/indian-express-malayalam/media/media_files/2025/03/31/IjAuHttxZSQfuSABhzrM.jpg)
പൂപ്പായയില്‍ ഒരു ആമച്ചാര്
അമ്മൂമ്മ പവിഴമല്ലിക്ക് ഹോസുവച്ച് നനയ്ക്കുകയായിരുന്നു.
പവിഴമല്ലിച്ചുവട്ടില്‍ നിറയെ പൂക്കള്‍ കൊഴിഞ്ഞുകിടക്കുന്നുണ്ട്.
"ഒരു പൂപ്പായപോലെയില്ലേ കുഞ്ഞുണ്ണീ," അമ്മൂമ്മ ചോദിച്ചു .
മാവിന്റെ കൊമ്പില്‍ അച്ഛന്‍ കെട്ടിക്കൊടുത്ത ഊഞ്ഞാലില്‍ ഇരുന്ന് ആടിരസിക്കുകയായിരുന്നു കുഞ്ഞുണ്ണി.
ഊഞ്ഞാലാട്ടരസം നിര്‍ത്തി അമ്മൂമ്മയുടെ അടുത്തേയ്ക്ക് ഇറങ്ങിവന്ന് പൂപ്പായരസം നോക്കിനിന്നു കുഞ്ഞുണ്ണി.
എന്താ അത് ഒരു കറുത്ത പാറക്കല്ലുപോലെ പവിഴമല്ലിച്ചോട്ടില്‍- കുഞ്ഞുണ്ണി കുനിഞ്ഞുനിന്ന് നോക്കി.
"അമ്മൂമ്മേ ഒരു ആമ!" അവന്‍ വിളിച്ചുകൂവി.
അമ്മൂമ്മേം നോക്കി കുനിഞ്ഞ്.
"ആഹാ ,ശരിയാണല്ലോ, ഇതൊരു ആമവീരനാണല്ലോ, നമ്മളെക്കണ്ട് പേടിച്ച് തലയും കാലുമൊക്കെ അവന്റെ തോടിനുളളിലേയ്ക്കുവലിച്ച് ഒരനങ്ങാ ഇരിപ്പ് ഇരിക്കുകയാണ് കേട്ടോ അവന്‍," അമ്മൂമ്മ പറഞ്ഞു.
"പവിഴമല്ലിപ്പൂവ് വീണ് അവന്റെ കരിന്തോട് കാണാന്‍ എന്താഭംഗിയല്ലേ?" അമ്മൂമ്മ അവനോട് ചോദിച്ചു.
"ഓണത്തിന് നമ്മള് പൂക്കളമിടണതുമാതിരി അല്ലേ അമ്മൂമ്മേ," കുഞ്ഞുണ്ണിക്ക് പൂ-ആമയെക്കണ്ട് ചിരി വന്നു.
കുഞ്ഞുണ്ണി ചോദിച്ചു "അവന്‍ നമ്മുടെ ഗസ്റ്റല്ലേ? അവന് നമ്മളെന്താ കഴിക്കാന്‍ കൊടുക്കുക?"
"അവന്‍ ചോറു തിന്നും കുഞ്ഞുണ്ണീ," അമ്മൂമ്മ പറഞ്ഞു.
അതുകേട്ടതും കുഞ്ഞുണ്ണി അകത്തേയ്‌ക്കോടിപ്പോയി അമ്മയോട് ചോദിച്ച് കുറച്ചു ചോറുമണികള്‍ വാങ്ങിക്കൊണ്ടുവന്നു. ഒരു ചെമ്പരത്തിയില പറിച്ച് അമ്മൂമ്മ ആമക്കുട്ടന്റെ മുമ്പില്‍ വച്ചു.
കുഞ്ഞുണ്ണി അതില്‍ ചോറുവിതറി. എന്നിട്ട് ഒരു പാട്ടുണ്ടാക്കിപ്പാടി.
"ആമക്കുട്ടാ വായോ വായോ ചോറുണ്ണാന്‍...
തലയൊന്നുനീട്ടൂ ആമക്കുട്ടാ ചോറുണ്ണാന്‍..."
പക്ഷേ ആമക്കുട്ടന്‍ കരിങ്കല്ലുപോലെ ഒരേ കിടപ്പുകിടന്നു.
"ഇനി എന്തു ചെയ്യും?" കുഞ്ഞുണ്ണി അമ്മൂമ്മയോട് ചോദിച്ചു.
"നമ്മളടുത്തു നിന്നാല്‍ അവന്‍ അവന്റെ തോടില്‍ നിന്ന് തല പുറത്തേക്കു നീട്ടാതെ അനങ്ങാക്കിടപ്പു തുടരും. നമുക്കിവിടെ നിന്ന് മാറി നില്‍ക്കാം."
ശരി ശരി എന്നു തലയാട്ടി അമ്മൂമ്മയുടെ കൂടെപ്പോയി താരാവീടിന്റെ ചവിട്ടുപടിയിലിരുന്നു കുഞ്ഞുണ്ണി.
ചവിട്ടുപടിയിലേക്ക് നടക്കും വഴി സീതാമുടിച്ചെടിയില്‍ നിന്ന് പറിച്ചെടുത്ത ചോപ്പുമൊട്ടുകള്‍ ഓരോന്നായി കുഞ്ഞിക്കൈയില്‍ നിന്നെടുത്ത് നെറ്റിയില്‍ കുത്തി 'ഠപ് ഠപ്' എന്നു പൊട്ടിച്ചു രസിക്കുന്നതിലായി കുഞ്ഞുണ്ണിയുടെ കമ്പം.
അമ്മൂമ്മയോ തൂണില്‍ ചാരിയിരുന്ന് പത്രം വായിച്ചു.
എല്ലാ മൊട്ടും നെറ്റിയില്‍ കുത്തി പൊട്ടിച്ചുകഴിഞ്ഞപ്പോള്‍ കുഞ്ഞുണ്ണി എത്തിവലിഞ്ഞുനോക്കി എവിടെ ആമച്ചാര്? അവനെന്തു ചെയ്യുകയാണ്?
"നോക്കമ്മൂമ്മേ, അവന്‍ തലയും കാലുമൊക്കെ പുറത്തേക്കു നീട്ടിയിരിക്കുന്നത്," കുഞ്ഞുണ്ണി എണീറ്റ് അമ്മൂമ്മയുടെ ചെവിയില്‍ രഹസ്യം പറഞ്ഞു.
"അമ്പട കേമാ, നീ ഞങ്ങള് കാണാതെ ചോറുമണി പെറുക്കിത്തിന്നുകയാണ് അല്ലേ?" കുഞ്ഞുണ്ണിയമ്മൂമ്മ ആമച്ചാരോട് ചോദിച്ചു.
ആമച്ചാര് നാണിച്ച് അമ്മൂമ്മയെയും കുഞ്ഞുണ്ണിയെയും ഒന്നു നോക്കി എന്നു തോന്നി കുഞ്ഞുണ്ണിയ്ക്ക്.
"നിനക്ക് ചോറു മതിയായോ? ഇല്ലേല്‍ ഞങ്ങള് പിന്നേം തരാം കേട്ടോ," കുഞ്ഞുണ്ണി വിളിച്ചുപറഞ്ഞു.
മതിയായി, മതിയായി എന്നു പറയുമ്പോലെ ആമച്ചാര് അവന്റെ കഴുത്തുപൊക്കിനോക്കി കുഞ്ഞുണ്ണിയെ.
പിന്നെ അവന്‍ അവന്റെ കുഞ്ഞന്‍കാലൊക്കെ നീട്ടിപ്പരത്തിവച്ച് പവിഴമല്ലിപ്പൂക്കളുടെ ഇടയില്‍ കൂടി ഒന്നു നടന്നു.
അവന്റെ ദേഹത്ത് വീണ പവിഴമല്ലിപ്പൂവൊന്നും താഴെപ്പോകാത്തത്ര പതുക്കെയാണ് കേട്ടോ അവന്‍ നടന്നത്.
"അവന് പവിഴമല്ലിപ്പൂക്കള്‍ ഇഷ്ടമായെന്നു തോന്നണു അമ്മൂമ്മേ," കുഞ്ഞുണ്ണി അമ്മൂമ്മയോട് പറഞ്ഞു.
അപ്പോ അമ്മൂമ്മ ചോദിക്കുവാണ് നമുക്കിവന് പവിഴമല്ലി എന്നു പേരിട്ടാലോ എന്ന്?
അതുമതിയോ പേര് എന്ന് ആലോചിക്കുന്നതിനിടെ ആമച്ചാര് തൊട്ടടുത്തുള്ള കുളത്തിലേക്ക് ഇഴഞ്ഞിഴഞ്ഞുപോയി.
"നാളേം വരുമായിരിക്കും അവന്‍, അപ്പോ അവനോട് ചോദിക്കാം പവിഴമല്ലി എന്നു പേരിടട്ടേ എന്ന്. ഇപ്പോ കുഞ്ഞുണ്ണി തത്ക്കാലം കേറിപ്പോരേ മണ്ണീന്ന്" അങ്ങനെ പറഞ്ഞു അമ്മൂമ്മ.
മനസ്സില്ലാമനസ്സോടെ മുറ്റത്തുന്ന് താരാവീട്ടിലേക്ക് കയറി കുഞ്ഞുണ്ണി.
എന്നിട്ടവന്‍ നിലത്തുചടഞ്ഞിരുന്ന് ഒരു ആമക്കുട്ടന്റെ പടം വരയ്ക്കാന്‍ തുടങ്ങി. .
അവന്‍ വരയ്ക്കുന്നതും നോക്കി ഒരു പല്ലി വന്നിരിപ്പായി ഭിത്തിയില്‍.
കുഞ്ഞുണ്ണി ഇനി അവനും പേരിടേണ്ടി വരുമോ ആവോ?
Read More: പ്രിയ എ എസ് എഴുതിയ മറ്റു കഥകള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.