ചേമ്പില രസങ്ങൾ

ചേമ്പിലപ്പുറത്ത് മഴ കുത്തിയൊലിച്ചു പെയ്തു വീണു. വെള്ളത്തുള്ളികൾ വെള്ളി നിറത്തിൽ ചേമ്പിലപ്പുറമാകെ ഉരുണ്ടുരുണ്ടോടി നടന്നു. ചിലതൊക്കെ ഇലയറ്റത്തു ന്ന് തെന്നിത്താഴെ വീണു. ചിലത് ഇലയുടെ നടുവിലെ, ഇല ഞരമ്പുകൾ തുടങ്ങുന്ന അല്പം കുഴിഞ്ഞയിടത്ത് ചുമ്മാ മാനം നോക്കിക്കിടന്നു.

ആ കാശത്തിനു തൊട്ടു താഴെ കാറ്റത്താടി രസിച്ചു നിന്ന മരച്ചില്ലകൾ, കണ്ണാടിയിലെന്ന പോലെ ആ വെള്ളത്തുള്ളികളിലേക്ക് നോക്കി. “മരങ്ങളുടെ കണ്ണാടിയാണോ നിങ്ങൾ?” എന്ന് ചേമ്പിലപ്പുറത്തെ വെള്ളത്തുള്ളികളോടു ചോദിച്ച് കുഞ്ഞമ്മിണി ആ വഴി വന്നു.

ചേമ്പിലപ്പുറത്ത് മഴത്തുള്ളികൾ ഓടി നടക്കുന്നത് കണ്ടിട്ട്, “ഇതെന്താ മെർക്കുറിയാണോ?” എന്നു ചോദിച്ചു കുഞ്ഞമ്മിണിയുടെ അഞ്ചാം ക്ലാസ് ചേട്ടൻ അപ്പുണ്ണി. “എന്താണ് മെർക്കുറി ?”എന്ന് കുഞ്ഞമ്മിണി ചോദിച്ചപ്പോൾ ” സ്ക്കൂളിലെ ലാബിലെ ഒരു രാസവസ്തുവാണത്, അതിന് രസം എന്ന വേറൊരു പേരുമുണ്ട്” എന്നു പറഞ്ഞു അപ്പുണിച്ചേട്ടൻ.

“തൊടുന്നയിടം നനയ്ക്കാതെ ഓടി നടക്കുന്നതു കാണാൻ നല്ല രസമുള്ളത് കൊണ്ടായിരിക്കും രസം എന്നു പേര് അല്ലേ ?”എന്നു ചിരിച്ചു ബഹളം വച്ച് കുഞ്ഞമ്മിണി, ചേമ്പിലയിലൂടെ വെള്ളത്തുള്ളികളെ ഓടിച്ചു കളിക്കുന്നത് തുടർന്നു.priya a s , childrens stories, iemalayalam

ഒരു കോടതി രംഗം

ഡെന്നീസ് എന്ന കരടിക്കുട്ടൻ ശരിയ്ക്കും ഒരു കരടി ആയിരുന്നില്ല. അവൻ ,സോഫിയയുടെ ടെഡി ബെയറായിരുന്നു.

കരടികൾക്ക് തേനാണ് ഏറ്റവുമിഷ്ടമുള്ള ഭക്ഷണം എന്ന് അമ്മ പറഞ്ഞു കൊടുത്തിരുന്നു സോഫിയയ്ക്ക്. കളിക്കരടിയാണെങ്കിലും ഡെന്നീസിന് വിശക്കില്ലേ എന്നു വിചാരിച്ച് അടുക്കളയിലെ തേൻ കുപ്പി എടുത്തു കൊണ്ടുവന്നു ഡെന്നീസിന്റെ മുൻപിൽ തുറന്നു വച്ചു സോഫിയ.

അവന്റെ വാ തുറന്ന്, രണ്ടു തുള്ളി തേൻ ഒഴിച്ചു കൊടുത്ത്, “ഇത് നല്ല ഒന്നാന്തരം തേനാണ് “എന്നവൾ ഡെന്നീസിനെ ബോധ്യപ്പെടുത്തുകയും ചെയ്തു.

ഇടയ്ക്കവളും ഇത്തിരി തേനെടുത്ത് കൈയിലൊഴിച്ച് നക്കിക്കുടിച്ചു. കുറച്ചു നേരത്തിനുള്ളിൽ അവിടൊക്കെ തേൻ കുടിയൻ ഉറുമ്പുകളുടെ ബഹളമായി.

priya a s , childrens stories, iemalayalam

അമ്മ കോടതിയിൽ നിന്ന് വ ന്ന് കറുത്ത വക്കീൽ കുപ്പായം ഊരുന്നതിനിടെ സോഫിയ ഓടിച്ചെന്ന് തേൻ വിശേഷം അമ്മയോട് വിസ്തരിച്ചു. അപ്പോൾ, ” ആ തേൻ അപ്പടി കളഞ്ഞു അല്ലേ, നിലത്തൊക്കെ തേൻ വീണിട്ട് നോക്ക് അതിലൊക്കെ ക ടിയനുറുമ്പ്, ഡെന്നീസിന്റെ ദേഹത്തൊക്കെ തേൻ ഒട്ടിച്ചിടിച്ച് ഒരു മാതിരിയായതുകണ്ടോ?” എന്നൊക്കെ ചോദിച്ച് അമ്മ ,സോഫിയയെ വഴക്കു പറഞ്ഞു, പിന്നെ അമ്മ, സോഫിയയെയും സോഫിയ ഡെന്നീസിനെയും മേലുകഴുകിച്ചു.

പിന്നെ അമ്മ നിലം തുടച്ചു.തേൻ കുപ്പി എടുത്ത് അടുക്കളയിൽ കൊണ്ടു ചെന്ന് തിരികെ വയ്ക്കുകയും ചെയ്തു അമ്മ.” ശരിയ്ക്കുള്ള കരടികളേ തേൻ കുടിയ്ക്കൂ, ടോയ് കരടികൾ തേൻ കുടിക്കുന്നതായി സങ്കൽപിക്കുകയേ ചെയ്യാവൂ “എന്ന് അമ്മ പിന്നെ പറഞ്ഞു.

ഈ കളിപ്പാട്ടങ്ങളുടെ കാര്യം കഷ്ടം തന്നെ, അവർക്ക് ഒരു കാര്യവും അവരുടെ ഇഷ്ടം പോലെ ചെയ്യാൻ പറ്റില്ല, ഈ നിയമം മാറണം എന്ന് കോടതിയിലെ ജഡ്ജിക്ക് കത്തയയ്ക്കാനും കളിപ്പാട്ടങ്ങളുടെ വക്കീ ലായി കേസു വാദിക്കാനും സോഫിയ അപ്പോൾ തീരുമാനിച്ചു. എന്നിട്ടവൾ അമ്മ കാണാതെ, അമ്മയുടെ വക്കീൽ കോട്ടെടുത്തിട്ടു. അമ്മയും അച്ഛനും ,വാതിൽപ്പുറകിൽ മറഞ്ഞു നിന്ന് ആ കോടതി രംഗം രഹസ്യമായി നോക്കി നിന്ന് കുടുകുടെ ചിരിച്ചു..

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook