കുളപ്പടവിലൊരു അമ്മു

കുളത്തിലെ വെള്ളത്തിൽ കാലിട്ടിളക്കി അമ്മു ഇരുന്നു കുളപ്പടവിൽ. അമ്മുവിന്റെ കാലിൽ മീൻ കുഞ്ഞുങ്ങൾ വന്ന് ഇക്കിളിയിട്ടു കൊത്തിയിട്ട് ചുമ്മാ നീന്തി നടന്നു. ഒരു കൊക്ക് വന്ന്, ഒറ്റക്കാലിൽ തപസ്സു ചെയ്യും പോലെ കുളത്തിനു നടുക്കിരിപ്പായി. കൊക്ക് കൊത്തി വിഴുങ്ങുമോ എന്നു പേടിച്ച് മീനുകൾ നീന്തിയൊളിച്ചു താമരയിലക്കൂട്ടത്തിനു നടുവിൽ.

“കുളം നോക്കി മയങ്ങിയിരുന്നാ മതിയോ അമ്മുവേ, ഹോം വർക് ചെയ്യണ്ടേ?” എന്നു വീടിന കത്ത് നിന്ന് വിളിച്ചു ചോദിച്ചു അമ്മ. “ഒരു മീനായാൽ മതിയായിരുന്നു, സ്ക്കൂളിലും പോകണ്ട ഹോം വർക്കും ചെയ്യണ്ട” എന്ന് സങ്കടത്തിലും ദേഷ്യത്തിലും വിളിച്ചു പറഞ്ഞു അമ്മു. “അതു ശരിയാണ്, അവർക്ക് ഹോം വർക് ചെയ്യണ്ട, പക്ഷേ കൊക്കുകളുടെ വായിൽ നിന്നു രക്ഷപ്പെടാൻ വഴിയന്വേഷിച്ചു സദാ പരക്കം പായണം,” എന്നു പറഞ്ഞു അമ്മ.

“മീനാകാത്തത് നന്നായി, ആയിരുന്നെങ്കിൽ സദാ കൊക്കിനെ പേടിച്ചു ജീവിയ്ക്കേണ്ടി വന്നേനെ” എന്നു പറഞ്ഞ് അമ്മു പിന്നെ കുളനോട്ടം മതിയാക്കി എഴുന്നേറ്റു നടന്നു വീട്ടിലേക്ക്. പിന്നെ രണ്ടും രണ്ടും നാല് എന്ന ഹോം വർക് ചെയ്യാനിരുന്ന് നല്ല സന്തോഷമുള്ള കണക്കു കുട്ടിയായി .priya a s ,childrens stories, iemalayalam

ആമയും ഒച്ചും

ആമയ്ക്ക് സങ്കടം വന്നു. അവൻ തന്നത്താനിരുന്ന് ഉറക്കെ പറഞ്ഞു. “എന്തൊരു കഷ്ടമാണിത്! സാ സാ മട്ടിലെ ഈ വലിഞ്ഞിഴഞ്ഞുനടപ്പ് എനിക്കു മതിയായി. ഒരുറുമ്പിനു പോലും ചടപടാന്ന് ഓടാൻ കഴിയും. ഞാൻ മാത്രമെന്താണിങ്ങനെ മെല്ലെപ്പോക്കു കാരനായത്!

“ആമയുടെ തന്നത്താൻ വർത്തമാനം കേട്ട് കോട്ടുവായിട്ടു ഒച്ച്. എന്നിട്ട് ചിരിച്ചു കൊണ്ട് ചോദിച്ചു- “അപ്പോ എന്റെ കാര്യം നീ മറന്നു പോയോ ചങ്ങാതീ നീയ്? നിന്നേക്കാൾ എത്ര പതുക്കെയാണ് എല്ലാ കാര്യങ്ങളിലും ഞാൻ! ഇരുന്നേടത്തു നിന്ന് ഒന്നു തിരിയാൻ പോലും എത്ര നേരം വേണം എനിയ്ക്ക്! ഞാനുമായി താരതമ്യം ചെയ്യുമ്പോൾ നിനക്ക് എന്തൊരു സ്പീഡാണ്!”

ആമ വിചാരിച്ചു, അതു ശരിയാണല്ലോ, പക്ഷേ ഇവന് ഇവന്റെ സ്പീഡില്ലായ്മയെക്കുറിച്ച് ഒരു പരാതിയും ഇല്ലല്ലോ… അതെന്താണങ്ങനെ? ആമയുടെ സംശയം അറിഞ്ഞിട്ടെന്ന പോലെ ഒച്ച് പറഞ്ഞു, “വേഗതയില്ലായ്മയ്ക്ക് ഒരു പാട് ഗുണങ്ങളുമുണ്ട്. വേഗതയുള്ളവർ ഒരു പൂ വിരിഞ്ഞു നിൽക്കുന്നത് കണ്ടാലായി, കണ്ടില്ലെങ്കിലായി. വേഗതയില്ലാത്തവരോ, അവര് എല്ലാം എല്ലാം കാണും. ഒരു പൂമൊട്ട് , അതിലെ ഓരോ ഇതളും വിരിഞ്ഞു വിരിഞ്ഞ് ഒരു പൂവാകും വരെയുള്ള ഓരോ കാഴ്ചയും എന്റെ കണ്ണിൽപ്പെടുന്നത് ഞാൻ പതുക്കെ നടപ്പുകാരനായതുകൊണ്ടാണ്. ലോകത്തിലെ ഓരോ കാറ്റനക്കവും ഇലയനക്കവും അറിഞ്ഞ് ഏറ്റവും നന്നായി ജീവിതമാസ്വദിച്ച് ഒരു തിരക്കുമില്ലാതെ ഇങ്ങനെ ജീവിക്കാൻ എന്തു രസമാണ്!”

ആമ വിചാരിച്ചു ,ശരിയാണല്ലോ മഞ്ഞുതുള്ളി വീണ താമരയിലയും വെയിൽ വരുന്ന വരവും മേഘം കറുത്തിരുണ്ടു വരുന്നതും തല നീട്ടിക്കണ്ട് ഞാനിരിക്കുന്ന ഇരിപ്പിനെന്തു രസമാണ്! ആമയ്ക്കതോർത്തപ്പോൾ ചിരി വന്നു, പിന്നെ സന്തോഷവും വന്നു. എന്നിട്ട് അവർ രണ്ടാളും കൂടിയിരുന്ന്, ഒരു പുൽച്ചാടിയുടെ തുരുതുരാന്ന് ചാടിയുള്ള കളിമേളങ്ങൾ നോക്കി, നോക്കിയിരുന്ന് പൊട്ടിച്ചിരിക്കാൻ തുടങ്ങി.priya a s ,childrens stories, iemalayalam

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook