ഭംഗിയുള്ള വീടുകള്‍

അമ്മു എന്നും രാവിലെ പാലാണ് കുടിക്കുക. അമ്മയ്‌ക്കെന്നും രാവിലെ ചായ
അച്ഛനോ ഒരു കാപ്പിക്കാരന്‍…ചിലപ്പോ, അമ്മയാണിതെല്ലാം ഉണ്ടാക്കുക.
ആ നോരം അച്ഛന്‍ ചാരുകസേരയിലിരുന്ന് പത്രം വായിക്കും. എന്നിട്ടമ്മയെ പത്രത്തിലെ ന്യൂസൊക്കെ വായിച്ചു കേള്‍പ്പിക്കും.

ചിലപ്പോ അച്ഛനാണ് പാല്‍ക്കാരനും ചായക്കാരനും കാപ്പിക്കാരനും.
അപ്പോ അമ്മ, പത്രം വായിക്കാനിരിക്കും, എന്നിട്ടച്ഛനെയും അമ്മുവിനെയും പത്രത്തിലെ ന്യൂസൊക്കെ പറഞ്ഞു കേള്‍പ്പിക്കും.

അമ്മുവിന് ആകെ കുറച്ചു മലയാളം അക്ഷരങ്ങളേ അറിയൂ. മുഴുവനും പഠിച്ചു കഴിഞ്ഞാല്‍ അമ്മുവും വായിക്കും പത്രം. ഇംഗ്‌ളീഷ് അക്ഷരം, അതും പഠിക്കണം മലയാളം പഠിച്ചു കഴിഞ്ഞാലുടന്‍.

പിന്നെ ഇത്തിരി കൂടെ പൊക്കം വച്ചാലേ, അമ്മുവിന് അടുപ്പുവരെ കൈയെത്തി പാലു തിളപ്പിക്കാനും ചായ, കാപ്പി ഒക്കെ ഉണ്ടാക്കാനും പറ്റൂ.
അത്രയുമൊക്കെ വലുതായിക്കഴിഞ്ഞാല്‍ ഒരു ദിവസം അമ്മു, പിന്നെ അച്ഛന്‍, അതും കഴിഞ്ഞ് അമ്മ എന്ന ഓഡറില്‍ അവര്‍ രാവിലത്തെ വീട്ടുകാര്യങ്ങള്‍ ചെയ്യും.

വീട്ടിലെ എല്ലാ കാര്യങ്ങളും തുല്യമായി വീതിച്ച് തുല്യമായി ചെയ്യണം,  അതാണ് ശരി എന്നാണ് അമ്മ പറയാറ്. അതാണ് വീടുകള്‍ക്കിഷ്ടം. എന്നാലേ വീടുകള്‍ക്ക് ഭംഗി വരുള്ളൂ. അങ്ങനെ ഭംഗിയുള്ള വീടായതു കൊണ്ടാണ് എന്നും രാവിലെ ഒത്തിരിത്തരം കിളികള്‍ അ്മ്മുവിന്റെ വീട്ടില്‍ വരുന്നതും കലപില എന്ന് നിര്‍ത്താതെ ബഹളമുണ്ടാക്കിക്കളിക്കുന്നതും .priya a s ,childrens stories, iemalayalam

സീതാമുടിയുടെ മൊട്ടുകള്‍

സീതാമുടിച്ചെടിയുടെ മൊട്ടു പറിച്ചെടുത്തു നെറ്റിയില്‍ കുത്തി, പടക്കം പൊട്ടിക്കും പോലുള്ള ‘ഠപ്, ഠപ്’ ശബ്ദമുണ്ടാക്കുകയായിരുന്നു അമ്മു…

ഭൂമി പിളര്‍ന്ന് ആ പിളര്‍പ്പിലൂടെ രാമായണം കഥയിലെ സീത അപ്രത്യക്ഷമായപ്പോള്‍ രാമന്‍ , ‘അയ്യോ സീതേ ,പോവല്ലേ’ എന്നു സിനിമയിലെപ്പോലെ കരഞ്ഞോടി വന്ന് ഏതാണ്ട് മുഴുവനായും മാഞ്ഞുപോയ സീതയുടെ തലമുടിത്തുമ്പില്‍ പിടിച്ചു വലിച്ചെന്നും ഒരു തരി തലമുടി രാമന്റെ കൈയില്‍ അകപ്പെട്ടെന്നും അത് മണ്ണില്‍ വീണ് കിളിര്‍ത്തതാണ് സീതാമുടിച്ചെടിയായത് എന്നുമാണ് അമ്മുവിന് അമ്മൂമ്മ പറഞ്ഞു കൊടുത്തിട്ടുള്ള കഥ.

ആ കഥയും വിസ്തരിച്ചു കൊണ്ട് അമ്മു, അമ്മുവിന്റെ നൂര്‍ എന്ന പൂച്ചയെ മടിയില്‍ കയറ്റിയിരുത്തി. പിന്നെ അവളുടെ നെറ്റിയില്‍, സീതാമുടി മൊട്ട് ‘ഠപേ’ എന്ന് ശബ്ദമുണ്ടാക്കി പൊട്ടിക്കാന്‍ തുടങ്ങി.

ആദ്യം ‘ഠപ്’ ശബ്ദം കേട്ട് നൂര്‍ ഒന്ന് ഞെട്ടി എങ്കിലും പൂമൊട്ടാണ് അമ്മുവിന്റെ കൈയില്‍ എന്നു കണ്ടതു കൊണ്ടാവും അവള്‍ ഞെട്ടല്‍ പരിപാടി നിര്‍ത്തി.  പൂ മൊട്ട് കുത്തിപ്പൊട്ടിക്കാന്‍ നെറ്റി കാണിച്ചു കൊടുത്തു കൊണ്ട് പിന്നെ നൂര്‍ ഒരു മ്യാവൂ ഇരുപ്പിരുന്നു.priya a s , childrens stories, iemalayalamസീത എന്തിനാണ് എന്തൊക്കെയോ കാര്യത്തിലുള്ള സങ്കടം സഹിക്കാതെ, ഭൂമി പിളര്‍ന്ന് അപ്രത്യക്ഷയായത്, തലമുടി ബോയ്കട്ട് ചെയ്തിരുന്നു സീത എങ്കില്‍ രാമന് തലമുടിയില്‍ പിടിച്ചു വലിക്കാനൊന്നും പറ്റില്ലായിരുന്നു, അങ്ങനെയായിരുന്നേല്‍ സീതാമുടി എന്ന ചെടി ഉണ്ടാവാനും പോണില്ല, അല്ലേ എന്നൊക്കെ നൂറിനോട് അമ്മു ചോദിച്ചു.

സീതയ്ക്ക് ഏതെങ്കിലും ഓരു ഓഫീസിലോ മറ്റോ ജോലി കിട്ടുമായിരുന്നില്ലേ, അതോ സീത സക്കൂളിലൊന്നും പോയി ജോലി കിട്ടാന്‍ തക്ക യാതൊന്നും പഠിച്ചിട്ടുണ്ടായിരുന്നില്ലേ എന്നൊക്കെ ചോദിക്കാന്‍ പിന്നെ അവര്‍ രണ്ടാളും കൂടി അമ്മൂമ്മക്കഥാകാരിയെ അന്വേഷിച്ച് അകത്തേക്കു പോയി. സീതാമുടി മൊട്ടുകള്‍ അപ്പോഴും ഇറയത്തു കിടന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook