scorecardresearch

താരാവീട്: പ്രിയ എ എസ് എഴുതുന്ന കുട്ടിക്കഥാ പരമ്പര-അധ്യായം ഏഴ്

"തൊപ്പിക്കാരന്‍ കുഞ്ഞുണ്ണി മാത്രമായി മുറ്റത്ത്.അവന് സങ്കടം വന്നു.അവന്‍ ചിണുങ്ങിക്കരയാന്‍ തുടങ്ങി. " പ്രിയ എ എസ് പ്രിയ എ എസ് എഴുതുന്ന കുട്ടിക്കഥാ പരമ്പരയുടെ ഏഴാം അധ്യായം വായിക്കാം

"തൊപ്പിക്കാരന്‍ കുഞ്ഞുണ്ണി മാത്രമായി മുറ്റത്ത്.അവന് സങ്കടം വന്നു.അവന്‍ ചിണുങ്ങിക്കരയാന്‍ തുടങ്ങി. " പ്രിയ എ എസ് പ്രിയ എ എസ് എഴുതുന്ന കുട്ടിക്കഥാ പരമ്പരയുടെ ഏഴാം അധ്യായം വായിക്കാം

author-image
Priya A S
New Update
priya as Stories


മുറ്റത്തെ വെയില്‍രസങ്ങള്‍

വെയിലാണ് മുറ്റത്തിറങ്ങണ്ട, വെയിലാറീട്ട് വൈകുന്നേരമിറങ്ങിയാല്‍ മതി മുറ്റത്ത് എന്നു പറഞ്ഞു അപ്പൂപ്പന്‍ കുഞ്ഞുണ്ണിയോട്.

Advertisment

കുഞ്ഞുണ്ണിയ്ക്ക് ചിരിവന്നു, ആറാനായിട്ട് വെയിലെന്താ ചായയാ?
മുറ്റത്തിറങ്ങിയാല്‍ നല്ല രസമാണ്. 

അമ്മ ഹോസുവച്ചു നനച്ചപ്പോ ചെടികളില്‍ വീണ വെള്ളത്തുള്ളികളില്ലേ അതിനെയെല്ലാം  കുലുക്കി വീഴ്ത്താം. പൂക്കളെ തൊട്ടുതലോടാം.

കിളികളുടെ വര്‍ത്തമാനങ്ങൾ കേള്‍ക്കാം, അവരോട് ഓരോന്നൊക്കെ മിണ്ടിപ്പറയാം അവർ മരങ്ങള്‍ക്കും മുകളില്‍ക്കൂടി പറക്കുമ്പോ അവര്‍ക്കൊപ്പത്തിനൊപ്പം മണ്ണില്‍ക്കൂടി ഓടാം.

Advertisment

സൂര്യന്റെ മഞ്ഞവെയിലിനു കീഴെ നിന്ന് ദേഹം ചൂടുപിടിപ്പിക്കാം.
ഇതു വല്ലതും പറ്റുമോ താരാവീട്ടിനകത്തിരുന്നാല്‍?

ഒരു കരിമ്പച്ച പൊതറന്‍ തൊപ്പിയില്ലേ കുഞ്ഞുണ്ണിക്ക്? അത് നോക്കിയെടുത്തു കുഞ്ഞുണ്ണി.

"ഇതും തലയില്‍ വച്ച് പുറത്തിറങ്ങിയാല്‍  ഒരു തരി വെയിലു പോലും കൊള്ളാതെ നടക്കാം അപ്പൂപ്പാ," എന്ന് സൂത്രക്കാരനായി കുഞ്ഞുണ്ണി.

അപ്പൂപ്പന്‍ പത്രം  വായിക്കുന്ന തിരക്കിലായതു കൊണ്ടാവും എതിരൊന്നും പറയാതെ, ശരി, ശരി എന്ന് തലയാട്ടി.

കുഞ്ഞുണ്ണിക്കാകെ രസിച്ചു മുറ്റത്തുനടത്തം. 

ഒരു മഞ്ഞത്തുമ്പി വന്ന് അതിന്റെ ഇത്തിരിക്കുഞ്ഞന്‍ ഉണ്ടക്കണ്ണു മിഴിച്ച് ഇതാരാ എന്ന മട്ടില്‍ കുഞ്ഞുണ്ണിയെ നോക്കി.

"ഇതു ഞാനല്ലേ, കുഞ്ഞുണ്ണി, താരാവീട്ടിലെ കുഞ്ഞുണ്ണി," എന്നു പറഞ്ഞ് അവന്‍ കൈനീട്ടിയപ്പോ തുമ്പി അവന്റെ കൈയില്‍ വന്നിരുന്നു.

"നീ രാവിലെ എന്തു കഴിച്ചു, എന്നെപ്പോലെ ഓംലെറ്റും ബ്രഡും തന്നെയായിരിക്കും അല്ലേ? നിന്റെ അമ്മയാണോ അച്ഛനാണോ അതുണ്ടാക്കിത്തന്നത് എന്നു ചോദിച്ചു കുഞ്ഞുണ്ണി.

മഞ്ഞത്തുമ്പിച്ചാര് എന്തോ മറുപടി പറയാന്‍ ഭാവിയ്ക്കുമ്പോഴേക്ക്, ഒരു ക്രോം ക്രോം ശബ്ദം കേട്ട് അവര്‍ രണ്ടാളുടെയും ശ്രദ്ധ ആ ശബ്ദം കേട്ട ഭാഗത്തേക്കായി.
ആരടാ ഈ വലിയ ശബ്ദക്കാരന്‍ എന്നു നോക്കാനായി കുഞ്ഞുണ്ണി കൈയിൽ  തുമ്പിച്ചാരുമായി ,ശബ്ദം കേട്ട ഭാഗത്തേയ്ക്ക് ഓടിച്ചെന്നു.

"നോക്കപ്പൂപ്പാ, ഒരു വലിയ തവള," കുഞ്ഞുണ്ണി വിളിച്ചു കൂവി.

"നമ്മുടെ കുളത്തിലെ താമസക്കാരനാവും, വെയിൽ കായാന്‍ വന്നതാവും," അപ്പൂപ്പന്‍ പത്രത്തില്‍ നിന്ന് കണ്ണുയര്‍ത്തി കുഞ്ഞുണ്ണിയെനോക്കിപ്പറഞ്ഞിട്ട് വീണ്ടും പത്രവായനയില്‍ മുഴുകി.

priya as Stories

കുഞ്ഞുണ്ണി തവളയുടെ അടുത്ത് മണ്ണില്‍ കുത്തിയിരുന്നു .

തവളച്ചാര് അവന്റെ നാവു നീട്ടി, 'ഗ്‌ളക്ക്' എന്നു പിടിച്ചുവിഴുങ്ങിയോലോ. അങ്ങനെ പേടിച്ചാണെന്നു തോന്നുന്നു തുമ്പി വേഗം സ്ഥലം വിട്ടു.

തവളയും കുഞ്ഞുണ്ണിയും കണ്ണില്‍ക്കണ്ണില്‍ നോക്കി കുറേനേരം വെറുതെയിരുന്നു.
കുഞ്ഞുണ്ണി ചോദിച്ചു, "നിനക്ക് പേരുവല്ലതുമുണ്ടോ?"

തവളച്ചന്‍ ഒന്നും മിണ്ടിയില്ല.

"നിനക്ക് ഞാന്‍ നല്ലൊരു പേരിടട്ടെ?"

"ഓ, യെസ്" എന്നു പറയുമ്പോലെ തവളച്ചന്‍ അവന്റ കഴുത്തിനു താഴെയുള്ള ഭാഗം വീര്‍പ്പിച്ചുകാണിച്ചു.

അപ്പോ കുഞ്ഞുണ്ണി അവനെ വിളിച്ചു, "മുകുന്ദ്."

"അപ്പൂപ്പന്‍ എനിക്കു വായിച്ചുതന്ന  'മുകുന്ദും റിയാസും' എന്ന കഥയിലെ ഒരു കുട്ടിയുടെ പേരാണ് മുകുന്ദ്. നല്ല പേരല്ലേ അത്? നിനക്കിഷ്ടമായോ ഈ പേര്?" അവന്‍ തവളച്ചനോട് ചോദിച്ചു .

ഒന്നും മിണ്ടാതെ കല്ലുപോലിരുന്നു മുകുന്ദ്തവള.

"നീ ഒന്നനങ്ങിയേ, കാണട്ടെ നിന്റെ തവളച്ചാട്ടം"  എന്നു പറഞ്ഞ് കുഞ്ഞുണ്ണി ഒരു പുല്‍ത്തുമ്പു പറിച്ചെടുത്ത് അവനെ ഇക്കിളിയിട്ടു.

അപ്പോഴും അവന്‍ അനങ്ങാപ്പാറയായി ഇരുന്നു. "ഇവനെന്താ ഇക്കിളിയില്ലേ?" കുഞ്ഞുണ്ണി വിചാരിച്ചു.

കുഞ്ഞുണ്ണി ചോദിച്ചു, "നിനക്കെന്താ എന്നോടൊന്നു മിണ്ടിയാല്? ഞാനൊരു പാവമല്ലേ? വാ നമുക്ക് മിണ്ടിമിണ്ടി കൂട്ടുകാരാവാം."

അത്രയുമായപ്പോഴേയ്ക്ക് നമ്മുടെ കാക്കയില്ലേ, ലൂയി, അവന്‍ വന്ന് മാവിന്‍കൊമ്പിലിരുന്ന് ചാഞ്ഞും ചരിഞ്ഞും മുകുന്ദിനെത്തന്നെ നോക്കിയിരിപ്പായി.

ലൂയി നിന്നെ കൊത്തിയെടുത്ത് പറക്കാനാ ഭാവം എന്നു തോന്നണു, നിന്നെ കൊണ്ടുപോയി കൊത്തിപ്പറിച്ച് തിന്നും ഈ ലൂയി വിദ്വാന്‍ എന്ന് കുഞ്ഞുണ്ണി, മുകുന്ദിനോട്  ഒച്ചതാഴ്ത്തി  പറഞ്ഞു.

ഇനി ഇവിടെയിരുന്നാല്‍ അപകടമാണ് എന്നു മനസ്സിലായതു കൊണ്ടാവും മുകുന്ദ്തവള രണ്ടുമൂന്നു ചാട്ടം പാസ്സാക്കി കുളത്തിനകത്തേക്ക് പോയിമറഞ്ഞു.

ലൂയി കാക്ക അവന്റെ പ്‌ളാന്‍ പൊളിഞ്ഞതോര്‍ത്ത് ആകെ ചമ്മി പറന്നുപോയി എങ്ങാണ്ടേക്ക്.

തൊപ്പിക്കാരന്‍ കുഞ്ഞുണ്ണി മാത്രമായി മുറ്റത്ത്. അവന് സങ്കടം വന്നു. അവന്‍ ചിണുങ്ങിക്കരയാന്‍ തുടങ്ങി.

"എന്തുപറ്റി അപ്പൂപ്പന്റെ കൊച്ചുകുഞ്ഞേ?" എന്നു ചോദിച്ച് അപ്പൂപ്പന്‍ വന്നവനെ എടുത്തു.
എപ്പോ കരഞ്ഞാലും സങ്കടപ്പെട്ടാലും വന്നെടുക്കാന്‍ ,സമാധാനിപ്പിക്കാന്‍ ഒരപ്പൂപ്പനുണ്ടാവുന്നത് എത്ര നല്ലതാണ് അല്ലേ?

നോക്ക്, കുഞ്ഞുണ്ണി അപ്പൂപ്പന്റെ തോളില്‍ ഒരു പൂപോലെ ചാരിക്കിടക്കുന്നത്...

Read More:  പ്രിയ എ എസ് എഴുതിയ മറ്റു കഥകള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Priya As Stories Children

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: