Priya AS Malayalam Stories for Children
മിലി ഊഞ്ഞാല്
മിലി, ഊഞ്ഞാലിലിരുന്നാടുകയായിരുന്നു. മിലിയ്ക്ക് ചെറിയ പനിയുണ്ട്. അതു കൊണ്ട് ഇന്നു സ്ക്കൂളില്‍ പോയില്ല.
മിലിയുടെ കൂട്ടുകാര്‍ എല്ലാരും സ്ക്കൂളില്പ്പോയതു കൊണ്ടാണ് ഊഞ്ഞാലാടാന്‍ മിലിക്കിന്ന് കൂട്ടില്ലാത്തത്. ‘അല്ലെങ്കില്‍ ഞാനാദ്യം, എനിക്കാടണം, എന്നെ ഇരുത്തൂലെ മിലീ’ എന്ന് എന്തൊരു ബഹളമാവേണ്ടതാണ് ഊഞ്ഞാലാട്ടനേരം.
പ്ളാവിന്റെ കൊമ്പത്താണ് ഊഞ്ഞാല്. കട്ടിക്കയറു കൊണ്ടാണ് ഊഞ്ഞാല്. രണ്ടു മൂന്നു കുട്ടികള്ക്കിരുന്നാടാന് പാകത്തില്‍ വലുതാണ് ഊഞ്ഞാല്പ്പലക. മിലി മാത്രമായിട്ടിരിക്കുമ്പോള്, ഊഞ്ഞാല്പ്പലക ഒരു വശത്തേക്ക് ചരിഞ്ഞു പോകും. ഊഞ്ഞാല്പ്പലകയിലെ ഭാരം ബാലന്‍സ്ഡ് ആകാത്തു കൊണ്ടാണ് അങ്ങനെ. മിലി, ഊഞ്ഞാല്പ്പലകയുടെ നടുക്കു തന്നെയിരുന്ന് ആടിയാല്‍ പിന്നെ ആ പ്രശ്നമില്ല. പലക നേരെ നിന്നോളും.
അപ്പോഴതു വഴി ഒരാട്ടിന്‍ കുട്ടി, അപ്പുറത്തെ ശാന്താ ആമ്മൂമ്മയുടെ ആട് ‘ബേ’ എന്നു കരഞ്ഞു കൊണ്ട് വന്നു. ‘നിന്റെ കൂട്ടുകാരും സ്ക്കൂളില്പ്പോയോ, നിനക്കും ആരും കൂട്ടില്ലേ’ എന്നു ചോദിച്ച് മിലി ആട്ടിന്‍കുട്ടിയെ എടുത്ത് ഊഞ്ഞാല്പ്പലകയിലിരുത്തി. ആട്ടിന്‍കുട്ടി കൊഞ്ചിക്കൊഞ്ചി അവളുടെ മടിയില്‍ തല വെച്ചു കിടന്നപ്പോള്‍, ‘നമുക്കൂഞ്ഞാലാടാം’ എന്നു പറഞ്ഞ് മിലി ഊഞ്ഞാലിന് മെല്ലെ ആയമിട്ടു. ആട്ടിന്‍കുട്ടി മിണ്ടാതെ അവളുടെ മടിയില്‍ തലവെച്ചു കിടപ്പാസ്വദിച്ച് ഊഞ്ഞാലാട്ടത്തില്‍ മുഴുകി.
അപ്പോഴുണ്ട് വരുന്നു വാലാട്ടിക്കൊണ്ട് അപ്പുറത്തെ വീട്ടിലെ ചിരുകണ്ടന് പട്ടിക്കുട്ടന്.
അവന് മുറ്റത്തു കൂടെയുള്ള സവാരി നിര്‍ത്തി ഊഞ്ഞാലിനു മുമ്പില്‍ അവരെയും നോക്കി നില്‍പ്പായി.
‘നിനക്കും ഊഞ്ഞാലാടണോ?’ എന്നു ചോദിച്ച് മിലി ഊഞ്ഞാലാട്ടം നിര്‍ത്തിയപ്പോള്‍ അവന് മിലിയുടെ അടുത്തു വന്നു. ‘ആഹാ,നിനക്കും ഇന്ന് കൂട്ടുകാരൊന്നുമില്ല അല്ലേ, ബോറടിക്കുന്നുണ്ട് അല്ലേ?’ എന്നു ചോദിച്ച് ഊഞ്ഞാല്പ്പടിയില് തന്റേ മറ്റേവശത്തായി മിലി, അവനെയുമെടുത്തിരുത്തി.
എന്നിട്ട് മെല്ലെ ഊഞ്ഞാലാടാന്‍ തുടങ്ങി. ചിരുകണ്ടന്, തല പൊക്കി ഞാനാടുന്നതു കണ്ടോ, എങ്ങനെയുണ്ട് എന്നു ചോദിക്കും പോലെ മുറ്റത്തെ ചെടികളെയും അതിന്മേലെ ചിത്രശലഭങ്ങളെയും നോക്കി. അതു വഴി വന്ന അമ്മ, മിലിയുടെ ഉഞ്ഞാല്ലാട്ട സംഘത്തെ കണ്ട്, കൊള്ളാല്ലോ എന്ന് പറഞ്ഞ് നോക്കി നിന്നു.
‘അടങ്ങിയിരിക്കണേ ചിരുകണ്ടാ, ഇല്ലേല് നീ തലേംകുത്തി വീഴുമേ’ എന്നമ്മ വിളിച്ചു പറഞ്ഞപ്പോ ചിരുകണ്ടന്, ‘ഞാനെന്താ അത്ര വിവരദോഷിയാണോ’ എന്ന മട്ടില്‍ ഒന്നു മുരണ്ടു.
‘ഓ, നിനക്കിഷ്ടപ്പെട്ടില്ലേ ഞാമ്പറഞ്ഞത്?’ എന്നു ചോദിച്ച് അമ്മ ഉച്ചയ്ക്കത്തെ ഊണിന് തോരന്‍ വയ്ക്കാനായി ചീര പറിക്കാന്‍ തെങ്ങിന് ചോട്ടിലേക്കു പോയി. മൂന്നാള് ഊഞ്ഞാലാട്ടം അപ്പോഴും സമാധാനപരമായി തുടര്‍ന്നു.

Priya AS Malayalam Stories for Children
നിലാവുമ്മ
ആകാശം, നിലാവ് കോരിയിട്ടു മുല്ലവള്ളിയുടെ മേല്‍. മുല്ലവള്ളിയാകെ നിലാവില് തിളങ്ങി. കാറ്റ് വന്ന് നിലാവില് കുളിച്ച മുല്ലപ്പൂക്കളെ ഊഞ്ഞാലാട്ടി. മുല്ലപ്പൂക്കള്‍ കൊഴിഞ്ഞു മുറ്റത്തു വീഴുന്നതും നോക്കി ജയ് അര ഭിത്തിയിലിരുന്നു.
പിന്നെ ഓടിപ്പോയി പൂ പെറുക്കിക്കൂട്ടി പത്രം കൊണ്ടുണ്ടാക്കിയ ഒരു കടലാസ് കുമ്പിളില്‍. എന്നിട്ട് പൂവേണോ, മുല്ലപ്പൂ വേണോ എന്നു വിളിച്ചു ചോദിച്ച് വീട്ടിനകത്തേക്ക് നടന്നു. അപ്പോ അമ്മ, അമ്മയുടെ വായനാ മുറിയില്‍ നിന്നിറങ്ങി വന്ന്, ‘എന്തു വിലയാ പൂക്കാരാ പൂവിന്?’ എന്നു ചോദിച്ചു.
‘ഒരു കടലാസുകുമ്പിള്‍ പൂവിന് നാലു പഞ്ചാരയുമ്മ വില’ എന്നു പറഞ്ഞു ജയ്. അമ്മ, നാലു പഞ്ചാരയമ്മ കൊടുത്ത് പൂ മുഴുവന്‍ വാങ്ങി, പിന്നെയത് കോര്‍ത്ത് മുടിയില്‍ ചൂടി. അമ്മയ്ക്ക് എന്തൊരു മുല്ലപ്പൂ മണം എന്നു പറഞ്ഞ് ജയ്, അമ്മയ്ക്ക് ഒരു ശര്ക്കരയുമ്മ കൊടുത്തു.

എന്തൊരു നല്ല അമ്മയും മകനും എന്നു പറഞ്ഞ് നിലാവ് അവരെ രണ്ടാളെയും ഒരു നിലാവുമ്മ വച്ചു. മരങ്ങളും മേഘങ്ങളും അത് നോക്കി നിന്നു.
ഒരു കഥയും കൂടി വായിക്കാന്‍ തോന്നുണ്ടോ, എന്നാല്‍ ഇതാ
Priya AS Malayalam Stories for Children: കഥനേരം കുമിളരസക്കുഴല്