അഭയാര്‍ത്ഥിക്യാമ്പ്

മഴ വന്നു, ശക്തിയായി. പിന്നെയത് പ്രളയമായി.
സലീം ഞണ്ടിന്റെ മാളം, കടല്‍ത്തീരത്തെ പാറക്കെട്ടിനപ്പുറമായിരുന്നു.   മഴയത്ത് കുത്തിയൊലിച്ചുവന്ന മണ്ണും കടല്‍വെള്ളവും കൊണ്ട് ആ മാളമങ്ങു മൂടിപ്പോയി. ഇനി സലീം എവിടെപ്പോയിത്താമസിയ്ക്കും?

തകര്‍ത്തുപെയ്യുന്ന മഴയത്ത് ആകെ നനഞ്ഞു കുളിച്ച് തണുപ്പുകൊണ്ട് വിറച്ച് ഒറ്റയ്ക്കങ്ങനെനിന്ന് ഏങ്ങിയേങ്ങിക്കരഞ്ഞു സലിം ഞണ്ട്. മഴയേതാ, കണ്ണീരേതാ എന്നു തിരിച്ചറിയാന്‍ പറ്റാത്ത വിധം സലീമിന്റെ മുഖം നനവു കൊണ്ട് കുതിര്‍ന്നു.

അപ്പോ, പുറകില്‍ നിന്നാരോ ‘എന്താ പെരുമഴയത്തിങ്ങനെ നില്‍ക്കുന്നത് സലീം ഞണ്ടേ,’ എന്നു ചോദിച്ചു. തിരിഞ്ഞു നോക്കി സലീം. വിളിച്ചയാളെ കണ്ടതും സലീം ഞെട്ടിപ്പോയി.

വര്‍ഗ്ഗീസ് കുറുക്കന്‍! ‘ഇപ്പോ ഇവനെന്നെ പിടിച്ച് കറുമുറെ തിന്നും,’ എന്ന് പേടിച്ച് തീരത്തുകൂടി പരക്കം പാഞ്ഞ് ഓടി സലീം. എപ്പോ കാണുമ്പോഴും പിടിക്കാനായി ഇട്ടോണ്ടോടിക്കുകയും കിട്ടാതാവുമ്പോള്‍ ‘നിന്നെ ഒരു ദിവസം എന്റെ കൈയില്‍ കിട്ടുമെടാ, അന്നു നിന്നെ ഞാന്‍ കറിവെച്ച് തിന്നുമെടാ’എന്ന് പല്ലു ഞെരിച്ചുകൊണ്ട് പറയുകയും ചെയ്യുന്ന ആളാണ് വര്‍ഗ്ഗീസ് കുറുക്കന്‍.

ഓടിയൊളിക്കാന്‍ മാളമുണ്ടായതു കൊണ്ടാണ് ഇത്രയും നാള്‍ അവന്റെ വായില്‍പ്പെടാതെ ജീവനോടിരിക്കാന്‍ പറ്റിയത്. മാളം ഇല്ലാതായ സ്ഥിതിക്ക് ഇനി എങ്ങോട്ടോടും?

അപ്പോള്‍ വര്‍ഗ്ഗീസ് കുറുക്കന്‍ പറഞ്ഞു – ‘എന്തൊക്കെ നാശനഷ്ടങ്ങളാണ് ഈ മഴയത്ത് എല്ലാവര്‍ക്കും സംഭവിച്ചിരിക്കുന്നത്! കിളികളുടെ ഉണക്കക്കമ്പുകൂടും ഉറുമ്പുകളുടെ ഇലക്കൂടും പൊന്മാന്റെ മണ്‍പൊത്തും ചെന്നായകളുടെ ഗുഹയും ഒക്കെ തകര്‍ന്ന സ്ഥിതിക്ക് നിന്റെ മാളവും തകര്‍ന്നുകാണും, അല്ലേ?’

‘നീ ഈ മഴയത്തിങ്ങനെ നിന്നാല്‍ പനി പിടിക്കും. നീ എന്റെ കൂടെ എന്റെ ഗുഹയിലേക്കു പോരേ. മലമുകളിലായതുകൊണ്ട് എന്റെ ഗുഹയ്‌ക്കൊന്നും പറ്റിയിട്ടില്ല. അവിടെ മഴ കയറില്ല, അതിനകത്ത് നല്ല ഇളം ചൂടുമുണ്ട്. വീടൊക്കെ പോയ ഒത്തിരി പേരുണ്ട് ഇപ്പോ അതിനകത്ത്. അതിപ്പോ ഒരു അഭയാര്‍ത്ഥി ക്യാമ്പാണ്. ഞാന്‍ അവര്‍ക്കെല്ലാവര്‍ക്കും കൊടുക്കാനായി കുറച്ച മുന്തിരിങ്ങ പറിച്ച് ചാക്കിലാക്കി കൊണ്ടുവരികയാണ്.’

സലിം നോക്കി, ശരിയാണ് വര്‍ഗ്ഗീസിന്റെ തോളത്ത് കിടക്കുന്ന ചാക്കിലപ്പടി മുന്തിരിങ്ങയാണ്. ‘ശരി നിനക്കെന്നെ വിശ്വാസമില്ലെങ്കില്‍ നീ കേറി ഈ ചാക്കിനു പുറത്തിരുന്നോ,’ എന്നായി അപ്പോള്‍ വര്‍ഗ്ഗീസ്.priya a s ,childrens stories,iemalayalam
‘അകലെയുള്ള കൂട്ടുകാരനേക്കാളും അടുത്തുള്ള ശത്രുവാണ് ആപത്തുകാലത്ത് ഉപകരിക്കുക’ എന്ന് ജമീലത്താത്തി പറയുന്നത് ഓര്‍ത്ത്, ഇവിടെ ഇങ്ങനെ നിന്ന് വിറച്ചു നിന്നു ചാകുന്നതിനേക്കാളും ഭേദം വര്‍ഗ്ഗീസിന്റെ കൂടെ പോകലാണ് എന്നു തിരുമാനിച്ചു സലിം.

ചാക്കിന്‍പുറത്തെ യാത്രയുടെ അവസാനം വര്‍ഗ്ഗീസിന്റെ ഗുഹയിലെത്തിയപ്പോഴോ, അവിടെ ഒരു സംഘം ജീവികള്‍!

ലാവണ്യ മാന്‍കുട്ടി, കോയ ആമ, വേലായുധന്‍ ഉറുമ്പ്, ഹസ്സന്‍ ആട്ടിന്‍കുട്ടി, ഫാത്തിമ കടുവ,  തെരേസ ആട്, ദയ എന്ന ചെന്നായ എല്ലാരും വിശന്നുവലഞ്ഞ് സലിം വരുന്നതും കാത്ത് നില്‍ക്കുകയായിരുന്നു.

അവരൊക്കെ എന്തെങ്കിലും കഴിച്ചിട്ട് ദിവസങ്ങളായി എന്നുമനസ്സിലായി സലിമിന്, മുന്തിരങ്ങച്ചാക്ക് തുറക്കാനുള്ള അവരടെ തിടുക്കം കണ്ടപ്പോള്‍.
ഉറുമ്പു മുതല്‍ കടുവ വരെ വര്‍ഗ്ഗീസ് കുറുക്കന്റെ ഗുഹയുടെ നിലത്ത് ചടഞ്ഞിരുന്ന്, മുന്തിരിങ്ങ തിന്നു.

ഫാത്തിമ കടുവയെ ഒന്നു തോണ്ടി, ‘ഇറച്ചിയല്ലേ തിന്നാറ്?’എന്നു കോയ ആമ ചോദിച്ചു. ‘വീടില്ലാതായാല്‍, അഭയാര്‍ത്ഥികളായാല്‍ പിന്നെ  വിശപ്പിനെന്തെങ്കിലും കിട്ടിയാലതിനേക്കാളും വലിയ മഹാഭാഗ്യം ഉണ്ടോ?’ എന്നു ചോദിച്ചുകൊണ്ട് ഒരു മുന്തിരിങ്ങാ നക്കിനക്കിത്തിന്നു ഫാത്തിമക്കടുവ.

‘എനിയ്ക്കിതൊന്ന് പൊളിച്ചു തായോ’ എന്ന് വേലായുധന്‍ ഉറുമ്പ്, സലിമിനോട് പറഞ്ഞു. സലിമിന്റെ നനഞ്ഞുകളിച്ച തല, ദയ എന്ന ചെന്നായ ഒരില കൊണ്ട് തോര്‍ത്തിക്കൊടുത്തു.priya a s , childrens stories, iemalayalam
മഴവെള്ളപ്പാച്ചിലില്‍ നിന്നോടി രക്ഷപ്പെടാന്‍ നേരം മരക്കുറ്റിയില്‍ കൊണ്ട് മുറിഞ്ഞ തെരേസയുടെ കാലില്‍ വര്‍ഗ്ഗീസ് കുറുക്കനും ഫാത്തിമ ക്കടുവയും കൂടി പച്ചിലമരുന്നു പിഴിഞ്ഞൊഴിച്ച് നിലത്തു പിടിച്ചു കിടത്തി.

‘നമ്മളില്‍ പലരും ശത്രുക്കളല്ലേ എന്നിട്ടെന്താ ആരും ആരെയും പിടിച്ചു തിന്നാന്‍ നോക്കാത്തത് പരസ്പരം ഇങ്ങനെ സ്‌നേഹിക്കുന്നത്,’ എന്നു അന്തം വിട്ടുനില്‍പ്പാണ് സലിം ഞണ്ട് എന്നു കണ്ട് വര്‍ഗ്ഗീസ് കുറുക്കന്‍ ചിരിച്ചു.

‘ആപത്തു വരുമ്പോള്‍ നമ്മളെല്ലാം ഒറ്റക്കൂട്ടമാണ്, ഒറ്റക്കെട്ടാണ്, അല്ലേ കൂട്ടുകാരേ?’ എന്നു ചുറ്റും നോക്കിച്ചോദിച്ചു വര്‍ഗ്ഗീസ്. എല്ലാവരും തല കുലുക്കി.

‘അപ്പുറത്ത് മനുഷ്യരുടെ നാടായ കേരളത്തിലും വെള്ളപ്പൊക്കമാണ്, അവരുമിപ്പോള്‍ ഇങ്ങനെയാണ്, പരസ്പരം സഹായിക്കുകയാണ് ജാതിയും മതവും നിറവും പാര്‍ട്ടിയുമെല്ലാം മറന്ന്, ഒരേ പ്‌ളേറ്റില്‍ നിന്ന് ഉണ്ണുകയാണ്,’എന്ന് നാടു ചുറ്റിപ്പറന്നു വന്ന പത്രോസ്‌കാക്ക അപ്പോള്‍ എല്ലാവരോടുമായി പറഞ്ഞു.

മനുഷ്യര്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ പാടുന്ന പാട്ട്, കാകന്‍ അപ്പോള്‍ ഗുഹയില്‍ ഇരുന്ന് പാടി- ‘ഒരൊറ്റമതമുണ്ടമുണ്ടുലകിന്നുയിരാം പ്രേമമതൊന്നല്ലോ…’
ലോകം നന്നാകണം എങ്കില്‍ എല്ലാവരും തമ്മില്‍ത്തമ്മില്‍ സ്‌നേഹിക്കണം എന്നാണ് അര്‍ത്ഥം എന്നും പത്രോസ്‌കാകന്‍ വിസ്തരിച്ചു. ആ കാക്കച്ചിഗാനം, അത് ഗുഹയിലാകെ മുഴങ്ങി

വരിക വരിക സഹജരേ…

അന്ന് ഒഴിവു ദിവസമായിരുന്നു. ലയക്കുട്ടിയും ലീലുച്ചേച്ചിയും ബസില്‍ അച്ഛനൊപ്പം ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ പോയി വൈകിട്ട്.
കളിമേളമൊക്കെ കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചു വരുമ്പോഴാണ് ഒരു വര്‍ണ്ണപ്പാവാടക്കാരി സ്ത്രീ, കുഞ്ഞുകുഞ്ഞു ത്രിവര്‍ണ്ണ പതാകകളുമായി അവരുടെ ബസില്‍ കയറിയത്.

പത്തു രൂപയ്ക്ക് രണ്ട് എന്നു ഹിന്ദിയില്‍ പറഞ്ഞ് അവര്‍ ആളുകള്‍ക്കിടയിലൂടെ നടന്നു. അവരുടെ പാവാടയിലെ കണ്ണാടിപ്പൊട്ടുകളും വെള്ളി നിറത്തിലെ കട്ടി വളകളും കാല്‍ത്തളയും ലയയ്ക്കിഷ്ടപ്പെട്ടു. ഇന്‍ഡ്യന്‍ പതാകയാണത് എന്ന് ലീലുച്ചേച്ചി ലയയ്ക്ക് പറഞ്ഞു കൊടുത്തു. കുങ്കുമം, വെള്ള, പച്ച എന്നിങ്ങനെ മൂന്നു നിറങ്ങളുള്ളതുകൊണ്ടാണ് ത്രിവര്‍ണ്ണ പതാക എന്നു വായുന്നത് എന്ന് അച്ഛന്‍ പറഞ്ഞു.

പ്ലാസ്റ്റിക് കൊടി ആയതു കൊണ്ട് ലീലുച്ചേച്ചി, ‘അതു വാങ്ങണ്ട, നമുക്ക് വീട്ടില്‍ച്ചെന്ന് കടലാസ്സില്‍ നിറം കൊടുത്ത് സ്വന്തമായി കൊടി ഉണ്ടാക്കാം’ എന്ന് ലയയോട് പറഞ്ഞു.

‘ഇപ്പോ കൊടി വേണം, ഇതു തന്നെ വേണം,’ എന്ന് ലയ ചിണുങ്ങി നോക്കി.
‘മണ്ണിലലിയാതെ കിടന്ന് ഭൂമിയമ്മയ്ക്ക് വയറുവേദനയുണ്ടാക്കും പ്ലാസ്റ്റിക്,’എന്ന് ലീലുച്ചേച്ചി പറഞ്ഞപ്പോള്‍ ലയ ചിണുങ്ങല്‍ നിര്‍ത്തി.

‘നമ്മളിന്ത്യക്കാരെ അടക്കി ഭരിച്ച ബ്രട്ടീഷുകാരില്‍ നിന്ന് ഗാന്ധിജിയും കൂട്ടരും നിരാഹാര സമരവും സത്യാഗ്രഹ സമരവും ചെയ്ത് നേടിയെടുത്തതാണ് സ്വാതന്ത്ര്യം’ എന്നും, ‘ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയത് ഒരു ഓഗസ്റ്റ് പതിനഞ്ചിനാണ്’ എന്നും അച്ഛന്‍ പറഞ്ഞു.

‘സ്വാതന്ത്ര്യ ദിനം അതായത്, ഓഗസ്റ്റ് പതിനഞ്ച് അടുത്തയാഴ്ചയാണ്, അതാണ് എല്ലായിടത്തും ഇത്ര കൊടികളും ഇത്ര കൊടി വില്‍പ്പനക്കാരും’ എന്നു ലീലുച്ചേച്ചി പറഞ്ഞു കൊടുത്തു ലയയ്ക്ക്.

സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി അച്ഛന്റെ ഓഫീസിലും ലീലുച്ചേച്ചിയുടെ സ്‌ക്കൂളിലും പതാക ഉയര്‍ത്തും എന്നച്ഛന്‍ പറഞ്ഞപ്പോള്‍, ‘എന്റെ പ്ലെസ്‌ക്കൂളിലും ഉണ്ടല്ലോ ഫ്‌ളാഗ് ഹോയിസ്റ്റിങ്ങ്,’എന്നു പറഞ്ഞ് അപ്പോള്‍ ലയ ഗമക്കാരിയായി.priya a s ,childrens stories,iemalayalam
കണ്ണട വച്ച വടി കുത്തി നടക്കുന്ന ഗാന്ധിയപ്പൂപ്പനെ വരയ്ക്കാന്‍ അച്ഛന്‍, അവരെ രണ്ടാളെയും വീട്ടില്‍ എത്തിയപ്പോള്‍ പഠിപ്പിച്ചു. വെളുത്ത കടലാസും പശയും ഈര്‍ക്കിലും ചായങ്ങളും കൊണ്ട് പിന്നെ അവര്‍  പതാകകളുണ്ടാക്കി.

പാവകളെ രണ്ടു ഭാഗത്തായി നിരത്തി വച്ച് ലയ, ബ്രട്ടീഷുകാരും ഇന്ത്യക്കാരും കളിച്ചു. വട്ടക്കണ്ണട വച്ച് വടികുത്തി അച്ഛന്റെ ഖാദി മുണ്ടു ഗാന്ധിയെപ്പോലെ ധരിച്ച് വന്ന് ലീലുച്ചേച്ചി ഗാന്ധിയായി ചര്‍ക്കയില്‍ നൂല്‍ നൂറ്റു.

സ്വത്തും സ്വര്‍ണ്ണവും ആഭരണങ്ങളും സ്വാതന്ത്ര്യ സമരത്തിനായി ദാനം ചെയ്യാന്‍ ലീലു വട്ടക്കണ്ണട വച്ച് ഗാന്ധിജിയായി വന്ന് ഇന്‍ഡ്യാക്കാരോട് പറഞ്ഞപ്പോള്‍ അമലപ്പാവ, അവളുടെ ആഭരണങ്ങളെല്ലാം ഊരിക്കൊടുത്തു ഗാന്ധിജിക്ക്.
പിന്നെ ‘വരിക വരിക സഹജരെ, സഹന സമര സമയമായ് ‘ ലീലുച്ചേച്ചി ഉറക്കെപ്പാടി.

‘അത് ലൂസിഫറിലെ പാട്ടല്ലേ?’ എന്നു ലയ ചോദിച്ചു.
‘അത് കേരളത്തിലെ ഒരു സ്വാതന്ത്ര്യ സമരപ്പാട്ടാണ് ,ശരിയക്കും പറഞ്ഞാല്‍ ഉപ്പുസത്യാഗ്രഹ സമയത്തെ പാട്ട്,’എന്ന് അച്ഛന്‍ പറഞ്ഞു.

കടയില്‍ പോയി വന്ന അമ്മയുടെ കൈയില്‍ നിന്ന് ഷോപ്പിങ് ബാഗ് വാങ്ങി, പകരം മൂവര്‍ണ്ണ ക്കൊടി കൊടുത്തു ലയ. എന്നിട്ട് ‘വരിക വരിക സഹജരേ’ ഒന്നുകൂടി ഉറക്കെപ്പാടി. അമ്മ കൊടിയും പിടിച്ച് ചിരിച്ചു കൊണ്ട് കഞ്ഞി വിളമ്പാന്‍ അകത്തേക്കു പോയി.
നിറഞ്ഞു .

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook