Priya AS Malayalam Stories for Children
അല്ലിച്ചീര, ചെഞ്ചീര
അല്ലിക്കിന്ന് ഊണിന് കൂട്ടാൻ തൈരും മീനച്ചാറും ചീരത്തോരനുമാണ്. അറിയാമോ, അല്ലി നട്ടുവളർത്തിയ ചീരയാണിത്. കൂട്ടാൻ കടുകു വറുക്കാനുപയോഗിക്കുന്ന നമ്മടെ കടുകില്ലേ, അവന്റെ പകുതീടെ പകുതി വലിപ്പമേയുള്ളു ചീരയരിക്ക്. കറുത്ത നിറത്തിലാണ് ചീരയരി.
ചീരയരി ഒരിത്തിരി വെള്ളത്തിലിട്ട് കുതിർത്തിട്ട് നനഞ്ഞ, കനം കുറഞ്ഞ വെള്ളത്തുണിയിൽ അമ്മ കെട്ടിവച്ചു. പിറ്റേന്ന് വൈകുന്നേരം തുണിക്കിഴി അഴിച്ചു നോക്കുമ്പോഴുണ്ട് കറുത്ത ചീരയരിക്കൊക്കെ വെളുത്ത വേര്. മുറ്റത്ത് മൺവെട്ടി കൊണ്ട് മണ്ണിളക്കിമറിച്ച് തടമെടുത്ത് പിന്നെ അമ്മ അതെല്ലാം അവിടെ തൂവിത്തൂവിയിട്ടു. രണ്ടു ദിവസം കഴിഞ്ഞതും പുറ്റു പോലെ ചീരത്തൈ കിളിർത്തു വന്നു.
കുറച്ചു ദിവസം കഴിഞ്ഞപ്പോ അതിൽ ചിലരൊക്കെ തടിച്ചു കൊഴുത്തു മിടുക്കരായി. ചാണകപ്പൊടിയൊക്കെ നന്നായിളക്കിച്ചേർത്ത മണ്ണിലേക്ക് അവരെ പറിച്ചു നട്ടത് അല്ലിയാണ്. കുട്ടികൾ നടുന്നവയാണ് വേഗം വളരുക എന്ന് അമ്മ പറഞ്ഞു. ശരിയായിരിക്കും അതു കൊണ്ടാവും ചീരക്കുട്ടികൾ വേഗം വേഗം ചൊമ ചൊമാ ചൊമപ്പു നിറത്തിൽ തഴച്ചു വളർന്നത്.
അല്ലി എന്നും രാവിലെയും വൈകിട്ടും ചീരക്ക് നനക്കുകയും ആഴ്ചയിലൊരിക്കൽ തടമിളക്കി വളമിട്ടു കൊടുക്കുകയും ചെയ്തു. ചീരച്ചോട്ടിൽ ഗോമൂത്രം നേർപ്പിച്ചൊഴിക്കുന്നത് അമ്മയാണ്. അതിന്റെ മണം ചീരയ്ക്കിഷ്ടമാണെങ്കിലും അല്ലിക്കിഷ്ടമല്ല. പക്ഷേ അതെല്ലാം വേരു കൊണ്ട് വലിച്ചു കുടിച്ച്, ചോന്ന് ചോന്ന് കാറ്റിലാടി നിൽക്കുന്ന ചീരകളുടെ നിൽപ്പു കാണാൻ നല്ല ഭംഗിയാണ്. ചീരയില തിന്നാൻ വരുന്ന പച്ചപ്പുഴുക്കളെ ഈർക്കിൽ കൊണ്ടെടുത്തു കളഞ്ഞ് ഇലകളെയൊക്കെ പുഴുക്കളുടെ ‘ആരാദ്യം കാരിത്തിന്നും?’ മത്സര പരിപാടിയിൽ നിന്ന് രക്ഷിച്ചത് ആരാണെന്നാ വിചാരം? ഒക്കെ ചെയ്തത് അല്ലി തന്നെ! മണ്ണിനൊരൽപ്പം മുകളിൽ വച്ച് ചീരച്ചെടി മുറിച്ചെടുത്തതും അതെല്ലാം ചീരത്തോരനു വേണ്ടി നല്ലോണം കഴുകി വൃത്തിയാക്കിയതും അല്ലി തന്നെ.
തോരനായി കുനുകുനാ അരിഞ്ഞതൊക്കെ അമ്മയാണ് കേട്ടോ. വെളുത്ത ചോറിനു മേൽ ചുവന്ന ചീരയിലത്തോരൻ അമ്മ വിളമ്പിയപ്പോ നോക്ക് എന്തൊരു ഭംഗി! ചീരയില കഴിച്ചാൽ നമ്മുടെ ശരീരത്തിലെ രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് നല്ലോണം കൂടി നമ്മൾ നല്ല ആരോഗ്യമുള്ളവരാകും.

ചീര നടൂ, ആരോഗ്യം നേടൂ എന്ന ഒരു പരസ്യം അല്ലി അച്ഛനെക്കൊണ്ടെഴുതിച്ചു വച്ചിട്ടുണ്ട്. അച്ഛനതിൽ ചുവന്ന ചീരയുടെ പടവും വരച്ചു ചേർത്തിട്ടുണ്ട്. ഇനി അതിന്റെ കളർപ്രിന്റെടുത്ത് അല്ലി ക്ലാസിൽ എല്ലാവർക്കും കുറച്ച് ചീരവിത്തിനൊപ്പം കൊടുക്കും. എല്ലാവരും ചീര നട്ട് ചീര കഴിച്ച് നല്ല ആരോഗ്യമുള്ളവരാകട്ടെ. ആരോഗ്യമില്ലാത്ത കുട്ടികളെ എന്തിനു കൊള്ളും?
Priya AS Malayalam Stories for Children
ആമി സങ്കൽപ്പങ്ങൾ
ആമിയുടെ പാവക്കുട്ടിയുടെ പേര് മുത്തുച്ചിപ്പി. ആമിയുടെ പഴയ മരത്തൊട്ടിലാണ് മുത്തുച്ചിപ്പിയുടെ വീടെന്നാണ് ആമിയുടെ സങ്കൽപ്പം. ഒരു ദിവസം മുത്തുച്ചിപ്പി ആമീടടുത്ത് ഒരു വലിയ പരാതിയും കൊണ്ട് വന്നു. ആമി – വീട്ടിലെ എല്ലാ മുറിയിലും അതായത് അടുക്കളയില് വരെ പെയിന്റിങ്ങുണ്ട്, മുത്തുച്ചിപ്പിയുടെ വീട്ടിലോ, ഒറ്റ പെയിന്റിങ്ങു പോലുമില്ല.
“നിന്റെ പരാതി ഞാനിപ്പോ തീർത്തു തരാലോ, അതിനാണോ വിഷമം?” എന്നു ചോദിച്ച് ബ്രഷെടുത്ത്, ഒരു കട്ടി പേപ്പറിൽ മഞ്ഞയും നീലയും കറുപ്പും നിറങ്ങൾ കൊണ്ട് ആമി പെയിന്റിങ്ങ് തയ്യാറാക്കി. “ഇതെന്താ നീ വരച്ചിരിക്കുന്നത്?” എന്ന് പെയിൻറിങ്ങിലേക്ക് നോക്കി മുത്തുച്ചിപ്പി ചോദിച്ചു. “ഇത് സത്യത്തിൽ ഞാൻ വരച്ചതാ, പക്ഷേ നമ്മളിന്നാളു പോയ എറണാകുളം ദർബാർ ഹാൾ ആർട്ട് ഗ്യാലറിയിൽ നിന്ന് അച്ഛൻ ഒരു പാടു കാശു കൊടുത്ത് നിന്റെ മുറിയിലേക്കായി വാങ്ങിച്ചതാണെന്നാണ് എന്റെ സങ്കൽപ്പം.”
ആമി അങ്ങനെ പറഞ്ഞത് മുത്തുച്ചിപ്പിക്ക് നല്ല ഇഷ്ടമായി. “അവിടെ പ്രദർശിപ്പിച്ച ചിത്രങ്ങൾക്കൊന്നും പേരില്ലായിരുന്നു എന്ന് നീ ഓർക്കുന്നില്ലേ, നിനക്കതെല്ലാം കണ്ടിട്ട് എന്തു തോന്നുന്നുവോ അതാണതിന്റെ അർത്ഥം എന്നല്ലേ അച്ഛൻ അന്നെന്നോട് പറഞ്ഞത്?” എന്നു ചോദിച്ചു ആമി. മുത്തുച്ചിപ്പി തലയാട്ടി. എന്നിട്ടവളുടെ പാവ- ഉണ്ടക്കണ്ണു മിഴിച്ച് ചിത്രത്തിലേക്ക് നോക്കി. “ഇത് മഞ്ഞപ്പുകക്കുഴലിൽ നിന്ന് നീലയും കറുപ്പും നിറത്തിൽ പുകവരുന്നതാണെന്നാണ് എനിക്കു തോന്നുന്നത് ” എന്നു പറഞ്ഞു മുത്തുച്ചിപ്പി.
“എനിക്കു തോന്നുന്നത് ഒരു ചിത്രശലഭപ്പുഴു കൊക്കൂണിനുള്ളിൽ താമസിക്കുമ്പോ അതിനുള്ളിലെ ഇരുട്ടിൽ അവൻ കാണുന്ന കാഴ്ചകളാണീ ഇരുണ്ട നിറങ്ങൾ എന്നാണ്”എന്നു പറഞ്ഞു മുത്തുച്ചിപ്പി. “ചിത്രങ്ങൾ അടുത്തു നിന്നല്ല കുറച്ചു ദൂരെ നിന്നാണ് നോക്കേണ്ടത്, എന്നാലേ ചിത്രങ്ങളുടെ ശരിയായ കാഴ്ച കിട്ടൂ” എന്ന് മുത്തുച്ചിപ്പിക്ക് പറഞ്ഞു കൊടുത്തു ആമി.
അപ്പറഞ്ഞതൊന്നും ശ്രദ്ധിക്കാൻ നിൽക്കാതെ, “നീ വേഗം ഈ ചിത്രമെടുത്ത് എന്റെ തൊട്ടിൽ വീട്ടിൽ തൂക്ക്, എന്റെ വീടു ഭംഗിയാവുന്നത് ഞാനൊന്നു കാണട്ടെ” എന്നു പറഞ്ഞ് തിരക്കുപിടിച്ചു മുത്തുച്ചിപ്പി. ആമി, ചിത്രത്തിന്റെ മുകളറ്റത്ത് ഒരു തുളയുണ്ടാക്കി ഒരു ചരടെടുത്തു കൊണ്ടുവന്ന് തുളയിലൂടെ കടത്തി തൊട്ടിൽ അഴികളിൽ ചിത്രം തൂക്കിയിടുന്നതും നോക്കി മുത്തുച്ചിപ്പി, ആമിയുടെ മടിയിൽ കയറിയിരുന്നു. എന്നിട്ട് ഈ “ആമിയെന്തൊരു നല്ല ആമി “എന്നുറക്കെ പാട്ടു പാടി എന്നാണ് ആമിയുടെ സങ്കൽപ്പം.

ആരെയും നോവിക്കാത്ത നുണകൾക്ക്, കഥയുണ്ടാക്കുന്നവരും ചിത്രം വരയ്ക്കുന്നവരുമൊക്കെ പറയുന്ന പേരാണ് സങ്കൽപ്പം.
ഒരു കഥയും കൂടി വായിക്കാന്‍ തോന്നുണ്ടോ, എന്നാല്‍ ഇതാ
Priya AS Malayalam Stories for Children: കഥനേരം; കുമിളരസക്കുഴല്‍