ലവന്‍ എന്ന നായക്കുഞ്ഞ്

ചന്തുമാമനും ദേവുക്കുട്ടിയും സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് പച്ചക്കറി വാങ്ങാന്‍ വേണ്ടി ഞായറാഴ്ച രാവിലെ പോയി. കാറിലാണ് പോയത്. ചന്തുമാമനാണ് കാറോടിച്ചത്. ചന്തുമാമന്‍ കാര്‍ നിര്‍ത്തിയതും ഒരു നായക്കുട്ടി വണ്ടിയുടെ അടുത്തുവന്നു നിന്നു.

അവന്റെ കഴുത്തില്‍ ബെല്‍റ്റില്ലാത്തു കൊണ്ട് അതൊരു തെരുവുനായക്കുട്ടിയാണെന്ന് ദേവുവിന് അവനെ കണ്ടതും മനസ്സിലായി.
അതോടെ ദേവുവിന് കാറില്‍ നിന്നിറങ്ങാന്‍ പേടിയായി.

എങ്ങാനും ആ നായക്കുട്ടിക്ക് ദേവുവിനെ കടിക്കാന്‍ തോന്നിയാലോ?
പത്രത്തിലൊക്കെ കാണാറില്ലേ തെരുവുനായ ഒരു കുട്ടിയെ കടിച്ചവശയാക്കി, കുട്ടി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ എന്നൊക്കെ?

അതൊക്കെ അമ്മൂമ്മയാണ് ദേവുവിന് പത്രത്തില്‍ നിന്ന് വായിച്ചു കൊടുക്കാറ്.
നായക്കുട്ടിയുടെ അച്ഛനും അമ്മയും ഒക്കെ അടുത്തെവിടെയെങ്കിലും ചുറ്റിത്തിരിയുന്നുണ്ടെങ്കില്‍ അവരും വന്ന് ദേവുവിനെ കടിച്ചുകൂടായ്കയില്ല.
കാറില്‍ നിന്നിറങ്ങാനുള്ള ദേവുവിന്റെ പേടി കണ്ട് ചന്തുമ്മാമന്‍, ദേവുവിനെ എടുത്തു കൊണ്ടുപോയി സൂപ്പര്‍മാര്‍ക്കറ്റിലേക്ക്.

ചന്തുമ്മാമന്‍, കാര്‍ ലോക്ക് ചെയ്തതും നായക്കുട്ടി കാറിനടിയിലേക്ക് നുഴഞ്ഞു കയറി വിസ്തരിച്ച് അതിനടിയില്‍ ഒരു കിടപ്പ്! ഇനി ഷോപ്പിങ് ഒക്കെ കഴിഞ്ഞ് ചന്തുമ്മാമനും ദേവുവും കൂടി തിരിച്ചു ചെന്ന് കാറ് അണ്‍ലോക്ക് ചെയ്യുമ്പോള്‍ ആ നായക്കുഞ്ഞ് നല്ല ഉറക്കത്തിലായിപ്പോയാലോ?ചന്തുമ്മാമന്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്യുന്നത് അറിയാതെ അവന്‍ കാറിനടിയില്‍പ്പെട്ട് വല്ല അപകടവും വരുത്തിവയ്ക്കുമോ ?

നമ്മള്‍ ചെല്ലുന്നതു കാണുമ്പോഴേ അവൻ മണം പിടിച്ചെണീറ്റ് സ്ഥലം കാലിയാക്കും, അത് തീര്‍ച്ചയാണ് എന്ന് ചന്തുമ്മാമന്‍ ഉറപ്പു പറഞ്ഞു.
സൂപ്പര്‍മാര്‍ക്കറ്റില്‍ നോണ്‍വെജ് വില്‍ക്കുന്നയിടത്തായിരുന്നു കൂടുതല്‍ തിരക്ക്.

ചന്തുമ്മാമന്‍ പച്ചക്കറി വാങ്ങുമ്പോള്‍, ദേവു നിറയെ ഫ്രൂട്ട്‌സ് വാങ്ങിച്ചു.
ഓറഞ്ച്, സപ്പോട്ടക്ക, മാങ്കോസ്റ്റിന്‍, റംബൂട്ടാന്‍ ഒക്കെ ദേവു വാങ്ങിക്കൂട്ടുന്നതു കണ്ട് ചന്തുമാമന്‍ ചോദിച്ചു, ‘ദേവുവേ നീ കഴിഞ്ഞ ജന്മത്തില് കിളിയായിരുന്നോ, അമ്മയുണ്ടാക്കിയ ചോറും പലഹാരോം ഒന്നും കഴിയ്ക്കാന്‍ പ്ളാനില്ലേ നെനക്ക് ?’ ദേവു പെട്ടെന്ന് ചോദിച്ചു, ‘നമുക്ക് കുറച്ചു ചിക്കന്‍ കൂടി വാങ്ങിച്ചാലോ , അവന് കൊടുക്കാന്‍?’ ‘എവന് എന്നു ചിരിച്ചു,’ ചന്തുമ്മമന്‍. ‘ലവന്’ എന്നു പറഞ്ഞു ചിരിച്ചു ദേവു.priya a s, childrens story , iemalayalam
‘നീയാ തെരുവുനായയെ ദത്തെടുക്കാന്‍ പ്‌ളാനിടുകയാണോ,’ എന്ന് ചോദിച്ചു നെറ്റി ചുളിച്ചു പിടിച്ചു ചന്തുമ്മാമന്‍… ‘തെരുവുനായ നിന്നെ കടിച്ചാലോ എന്ന നിന്റെ പേടിയെ നീ എന്തു ചെയ്യും, നായയെ കാണുമ്പോ നീ എന്റെ ഒക്കത്തേക്ക് ചാടിക്കയറാനല്ലേ ഭാവം,’ എന്നും ചോദിച്ചു ചന്തുമ്മാമന്‍.

ചിക്കന്‍ വാങ്ങണോ വേണ്ടേ, ലവന് കൊടുക്കണോ വേണ്ടേ ,അവനെ കൂടെ കൂട്ടണോ, അവനോടുള്ള പേടിയെ എന്തു ചെയ്യും എന്നെല്ലാം ആലോചിച്ച് ദേവു വലിയ ചിന്താക്കുഴപ്പത്തിലായ നേരത്താണ് അലാം അടിച്ചതും ഇത് രാവിലെ സക്കൂളില്‍പ്പോകാനുള്ള നേരമാണെന്നും അതിനാണ് അലാം അടിച്ചതെന്നും ദേവുവിന് മനസ്സിലായത്.

‘നായക്കുട്ടി എന്റെ സ്വപ്‌നത്തിലാണ് വന്നത് അല്ലേ,’ എന്നു ചോദിച്ചു ദേവു അവളുടെ കിടക്കയിലെ തലയിണയോട്. തലയിണ ഒന്നും മിണ്ടാതെ പതുപതാന്ന് വെറുതെ കിടക്കുക മാത്രം ചെയ്തു. ദേവു പതുക്കെ എണീറ്റ് പുതപ്പുമാറ്റി ജനലിലൂടെ നോക്കി.

‘അമ്മേടെ കുട്ടി എണീറ്റോ,’ എന്നു ചോദിച്ച് അപ്പോ ദേവുവിന്റെ അമ്മ വന്നു.
‘ഇന്ന് ദേവൂന് നല്ല സന്തോഷമാവും, വേഗമെണീറ്റുവന്നാല്‍ ഒരു കാഴ്ച കാണിച്ചു തരാം,’ എന്നു പറഞ്ഞ് അമ്മ, ദേവുവിനെ എടുത്തുകൊണ്ട് മുന്‍വശത്തേക്കു പോയി.

മുറ്റത്തെ ചെത്തിയുടെ അരികിലേക്ക് കൈ ചൂണ്ടി, ‘നോക്കൂ ,ദേവൂട്ടി, ആരാ കുഞ്ഞിവാലും ആട്ടി ഇരിക്കണത് എന്നു നോക്കൂ. എങ്ങാണ്ടുന്ന് രാത്രീല് കേറിവന്നതാണ്,’ എന്നു പറഞ്ഞു.

ദേവു കണ്ണുതിരുമ്മി നോക്കി.
എന്തൊരത്ഭുതം ,ദേവൂന്റെ സ്വപ്‌നത്തിലേ അതേ നായക്കുഞ്ഞ്!
‘ഇവനിന്നലെ എന്റെ സ്വപ്‌നത്തില് കൂടി ചുറ്റിക്കറങ്ങി നടക്കുവായിരുന്നു അമ്മേ, ഞാന്‍ സ്വപ്‌നത്തില് ഇവന് ചിക്കന്‍ വാങ്ങിച്ചായിരുന്നു,’ എന്ന് പറഞ്ഞ് ദേവു ഓടിപ്പോയി അവന്റെ കുഞ്ഞിരോമത്തി’ല് ഒന്നു തൊട്ടു.

അവന്‍, ദേവുവിനെ നക്കി. ‘ഞാനിവന് സ്വപ്‌നത്തില് ലവന്‍ എന്നു പേരിട്ടായിരുന്നു അമ്മേ,’ എന്ന് ദേവു പറയുന്നത് കേട്ട്, ‘രാമായണത്തിലെ ലവനോ ഇംഗ്‌ളീഷ് അക്കങ്ങളിലെ ലെവനോ ഇവൻ,’ എന്നു ചോദിച്ച് ചന്തുമ്മാമന്‍ അങ്ങോട്ടുവന്നു.

‘നമ്മള് രണ്ടുപേരും കൂടിയല്ലേ അവന് സ്വപ്‌നത്തില് ‘ലവന്‍’ എന്നു പേരിട്ടത് , ഈ സിനിമേലൊക്കെ തമാശക്കാര് പറയുന്ന ലവനാ ഈ ലവന്‍,’ എന്നെല്ലാം വിശേഷം പറഞ്ഞ് ദേവു ഒരു മനുഷ്യക്കുട്ടിച്ചിരി ചിരിച്ചു , അമ്മ കൊണ്ടുകൊടുത്ത കുഞ്ഞിക്കിണ്ണത്തിലെ പാല്‍ നക്കിക്കുടിച്ച് ലവന്‍ ഒരു നായച്ചിരിയും ചിരിച്ചു.

അമ്മസ്സാരി

അമ്മിണി സ്‌ക്കൂള്‍ വിട്ടുവന്ന് യൂണിഫോം മാറുകയായിരുന്നു. അമ്മയുടെ സാരി, അമ്മ വാഷിങ്‌മെഷീനിലിട്ടു നനച്ച് വെയിലത്തിട്ടുണക്കിയശേഷം ഭംഗിയായി മടക്കിവെയ്ക്കാനായി കട്ടിലില്‍ കൊണ്ടുവന്നിട്ടപ്പോഴാണല്ലോ അമ്മിണി സ്‌ക്കൂളില്‍ നിന്നു വന്നത്.

അമ്മിണിക്ക് ചായ കൊടുത്തിട്ട് സാരി മടക്കിവയ്ക്കാം എന്നു വിചാരിച്ചാവും സാരി അവിടെത്തന്നെയിട്ടിട്ട് അമ്മ അടുക്കളയിലേക്കു പോയി.
ആ തക്കത്തിനാണ് അമ്മിണിയുടെ ഭാവന വിരിഞ്ഞതും സാരിയുടുത്ത് അമ്മക്കളി കളിച്ചുനോക്കാം എന്നവള്‍ തീരുമാനിച്ചതും.

പമ്മിപ്പമ്മി നിന്ന് അമ്മിണിയുടെ സാരിയുടുക്കല്‍ കാണുന്നുണ്ടായിരുന്നു ലില്ലിപ്പൂച്ച. അവള്‍ വന്ന് അമ്മിണിയുടെ “അമ്മസാരി”യുടെ അറ്റത്ത് മുന്‍വശത്തെ കാല്‍ കൊണ്ട് അള്ളിപ്പിടിച്ചു.

അമ്മിണി ഞൊറിവ് ശരിയാക്കി തോളിലേക്കിടാന്‍ ഭാവിക്കുകയായിരുന്നു.
അപ്പോഴാണ് ലില്ലിപ്പൂച്ചയുടെ തോന്ന്യാസോം വികൃതീം.’നീ വെറുതെ ഇതില്‍ തൂങ്ങിക്കിടന്ന് പ്രശ്‌നുണ്ടാക്കല്ലേ, സാരി കീറിപ്പോവുമേ, അമ്മ നമ്മളെ രണ്ടേളേം ഉണ്ടക്കണ്ണുരുട്ടി വഴക്കുപറയുമേ,’ എന്നെല്ലാം അമ്മിണി ആവത് പറഞ്ഞുനോക്കി.
ആര് കേള്‍ക്കാന്‍?priya a s, childrens story , iemalayalam
ലില്ലിപ്പൂച്ച സാരിയെടുത്ത് അവളുടെ തലയില്‍ കൂടെയിട്ട് ഒരു മ്യാവൂപ്പാട്ടോടെ അവളുടെ പൂച്ചക്കണ്ണ് കൊണ്ട് അമ്മിണിയെ നോക്കി തെക്കോട്ടും വടക്കോട്ടും നടന്നു ഗമയില്‍. ‘ഇവളെക്കൊണ്ട് തോറ്റല്ലോ,’ ഈ സാരീന്ന് ഇവളെ ഒന്ന് വിടീച്ചെടുക്കാന്‍ എന്തു ചെയ്യും എന്നാലോചിച്ചു അമ്മിണി.

കാലിൽ കിടന്ന യൂണിഫോം ഷൂ, അമ്മിണി ഊരി ലില്ലിപ്പൂച്ചക്കു നേരെ നീട്ടിയത് പെട്ടെന്നാണ്. ‘ആഹാ ,എലിയുടെ വാല്‍ പോലുണ്ടല്ലോ,’ എന്നു വിചാരിച്ചാവും ഷൂ ലേസില്‍ വലിക്കലും പിടിക്കലും കടിക്കലും ഒക്കെയായി ലില്ലി അതോടെ.
സാരി ഒരു എട്ടുകാലി വലപോലെ ചുറ്റിലും കുമിഞ്ഞുകൂടിക്കിടക്കുന്നതില്‍ നിന്ന് എങ്ങനെ പുറത്തേക്കു കടക്കണം എന്നറിയാതെ അമ്മിണി വിഷമിക്കുകയും അമ്മിണിയുടെ ഷൂ ലില്ലി കടിച്ചൊരുപരുവമാക്കുകയും ചെയ്ത രംഗത്തിലേക്കു ചായയുമായി വന്ന അമ്മ, ‘ഇങ്ങനെ വിവരമില്ലാതായാലോ എന്റെ അമ്മിണീ?’ എന്ന് ദേഷ്യപ്പെട്ടു ചോദിച്ച് അമ്മിണിയെ സാരിക്കകത്തു നിന്ന് പുറത്തേക്കെടുത്തു രക്ഷിക്കുകയും ലില്ലിപ്പൂച്ചയുടെ കടിബഹളങ്ങളില്‍ നിന്ന് അമ്മിണിഷൂവിനെ കഷ്ടിച്ച് ഊരിയെടുക്കുകയും ചെയ്തു.

രണ്ടിനെയും ശരിക്കൊന്നു വഴക്കു പറയാന്‍ ഭാവിക്കുകയായിരുന്നു അമ്മ.
അമ്മിണി, അമ്മയുടെ മടിയിലും ,ലില്ലി, അമ്മിണിയുടെ മടിയിലും യാതൊരു കുസൃതിയും ജനിച്ചിട്ടിന്നേവരെ കാണിക്കാത്തവരെപ്പോലെ കയറിയിരുന്നപ്പോള്‍, അമ്മയ്ക്ക് അമ്മയുടെ ചിരി എവിടെ ഒളിപ്പിക്കണമെന്നറിയാതെയായി.

‘അമ്മക്കുട്ടീ,’ എന്നു വിളിച്ചമ്മിണി അമ്മയ്ക്കുമ്മ കൊടുത്തു. ഒരു മ്യാവൂഗാനം പാടി ലില്ലി അമ്മയുടെ കൈയിലുരുമ്മി. അമ്മ മടക്കാന്‍ വച്ച സാരി അവിടെ കുഴഞ്ഞുമറിഞ്ഞുകിടന്നു. ഇനി ഇതെങ്ങനെ ഞാനൊന്ന് ശരിക്കുമടക്കി എടുക്കും എന്നമ്മ ചോദിച്ചപ്പോള്‍, സാരമില്ല സാരമില്ല എന്ന് ഭിത്തിയിലെ പല്ലി ചിലച്ച് അമ്മയെ സമാധാനിപ്പിച്ചു.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook