കുമിളരസക്കുഴല്‍

അബുവും അമ്മയും  സിനിമ കണ്ടു വരികയായിരുന്നു. മെട്രോയില്‍ കയറി വീടെത്താനായിരുന്നു അവരുടെ പ്‌ളാന്‍. മെട്രോയിലേക്കുള്ള വഴിയുടെ ഇരുവശവും ചെറിയ ചെറിയ കച്ചവടങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. കുമിളക്കുഴലുകള്‍ വില്‍ക്കുന്നവരായിരുന്നു കൂടുതലും.

പ്രത്യേകതരം സോപ്പു വെള്ളത്തില്‍, കുഴലറ്റം ഒന്നിറക്കി മുട്ടിച്ച് പിന്നെ അതെടുത്ത് ചുണ്ടില്‍ വച്ചൂതി കുമിളകള്‍ പറത്തി വിട്ടുകൊണ്ടേയിരുന്നു കച്ചവടക്കാര്‍. കുമിളകളിലേക്ക് സൂര്യവെളിച്ചം നുഴഞ്ഞു കയറി അതിലൊക്കെ ഏഴുനിറമഴവില്‍ അഴക് നിറയുന്നതുകാണാന്‍ നല്ല രസമുണ്ടായിരുന്നു.

അതിനെയെല്ലാം കാറ്റ് പറത്തി അവിടവിടെയൊക്കെ കൊണ്ടുപോവുകയും ആ വഴിയേ നടന്നു പോകുന്ന വലിയ ആളുകള്‍ സന്തോഷത്തോടെ കണ്ണുവിടര്‍ത്തി ആ കുമിളകളിലേക്കു നോക്കുകയും, കുട്ടികള്‍ കുമിളകളെ ചാടിപ്പിടിക്കാന്‍ നോക്കുകയും ചെയ്തു.

ഒരു കുമിള വന്നിരുന്നത് അബുവിന്റെ കണ്‍പീലിയില്‍. വേറൊന്ന് വന്നിരുന്നത് അബുവിന്റെ മൂക്കിന്‍തുമ്പത്ത്. പിന്നെ ചിലത് അമ്മയുടെ പറക്കും തലമുടിയിഴകളില്‍.
അതെല്ലാം കണ്ട് അമ്മ പൊട്ടിച്ചിരിച്ച. എന്നിട്ട് അമ്മ, അബുവിന് വാങ്ങിക്കൊടുത്തതാണ് ഈ കുമിളരസക്കുഴല്‍…priya a s ,childrens stories, iemalayalam

പുഴവക്കത്തൊരു ഉറുമ്പ്

പുഴവക്കത്തെ മാവിന്മേല്‍ നിന്ന് കിളി കൊത്തിയ ഒരു മാങ്ങാ വീണു പുഴയരികിലേക്ക്.
കരയില്‍ നിന്ന് അതിന്മേലൊരു ഉറുമ്പ് കയറിപ്പറ്റി.

ഉറുമ്പ് ,ഞാന്‍ ഒരു നീണ്ട യാത്ര പോവുകയാണ് എന്നു പറഞ്ഞു ഒഴുകും പുഴയോട്.
ഈ ഇത്തിരിക്കാലും വച്ച് നീ എങ്ങനാ യാത്ര പോവുക എന്നു ചോദിച്ചു പുഴ.
ഞാമ്പോവും, നീണ്ട യാത്ര പോവും, എനിക്ക് ലോകം കാണണം എന്ന് ശാഠ്യം പിടിച്ചു ഉറുമ്പ്.
ഞാന്‍ എവറസ്റ്റില്‍ പോവുകാ എന്നു പറഞ്ഞു ഉറുമ്പ്, അത് ഒരു കൊടുമുടിയല്ലേ, അവിടെ എത്തുക ചില്ലറക്കാര്യല്ല, അവിടെ മഞ്ഞുവീഴും, കയറുന്തോറും ഓക്‌സിജന്‍ കിട്ടാതാവും ശ്വസിക്കാന്‍ എന്നൊക്കെ തന്റെ അറിവ് വിളമ്പി പുഴ. priya a s ,childrens stories, iemalayalam
നിന്നോട് കൂടൂല്ല എന്നു പറഞ്ഞു ഉറുമ്പ്. ഞാന്‍ എവറസ്റ്റ് കയറിക്കഴിഞ്ഞിട്ട് ഭൂമി ചുറ്റി വരികയും ചെയ്യും എന്നും പറഞ്ഞു ഉറുമ്പ്. പുഴ, അതിന്റെ പാട്ടിനു പോയി ഒന്നും മിണ്ടാതെ.
നീ ഈ മാങ്ങയെ ഒന്നു വലം വയ്ക്ക്, അല്ലേല്‍ ആ ചിതല്‍പ്പുറ്റിലൊന്നു കയറ്, നിനക്ക് അത്രയ്‌ക്കൊക്കെ പറ്റുമോന്ന് നോക്കട്ടെ എന്നു പറഞ്ഞു അതു വഴി ഒഴുകി വന്ന ഉണക്കത്തേങ്ങ.

മാങ്ങയെ വലം വച്ചപ്പോഴേ ഉറുമ്പ് തളര്‍ന്നു. പിന്നെ ചിതല്‍പ്പുറ്റിനറ്റത്തു ചെന്നു മടങ്ങിവന്നപ്പോഴേയ്ക്ക് ഉറുമ്പ് അനങ്ങാന്‍ വയ്യാതെ അവശനായി. ഞാനിനി എവറസ്റ്റ് കയറണില്ല, ഈ ചിതല്‍പ്പുറ്റാണെന്റെ എവറസ്റ്റ് എന്നു പറഞ്ഞു ഉറുമ്പ്. ഞാനിനി ഭൂമി ചുറ്റണില്ല, ഈ മാങ്ങയാണെന്റെ ഭൂമി എന്നും പറഞ്ഞു ഉറുമ്പ്.

പുഴ തിരിഞ്ഞുനിന്ന്, ഇപ്പോ അനുഭവം വന്നപ്പോ നിനക്ക് കാര്യം മനസ്സിലായല്ലേ എന്നു ചിരിച്ചു.
ഉറുമ്പ്, ഞാനിവിടെ ഇത്തിരി നേരം ഇരുന്നു വിശ്രമിക്കാന്‍ പോവുകയാണ്, പിന്നെ സംസാരിക്കാം, ഇപ്പോ എനിക്ക് മിണ്ടാന്‍ വയ്യ എന്നു പുഴയോട് വിളിച്ചു പറഞ്ഞു.
ഓ, ശരി ന്നെു പറഞ്ഞു പുഴ, ഉണക്കത്തേങ്ങയെയും ചാഞ്ചാട്ടിക്കൊണ്ട് മുന്നോട്ടുപോയി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook