ഉമ്മ

ഇന്നലെ റീത്തയുടെ സ്‌ക്കൂളില്‍ അസംബ്ലിയ്ക്കിടയില്‍ ഒരു മാമന്‍ വന്ന് ,’നമ്മുടെ മലയാള ഭാഷയെക്കുറിച്ചാണിന്ന് ഞാന്‍ ഇവിടെ സംസാരിക്കുന്നത് ‘. എന്നു പറഞ്ഞു.

മലയാളം നമ്മുടെ മാതൃഭാഷയാണ് എന്ന് ആ മാമന്‍ പറഞ്ഞപ്പോഴല്ലേ റീത്ത അറിയുന്നത്!
മാതൃഭാഷ എന്നു വച്ചാല്‍ നമ്മുടെ ഭാഷയമ്മ എന്നാണര്‍ത്ഥം.
വീഴുമ്പോഴും സങ്കടം വരുമ്പോഴും നോവുമ്പോഴും വിശക്കുമ്പോഴും കുട്ടികള്‍, അമ്മയെ വിളിച്ചല്ലേ കരയാറ്?
അമ്മയുടെ പാല് കുടിച്ചല്ലേ കുഞ്ഞുങ്ങള്‍ വളരുന്നത്, അപ്പോ അമ്മയോടല്ലേ കുഞ്ഞുങ്ങള്‍ക്ക് ഏറ്റവും അടുപ്പം,ഏറ്റവുമടുപ്പമുള്ളവരെയാണ് സങ്കടത്തിലും സന്തോഷത്തിലും നമ്മളെല്ലാവരും ഓര്‍ക്കുക…

അതുപോലെ നമുക്കേറ്റവും അടുപ്പമുള്ള ഭാഷയെയാണ് സങ്കടം വരുമ്പോഴും സന്തോഷം വരുമ്പോഴും നമ്മളോര്‍ക്കുക.
കേരളത്തിലുള്ളവര്‍ മലയാള ഭാഷയില്‍ സംസാരിക്കുന്നവരാണ്.
മലയാളമാണ് നമ്മുടെ ഭാഷയമ്മ.
അങ്ങനെ പ്രസംഗത്തിലെ കാര്യങ്ങളെല്ലാം അമ്മയെ പറഞ്ഞു കേള്‍പ്പിച്ചു റീത്ത.
അതിനിടയ്ക്ക് റീത്തയ്ക്ക് ഉറക്കം വന്നു.

നമ്മള്‍ മലയാളികള്‍ കൈയടിക്കുന്നതും സ്വപ്‌നം കാണുന്നതും മലയാളത്തിലാണ് എന്ന് പ്രസംഗമാമന്‍ പറഞ്ഞതോര്‍ത്ത്, ഉറക്കത്തിനിടെ റീത്ത ചോദിച്ചു, നമ്മള്‍ മലയാളികള്‍ ഉറങ്ങുന്നതും മലയാളത്തിലാണോ അമ്മേ ?
വര്‍ത്തമാനത്തിനല്ലാതെ, ഉറക്കത്തിനും കൈയടിക്കും സ്വപ്‌നത്തിനും ഉമ്മയ്ക്കും ഒന്നും ഭാഷയില്ല എന്നു പറഞ്ഞ് അമ്മ റീത്തയുടെ നെറ്റിയില്‍ ഉമ്മ വച്ചു.
അത് റീത്ത അറിഞ്ഞോ ആവോ ?priya a s, childrens stories, iemalayalam

 

ഇത്തവണത്തെ ഓണപ്പൂക്കളം

നാടായ നാട്ടിലൊകെ പ്രളയമൊക്കെ വന്ന് ആകെ കഷ്ടപ്പാടും ദുരിതവും ഒക്കെ ആയ സ്ഥിതിക്ക്, ഇക്കൊല്ലം ഓണത്തിന് കാശു കൊടുത്തു വാങ്ങിയ പൂക്കള്‍ കൊണ്ട് പൂക്കളമിടരുത് ആരും എന്നു പറഞ്ഞു ഉമാ മിസ് ക്ലാസില്‍.

പൂ വാങ്ങാന്‍ മാറ്റി വച്ച പൈസയൊക്കെ പ്രളയത്തില്‍ വീടും വീട്ടു സാമാനങ്ങളും പോയവര്‍ക്ക് കൊടുത്താലോ, എന്നിട്ടു നമുക്ക് നമ്മുടെയൊക്കെ പറമ്പില്‍ നിന്നും സ്‌ക്കൂള്‍ മുറ്റത്തു നിന്നുമൊക്കെ പറിച്ച പൂവുകള്‍ കൊണ്ട് പൂക്കളമിട്ടാലോ എന്നു ചോദിച്ചു മിസ്.

കുട്ടികള്‍ ശരി, ശരി എന്ന് തലയാട്ടി.

പൂക്കളെന്നു പറഞ്ഞാല്‍ കടയില്‍ നിന്നു വാങ്ങുന്ന ബന്തിയും ജമന്തിയും അരളിയും താമരയും വാടാമല്ലിയും മാത്രമല്ല എന്ന് നിങ്ങളറിയണം എന്നും മിസ് പറഞ്ഞു.
അങ്ങനെയാണ് ഓണപ്പൂക്കളമൊരുക്കാന്‍ നേരം ,ഉമാമിസിന്റെ കുട്ടികളെല്ലാം പാവാടത്തുമ്പു കൂട്ടിപ്പിടിച്ചും ഇലക്കുമ്പിളുണ്ടാക്കിയും അതിലെല്ലാം പൂ ശേഖരിച്ചത്.

മുക്കുറ്റിപ്പൂവും തുമ്പപ്പൂവും തകരപ്പൂവും കൊങ്ങിണിപ്പൂവും ചെത്തിപ്പൂവും ആറു മാസച്ചെടിപ്പൂവും മുല്ലപ്പൂവും നന്ത്യാര്‍വട്ടപ്പൂവും രാജമല്ലിപ്പൂവും ശേഖരിച്ചു അവര്‍..ഇതു വരെ അവരാരും ശ്രദ്ധിക്കാത്ത എത്ര പൂക്കളെയാണ് പൂശേഖരിക്കാന്‍ അവിടെയുമിവിടെയും നടന്നപ്പോള്‍ അവരിത്തവണ പരിചയപ്പെട്ടത്, പൂക്കളമിടാനുള്ള ഒരുക്കത്തിലൂടെ എന്നോ !

കടയില്‍ നിന്നു വാങ്ങുന്ന പൂക്കളുടെ സ്ഥിരം നിറങ്ങള്‍ മാത്രം പരിചയച്ചിരുന്ന അവരെല്ലാം അത്ഭുതപ്പെട്ടുപോയി. വീട്ടുമുറ്റത്തും വഴിവക്കിലും പേരറിയാവുന്നതും അല്ലാത്തുമായി എത്ര പൂക്കളാണ് എന്നു നോക്കി നടന്നപ്പോള്‍ അതു തന്നെ നല്ലൊരു കളിയായി.priya a s, childrens stories, iemalayalam
ഉമാ മിസിന്റെ കുട്ടികളുടെ പൂക്കളത്തിന് സാധാരണ കാണാത്ത എന്തെല്ലാം നിറങ്ങളാണ് എന്നു തമ്മില്‍ത്തമ്മില്‍പ്പറഞ്ഞു ബാക്കിക്ലാസിലെ കുട്ടികള്‍.

പച്ചനിറത്തിനായി വലിയ ക്‌ളാസിലെ കുട്ടികള്‍ മാവില മുറിച്ച് മിക്‌സിയിലിട്ട് പൊടിച്ച് കൊണ്ടുവന്നപ്പോള്‍, ഉമാമിസിന്റെ കുട്ടികള്‍ ശതാവരിവള്ളിയില്‍ നിന്ന് ഉതിര്‍ത്തെടുത്ത നേര്‍ത്ത ഇലകളുടെ കൂമ്പാരം കാണിച്ചു കൊടുത്തു എല്ലാവരെയും. ഇങ്ങനെയും ഇലകളുണ്ടോ നമ്മുടെ നാട്ടില്‍ എന്നവരെല്ലാം അത്ഭുതപ്പെട്ടു.

ഉമാമിസിന്റെ കുട്ടികള്‍ മാത്രം നാട്ടിന്‍ പുറത്തെ പൂക്കളാണ് ഉപയോഗിച്ചത്, ഒറ്റപ്പൈസ പോലും പൂക്കള്‍ക്കായി ചെലവാക്കിയില്ല, എല്ലാ ഓണത്തിനും പൂക്കള്‍ക്കായി ചെലവാക്കുന്ന പൈസ അവര്‍ പ്രളയത്തില്‍ പുസ്തകങ്ങള്‍ നഷ്ടപ്പെട്ട സ്‌കൂൾ കുട്ടികള്‍ക്കു കൊടുത്തു ,അതു കൊണ്ട് ഇത്തവണ അവര്‍ക്കാണ് പൂക്കളമത്സരത്തില്‍ ഒന്നാം സ്ഥാനം എന്നു അനൗണ്‍സ്‌മെന്റ് വന്നപ്പോള്‍ എല്ലാവരും എന്തൊരു കൈയടിയായിരുന്നുവെന്നോ !

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook