/indian-express-malayalam/media/media_files/2025/03/31/wqvVCwrdt8IP7RxlsaRh.jpg)
സ്വപ്നത്തിലെ കുറുക്കന്റെ വാല്
കുഞ്ഞുണ്ണി ഉച്ചയൂണു കഴിഞ്ഞ് എന്നും ഇത്തിരിനേരം കിടന്നുറങ്ങും.
ചുമ്മാനേരെയങ്ങ് കിടക്കയില്‍ ചെന്ന് കിടന്നുറങ്ങുകയല്ല കേട്ടോ കുഞ്ഞുണ്ണി ചെയ്യാറ്.
അപ്പൂപ്പന്‍, അപ്പൂപ്പന്റെ മടിയില്‍ കുഞ്ഞുണ്ണിയെയും ഒരു കുഞ്ഞിപ്പഞ്ഞി കുഷനെയും എടുത്തു വയ്ക്കും. പിന്നെ കുഷനിലേക്കു കിടത്തും കുഞ്ഞുണ്ണിയെ.
എന്നിട്ട് ഒരു പാട്ടും പാടി താളത്തില്‍ കുഷന്‍ കുലുക്കിക്കുലുക്കി കുഞ്ഞുണ്ണിയെ ഉറക്കും .
കുഞ്ഞുണ്ണി ഉറങ്ങിക്കഴിയുമ്പോള്‍ എടുത്തുകൊണ്ടുപോയി കിടക്കയില്‍ കിടത്തും. എന്നിട്ട് അപ്പൂപ്പനും ഉറങ്ങും ഇത്തിരി നേരം കുഞ്ഞുണ്ണിക്കൊപ്പം.
കുഞ്ഞുണ്ണി അറിയാതെയെങ്ങാന്‍ ഉരുണ്ടുതാഴെവീണാലോ എന്നു പേടിച്ച്, ഇടയ്ക്ക് അമ്മൂമ്മ വന്ന് കുഞ്ഞുണ്ണി കിടക്കുന്ന വശത്ത് ഉരുളന്‍തലയിണവച്ച് ഒരു കോട്ട കെട്ടും.
അമ്മൂമ്മ എന്നിട്ട് കുനിഞ്ഞ്, കുഞ്ഞുണ്ണിയുടെ നെറ്റിയിലേക്ക് വീണുകിടക്കുന്ന ചുരുളന്‍തലമുടി ഒതുക്കിവയ്ക്കും.
ഉറങ്ങുമ്പോഴൊക്കെയും കുഞ്ഞുണ്ണിച്ചുണ്ടില്‍ ഒരു ചിരിയുണ്ടാവും. എന്തു സ്വപ്‌നം കണ്ടാണോ ഈ കുഞ്ഞുണ്യാര് ചിരിക്കണത് എന്ന് താനേ പറഞ്ഞ് അപ്പോ അമ്മൂമ്മയും ചിരിക്കും.
കുഞ്ഞുണ്ണിയങ്ങനെ, അമ്മ ഓഫീസിന്ന് വരണതിന് കുറച്ചുമുമ്പുവരെ ഉറങ്ങും. ഉറങ്ങിയെഴുന്നേറ്റ് പാലും ബിസ്‌ക്കറ്റും കഴിക്കാനിരിക്കുമ്പോ അമ്മൂമ്മ ചോദിയ്ക്കും
"ഇന്നെന്തു സ്വപ്നമാ മോനോ കണ്ടത്?"
അപ്പോ കുഞ്ഞുണ്ണി താടിക്ക് കൈ കൊടുത്തിരുന്ന് ആലോചിക്കും.
അപ്പോ അവന്റെ ആലോചനയിലേക്ക് ഒരു കുറുക്കന്റെ വാലോ ഒരു മയിലിന്റെ പീലിയോ ഒരു പല്ലിയുടെ കടുകുമണിക്കണ്ണോ നീണ്ടുവരും.
അവന് സംശയമാവും എന്താണിന്ന് സ്വപ്‌നം കണ്ടത്?
മിക്കവാറും ആ ചോദ്യത്തിനിടയില്‍ കൂടിയാവും കുഞ്ഞുണ്ണിയമ്മയുടെ വരവ്.
കുഞ്ഞുണ്ണിയമ്മൂമ്മ അപ്പോ അമ്മയ്ക്ക് ചായയുമായി വരും. അമ്മമടിയിലേക്ക് കയറിയിരുന്ന് അമ്മത്താടിയില്‍ തൊട്ട് കുഞ്ഞുണ്ണി ചോദിക്കും "ഞാനിന്നെന്തു സ്വപ്നമാ കണ്ടത് അമ്മേ?"
അമ്മ അപ്പോ ചിരിക്കും, "കുഞ്ഞന്‍, കുഞ്ഞന്‍ കുഞ്ഞാപ്പയുടെ സ്വപ്‌നം അമ്മയ്‌ക്കെങ്ങനെയാ അറിയാന്‍ പറ്റണത്?"
"അമ്മ പറയണം എന്റെ സ്വപ്നം," എന്ന് കുഞ്ഞുണ്ണിയപ്പോ ചിണുങ്ങാന്‍ തുടങ്ങും.
"ശ്ശെടാ , ഞാനീ കുഞ്ഞുണ്യാരെക്കൊണ്ട് തോറ്റല്ലോ," എന്ന് പറഞ്ഞ് അവനെ ഇക്കിളിയിട്ട് ചിരിപ്പിക്കും അമ്മ.
എന്നിട്ട് അമ്മ ഇത്തിരിനേരം കണ്ണടച്ചിരിക്കും.
"ഇപ്പോ കാണാന്‍ പറ്റണില്ലേ അമ്മേ കുഞ്ഞുണ്ണി കണ്ട സ്വപ്‌നം?" എന്ന് ചോദിക്കും അപ്പോ കുഞ്ഞുണ്ണി.
"ഉവ്വുവ്വ്" എന്നു പറയും അമ്മ.
എന്നിട്ട് കണ്ണുതുറന്ന് കുഞ്ഞുണ്ണീടെ സ്വപ്നക്കഥ പറഞ്ഞു തുടങ്ങി അമ്മ:
താരാവീട്ടില് ഒരു മിടുക്കന്‍ കുട്ടിയുണ്ട്, അവന് ജന്തുജാലങ്ങളോട് വലിയ ഇഷ്ടമാണ് എന്നു കേട്ടാണ് കുറുക്കന്‍ വന്നത്.
കുറുക്കന്‍ താരാവീടിന്റെ ഗേറ്റിൽ എത്തി, ഇതുതന്നെയാണോ താരാവീട് എന്നു സംശയിച്ച് ഒന്നുനിന്നു.
അപ്പോ അതുവഴി ഡെന്നിസ് പൂച്ചവന്നു. അവനോട് കുറുക്കന്‍ ചോദിച്ചു, ഇതാണോ നമ്മടെ കുഞ്ഞുണ്ണിയുടെ വീട്?"
"അതെ അതെ, നിനക്കു കാണാമ്മേലെ മതിലില്‍ 'താരാവീട്' എന്നെഴുതിവച്ചിരിക്കുന്നത്?" എന്നു ചോദിച്ച് ഡെന്നിസ് പൂച്ച ഒരു അണ്ണാന്റെ പുറകേ ഓടിപ്പോയി.
ഗേറ്റിന്മേല്‍ക്കൂടി പിടിച്ചുകയറി ചാടിമറിഞ്ഞ് താരാവീടിന്റെ മുറ്റത്തെത്തി കുറുക്കന്‍.
കുഞ്ഞുണ്ണി ചവിട്ടുപടിയിലിരുന്ന് കടലാസ് കോണിലിട്ട് കപ്പലണ്ടി തിന്നുകയായിരുന്നു.
"നീ ആരാ?" എന്നു ചോദിച്ചു കുഞ്ഞുണ്ണി.
"നിനക്ക് അമ്മ പറഞ്ഞുതരാറുള്ള കഥയിലെ കുറുക്കനാണ് ഞാന്‍," അവന്‍ പറഞ്ഞു.
കഥാപ്പുസ്തകത്തിലെ പടങ്ങളിലൂടെ മാത്രമേ കുഞ്ഞുണ്ണി അതുവരെ കുറുക്കനെ കണ്ടിട്ടുണ്ടായിരുന്നുള്ളു.
"നിനക്കു കപ്പലണ്ടി വേണോ?" കുഞ്ഞുണ്ണി ചോദിച്ചു. കുറുക്കന്‍ വാലാട്ടി.
അവന് കപ്പലണ്ടി തൊണ്ടുകളഞ്ഞു കൊടുത്തു കുഞ്ഞുണ്ണി. പിന്നെ അവന്റെ തലയില്‍ തലോടി. അവനത് കറുമുറും എന്നു തിന്നുന്നതിനിടെ ഒരു ഭീമന്‍ കാറ്റുവന്നു.
"അയ്യോ, മഴ വരും ഇപ്പോ, എന്റെ ഗുഹയുടെ മുറ്റത്ത് ഞാന്‍ കുറച്ച് ഞണ്ടുകളെ പിടിച്ച് ഉപ്പിട്ട് ഉണക്കാന്‍ വച്ചിട്ടുണ്ട്. അത് നനഞ്ഞുനാശമാകും മുമ്പേ ഞാന്‍ ചെന്ന് എടുത്തുവയ്ക്കട്ടെ..." എന്നെല്ലാം പറഞ്ഞ് അവന്‍ ഒരൊറ്റ തിരക്കിട്ടോട്ടം.
അമ്മ അങ്ങനെയങ്ങനെ പറഞ്ഞു നിർത്തീട്ട് ചോദിക്കും "ഇതുതന്നെയായിരുന്നില്ലേ കുഞ്ഞുണ്ണി കണ്ട സ്വപ്‌നം, അവനോടുംവഴി അവന്റെ രോമവാല് കുഞ്ഞുണ്ണീടെ മേത്ത് തട്ടിയില്ലേ? അങ്ങനെയല്ലേ കുഞ്ഞുണ്ണി സ്വപ്‌നത്തീന്ന് ഉണര്‍ന്നുപോയത്?" എന്നു ചോദിച്ചു അമ്മ.
അങ്ങനെയാണോ കാര്യങ്ങൾ എന്നോര്‍ത്തോര്‍ത്ത് കുഞ്ഞുണ്ണി തലയാട്ടി.
"അങ്ങെങ്ങാണ്ട് ഓഫീസിലിരിക്കണ ഈ അമ്മമാര്‍ക്കെങ്ങനെയാണ് അവരുടെ കുട്ടികള്‍ ഉറക്കത്തില്‍ കണ്ട സ്വപ്‌നം മനസ്സിലാവുന്നത് എന്നാണ് എന്റെ സംശയം," അങ്ങനെ പറഞ്ഞു അപ്പോ അമ്മൂമ്മ.
"അമ്മമാര് അടുത്തുവരുമ്പോ കുട്ടികളുടെ മനസ്സിന്റ വാതില്‍ 'കര്‍ കര്‍' ശബ്ദത്തോടെ തുറക്കുന്നത് കേട്ടിട്ടില്ലേ അമ്മൂമ്മേ,?" കുഞ്ഞുണ്ണി ചോദിച്ചു.
"ഉവ്വുവ്വ്" എന്നു ചിരിച്ചുപറഞ്ഞു അമ്മൂമ്മ.
"കുറുക്കന്‍ തിന്നു ബാക്കി വച്ച കപ്പലണ്ടിയെന്ത്യേ?" അമ്മൂമ്മ തിരക്കി.
"കുഞ്ഞുണ്ണിയത് കടലാസ്‌കോണോടെ കുറുക്കന് കൊടുത്തയച്ചു," എന്നു പറഞ്ഞു അമ്മ.
ഈ അമ്മമാര്‍ക്കറിയാത്ത ഒരു കാര്യവുമില്ല ഈ ലോകത്തിൽ എന്നു വിചാരിച്ച് കുഞ്ഞുണ്ണി അമ്മയുടെ മേല്‍ ഉമ്മമഴയായി.
Read More: പ്രിയ എ എസ് എഴുതിയ മറ്റു കഥകള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.