scorecardresearch

താരാവീട്: പ്രിയ എ എസ് എഴുതുന്ന കുട്ടിക്കഥാ പരമ്പര- അധ്യായം 20

"മണ്ണപ്പം ചെലപ്പം പുഡ്ഡിങ് ആവും, ചെലപ്പോ ഹല്‍വ ആകും, ചെലപ്പോ കേക്ക് ആവും, ചെലപ്പോ കട്‌ലറ്റ് ആവും, ചെലപ്പോ പിസയാകും" പ്രിയ എ എസ് എഴുതുന്ന കുട്ടിക്കഥാ പരമ്പരയുടെ അധ്യായം 20 വായിക്കാം

"മണ്ണപ്പം ചെലപ്പം പുഡ്ഡിങ് ആവും, ചെലപ്പോ ഹല്‍വ ആകും, ചെലപ്പോ കേക്ക് ആവും, ചെലപ്പോ കട്‌ലറ്റ് ആവും, ചെലപ്പോ പിസയാകും" പ്രിയ എ എസ് എഴുതുന്ന കുട്ടിക്കഥാ പരമ്പരയുടെ അധ്യായം 20 വായിക്കാം

author-image
Priya A S
New Update
priya as Stories

ചിത്രീകരണം: വിഷ്ണു റാം

മണ്ണില്‍ക്കുഞ്ഞുണ്ണിയുടെ നിധിവേട്ട

കുഞ്ഞുണ്ണി മുറ്റത്തിരുന്ന് ചിരട്ടകൊണ്ട് മണ്ണ് കുഴിക്കുകയായിരുന്നു. ബീച്ചിലെപ്പോലെ പഞ്ചാരമണ്ണാണ് താരാവീട്ടിൽ. പഞ്ചാരമണ്ണ് കുഴിക്കാനേ... നല്ല എളുപ്പമാണ്.

Advertisment

കുഴിച്ചു കൂട്ടിവച്ച മണ്ണിലേക്ക് വേറൊരു ചിരട്ടേല് വെള്ളമെടുത്ത് തളിച്ച് ഒന്നു കുഴയ്ക്കണം. എന്നിട്ടത് ചിരട്ടേലേക്ക് തട്ടിപ്പൊത്തി നിറച്ചുവച്ച് കമഴ്ത്തണം.
അപ്പോ മണ്ണപ്പം റെഡിയാകും.

അരിപ്പൊടിയിലേക്ക് വെള്ളം തളിച്ചുകുഴച്ച് അമ്മ പ്രഷര്‍കുക്കറിന്റെ മോളിക്കൂടി വരണ ആവിയില്‍ വച്ച്  ഉണ്ടാക്കണ ചിരട്ടപ്പുട്ടില്ലേ... അത് തോറ്റുപോകും കുഞ്ഞുണ്ണീടെ മണ്ണപ്പത്തിന്റെ മിനുമിനാ... ഭംഗിക്കുമുമ്പില്‍.

മണ്ണപ്പം ചെലപ്പം പുഡ്ഡിങ് ആവും, ചെലപ്പോ ഹല്‍വ ആകും, ചെലപ്പോ കേക്ക് ആവും, ചെലപ്പോ കട്‌ലറ്റ് ആവും, ചെലപ്പോ പിസയാകും.

Advertisment

ചെറിയാണെന്നു സങ്കൽപ്പിച്ച് മള്‍ബറിപ്പഴമോ ഇലഞ്ഞിപ്പൂവോ ഒക്കെ കൊണ്ട് കുഞ്ഞുണ്ണിയത് അലങ്കരിക്കുമ്പോ പേരില്ലാ അണ്ണാരക്കണ്ണന്‍ ഞാവല്‍ച്ചില്ലയിലൂടെ ഊര്‍ന്നു താഴേക്കിറങ്ങി ഇതെന്താ കുഞ്ഞുണ്ണ്യേ... എനിക്ക് തിന്നാന്‍ പറ്റണതു വല്ലതുമാണോ? എന്നു ചോദിക്കും പോലെ 'ചില്‍... ചില്‍...' എന്നുമ്പറഞ്ഞ് അവിടൊക്കെക്കൂടെ ഓടിനടക്കും.

കുഞ്ഞുണ്ണീ... നീയൊരു കുക്കിങ് എക്‌സ്‌പേര്‍ട്ട് ആയാൽ ഈ അടുക്കളേന്ന് ഞങ്ങൾ രക്ഷപ്പെടും എന്നു പറയും അമ്മയും അമ്മൂമ്മയും.

കഥയെഴുതാന്‍ ഇരിക്കണതു കൊണ്ട് അമ്മ ദിവസത്തില്‍ വല്ലപ്പോഴുമേ അടുക്കളയിൽ കയറൂ. കയറിയാല്‍ത്തന്നെ വല്ല ഫ്രൂട്‌സും എടുത്തുതിന്നുകൊണ്ട് തിരിച്ചുപോരും.

നീ പണ്ടുപണ്ട് വല്ല കിളിയുമായിരുന്നിരിക്കും എന്നമ്മൂമ്മ കളിയാക്കും അമ്മയെ.

കാക്കക്കിളിയോ, പൊന്മാന്‍കിളിയോ, ഓലേഞ്ഞാലിക്കിളിയോ, തേന്‍കുരുവിക്കിളിയോ, എന്തായിരുന്നിരിക്കും അമ്മ പണ്ടുപണ്ട്? എന്നാലോചിച്ച് കുഞ്ഞുണ്ണിക്ക് ചിരിവരും അപ്പോ.

അമ്മൂമ്മയാണെങ്കിലോ കൂടുതല്‍ സമയവും അടുക്കളയില്‍ തന്നെയാണ്. ഓരോ ആഹാരമുണ്ടാക്കലും പാത്രം കഴുകലും തന്നെ പണി. എന്നിട്ടോ... അടുക്കളയില്‍ നിന്നുനിന്ന് കാലില്‍ നീരുമുണ്ട്.

ശ്രുതിക്കുഞ്ഞമ്മയുടെ കല്യാണത്തിനു വേണ്ടി ഒന്നുരണ്ടുദിവസം ഹോട്ടലില്‍ താമസിച്ചപ്പോ കുഞ്ഞുണ്ണി അമ്മൂമ്മയോടും അമ്മയോടും പറഞ്ഞ രഹസ്യക്കാര്യം കേക്കണോ?

"നമുക്കേ... ഇനി ഈ ഹോട്ടലില്‍ താമസിച്ചാമതി. നമ്മൾ പറയണ ഫുഡ് ഇവര്  കൊണ്ടുത്തരണ കണ്ടില്ലേ. പിന്നെന്തിനാ അമ്മൂമ്മേടെ കാലിൽ നീര് വരുത്തണ അടുക്കളയുള്ള താരാവീട്ടിലേക്ക് നമ്മൾ തിരിച്ചുപോണത്?"

"ഹോട്ടലിൽ എന്നും താമസിച്ചാൽ കൊറേ... കൊറേ... പൈസയാകും. നമ്മടെ കൈയിലെ പൈസയൊക്കെ തീര്‍ന്നുപോകും" എന്നു പറഞ്ഞു ആ കുഞ്ഞുണ്ണിരഹസ്യം കേട്ടപ്പോ അമ്മ. 

"എന്നാലും കുഞ്ഞ് അമ്മൂമ്മയുടെ കാലിലെ നീര് മാറണമെന്ന് വിചാരിച്ചല്ലോ, അതു മതി അമ്മൂമ്മയ്ക്ക്" എന്നമ്മൂമ്മ കുഞ്ഞുണ്ണിയുടെ തലയില്‍ തലോടി.

കുഞ്ഞുണ്ണി കുക്കിങ് എക്‌സ്‌പേര്‍ട്ട് ആവുമോ? ഞങ്ങള്‍ രണ്ടു പെണ്ണുങ്ങളേയും അടുക്കളയില്‍ നിന്ന് രക്ഷിക്കുമോ? എന്നായി പിന്നെ അമ്മേം അമ്മൂമ്മേം.

"ഞാനേ... അപ്പൂപ്പനെപ്പോലെ തൂമ്പായെടുത്ത് തെങ്ങിന് തടമെടുക്കാനും വാഴക്കുലയ്ക്ക് താങ്ങുകൊടുക്കാനും ചേമ്പു നടാനുമാ... പോണത്" എന്നായി അപ്പോ കുഞ്ഞുണ്ണി.

ചിലപ്പോ അങ്ങനെയൊക്കെ മണ്ണിളക്കുമ്പോ കഥേലെപ്പോലെ നിധി കിട്ടും നമക്ക്. നിധീന്നു വച്ചാ കൊറെ പൈസയല്ലേ... അപ്പോപ്പിന്നെ നമുക്ക് എന്നും ഹോട്ടലില്‍ താമസിക്കാം എന്നായി പിന്നെ കുഞ്ഞുണ്ണിസ്വപ്നം.

priya as Stories

"മണ്ണപ്പത്തിനുള്ള മണ്ണ് കുഴിച്ചെടുക്കണ കുഴി ചെറുതല്ലെ, അതീന്ന് നിധിയൊന്നും കിട്ടില്ല" എന്നു കൂടി പറഞ്ഞു കുഞ്ഞുണ്ണി.

പിന്നെ എല്ലാരും കണ്ടത് വലിയ കുഴി കുഴിക്കാനായി മുറ്റത്തേക്കോടുന്ന കുഞ്ഞുണ്ണിയെയാണ്.

ഇത്തിരിപ്പോന്ന ചിരട്ടകൊണ്ട് നിധിക്കായി മണ്ണു കുഴിച്ചു കുഞ്ഞുണ്ണി കഷ്ടപ്പെടുന്നതു കണ്ട് പാവം തോന്നി അമ്മൂമ്മയ്ക്ക്. പണ്ടു പണ്ടത്തെ കൂറ്റന്‍ ഓട്ടുരുളിയിലെ കൂറ്റന്‍ ഓട്ടുചട്ടുകമെടുത്തു കൊടുത്തു കുഞ്ഞുണ്ണിക്കമ്മൂമ്മ.

അതോടെ കുഞ്ഞുണ്ണിക്ക് മണ്ണു കുഴിക്കല്‍ ഈസിയായി. അതോടെ മണ്ണു കുഴിച്ചു രസിച്ചു രസിച്ചു ബാക്കിയെല്ലാ കളികളും മറന്നു കളഞ്ഞ് മണ്ണില്‍ത്തന്നെയായി കുഞ്ഞുണ്ണി ഏതു നേരവും എന്നു പറഞ്ഞാമതിയല്ലോ.

തലവഴി മണ്ണാണല്ലോ, ഇതിനെ ഞാനെങ്ങനെയാ ഒന്ന് കുളിപ്പിച്ചു വൃത്തിയാക്കുക എന്ന് ഒരെത്തും പിടിയും കിട്ടാതായി അമ്മയ്ക്ക്.

എണീറ്റു നില്‍ക്കുക, നീളന്‍ ചട്ടുകം കൊണ്ട് മണ്ണ് കുഴിച്ചു തെറിപ്പിച്ചു നാലുവശത്തേക്കും വീഴ്ത്തുക, ആഹഹാ... എന്തു രസം എന്ന മട്ടില്‍ നില്‍ക്കുക. മണ്ണുരസത്തില്‍ മുഴുകി നില്‍ക്കുന്ന കുഞ്ഞുണ്ണിയെ കണ്ട് വഴിയിലൂടെ പോകുന്ന ഓരോരുത്തരായി താരാവീട്ടിലേക്ക് കയറിവരലായി പിന്നെ.

നിധി കിട്ടുമ്പോ പറയണേ... നിധീന്ന് ഇത്തിരി ഞങ്ങക്കും കൂടിത്തരണേ... എന്നൊക്കെ പറഞ്ഞു പാല്‍ക്കാരിയമ്മയും തട്ടുകടമാമ്മനും മത്തപ്പൂ വില്‍ക്കണയാളും.

"തരാം... തരാം...." എന്നു പറഞ്ഞു കുഞ്ഞുണ്ണി.

എന്തായി കുഴി കുഴിക്കല്‍? എന്തായി, നിധി കാണാറായോ? വല്ല സഹായവും വേണോ? എന്നു ചോദിക്കാതെ ആരും താരാവീടിന്റെ മുന്നിലൂടെയുള്ള വഴിയിലൂടെ പോകാറില്ല ഇപ്പോ.

പതുക്കെപ്പതുക്കെ കുഴിയ്ക്കാഴമായി, വീതിയായി, കുഞ്ഞുണ്ണിക്കിറങ്ങിയിരിക്കാന്‍ വേണ്ടത്ര വിസ്താരത്തിലായി.

"ഇത് കിണറോളമായല്ലേ, ഇനി വേറെ കിണർ കുഴിക്കണ്ടല്ലോ" എന്നു പറഞ്ഞു കുഴി കാണാനായി വഴീന്നു കേറി വന്ന ആരോ.  

"ഇത് മഴവെള്ളസംഭരണിയോളം വലുതായി ഒന്നാന്തരം ചതുരത്തിലായല്ലോ" എന്നായി വീട് പണിത പീറ്റര്‍മാമന്‍.

ഒരു ദിവസം കുഴിച്ചപ്പോ, ഒരു പഴുതാര പാഞ്ഞുപോയി കുഞ്ഞുണ്ണീടടുത്തൂടെ. അത് നിന്നെ കടിച്ചിരുന്നെങ്കിലോ എന്ന് ഒരു വഴിമാമന്‍ കണ്ണുരുട്ടി.

"താര എന്നു പേരുള്ള വീട്ടിലല്ലാതെ വേറെവിടെയാ പഴുതാര വരിക" എന്നായി കുഞ്ഞുണ്ണി.

"താരേം... പഴുതാരേം... അതു കൊള്ളാമല്ലോ"  എന്നു പറഞ്ഞ് അപ്പൂപ്പന്‍ തലയില്‍ കൈവച്ചു ചിരിച്ചു.

വേറൊരു ദിവസം കുഴിച്ചപ്പോ കുറേ മുട്ട കിട്ടി. പാമ്പിന്റെ മുട്ടയാണു തൊടരുതെന്നു പറഞ്ഞ് ആ വഴി വന്ന തട്ടുകടമാമന്‍ അതെടുത്തോണ്ടു പോയി ദൂരെയെങ്ങാണ്ട് കളഞ്ഞു.

"അത് ദിനോസറിന്റെ മുട്ടയാണെന്നേ... അതു വിരിഞ്ഞിരുന്നെങ്കില് നമക്ക് ഒരു ദിനോസര്‍ 'സൂ' ഉണ്ടാക്കാമായിരുന്നു" എന്ന് കുഞ്ഞുണ്ണി പറഞ്ഞപ്പോ അമ്മ കണ്ണുരുട്ടി, മത്തപ്പൂമാമന്‍ ഉറക്കെ ചിരിച്ചു.

കുഴി മതിലിന്റരിക് വരെയായി, മതിലെങ്ങാന്‍ ഇളകി കുഞ്ഞുണ്ണീടെ തലേല് വീണാലോ എന്നൊക്കെ പേടിയായി പിന്നെ അമ്മയ്ക്ക്.

"ഇനി മതി കുഴിച്ചത്, കുഞ്ഞുണ്ണി ഇറങ്ങിയിരുന്നാല്‍ കാണാത്തത്ര ആഴമായി. ഇങ്ങനെ പോയാല്‍ അപകടമാണ്" എന്നായി അപ്പൂപ്പന്‍.

"നിധി കിട്ടാന്‍ ഇനീം കുറേ... കുറേ... കുഴിക്കണം" എന്നായി കുഴി കുഴിച്ച് വേദനയായ കൈ തിരുമ്മിക്കൊണ്ട് കുഞ്ഞുണ്ണി.

ആദ്യം നിധി കാക്കുന്ന ഭൂതങ്ങളെ കാണും, പിന്നെപ്പിന്നെയാണ് നിധി എന്നൊക്കെ കുഞ്ഞുണ്ണി പറഞ്ഞത് ആരു കേക്കാന്‍? പിന്നെ ഉണ്ടായത് എന്താണെന്നോ?

കുഞ്ഞുണ്ണിയും അമ്മേമെല്ലാരും കൂടി മൂന്നാറ് പോയി. മൂന്നാറു പോയപ്പോ നീലക്കുറിഞ്ഞീപ്പൂവു കണ്ട് വരയാടിനെ കണ്ട്  തേയിലപ്പച്ചമലകള്‍ കണ്ട് കുറേ ദിവസം ഹോട്ടലില്‍ താമസിച്ചു അവരെല്ലാം.

അടുക്കളയില്‍ നില്‍ക്കണ്ടാത്ത, പറഞ്ഞാല്‍ പറഞ്ഞ ഫുഡ് കൊണ്ടുവരണ ആളുകളുള്ള ഹോട്ടലില്‍ താമസിച്ച് അമ്മൂമ്മേടെ കാലിലെ നീരൊക്കെ മാറിപ്പോയതു കണ്ട് കുഞ്ഞുണ്ണിക്ക് സന്തോഷമായി.

പക്ഷേ തിരിച്ചു താരാവീട്ടിൽ  വന്നപ്പോഴോ, കുഞ്ഞുണ്ണി കുഴിച്ച കുഴി കാണാനില്ല. കുഞ്ഞുണ്ണി കുഴി കുഴിക്കാന്‍ കൊണ്ടുനടന്ന ചട്ടുകോം കാണാനില്ല.
കുഞ്ഞുണ്ണി കരച്ചിലോടു കരച്ചിലായി.

കുഞ്ഞുണ്ണി കുഴി കുഴിച്ച് നിധി എടുത്തോണ്ടുപോയാലോ എന്നു വിചാരിച്ച് ഭൂതങ്ങൾ കുഴി നിരത്തിയതാണ് എന്നു പറഞ്ഞു അപ്പൂപ്പന്‍ .
ഭൂതങ്ങൾ  അവരുടെ പായസമിളക്കാന്‍ കൊണ്ടു പോയതാവും ചട്ടുകം എന്നു പറഞ്ഞു അമ്മൂമ്മ.

പാല്‍ക്കാരിയമ്മയും മത്തപ്പൂമാമനും തട്ടുകടമാമനും ഇപ്പോഴും ഒന്നു നില്‍ക്കും താരാവീടിന്റെ ഗേറ്റിലെത്തുമ്പോള്‍, നമ്മടെ കുഴീം നിധീം ഒക്കെ എന്ത്യേ കുഞ്ഞുണ്ണീന്ന്? വിളിച്ചു ചോദിക്കും അവരെല്ലാം.

അതൊക്കെ കഥേലേക്ക്, അമ്മ എഴുതണ കഥേലേക്ക് കേറിപ്പോയെന്നു പറയും കുഞ്ഞുണ്ണി.

അതേയ്, അമ്മ കഥ എഴുതി കൊണ്ടിരിക്കുമ്പോ ഒരു കിലുകിലാ... ശബ്ദം കേള്‍ക്കാറില്ലേ? അതമ്മേടെ പാദസരത്തിന്റെയൊന്നുമല്ല, നിധി കിലുങ്ങുന്ന ശബ്ദമാണെന്നേയ്.

ഒന്നു ശ്രദ്ധിച്ചുനോക്കിയേ കേക്കണില്ലേന്ന്.

Read More:  പ്രിയ എ എസ് എഴുതിയ മറ്റു കഥകള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Children Priya As Stories

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: