scorecardresearch

താരാവീട്: പ്രിയ എ എസ് എഴുതുന്ന കുട്ടിക്കഥാ പരമ്പര-അധ്യായം രണ്ട്

"അപ്പോ ഓലേഞ്ഞാലി, തെങ്ങിനോട് തൊട്ടടുത്തുള്ള മാവിലേക്ക് പറന്നിറങ്ങി. എന്നിട്ട് കുഞ്ഞുണ്ണിയെ നോക്കിയിരിപ്പായി." താരാവീട്: പ്രിയ എ എസ് എഴുതുന്ന കുട്ടിക്കഥാ പരമ്പര-രണ്ടാം അധ്യായം വായിക്കാം

"അപ്പോ ഓലേഞ്ഞാലി, തെങ്ങിനോട് തൊട്ടടുത്തുള്ള മാവിലേക്ക് പറന്നിറങ്ങി. എന്നിട്ട് കുഞ്ഞുണ്ണിയെ നോക്കിയിരിപ്പായി." താരാവീട്: പ്രിയ എ എസ് എഴുതുന്ന കുട്ടിക്കഥാ പരമ്പര-രണ്ടാം അധ്യായം വായിക്കാം

author-image
Priya A S
New Update
priya as Stories

ചിത്രീകരണം : വിഷ്ണു റാം

ചാരുകസേരയും ഒരു  പഞ്ഞിയുമ്മയും

അപ്പൂപ്പന്‍  താരാവീട്ടിലെ ചാരുകസേരയില്‍ ചാരിക്കിടപ്പായിരുന്നു .

അപ്പൂപ്പന്റെ മടിയിലേക്ക് കയറി  അപ്പൂപ്പനെ ചാരികിടപ്പായി കുഞ്ഞുണ്ണി.

അവര് രണ്ടാളും കൂടിയങ്ങനെ ഇരുന്ന് ഓരോരോ കാഴ്ചകള്‍ കണ്ടു.

കാറ്റത്തിളകി, തെങ്ങോല ഡാന്‍സ് കളിയ്ക്കുന്നത് അപ്പൂപ്പനവനെ ചൂണ്ടിക്കാണിച്ചു കൊടുത്തു.

Advertisment

തെങ്ങോലത്തുമ്പത്ത് തൂങ്ങിക്കിടന്നാടുന്ന ഒരു കിളിയെയും അപ്പൂപ്പനവന് കാണിച്ചുകൊടുത്തു.

കുഞ്ഞുണ്ണി ചോദിച്ചു, "അവന്റെ പേരെന്താ?"

അപ്പൂപ്പന്‍ പറഞ്ഞു, "ഓലേഞ്ഞാലി."

അപ്പോ ഓലേഞ്ഞാലി, തെങ്ങിനോട് തൊട്ടടുത്തുള്ള മാവിലേക്ക് പറന്നിറങ്ങി.
എന്നിട്ട് കുഞ്ഞുണ്ണിയെ നോക്കിയിരിപ്പായി.

കുഞ്ഞുണ്ണി അവനെ  "ഹലോ, ഹലോ..." എന്നു പറഞ്ഞ് കൈവീശിക്കാണിച്ചു.

"ഈ ഓലേഞ്ഞാലിയുടെ പേരെന്താ, കുഞ്ഞുണ്ണി ചോദിച്ചു.

അപ്പൂപ്പന്‍ പറഞ്ഞു "കുഞ്ചാക്കോ ബോബൻ."

കുഞ്ചാക്കോ ബോബനെ  ശരിക്ക് കാണാനായി കുഞ്ഞുണ്ണി, അപ്പൂപ്പന്റെ മടിയില്‍ എണീറ്റുനിന്നു.

Advertisment

അവന്‍ വിളിച്ചു ചോദിച്ചു, "കുഞ്ചാക്കോ ബോബാ, നിനക്ക് സുഖമാണോ?"

കുഞ്ചാക്കോ ബോബൻ മാവിന്റെ ചില്ലയിലേക്ക് കുനിഞ്ഞ് എന്തോ കൊത്തിത്തിന്നു.

"വല്ല പ്രാണിയേയുമായിരിക്കും," അപ്പൂപ്പന്‍ പറഞ്ഞു.

priya as Stories

അതിനിടെ ഒരു കാക്കവന്ന് ഓലേഞ്ഞാലിക്കിട്ടൊരു കൊത്ത്.

നിര്‍ത്താതെ ചിലച്ച് കുഞ്ചാക്കോ ബോബൻ ഒറ്റപ്പറന്നുപോക്ക്.

"അവനെന്താവും ചിലച്ചുപറഞ്ഞത്?" അപ്പൂപ്പന്‍ കുഞ്ഞുണ്ണിയോട്  ചോദിച്ചു.

"ഞാനൊരു പാവമല്ലേ, എന്നോടിങ്ങനെ ചെയ്യാമോ കാക്കച്ചീ. കാക്കച്ചിയോട്  അങ്ങനെ ചോദിച്ചതാവും കുഞ്ചാക്കോ ബോബൻ," കുഞ്ഞുണ്ണി പറഞ്ഞു.

"കാക്കച്ചിയുടെ പേര് ദേവയാനി എന്നാണ്" കുഞ്ഞുണ്ണി പറഞ്ഞു.

ആ പേരിഷ്ടപ്പെടാത്ത മട്ടില്‍ കാക്കച്ചി കുഞ്ഞുണ്ണിയെ ഒന്നു ചരിഞ്ഞു നോക്കി. എന്നിട്ടവനെ, ഇതെന്തൊരു മോശം പേര് എന്നു ദേഷ്യപ്പെടുമ്പോലെ മൂന്നാലുതവണ 'കാ കാ' എന്നു പറഞ്ഞു.

കുഞ്ഞുണ്ണിക്കതു കേട്ടതും സങ്കടം വന്നു .

"കാക്കച്ചിയെന്നോട് , പോടാ കുഞ്ഞുണ്ണി എന്നു പറഞ്ഞു അപ്പൂപ്പാ," കുഞ്ഞുണ്ണി കരഞ്ഞുകൊണ്ട് അപ്പൂപ്പന്റെ തോളത്തുകിടപ്പായി.

സാരമില്ല, സാരമില്ല എന്നവന്റെ പുറത്തു താളമിട്ടുകൊണ്ട്   അവനെയുമെടുത്തു നടന്നു അപ്പൂപ്പന്‍.

കുഞ്ഞുണ്ണി അങ്ങനെ കിടന്ന് ഉറങ്ങിപ്പോയി.

പാവം എന്നു പറഞ്ഞ് അപ്പൂപ്പനവന് ഒരു ഉമ്മ കൊടുത്തു.

ആ ഉമ്മയുടെ പേരാണ് പഞ്ഞിയുമ്മ.

Read More:  പ്രിയ എ എസ് എഴുതിയ മറ്റു കഥകള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Priya As Children

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: