/indian-express-malayalam/media/media_files/2025/03/31/f6Bek6qvalPOMUyZ58t2.jpg)
ചിത്രീകരണം : വിഷ്ണു റാം
നീലത്തുമ്പി നീലാഞ്ജനത്തുമ്പി
നീലത്തുമ്പി താരാവീട്ടിലെ സ്ഥിരം ആളാണ്.
തുറന്നു കിടക്കുന്ന ജനലിലൂടെയാണ് അതെപ്പോഴും വരിക.
നീലാഞ്ജന എന്നാണതിന്റെ പേര്.
അതിന്റെ പേര് കുഞ്ഞുണ്ണിക്ക് പറഞ്ഞുകൊടുത്തത് ഒരു കറുത്തവണ്ടാണ്.
ആ വണ്ടാണ് ആ തുമ്പിപ്പെണ്ണിനെ താരാവീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്.
ഇപ്പോ കുറേനാളായി ആ വണ്ടിനെ കാണാനില്ല.
കുഞ്ഞുണ്ണിയുടെ അച്ഛനെപ്പോലെ ഏതെങ്കിലും കോടതിയില്‍ കേസ് വാദിക്കാന്‍ പോയതാവും.
വണ്ടത്താന്‍ ഒരു വക്കീലാണ്.
അവന്റെ വക്കീല്‍ക്കോട്ടാണ് അവന്റെ കറുപ്പുനിറം.
അവന്‍ വണ്ടുകോടതിയിലാണ് വാദിക്കാന്‍ പോവുക.
പക്ഷേ അവന്റെ പേരു ചോദിക്കാന്‍ കുഞ്ഞുണ്ണി മറന്നുപോയി.
ഒരു കുഞ്ഞുമഞ്ഞപ്പാവാടയും ചുവപ്പു ടോപ്പുമിട്ടാല്‍ നീലത്തുമ്പിക്ക് നല്ല ഭംഗിയുണ്ടാവും.
അമ്മയോട് അങ്ങനെയൊന്ന് തയ്ച്ചുതരാന്‍ കുഞ്ഞുണ്ണി പറഞ്ഞിട്ടുണ്ട്.
അമ്മയ്ക്ക് ഓഫീസില്‍ പോകണ്ടാത്ത ഒരു ദിവസം അങ്ങനൊന്ന് തയ്ച്ചു വയ്ക്കാമെന്ന് അമ്മ പറഞ്ഞിട്ടുണ്ട്.
ഒരു രസം കേള്‍ക്കണോ, ഒരു ദിവസം നീലാഞ്ജനത്തുമ്പി അമ്മയുടെ ഒപ്പം കാറില്‍ കേറിയിരുന്നു.
സ്റ്റിയറിങ്ങിന്റെ നടുക്ക് പറ്റിച്ചേര്‍ന്നിരിപ്പായിരുന്നു അവള്‍.
അവളെ കണ്ടതും അമ്മ അവളെ കൈയിലെടുത്തു പുറത്തേക്ക് പറത്തിവിട്ടു.
"നീ പോയി കുഞ്ഞുണ്ണീടെ കൂടെ കളിക്ക്," അമ്മ പറഞ്ഞു.
അവളുണ്ടോ അതു വല്ലതും അനുസരിക്കുന്നു.
അവള്‍ വീണ്ടും പറന്നുകയറി കാറിനകത്തേക്ക്.
ഇത്തവണ അവള്‍ അമ്മയുടെ നീളന്‍കമ്മലിലാണ് പറന്നിരുന്നത്.
അമ്മ അവളോട് വര്‍ത്തമാനം പറയുന്നതിനൊപ്പം അമ്മയുടെ കമ്മലാടിരസിച്ചു .
കമ്മലാട്ടത്തിനൊപ്പം അവളും ആടിരസിച്ചു.
അമ്മ പറഞ്ഞു, "ഞാന്‍ ഒബറോണ്‍ മാളില്‍ ഒരു സിനിമയ്ക്കു പോവുകയാണ്.
നിന്നെ ഞാന്‍ കാറിലിരുത്തീട്ടുപോയാലേ നീ ശ്വാസം മുട്ടി ചത്തുപോകും. സിനിമാതീയറ്ററിലിരുത്തിയാലേ, എ സി യുടെ തണുപ്പുകൊണ്ടു നിന്റെ ചിറകൊക്കെ മരവിച്ചുപോകും."
നീലാഞ്ജനത്തുമ്പി അമ്മ പറഞ്ഞതൊന്നും കേള്‍ക്കാത്തമട്ടില്‍ ഒരു കൂസലുമില്ലാതെ ഇരുന്നു .
അമ്മയ്ക്ക് റ്റാറ്റാ പറയാനായി അമ്മൂമ്മയുടെ ഒക്കത്തിരുന്നുവന്ന കുഞ്ഞുണ്ണിയെ നോക്കി അമ്മ പറഞ്ഞു " നിന്റെയീ നീലാഞ്ജനത്തുമ്പി പറഞ്ഞാകേക്കണില്ലേയ്..."
കുഞ്ഞുണ്ണി കാറിനകത്തേയ്ക്ക് കൈ നീട്ടി പറഞ്ഞു "താ അവളെ."
അമ്മ അവന്റെ ഉള്ളം കൈയിലേയ്ക്ക് തുമ്പിപ്പെണ്ണിനെ വച്ചുകൊടുത്തു.
അമ്മയുടെ കാറ് ഗേറ്റും കടന്ന് പോയിമറഞ്ഞപ്പോ, അമ്മൂമ്മ കുഞ്ഞുണ്ണിയെ നിലത്തുനിര്‍ത്തി.
നീലത്തുമ്പി അവന്റെ കൈയില്‍നിന്ന് പറന്നുയര്‍ന്ന് അവന്റെ ഉടുപ്പിന്റെ പോക്കറ്റിലേക്ക് കയറി തലമാത്രം പുറത്തുകാണിച്ചിരിപ്പായി.
"അമ്പടി കുസൃതീ , അമ്പടി വിരുതത്തി..." എന്നു വിളിച്ചു കുഞ്ഞുണ്ണി അവളെ.
പല്ലി തിന്നുമോന്ന് പേടിച്ചാവും അവള്‍ കാറില്‍ കേറിയതും കുഞ്ഞുണ്ണിപ്പോക്കറ്റില്‍ ഇങ്ങനെ ഇരിപ്പായതും എന്നു പറഞ്ഞു അമ്മൂമ്മ.
അതെയോന്ന് ചോദിച്ച് അവളെ, അവളുടെ ചിറകില്‍ പതുക്കെ പിടിച്ച് തൂക്കി പോക്കറ്റില്‍ നിന്ന് പുറത്തെടുത്തു കുഞ്ഞുണ്ണി.
എന്നിട്ടവന്‍ അവളെ ഒരു വെള്ള മന്ദാരപ്പൂവിലിരുത്തി.
അവളവിടെ ഇരിക്കുന്നതു കണ്ടാണെന്നു തോന്നുന്നു ആ കറുത്ത വണ്ട്. പറന്നെത്തി.
"കുറേനാളായല്ലോ കണ്ടിട്ട്...?" എന്നു പറഞ്ഞു അവനെ തന്റെ നീലച്ചിറകുകൊണ്ട് കെട്ടിപ്പിടിച്ചു നീലത്തുമ്പി.
വണ്ടുകോടതിയിലെ പണിയൊക്കെ കഴിഞ്ഞ് വരുന്നതുകൊണ്ടാവും അവനൊരു ക്ഷീണമുണ്ടായിരുന്നു.
അവനവളോട് ഇടയ്ക്കിടെ മിണ്ടികൊണ്ട് മന്ദാരപ്പൂവില്‍ നിന്ന് കുമുകുമാ എന്ന് തേന്‍കുടിച്ചു ക്ഷീണം മാറ്റി.
അപ്പോ കുഞ്ഞുണ്ണി അവനോട് പേരുചോദിച്ചു.
വണ്ടത്താന്‍ പറഞ്ഞു "കരുണാകരന്‍."
"നല്ല പേരാണ് കേട്ടോ , കരുണാകരന്‍ വക്കീലേ..." കുഞ്ഞുണ്ണി പറഞ്ഞു.
"കണ്ണൊക്കെ അടഞ്ഞുപോകുന്നുണ്ടല്ലോ, കുഞ്ഞുണ്ണിക്ക് ഉറക്കം വരുന്നുണ്ട് അല്ലേ?" എന്നു ചോദിച്ച് അമ്മൂമ്മ അവനെ പിന്നെയുമെടുത്തു.
തോളത്തുകിടത്തി അമ്മൂമ്മ പാടി "തുമ്പീ, തുമ്പീ വാവാ ഈ തുമ്പത്തണലില്‍ വാവാ..."
നമ്മുടെ വണ്ടത്താനും തുമ്പിപ്പെണ്ണും കൂടി ഉറങ്ങിപ്പോയി അമ്മൂമ്മേടെ പാട്ടുകേട്ട്.
അവരുറങ്ങട്ടെ അല്ലേ?
Read More: പ്രിയ എ എസ് എഴുതിയ മറ്റു കഥകള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.