ആദിയുടെ ഉടുപ്പുകൾ

നമ്മുടെ ആദിയുണ്ടല്ലോ, ആദി …
അവന്‍, അമ്മ അലമാരയില്‍ അടുക്കി വച്ചിരിക്കുന്ന ഉടുപ്പുകളില്‍ ഏറ്റവും മുകളിലിരിക്കുന്ന ഉടുപ്പുകള്‍ മാത്രമേ എടുത്തിടൂ. ആദി ഇട്ട ഉടുപ്പുകള്‍ പിന്നെ അമ്മ നനച്ച് അച്ഛന്‍ തേച്ച് വയ്ക്കുമ്പോള്‍ അത് അലമാരയിലെടുത്തു വയ്ക്കല്‍ നോനുച്ചേച്ചിയുടെ പണിയാണ്.

അതങ്ങനെ ഉടുപ്പുനിരയുടെ ഏറ്റവും മുകളില്‍ തന്നെ സ്ഥാപിച്ച് നോനുച്ചേച്ചി പോകുന്നതോടെ ആദി അതെല്ലാംതന്നെ വലിച്ചെടുത്ത് പിന്നേം, പിന്നേം ഇടും.
അമ്മയ്ക്കാണെങ്കിലോ, എല്ലാ ആഴ്ചയും ഒരേ ഷര്‍ട്ടുകള്‍ തന്നെ വീണ്ടും വീണ്ടുമിടുന്ന ആദിയുടെ രീതി കണ്ട് ദേഷ്യം വരാന്‍ തുടങ്ങും.

‘കാശു കൊടുത്ത് വാങ്ങിയതാണ് എല്ലാ ഉടുപ്പും, കുറേയെണ്ണമിങ്ങനെ ഒന്നു തൊടുകപോലും ചെയ്യാതിങ്ങനെ വച്ചാലെങ്ങനാ? നീ വലുതായിപ്പോവുകയും അതനുസരിച്ച് ഉടുപ്പ് ചെറുതാവുകയും ചെയ്യും. അതു വല്ലതുമറിയുമോ നെനക്ക്?’ എന്ന് അമ്മ അവനെ വഴക്കു പറഞ്ഞു ഒരു ദിവസം…

അപ്പോ ആദി, വലിയ വായില്‍ കരഞ്ഞു.
‘വെറുതെ കരയണ്ട’ എന്നു പറഞ്ഞു അമ്മ. എന്നിട്ട് അലമാരി തുറന്ന് ഏറ്റവും മുകളിലെ നാലഞ്ചു ഷര്‍ട്ടുകളെടുത്ത് ഉടുപ്പു നിരയുടെ ഏറ്റവും താഴത്ത് കൊണ്ടുവച്ചു. ‘ഇനി നീയെങ്ങനെയാണ് ഒരേ ഉടുപ്പു തന്നെ ഇടുന്നത് എന്നു കാണട്ടെ ‘എന്നു ദേഷ്യപ്പെടുകയും ചെയ്തു അമ്മ.

പക്ഷേ പിന്നെയും ആദി, അവനിഷ്ടമുള്ള ആ പഴയ നാലഞ്ചുടുപ്പുകള്‍ തന്നെ തപ്പിപ്പിടിച്ചെടുത്തു. ഏറ്റവും താഴെയുള്ള ഉടുപ്പ് വലിച്ചു പുറത്തേക്കെടുക്കുമ്പോള്‍, അതിനു മുകളിലുള്ള ഉടുപ്പെല്ലാം കൂടി അടുക്കുതെറ്റി അലങ്കോലമായി നിലത്തു വീഴുകയും ചെയ്തപ്പോള്‍  അമ്മയുടെ ദേഷ്യം പൂര്‍ണ്ണമായി.

കൈ വീശി ആദിയ്‌ക്കൊരടി കൊടുക്കാനുള്ളത്ര ദേഷ്യം വന്നു അമ്മയ്ക്ക്  ഇതെല്ലാംകണ്ട്. ആദിക്ക് അമ്മയുടെ അടി കിട്ടാതിരിക്കാനായി നോനുച്ചേച്ചി അപ്പോഴവനെ സൂത്രത്തില്‍ വിളിച്ച് പുറത്തു കൊണ്ടുപോയി.

കുറച്ച് നല്ല ഉടുപ്പുകള്‍ കിട്ടിയിരുന്നെങ്കില്‍ തങ്ങള്‍ക്ക് എന്നു വിചാരിച്ച്, കീറ ഉടുപ്പിട്ട കുട്ടികളിരിക്കുന്നുണ്ടാവും എവിടെയോ ഒക്കെ എന്ന് നോനു ച്ചേച്ചി ആദിയോട് പറഞ്ഞു.

അത്തരം കുട്ടികളെ അന്വേഷിച്ച് , ആദിയുടെ അലമാരയില്‍ നിന്നിറങ്ങിപ്പോകാന്‍ , ആദി ഇടാത്ത ആദിയുടെ ഉടുപ്പുകള്‍ തീരുമാനിച്ചിരിക്കുന്ന കാര്യവും നോനുച്ചേച്ചി ആദിയോട് പറഞ്ഞു.

ആദിയുടെ ഡെന്നീസ് പാവ, നോനുച്ചേച്ചിയുടെ രാമന്‍ ടെഡിയോട് പറഞ്ഞതാണീ കാര്യം എന്നും രാമന്‍ ടെഡി വഴിയാണ് ഇതെല്ലാം അറിഞ്ഞതെന്നും നോനുച്ചേച്ചി പിന്നെ ആദിയോട് വിസ്തരിച്ചു.
ആദി തൊടുക പോലും ചെയ്യാത്തതിനെക്കുറിച്ചു പറഞ്ഞ് ആദിയുടെ മെറൂണ്‍ ഉടുപ്പും ചോപ്പും മഞ്ഞയും വരയുള്ള ഉടുപ്പും കുറേ കരഞ്ഞതും ഞങ്ങൾക്കെന്തൊരിഷ് ടമാണെന്നോ ആദിക്കുട്ടനെ എന്നവർ വിസ്തരിച്ചതും നോനുച്ചേച്ചി പറയുമ്പോഴല്ലേ ആദി അറിയുന്നത് ഉടുപ്പുകള്‍ക്കവനോടുള്ള ഇഷ്ടം!

അങ്ങനെ നോനുച്ചേച്ചി പറഞ്ഞപ്പോഴാണ്, ഉടുപ്പുകള്‍ക്കും മനസ്സും സന്തോഷവും സ്‌നേഹവും കണ്ണീരും ഉണ്ടെന്ന് ആദി ആദ്യമായറിയുന്നത്. അതില്‍പ്പിന്നെയാണ് നമ്മുടെ ആദിയ്ക്ക് ,അവന്റെ എല്ലാ ഉടുപ്പുകളും മാറി മാറി ഇടുന്ന ശീലം വന്നത്.
‘നോനുച്ചേച്ചി എന്തു പറഞ്ഞാണ് നിന്റെ മനസ്സ് മാറ്റിയെടുത്ത ത്’ എന്ന് അമ്മ എപ്പോഴും അത്ഭുതപ്പെടുന്നതു കാണാം.

‘അതു ഞങ്ങള്‍ പറയൂല്ല അമ്മേ’ എന്ന അമ്മയോടു പറഞ്ഞ് ‘അതു നമ്മുടെ സ്വന്തം രഹസ്യമാ അല്ലേടോ, കുട്ടൂസേ?’ എന്നു ആദിയോട് കണ്ണിറുക്കിക്കാണിച്ചു ചിരിച്ചു ചോദിച്ച് ആദിയുടെ തോളില്‍ കൈയിട്ട് നോനു നില്‍ക്കുന്നതുകണ്ട് അമ്മ, ‘ഓ ഒരു രഹസ്യക്കാര് വന്നിരിക്കുന്നു’എന്നു പറഞ്ഞ് പൊട്ടിച്ചിരിച്ചു.
priya a s ,childrens stories, iemalayalam

എന്ന് സ്പൈഡർമാന്റെ സ്വന്തം ജാനി

പ്ലെ സ്‌ക്കൂളിന്റെ മുമ്പില്‍ ഓട്ടോ നിര്‍ത്താന്‍ ഓട്ടോക്കാരനോട് പറഞ്ഞു ജാനിയുടെ അമ്മ. എന്നിട്ട് ആദ്യം അമ്മ, ഓട്ടോയില്‍ നിന്നിറങ്ങി.

പിന്നെ ജാനിയേയും അവളുടെ റ്റെഡി ബാഗിനെയും അമ്മ കൈയിലെടുത്തു.
അമ്മ പിന്നെ ജാനിയോട്, ‘ഇനി അമ്മ ഓഫീസില്‍ പോകും, വൈകിട്ട് തിരിച്ചു വരും. അതു വരെ കുഞ്ഞ് ഇവിടെയിരുന്ന് കളിയ്ക്കണം,’ എന്നു പറഞ്ഞപ്പോള്‍ ജാനി തല കുലുക്കിക്കൊണ്ട് പ്ലെസ്‌ക്കൂളിനെ കണ്ണാകെ വിടര്‍ത്തി ഒന്ന് നോക്കി.

‘നല്ല രസമാണ് പ്ലെ സ്‌ക്കൂളില്‍, ഒത്തിരി ടോയ്‌സ്, ഒത്തിരി കൂട്ടുകാര്‍ ഒക്കെക്കാണും അവിടെ,’ എന്നമ്മ നിത്യവും പറയാറുള്ള പ്ലെസ്‌ക്കൂള്‍, ഒരു വലിയ സ്‌ട്രോബെറി പോലുള്ള, കടിച്ചു തിന്നാന്‍ തോന്നുന്ന ഒരു വസ്തുവാണ് എന്നാണ് ജാനി വിചാരിച്ചിരുന്നത്.

ഇതിപ്പോ വീടുപോലെ, സിനിമാ തീയറ്റര്‍ പോലെ, ആശുപത്രി പോലെ തന്നെ ഒരു കെട്ടിടമാണ്. ‘ഇതാണോ പ്ലെസ്‌ക്കൂള്‍,’ എന്ന് ജാനിക്ക് ഇഷ്ടക്കേട് വന്നു.
എന്നാലും ജാനി, അമ്മയുടെ ഒക്കത്തിരുന്ന് പ്ലെ സ്‌ക്കൂളിനെ വിസ്തരിച്ചു നോക്കി…

മുമ്പില്‍ തന്നെ ഒരു ഫിഷ് ടാങ്കുണ്ട്. അതില്‍ നിറയെ ഓടിക്കളിക്കണ മീനുണ്ട്.
ഒരു കുഞ്ഞു മരത്തില്‍, മഞ്ഞയും ചോപ്പും നിറത്തിലെ പലകയുള്ള ഊഞ്ഞാലുണ്ട്. ഭിത്തിയില്‍ നിറയെ മിക്കിയും ടോമും ജെറിയും സ്‌പൈഡര്‍മാനും ഡോറയും സൂപ്പര്‍മാനും ഉണ്ട്.

അമ്മയുടെ ഒക്കത്തു നിന്നിറങ്ങി സൂപ്പര്‍മാനെ തൊട്ടു നോക്കാനായി പ്ലെ സ്‌കൂള്‍ മാമന്റെ വിരലും പിടിച്ച് ജാനി പോയ തക്കത്തിന് അമ്മ, ഓട്ടോയില്‍ കയറി ‘ജാനി മോളേ, റ്റാ റ്റാ ,വൈകീട്ടു വരാമേ, നല്ല കുട്ടിയായിരിക്കണേ,’ എന്നു പറഞ്ഞ് ഒറ്റപ്പോക്ക്…

അപ്പോ തുടങ്ങിയതാണ് ജാനി നിര്‍ത്താതെയുള്ള കരച്ചില്‍. ജാനി ആദ്യമായി കാണുന്ന മീനും മാമനും ഒക്കെയാണ്. അവരെ ആരെയും ഒരു പരിചയവുമില്ലല്ലോ ജാനിയ്ക്ക്, അവരുടെയടുത്ത് ജാനിയെ ഒറ്റയ്ക്കാക്കീട്ട് അങ്ങനെയങ്ങ് ഒരൊറ്റപ്പോക്ക് പോകാമോ അമ്മ!

അതു കൊണ്ടാണ് കുറച്ചു നേരം കരയാമെന്ന് തീരുമാനിച്ചത് ജാനി.
‘കരയല്ലേ എന്നു ജാനിയോട് പറയ്, കളിയ്ക്കാന്‍ വിളിയ്ക്ക് ജാനിയെ’ എന്നെല്ലാം വാതില്‍പ്പടിയില്‍ വന്നു നിന്ന ഏതൊക്കെയോ കുട്ടികളോട് ഒരു ചുരിദാര്‍ ആന്റി പറഞ്ഞു.

ജാനിയെ നോക്കി നിന്നു ചില കുട്ടികള്‍. ചിലര്‍ വന്ന് തൊട്ടു നോക്കിയിട്ട് ഓടിപ്പോയി. ഒരാള്‍ വന്ന് ‘വാ’ എന്ന് കൈയില്‍പ്പിടിച്ചു വലിച്ചു. ജാനിയെ എടുത്തോണ്ടകത്തേക്കു പോയി ചുരിദാര്‍ ആന്റി. ഒരു പരിചയവുമില്ലാത്ത ആരെങ്കിലും ജാനിയെ എടുക്കുന്നത് എടുക്കുന്നത് ജാനിയ്ക്കിഷ്ടമേയല്ല.

അവള്‍ താഴേയ്ക്ക് ഊര്‍ന്നിറങ്ങി പുറത്തേക്കോടാന്‍ നോക്കി. പക്ഷേ അപ്പോഴ്ക്ക് പ്ലെ സ്‌ക്കൂളിന്റെ വാതിലടച്ചു കഴിഞ്ഞിരുന്നു പ്ലെ സ്‌ക്കൂള്‍ മാമന്‍.
ജാനി, ഉടനെ സ്‌പൈഡര്‍ മാനെ വിളിച്ചു, ‘എന്റെ സ്‌പൈഡര്‍മാനേ, എന്റെ പുന്നാര സ്‌പൈഡര്‍മാനേ’ എന്നു വിളിച്ച് കരഞ്ഞു.

പ്‌ളെസ്‌ക്കൂള്‍ മാമനും ചുരിദാര്‍ ആന്റിയും ‘എന്തിനാ സ്‌പൈഡര്‍മാനെ വിളിച്ചു കരയുന്നത്?’ എന്നു ചോദിച്ചുചിരിച്ചു. ‘അയ്യേ സ്‌പൈഡര്‍മാനെ അറിയില്ലേ!’ എന്ന് ജാനി കരച്ചിലിനിടയില്‍ കൂടി അത്ഭുതത്തോടെ ചോദിച്ചു.

പിന്നെ, കെട്ടിടങ്ങള്‍ക്കും തീയിനും കൊടുങ്കാറ്റിനും മീതെ കൂടി സ്‌പൈഡര്‍മാന്‍ പാഞ്ഞു വന്ന് ജാനിയെ പ്ലെ സ്‌ക്കൂളില്‍ നിന്നു രക്ഷിക്കാന്‍ പോകുന്ന കാര്യം അവള്‍ അവര്‍ക്കെല്ലാം പറഞ്ഞു കൊടുത്തു.

അവരാരും സ്‌പൈഡര്‍മാനെ കേട്ടിട്ടുപോലുമില്ല എന്നു ചുണ്ടുകൂര്‍പ്പിച്ചു നെറ്റി ചുളിച്ചു പറയുന്നതു കേട്ട് ജാനിയ്ക്ക് വിശ്വസിക്കാനേ പറ്റില്ല. ‘എന്നാലേ നാളെ വരുമ്പോള്‍ ഞാനേ, സ്‌പൈഡര്‍മാന്റെ ഉടുപ്പിട്ട് വരാം, പക്ഷേ നാളെയും കൂടിയേ ഞാന്‍ വരൂ കേട്ടോ’എന്ന് ജാനി പറഞ്ഞു.

പക്ഷേ അവരെല്ലാമപ്പോള്‍ ജാനിയോട് ചോദിക്കുകയാ , ‘ഞങ്ങക്ക് ജാനിയല്ലാതെ വേറാരാ സ്‌പൈഡര്‍മാന്റെ കഥ പറഞ്ഞുതരിക?’ എന്ന്…ഒരു വിവരവുമില്ലെന്നേ പ്ലെസ്‌ക്കൂളിലെ മാമനും ആന്റിക്കുമൊന്നും സ്‌പൈഡര്‍മാനെക്കുറിച്ച് …
അത് കഷ്ടമല്ലേ?

അങ്ങനെയാണ് ജാനി, പ്ലെ സ്‌ക്കൂളില്‍ വരാതെ വേറെ വഴിയില്ലാതായത്.
അവര്‍ക്ക് സ്‌പൈഡര്‍മാനെക്കുറിച്ച് ക്ലാസെടുക്കുന്ന റ്റീച്ചറായാണ് ഇപ്പോ ജാനി പ്ലെ സ്‌കൂളില്‍ പോകുന്നത്.

വീട്ടില്‍പ്പോണേ എന്നു പറഞ്ഞ് കരയാമോ റ്റീച്ചേഴ്‌സ്, പാടില്ലല്ലോ?
ഇപ്പോ സ്‌പൈഡര്‍മാന്റ്റീച്ചറായ സ്ഥിതിക്ക് പിന്നെ എങ്ങനെ കരയും ജാനി!
‘സ്‌പൈഡര്‍മാര്‍ ഫാര്‍ ഫ്രം ഹോം’ സിനിമ കണ്ടു വന്ന് അതിലെ കാര്യങ്ങള്‍ പറഞ്ഞു കൊടുക്കാം അവര്‍ക്ക് എന്നും ജാനി ഏറ്റിട്ടുണ്ട്.

അപ്പോഴല്ലേ പ്ലെ സ്‌ക്കൂള്‍ മാമന്‍ പറയുന്നത്, അവരാരും സ്‌പൈഡര്‍മാന്‍ മൂവി ഒന്നും ഇതുവരെ കണ്ടിട്ടില്ല എന്ന്.  അതിന്റെയെല്ലാം കഥ എല്ലാര്‍ക്കും പറഞ്ഞു കൊടുക്കണമെങ്കില്‍ ജാനി എല്ലാ ദിവസവും വന്നല്ലേ പറ്റൂ.  അങ്ങനെയാണ് ജെനി മുടങ്ങാതെ പ്ലെ സ്‌ക്കൂളില്‍ വരാന്‍ തുടങ്ങിയത് എന്ന് ഇപ്പോഴെല്ലാവര്‍ക്കും മനസ്സിലായല്ലോ അല്ലേ.

priya a s ,childrens stories, iemalayalam

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook