scorecardresearch

താരാവീട്: പ്രിയ എ എസ് എഴുതുന്ന കുട്ടിക്കഥാ പരമ്പര-അധ്യായം ആറ്

"അമ്പിളി അമ്മാവന് ഉവ്വാവുപറ്റി വയ്യാതിരിക്കില്ലേ അപ്പഴാ അമ്പിളി അമ്മായി വരണത് ആകാശത്ത് , അമ്പിളി അമ്മായിയാണോന്നറിയാന്‍ നമ്മള് സൂക്ഷിച്ചുനോക്കണം , കൈയിൽ കടലാസും പേനേം കാണും " പ്രിയ എ എസ് എഴുതുന്ന കുട്ടിക്കഥാ പരമ്പര "താരാവീട്" ആറാം അധ്യായം വായിക്കാം

"അമ്പിളി അമ്മാവന് ഉവ്വാവുപറ്റി വയ്യാതിരിക്കില്ലേ അപ്പഴാ അമ്പിളി അമ്മായി വരണത് ആകാശത്ത് , അമ്പിളി അമ്മായിയാണോന്നറിയാന്‍ നമ്മള് സൂക്ഷിച്ചുനോക്കണം , കൈയിൽ കടലാസും പേനേം കാണും " പ്രിയ എ എസ് എഴുതുന്ന കുട്ടിക്കഥാ പരമ്പര "താരാവീട്" ആറാം അധ്യായം വായിക്കാം

author-image
Priya A S
New Update
priya as Stories

ചിത്രീകരണം: വിഷ്ണു റാം

അമ്പിളി അമ്മായീടെ മൂക്കുത്തി


കുഞ്ഞുണ്ണിക്ക്  പേടിയാണ് അമ്പിളി അമ്മാവനെ.

അങ്ങ് മുകളില്‍  താരാവീട്ടിലെ ആകാശത്താണ് അമ്പിളി അമ്മാവന്റെ താമസം.
ഇടയ്‌ക്കൊക്കെ കുഞ്ഞുണ്ണിയെ കാണാനായി താരാവീടിന്റെ  മേല്‍ക്കൂരയ്ക്ക് മുകളിലോ പറമ്പിലെ തെങ്ങോലയുടെ മറവിലോ ഒക്കെയായി അമ്പിളി അമ്മാവന്‍ പ്രത്യക്ഷപ്പെടും.

Advertisment

ചിലപ്പോ ഒരു മുഴുവന്‍ പപ്പടവട്ടത്തില്‍, വേറെ ചിലപ്പോ കുഞ്ഞുണ്ണി തിന്നു കഴിഞ്ഞ് ബാക്കിയായ പകുതിപപ്പടവട്ടത്തില്‍. വേറെ ചിലപ്പോഴോ കുഞ്ഞുണ്ണി , ഡെന്നിസ് പൂച്ചയ്ക്കിട്ടുകൊടുത്ത ഒരിത്തിരി പപ്പടരൂപത്തില്‍.

ആരാവും ആകാശത്തിലെ അമ്പിളിപപ്പടം തിന്നുതീര്‍ക്കുന്നത് ?

അവിടെയുണ്ടാവുമോ ഒരു കുസൃതി കുഞ്ഞുണ്ണിക്കുട്ടി?

അവിടെയുണ്ടാവുമോ ഒരു  കൊതിയന്‍  പൂച്ച?

പക്ഷേ എന്താണെന്നറിയില്ല കുഞ്ഞുണ്ണിക്ക് അമ്പിളി അമ്മാവനെ പേടിയാണ് കേട്ടോ .

അമ്പിളി അമ്മാവനെ കാണിയ്ക്കാനായി  അമ്മ അവനെ എളിയില്‍ എടുക്കുമ്പോഴൊക്കെ,  അമ്മയുടെ നെഞ്ചിലേക്ക് മുഖം കുനിച്ച് ഓട്ടക്കണ്ണിട്ടുനോക്കും  അവന്‍ ആ ആകാശരൂപനെ.

"എന്തിനാ പേടിക്കുന്നത്, അമ്പിളി അമ്മാവനെ ഏതെങ്കിലും കുട്ടി പേടിക്കുമോ? നമ്മള് വായിക്കണ കഥകളിലൊക്കെ അമ്പിളി അമ്മാവന്‍ നല്ല ഒരാളല്ലേ," എന്നൊക്കെ ചോദിച്ച് അവന്റെ തലയില്‍ തലോടും അമ്മ.

അപ്പോ അവനമ്മയെ ഒന്നു കൂടി ഇറുകെ പിടിക്കും.

 അത്ര പേടിയാണേല്‍ കുഞ്ഞ് മോളിലേക്ക് നോക്കണ്ട എന്നു പറയും അപ്പോഴമ്മ.

അമ്പിളിമാമ്മനെ പക്ഷേ നോക്കാതിരിക്കാന്‍ പറ്റില്ല കുഞ്ഞുണ്ണിക്ക്.

Advertisment

"ആഹാ ഇതെന്തൊരു കുഞ്ഞ്. അമ്പിളിമാമ്മനെ കാണുകയും വേണം , എന്നാലോ പേടിയാണ് താനും!" അമ്മ ചിരിക്കും.

അമ്പിളി അമ്മാവന്റെ വെളിച്ചത്തിന് നിലാവ് എന്നാണ് പറയുക.  നല്ല രസമാണ് നിലാവുകാണാന്‍.

എന്താണ് നിലാവിന്റെ നിറം എന്ന് കൃത്യമായി പറയാന്‍ കുഞ്ഞുണ്ണിയ്ക്കറിഞ്ഞുകൂടാ.
ചെലപ്പോ അതിന് പാല്‍നിറമാണ്.

ചെലപ്പോ അതിന്  അപ്പൂപ്പന്റെ ടോര്‍ച്ചിലെ വെളിച്ചത്തിന്റെ നിറമാണ്. ചെലപ്പോ മഴത്തുള്ളിയുടെ തിളക്കനിറമാണ്.

വേറെ ചിലപ്പോ കുഞ്ഞുണ്ണിയുടെ  വെള്ളി അരഞ്ഞാണത്തിന്റെ നിറമാണ്.
ചെലപ്പോ അത് അമ്മയുടെ ചിരിപോലെയുമാണ്.

ആനയെയും പൂച്ചയെയും പൂവിനെയും താരാവീടിനെയും, അമ്മയും  കുഞ്ഞുണ്ണിയും കൂടെയിരുന്ന് വരയ്ക്കാറുണ്ട്.

അമ്പിളി അമ്മാവനെ വരയ്ക്കാം നമുക്ക് എന്നു പറഞ്ഞു അമ്മ ഇന്നാളൊരുദിവസം.
ആദ്യം ഒരു  ഇളംമഞ്ഞ അമ്പിളിവട്ടം വരച്ചു കുഞ്ഞുണ്ണി.

പിന്നെ കറുത്ത ചായപ്പെന്‍സില്‍ കൊണ്ട് അമ്പിളിവട്ടത്തിന് കണ്ണും മൂക്കും വായും വരച്ചു.
അപ്പോ കുഞ്ഞുണ്ണിക്ക് തോന്നി അമ്പിളിക്കാതില്‍ ഓരോ നീളന്‍കമ്മലും കൂടി വരയ്ക്കാമെന്ന്.

അമ്മയുടെ നീളന്‍ കമ്മലുകളോര്‍ത്തോര്‍ത്ത് അമ്പിളിക്കമ്മല്‍ വരച്ചു കഴിഞ്ഞപ്പോ കുഞ്ഞുണ്ണിക്ക് തോന്നി ഒരു കല്ലുമാലയും കൂടി വരച്ചുചേര്‍ക്കാം കഴുത്തിലെന്ന്.

പല നിറത്തിലെ കല്ലുകളുള്ള ഒരു മാലയായിരുന്നു അത്. അമ്മയ്ക്ക് കുഞ്ഞുണ്ണിവരകളെല്ലാം ഇഷ്ടമായി എന്ന് അമ്മയുടെ ചിരി കുഞ്ഞുണ്ണിയോട് പറഞ്ഞു.

അമ്മ ചിരിയിലൂടെത്തന്നെ ചോദിച്ചു, ഇതൊരു അമ്പിളിഅമ്മായിയാണല്ലോ.
കുഞ്ഞുണ്ണി തലയാട്ടി.

priya as Stories


"നമ്മള് ആകാശത്ത് കാണണ മഞ്ഞവട്ടം അമ്പിളി അമ്മാവനാണോ അമ്പിളി അമ്മായിയാണോ," എന്നു ചോദിച്ചു അപ്പോഴമ്മ.

"അത് ചെലപ്പം അമ്പിളി അമ്മാവനായിരിക്കും, ചെലപ്പോ അമ്പിളി അമ്മായി ആയിരിക്കും," എന്ന് മറുപടി പറഞ്ഞു കുഞ്ഞുണ്ണി.

"എപ്പഴാ അമ്പിളി അമ്മായി വരണത്? എങ്ങനെയാ അത് അമ്പിളി അമ്മാവനാണോ അമ്പിളി അമ്മായിയാണോ എന്ന് നമ്മള് തിരിച്ചറിയുക? അമ്മ ചോദിച്ചു.

"അമ്പിളി അമ്മാവന് ആകാശത്തൂടെ മഴേം കൊണ്ട് നടന്നിട്ട് ഉവ്വാ വു പറ്റി ചിലപ്പോഴൊക്കെ  വയ്യാതെയാവാറില്ലേ, അപ്പോ മാത്രമേ അമ്പിളിയമ്മായി വരാറുള്ളു, ആ കാശത്ത്. അമ്പിളി അമ്മായിയാണോന്നറിയാന്‍ നമ്മള് സൂക്ഷിച്ചുനോക്കണം. കൈയിൽ കടലാസും പേനേം കാണും അമ്പിളിഅമ്മായിയാണേല്‍, പക്ഷേ കഥ കേള്‍ക്കാനിഷ്ടമുള്ള കുട്ടികൾ  നോക്കിയാലേ അത് കാണാന്‍പറ്റൂ..." എന്നായി കുഞ്ഞുണ്ണി.

"എന്തിനാ അമ്പിളി അമ്മായിക്ക് പേനേം കടലാസും?" അരീം ചേനേം വേഫറും കുക്കീസും കടേന്ന് വാങ്ങിയതിന്റെ കണക്ക് എഴുതിക്കൂട്ടാനാണോന്നായി അമ്മ .

"അമ്മ എന്തൊരു മണ്ടിയാ, അമ്പിളിഅമ്മായി അമ്മേപ്പോലെ കഥ-എഴുത്തുകാരിയല്ലേ, ആകാശത്ത് വന്നുനിന്നാലും കുട്ടികള്‍ക്കായി കഥ എഴുതിക്കൊടുക്കണ്ടേ, കുട്ടികൾ എന്നും രാത്രീല്  ഒറങ്ങാന്‍ കെടക്കുമ്പോ അവരുടെ അമ്മമാര് അവര്‍ക്ക് കഥ പറഞ്ഞുകൊടുക്കില്ലേ, അതെല്ലാം നമ്മുടെ ഈ അമ്പിളി അമ്മായി എഴുതിയ കഥാപ്പുസ്തകത്തീന്നല്ലേ," കുഞ്ഞുണ്ണി ഉണ്ടക്കണ്ണു വിടര്‍ത്തി വിസ്തരിച്ചു.

"ഓഹോ അമ്പിളി അമ്മായി കുഞ്ഞുങ്ങള്‍ക്കായി കഥ എഴുതുന്ന ആളാണല്ലേ? അതോര്‍ത്തില്ല അമ്മ," എന്ന് മുഖം നിറയെ ചിരിയായി അമ്മ.

"അമ്പിളി അമ്മാവനേ എപ്പഴും ജലദോഷഉവ്വാവു വരും, എന്നിട്ട് നിറയെ തുമ്മും  ഭയങ്കര ഒച്ചേല്, ചെല കുട്ടികള്‍ക്കേ അത് കേക്കാമ്പറ്റൂ, എനിക്ക് പറ്റും അതു കേള്‍ക്കാന്‍, അതല്ലേ എനിയ്ക്ക് അമ്പിളി അമ്മാവനെ പേടി. നമ്മടെ വീട്ടിലെ, ഒറക്കെ തുമ്മണ നമ്മടമ്മാവനെ എനിക്ക് പേടിയല്ലേ?" കുഞ്ഞുണ്ണി  അങ്ങനെ ചോദിച്ചപ്പോ അമ്മ ഗൗരവത്തിൽ തലയാട്ടി.

പിന്നെ അമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു, "ഏതായാലും അമ്മയ്ക്ക് ഒരു കുട്ടിക്കഥ എഴുതാനൊരു കാര്യമായല്ലോ."

കുഞ്ഞുണ്ണി പറഞ്ഞുകൊടുത്തതെല്ലാം ചേര്‍ത്ത് അമ്മ കുഞ്ഞിക്കഥ എഴുതുമോ, എഴുതിയാലത് എങ്ങനിരിക്കും? അങ്ങനെ ആലോചിച്ചാലോചിച്ച് കുഞ്ഞുണ്ണി അമ്പിളി അമ്മായിയ്ക്ക് ഒരു മൂക്കുത്തികൂടി വരച്ചുചേര്‍ക്കാന്‍ തുടങ്ങി.

അമ്മ കുറച്ചുനേരം കുഞ്ഞുണ്ണിയുടെ മിനുക്കുവരകള്‍ നോക്കിയിരുന്ന് പിന്നെ അകത്തേയ്ക്ക് പോയി.

ചെലപ്പോ കഥയെഴുതാനാവും അമ്മ പോയത്. അമ്പിളി അമ്മായീടെ മൂക്കുത്തി എന്നാവുമോ ആ കഥയുടെ പേര്?

Read More:  പ്രിയ എ എസ് എഴുതിയ മറ്റു കഥകള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Priya As Stories Children

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: