്ഞ് പേടിച്ചു വിറച്ച്, പ്രാണവെപ്രാളത്തോടെ നീന്തി മറഞ്ഞു.

തവള ഡിറ്റക്റ്റീവിന് കാറ്റാണ് കുറ്റക്കാരന്‍ എന്നു വളരെ വേഗം മനസ്സിലായി.
കാറ്റിനെ കുളത്തില്‍ നിന്നു പിടിച്ചു പുറത്തു കളയാനായി എന്തു വഴി എന്ന് എത്ര ആലോചിച്ചിട്ടും ആമച്ചന് മനസ്സിലായില്ല.

തിരുമ്മി വേദനിപ്പിക്കാന്‍ ചെവിയോ തൂക്കിയെടുത്തു പുറത്തു കളയാന്‍ കൈകളോ ഇല്ലാത്ത കാറ്റ് എന്തൊരു ജീവിയാണ് എന്ന് തവളയ്ക്ക് മനസ്സിലായില്ല.

ചെവിയോ കാലോ കൈയോ ഇല്ലാത്ത വേറെയും കുറേ കാര്യങ്ങളുണ്ട്. മഴ വെയില്‍, മഞ്ഞ് എന്നൊക്കെയാണ് അവരുടെ പേര് എന്നു പറഞ്ഞ് ആമ്പല്‍പ്പൂക്കളപ്പോള്‍ ആമ ഡിറ്റക്റ്റീവിനെ കളിയാക്കി ചിരിച്ചു.

മഴ, മഞ്ഞ്, വെയില്‍, കാറ്റ്, മഞ്ഞ് ഇതെല്ലാം ചേര്‍ന്നതാണ് കാലാവസ്ഥ എന്നു കൂടി അമ്പല്‍പ്പൂക്കള്‍ പറഞ്ഞു. ആമച്ചാരെത്ര പണിപ്പെട്ടിട്ടും നേരെ ചൊവ്വേ, ‘കാലാവസ്ഥ ‘എന്നു പറയാന്‍ പറ്റാത്തതു കണ്ട് ആമ്പല്‍പ്പൂക്കള്‍ അപ്പോള്‍ തുരുതുരെ ചിരിച്ചു…

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook