മഴ വന്ന നേരത്ത്

അത്താഴം കഴിഞ്ഞ് പറമ്പിലെ ചെടികളെയും മരങ്ങളെയും ദൂരെയുള്ള ആകാശത്തെയും നോക്കി അപ്പൂപ്പന്റെ ചാരുകസേരയില്‍ ഒരു കിടപ്പു പതിവുണ്ട് അമീനയ്ക്ക് ഇന്നങ്ങിനെ അമീന കാഴ്ചകള്‍ കണ്ട് ചാരുകസേരയില്‍ പാതിമയക്കഭാവത്തില്‍ ഇരിക്കെ മഴ വന്നു ,കാറ്റിന്റെ കൈയും പിടിച്ച്. താനേ ഗേറ്റ് ഊക്കില്‍ തള്ളിത്തുറന്ന് അകത്തേക്ക് ചറുപിറയെന്നൊച്ചവച്ചു കയറി മഴ. എന്നിട്ട് പാഷന്‍ഫ്രൂട്ടിന്റെ വള്ളികളില്‍ മുഴുവന്‍ വെള്ളത്തുള്ളിവെള്ളിക്കമ്മല്‍ തൂക്കി വെള്ളമന്ദാരത്തിന്റെ പച്ചിലയിലൂടെ മഴത്തുള്ളി , തെര്‍മോമീര്‌ററിലെ മെര്‍ക്കുറിത്തുള്ളിപോലെ ഉരുണ്ടുരുണ്ട് ഓടിക്കളിച്ചു.
ഒരു പൂച്ച, പെരുമഴയത്തുനിന്ന് ഓടിവന്ന് ,മഴ കൊള്ളാതിരിക്കാനായി കാര്‍ഷെഡിലെ കാറിന്റെ അടിയിലേക്ക് നൂണ്ടു കയറിക്കിടന്ന് തലമാത്രം പുറത്തേക്കിട്ട് മഴയെ നോക്കിക്കിടന്നു. നാണപ്പന്‍ എന്ന പട്ടിക്കുട്ടന്‍ അവന്റെ മേത്തു വീണ മഴവെള്ളം നാലുപാടേക്കും കുടഞ്ഞുതെറിപ്പിച്ചുകളഞ്ഞപ്പോള്‍, അതിലിത്തിരി അമീനയുടെ മേത്തും വീണു.priya a s ,childrens stories, iemalayalam
നീയിതെന്തു പണിയാകാണിച്ചേ എന്ന് അമീനയ്ക്ക് ദേഷ്യം വന്നു. അപ്പോള്‍ ചീവിട് ,മഴ സ്‌പെഷ്യലായി രാഗവിസ്താരം തുടങ്ങി. തവളച്ചാര് എവിടെയോ മുല്ലക്കാട്ടിലോ തോട്ടിറമ്പത്തു പതുങ്ങിയിരുന്നോ പേക്രോം പേക്രോം എന്ന് അവന്റെ കൂട്ടുകാര്‍ക്ക് എന്തോ മഴ മെസേജ് കൊടുത്തു. മഴ നോക്കി നോക്കിയങ്ങനെയിരിക്കെ, മഴത്താളം മുറുകിവന്നു. അതിനിടയിലെപ്പോഴോ അമീന കോട്ടുവായിട്ടു. ഉറക്കം വരുന്നു അല്ലേ ഈ മഴത്തണുപ്പത്തിരുന്ന് എന്ന് ചോദിച്ച് അമീനയെ അമ്മ എടുത്തകത്തു കൊണ്ടു പോയി പുതപ്പിച്ചു കിടത്തി. മഴ,ജനാലയിലൂടെ ചാറി വന്ന് കട്ടിലില്‍ കിടക്കുന്ന അമീനയുടെ മേല്‍ വീഴാന്‍ നോക്കിയപ്പോള്‍ ,അമ്മ പോ കുസൃതിമഴേ എന്നു പറഞ്ഞ് ജനല്‍ വലിച്ചടച്ചു.
അമീനയ്ക്ക് ചിരി വന്നു അമ്മ,മഴയെ കുസൃതിമഴേ എന്നു വിളിച്ചതോര്‍ത്ത്. കുഞ്ഞിച്ചുണ്ടത്ത് ആ ചിരിയോടെ അവളുറക്കമായി മെല്ലെ മെല്ലെ.

 

 

മുറിവാലന്‍പല്ലിയും കണ്ണപ്പമൊയ്‌ലിയും

ഒരു പല്ലിത്താന്‍ ,ഭിത്തിയിലിരിക്കുന്ന തുമ്പിയെ പിടിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്നത് നൈന കണ്ടു. അവള്‍ തുമ്പിയോട്, ഒന്നു പറന്നു പോ എന്റെ തുമ്പിക്കുട്ടാ ,പുറത്ത് ചെടികളിലല്ലേ നിന്റെ വീട്,എന്തിനാ ഞങ്ങള്‍ടെ ഇഷ്ടിക വീടിനകത്തേക്കു കയറി പല്ലിക്കു തിന്നാന്‍ പാകത്തില്‍ ഇരിപ്പുറപ്പിക്കുന്നത് എന്നു ചോദിച്ച് ജനല്‍ തുറന്നിട്ടു കൊടുത്തു. തുമ്പിക്കുട്ടനുണ്ടോ അപകടം വല്ലതും മനസ്സിലാവുന്നു,അവന്‍ പല്ലിത്താനിരിക്കുന്ന ഇടത്തിനു തൊട്ടുമുന്നിലൂടെത്തന്നെ ഒരഞ്ചാറുതവണ നീളത്തിലും വട്ടത്തിലും ആയി പറക്കല്‍ തന്നെ പറക്കല്‍. എന്നാല്‍പ്പിന്നെ പല്ലിത്താനെ ഓടിച്ച് കളഞ്ഞ് തുമ്പിയെ രക്ഷിക്കാമെന്നായി നൈനയുടെ പദ്ധതി. അവള്‍ ഒരു മാഗസിന്‍ ചുരുട്ടി പല്ലിയൂടെ നേരെ ചുഴറ്റിക്കാണിച്ച് ,ഒന്നു പോയേ കണ്ണും മിഴിച്ചിരിക്കാതെ എന്നു പറഞ്ഞു. പല്ലിത്താന്‍ വിചാരിച്ചു നൈന അവനെ ഉപദ്രവിക്കാനാണ് ഭാവം എന്ന്. വെപ്രാളപ്പെട്ട് ഓടുന്നതിനിടയില്‍ അവന്‍ ,അവന്റെ വാല് മുറിച്ചിട്ടു കടന്നുകളഞ്ഞു.അവന്റെ വാല് നിലത്തു വീണു പിടയുന്നത് നോക്കി നൈന നിന്ന തക്കത്തിന് അവന്‍ എവിടെയാണോ പോയൊളിച്ചത് ! ഈ പല്ലിത്താനു മാത്രം അടുത്തേക്കു വരുന്നത് ശത്രുവാണ് എന്നു തോന്നിയാലുടനെ വാലു മുറിച്ചിട്ട് ശത്രുവിന്റെ ശ്രദ്ധ , നിലത്തു കിടന്നുപിടക്കുന്ന മുറിവാലിലേക്ക് സൂത്രത്തില്‍ മാറ്റിയെടുക്കുന്ന വിദ്യ ആരാണ് പറഞ്ഞു കൊടുത്തത് എന്ന സംശയവുമായി എന്ന മട്ടില്‍ അപ്പോള്‍ നൈനയുടെ പൂച്ചക്കുട്ടന്‍ കണ്ണപ്പമൊയ്‌ലി അവിടെ വന്ന് വാലാട്ടിക്കൊണ്ട് നിന്നു.priya a s ,childrens stories, iemalayalam
അവനെ പേടിപ്പിച്ചോടിക്കാന്‍ ഖലീഫ ഉമര്‍ എന്ന പട്ടിക്കുട്ടന്‍ വരുമ്പോള്‍ ഇതു പോലെ വാലു മുറിച്ചിടാന്‍ പറ്റുമോന്നാണ് അവനാലോചിക്കുന്നത് എന്ന് നൈനക്ക് മനസ്സിലായി. അതേ, പല്ലികള്‍ക്ക് വാലു മുറിച്ചിടാന്‍ പറ്റും ,കുറച്ചുദിവസം കഴിയുമ്പോള്‍ അവരുടെ വാല് താനേ കിളിര്‍ത്തും വരും , പക്ഷേ നീ എത്ര ശക്തിയില്‍ വാല് കുലുക്കി നോക്കിയിട്ടും കാര്യമൊന്നുമില്ല ,അതടര്‍ന്നുവീഴാനൊന്നും പോകുന്നില്ല, അത് മുറിഞ്ഞുപോയാല്‍ പിന്നെ കിളികര്‍ത്തുവരികയുമില്ല,നീ കണ്ടിട്ടില്ലേ മുറിവാലന്‍ പട്ടികളെ എന്നൊക്കെ പ്രസംഗിച്ചു നൈന കണ്ണപ്പമൊയ്‌ലിപ്പൂച്ചയോട്. മണ്ടച്ചാരേ ,ഖലീഫ ഉമര്‍ കുരച്ചു കൊണ്ട് വരുമ്പോള്‍ ഓടിയോളിക്കുകയല്ലാതെ നിനക്ക് വേറൊരു മാര്‍ഗ്ഗവും ഇല്ല എന്നു കൂടി പറഞ്ഞുമനസ്സിലാക്കാന്‍ നോക്കി അവള്‍. കണ്ണപ്പമൊയ്‌ലി അപ്പോഴും ഒരു ചുക്കും മനസ്സിലാകാതെ ,വാലു കുലുക്കി താഴെയിടാന്‍ പറ്റുമായിരിക്കും എന്ന മട്ടില്‍ വാലു വളച്ചൊരു നില്‍പ്പുനിന്നു. ഓ ,എന്റെ മണ്ടച്ചാരേ,നിന്നെ ഞാനെങ്ങനെയാ ഒന്നു പറഞ്ഞുമനസ്സിലാക്കുക എന്നു നൈന ചോദിച്ചത് ശരി വയ്ക്കും പോലെ എവിടെയോ ഒളിച്ചിരുന്ന് ആ പല്ലിത്താന്‍ ഒച്ചവച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook