scorecardresearch

താരാവീട്: പ്രിയ എ എസ് എഴുതുന്ന കുട്ടിക്കഥാ പരമ്പര- അധ്യായം 19

"കൈയിലിരുന്ന കമ്പു കൊണ്ട് മണ്ണില്‍ ഒരു കുഴിയെടുത്ത് അതിലേക്കു മീനിനെ തോണ്ടിനീക്കിവച്ചു കുഞ്ഞുണ്ണി" പ്രിയ എ എസ് എഴുതുന്ന കുട്ടിക്കഥാ പരമ്പരയുടെ അധ്യായം 19 വായിക്കാം

"കൈയിലിരുന്ന കമ്പു കൊണ്ട് മണ്ണില്‍ ഒരു കുഴിയെടുത്ത് അതിലേക്കു മീനിനെ തോണ്ടിനീക്കിവച്ചു കുഞ്ഞുണ്ണി" പ്രിയ എ എസ് എഴുതുന്ന കുട്ടിക്കഥാ പരമ്പരയുടെ അധ്യായം 19 വായിക്കാം

author-image
Priya A S
New Update
priya as Stories

ചിത്രീകരണം: വിഷ്ണു റാം

ഗോമായുമേശയും നീലപ്പൊന്മാന്‍വിശേഷങ്ങളും

കുഞ്ഞുണ്ണി രാവിലെ ഉണര്‍ന്നു കണ്ണും തിരുമ്മി പുറത്തേക്കു വന്നപ്പോഴുണ്ട് സൂര്യനതാ... കുഞ്ഞുണ്ണിയുടെ കണ്ണില്‍ കുത്താന്‍ തയ്യാറായി മുറ്റത്തെ മാവിന്റെ പുറകില്‍ നില്‍ക്കണു.

Advertisment

സൂര്യന് മുഖം കൊടുക്കാതെ മുഖം പൊത്തി തിരിഞ്ഞുനിന്ന കുഞ്ഞുണ്ണി അമ്മയോട് ചിണുങ്ങിപ്പറഞ്ഞു "സൂര്യമ്മാമനെ വഴക്കുപറയ് എന്നെ ഉദ്രവിക്കണതിന്"

"രാവിലെ തന്നെ ഒരു പണീമില്ലാണ്ട് കണ്ണില്‍ക്കുത്തല്‍ പരിപാടിയുമായി ഇറങ്ങിക്കോളും. കഷ്ടോണ്ട് സൂര്യാ... ഒന്നു മാറിപ്പോയെ വേറെ വല്ലയിടത്തേക്കും" അമ്മ കണ്ണുരുട്ടി അങ്ങനെ പറഞ്ഞതു കേട്ട് സൂര്യന്‍ മുഖം മറച്ചുനില്‍പ്പായി ഒരു മേഘത്തിന്റെ പുറകില്‍.

അപ്പോഴേക്കെത്തിയല്ലോ ഒരു നീലപ്പൊന്മാന്‍. അവനേ... ഒരു മീന്‍പിടുത്തക്കാരനാണ്. ഞാവലിന്റപ്പുറത്തെ കുളത്തില്‍ നിന്ന് മീന്‍ പിടിച്ച് ശാപ്പിടാനാണ് അവന്റെ വരവ്.

Advertisment

കുളത്തിലേക്ക് ചാഞ്ഞ് ഒരു മുരിങ്ങയുണ്ട്, അതിന്റെ കൊമ്പിലിരുന്നാണ് അവന്‍ മീനുണ്ടോ... മീനുണ്ടോ... എന്ന് ചാഞ്ഞും ചരിഞ്ഞും തലനീട്ടിയും നോക്കുന്നത്.

മീനിന്റെ ഒരു കുഞ്ഞനക്കം കാണുന്നതും അവന്‍ മിന്നല്‍സ്പീഡില്‍ കുളത്തിലേക്ക് ഠപ്പോന്ന് ചെന്നൊരു വീഴ്ചയുണ്ട്. തിരിച്ചു പറന്നെണീറ്റുവരുമ്പോ കാണാം അവന്റെ നീളന്‍ കൊക്കില്‍ ഒരു മീന്‍ പിടയുന്നത്.

ഇന്നാള് ഒരു പൊന്മാന്‍ തൂവല്‍ കിട്ടി കുഞ്ഞുണ്ണിക്ക് മുരിങ്ങച്ചുവട്ടില്‍ നിന്ന്. ആ നിറത്തിൽ കുഞ്ഞുണ്ണിക്ക് ഒരു മിന്നണ ജുബ്ബയുണ്ട്. അതിടുമ്പോ കുഞ്ഞുണ്ണിയെ നീലപ്പൊന്മാനേ... കുഞ്ഞുണ്ണിപ്പൊന്മാനേ... എന്നു വിളിക്കും കുഞ്ഞുണ്ണിയമ്മ.

പക്ഷേ കുഞ്ഞുണ്ണിക്ക് മീന്‍ കഴിക്കാനേ ഒട്ടും ഇഷ്ടമേയല്ലല്ലോ. അപ്പോപ്പിന്നെ അമ്മ കുഞ്ഞുണ്ണിയെ നീലപ്പൊന്മാനേ... എന്നു വിളിച്ചാലെങ്ങനെയാ ശരിയാവുക?

 കൊഴുവ വറുത്തുവയ്ക്കുമ്പോ അതെടുത്ത് കൊറിച്ച് നടക്കണത് കാണാല്ലോ, കൊഴുവ എന്താ മീനല്ലേ എന്ന് കുഞ്ഞുണ്ണിയെ കളിയാക്കാനാ ഭാവം?

അതേയ് ഈ വറുത്ത കൊഴുവ, അത് ചക്കയുപ്പേരിയൊക്കെ പോലെ ഒരു കറുമുറാ ഉപ്പേരിയല്ലേ?

എന്നാ കേട്ടോ... കുഞ്ഞുണ്ണിയുടെ വിചാരം.

ശിവകൃപ വീട്ടിൽ വച്ചാ കുഞ്ഞുണ്ണി ആദ്യമായി വറുത്ത കൊഴുവ തിന്നത്. ടെന്‍സിയമ്മയാ അത് റെഡിയാക്കിയങ്ങനെ വച്ചത് എന്നാ കുഞ്ഞുണ്ണിയമ്മ പറയണത്.

ശിവകൃപ വീട് ഏറ്റുമാനൂരിലാണ് കേട്ടോ. അതിപ്പോ ടെന്‍സിയമ്മയ്ക്ക് വാടകയ്ക്ക് കൊടുത്തിരിക്കുവാണ് അമ്മ.

അവിടെയാണ് കുഞ്ഞുണ്ണിയൊക്കെ കുഞ്ഞുണ്ണീടെ ഒരു വയസ്സുവരെ താമസിച്ചിരുന്നത്. അതാണ് കുഞ്ഞുണ്ണീടെ ആദ്യത്തെ വീട്, അത് ഏറ്റുമാനൂരിലാ. 

അവിടെയാണ് കുഞ്ഞുണ്ണി നീന്തി നടന്നിരുന്നത്. കളിക്കുടുക്കയില്‍ നിന്നു കിട്ടിയ ഗോമായുകുറുക്കന്റെ പടമുള്ള സ്‌ളിപ്പൊക്കെ ഒട്ടിച്ചുവച്ച 'ഗോമായുമേശ'യുടെ അടീല് കേറി സുഖായിട്ട് നില്‍ക്കാന്‍ പറ്റണത്ര കുഞ്ഞായിരുന്നു കുഞ്ഞുണ്ണി അന്ന്. അതൊന്നും കുഞ്ഞുണ്ണിക്ക് ഓര്‍മ്മയില്ല.

അന്നൊക്കെ കുഞ്ഞുണ്ണി 'പാല്‍കുടി ഡെയ്‌സി'ല്‍ ആയിരുന്നല്ലോ. അത്രേം കുഞ്ഞു-കുഞ്ഞുങ്ങള്‍ക്കൊന്നും ഒരു കാര്യവും ഓര്‍മ്മകാണില്ല.അതൊക്കെ പിന്നെ ആരെങ്കിലും ഓര്‍ത്തോര്‍ത്ത് കഥപോലെ പറഞ്ഞുകൊടുക്കണം കുഞ്ഞുങ്ങള്‍ക്ക്.

'പാല്‍കുടിഡെയ്‌സ്', അത് അമ്മാവനിട്ട കളിപ്പേരാണ്. വലുതാകുമ്പോ കുഞ്ഞുണ്ണിയ്ക്ക് വായിക്കാനായി ഒരു 'മാല്‍ഗുഡി ഡെയ്‌സ്' കഥാപ്പുസ്തകം കൊണ്ടുവന്നു വച്ചിട്ടുണ്ട് അമ്മാവന്‍.

'താനനാ... താനനനാനാ...' എന്നു പാട്ടുള്ള ഒരു കാസറ്റിലുമുണ്ട് ആ കഥ. സ്വാമി എന്നു പറഞ്ഞ ഒരു കുട്ടി ഓരോന്നു പറഞ്ഞും ചെയ്തും മാല്‍ഗുഡി എന്ന സ്ഥലത്തുകൂടി 'പിപ്പിരുപിപ്പിരു' എന്നു നടക്കണത് ആ കാസറ്റു വച്ചപ്പോ കുഞ്ഞുണ്ണി കണ്ടിട്ടുമുണ്ട്.

അവനെ കാണുമ്പോ കണ്ണുവിടര്‍ത്തി ഒരിരിപ്പുണ്ട് അമ്മയ്ക്ക്. അമ്മയ്ക്ക് അവനെയാണോ കുഞ്ഞുണ്ണിയെയാണോ കൂടുതലിഷ്ടം എന്ന് അതു കാണുമ്പോഴൊക്കെ കുഞ്ഞുണ്ണിക്ക് നല്ലോണം സംശയം വരാറുണ്ട്.

അവർ പറയണ ഹിന്ദി മനസ്സിലാവുമ്പോ കുഞ്ഞുണ്ണിക്കും നല്ലോണം ഇഷ്ടാവും അവനെ എന്നാ അമ്മ പറയണത്. ഈ ആളുകളൊക്കെ എന്തിനാ വേറെ വേറെ ഭാഷ പറയണത്?

എല്ലാര്‍ക്കും നമ്മടെ മലയാളം സാസാരിച്ചാപ്പോരെ, അല്ലേടാ...? എന്ന് കുഞ്ഞുണ്ണി ആ പേരില്ലാ അണ്ണാറക്കണ്ണനോടും കുഞ്ഞുദിനോസറിനോടും ചോദിച്ചപ്പോ അവരൊന്നും മിണ്ടാതെ ധൃതിയിലൊരു പാച്ചിൽ.

എന്താണാവോ അവര്‍ക്കൊക്കെ രാവിലെ ഇത്ര ധൃതീം... പാച്ചിലും?

ഒരു കാര്യം പറഞ്ഞില്ലല്ലോ, കുഞ്ഞുണ്ണി വലുതായപ്പോ ഗോമായു മേശ ചെറുതായി. അതെങ്ങനെയാന്നാണോ?

ഇപ്പോ കുനിഞ്ഞ് കൂനിക്കൂടിയേ... ഗോമായുമേശയുടെ അടീൽ നില്ക്കാന്‍ പറ്റൂ കുഞ്ഞുണ്ണിക്ക്. അതാ പറഞ്ഞത് മേശ ചെറുതായീന്ന്.

താരാവീട്ടിൽ വന്നപ്പോ ഗോമായുമേശ തുണി തേയ്ക്കാനുള്ള മേശയായി. പക്ഷേ അതിന്റെ പേരിപ്പോഴും ഗോമായുമേശ എന്നുതന്നെയാണ്, എല്ലാരുമതിനെ ഗോമായുമേശ എന്നു തന്നെയാണ് പറയാറ്.

വേറെ ഏതെങ്കിലും കുട്ടികളുടെ വീട്ടിൽ കാണുമോ ആവോ ഒരു ഗോമായുമേശ?

രാവിലെ എന്തൊക്കെയെന്തൊക്കെ കാര്യങ്ങളാണ് ആലോചിക്കാനുള്ളത് എന്നാലോചിച്ച് നമ്മടെ കുഞ്ഞുണ്ണി അങ്ങനെ നില്‍ക്കുന്നത് കാണുന്നുണ്ടല്ലോ... അല്ലേ?

അതിനിടെ നീലപ്പൊന്മാന്‍ കുളത്തിലേക്കൊരു പാച്ചിലും, ഒരു മീനും കൊത്തിക്കൊണ്ട് മുരിങ്ങക്കമ്പിലേക്ക് തിരിച്ചു വരലും, ദേവയാനിക്കാക്ക അത് തട്ടിപ്പറിച്ച് പറക്കലും, നീലപ്പൊന്മാന്‍ പുറകെ ചെന്ന് ദേവയാനിയോട് കൊത്തുകൂടലും, ആ മീന്‍ താഴെ വീഴല്‍ 'ഛടുപടെ' എന്ന് കഴിഞ്ഞതും കണ്ട് പിന്നെ അന്തം വിട്ട് നില്‍പ്പായി കുഞ്ഞുണ്ണി.

priya as Stories 2025

ആര്‍ക്കും വേണ്ടാതെ മിറ്റത്ത് കെടപ്പായി മീന്‍. കുഞ്ഞുണ്ണി ചെന്നതിനെ ഒരു കോലു കൊണ്ട് തിരിച്ചും മറിച്ചുമിട്ടുനോക്കി.

"അനങ്ങണില്ലാ അമ്മേ ഇവന്‍" എന്നു പറഞ്ഞു കുഞ്ഞുണ്ണി.

"അതിനെയാ... നീലപ്പൊന്മാന്‍ കൊത്തിയപ്പോ തന്നെ അതിന്റെ ജീവന്‍ പോയി കുഞ്ഞുണ്ണീ" എന്നു പറഞ്ഞു അമ്മ.

"അത് മരിച്ചു പോയോ?" എന്നു ചോദിച്ചു കൊണ്ട് അതിന്റെയടുത്ത് കുനിഞ്ഞിരുന്ന് അതിനെ സൂക്ഷിച്ചുനോക്കി കുഞ്ഞുണ്ണി.

അനങ്ങാത്ത കണ്ണു കൊണ്ട് അനങ്ങാത്ത ചിറകു കൊണ്ട് അനങ്ങാത്ത വാലു കൊണ്ട് അത് കുഞ്ഞുണ്ണിയെ നോക്കിയപ്പോ കുഞ്ഞുണ്ണി അതിന്റെ മീനമ്മയേയും മീനച്ഛനേയും മീനമ്മൂമ്മയേയും മീനപ്പൂപ്പനേയും ഓര്‍ത്തോര്‍ത്ത് കരയാന്‍ തുടങ്ങി. അപ്പോ അമ്മ ഇടപെട്ടു.

"പറക്കണ പക്ഷിക്കു ചിറക്. പക്ഷേ പക്ഷിക്കുണ്ടോ നീന്താന്‍ പറ്റണു? കുളത്തിൽ നീന്തുക മാത്രം ചെയ്യുന്ന മീനിനും ചിറക്. പക്ഷേ മീനിനുണ്ടോ പറക്കാന്‍ പറ്റണു? മീനിന്റെ ചിറകിന് നമുക്ക് വേറൊരു പേരു കണ്ടുപിടിച്ചാലോ കുഞ്ഞുണ്ണീ..." എന്നായി അമ്മ.

"എനിക്കേ... തിരക്കുണ്ട്" എന്നായി കുഞ്ഞുണ്ണി.

കൈയിലിരുന്ന കമ്പു കൊണ്ട് മണ്ണില്‍ ഒരു കുഴിയെടുത്ത് അതിലേക്കു മീനിനെ തോണ്ടിനീക്കിവച്ചു കുഞ്ഞുണ്ണി. പിന്നെ മീനിനെയും കുഴിയെയും മണ്ണിട്ട് മൂടി.
ചുറ്റും നോക്കിയപ്പോ കണ്ട വാടാമല്ലിപ്പൂവു പറിച്ച അലങ്കാരവേലകള്‍ നടത്തി കുഞ്ഞുണ്ണി.

''മീനിനെ സമസ്‌ക്കരിക്കുമ്പോ കുരിശു വയ്ക്കണ്ടെ?" കുഞ്ഞുണ്ണി ചോദിച്ചു. അമ്മ ഓലനാരു കീറി പച്ചഈര്‍ക്കില്‍ കൊണ്ട് കുരിശുണ്ടാക്കി.

മീനിനെ മൂടിയിട്ട മണ്ണില്‍ കുരിശു നാട്ടി കുഞ്ഞുണ്ണി തൊഴുതു. "ഇനി നമുക്കു പോയി പല്ലുതേച്ച് ഇഡ്ഢലി കഴിക്കാം" എന്നു പറഞ്ഞു അമ്മ.

മീനിനെ അന്വേഷിച്ചാവും ദേവയാനിക്കാക്ക തിരിച്ചു വന്ന് അവിടൊക്കെ ചുറ്റിനടക്കാന്‍ തുടങ്ങി. "അതിനെ ഞങ്ങൾ സംസ്‌കരിച്ചു" എന്നു പറഞ്ഞു അമ്മ.

സൂര്യമ്മാമ മാവിന്റെ പുറകീന്ന് ഇത്തിരികൂടി മുകളിലേക്ക് മാറിയാണ് ഇപ്പോ നില്‍പ്പെന്ന് കുഞ്ഞുണ്ണി കണ്ടു.

"നീ ഞങ്ങടൊപ്പം വന്നാല് ഇഡ്ഢലി തരാം" എന്നു പറഞ്ഞു കുഞ്ഞുണ്ണി ദേവയാനിക്കാക്കയോട്. അവളത് കേട്ട ഭാവം വച്ചില്ല.

കുറച്ചുകൂടിക്കഴിയുമ്പോ താരാവീടിന്റെ നേരെമോളിലെ ആകാശത്ത് വന്നുനില്‍ക്കും സൂര്യമ്മാമ. അതാണ് എല്ലാവര്‍ക്കും ഊണു കഴിക്കാനുള്ള  സമയം. അപ്പോ വന്നാൽ ചോറു തരാം എന്നായി കുഞ്ഞുണ്ണി. അവളതും കേട്ടഭാവം വച്ചില്ല.

"അവളെന്തേലും ചെയ്യട്ടെ. നമക്കുപോവാം അകത്തേയ്ക്ക്, അമ്മൂമ്മ ഉണ്ടാക്കിവച്ചിരിക്കണ ഇഡ്ഢലി തിന്നാന്‍" എന്നു പറഞ്ഞു അമ്മ.

ആ നീലപ്പൊന്മാന്റെ കാര്യം എന്തായി എന്നു ചോദിച്ച്, ഒക്കെ കണ്ടുകൊണ്ട് അവിടെല്ലാം ചുറ്റിനടപ്പായിരുന്ന ഡെന്നീസ് പൂച്ച.

"ആ  നീലപ്പൊന്മനെ തിന്നാനല്ലേ... നിന്റെ പ്‌ളാന്‍. പോടാ... നിന്റെ പ്‌ളാനും പദ്ധതീം കൊണ്ട്" എന്നു ചോദിച്ചവനെ കളിയാക്കി അമ്മ.

അതു കേട്ടതും കള്ളി വെളിച്ചത്തായതോര്‍ത്ത് നാണിച്ച് വാലും ചുരുട്ടി അവന്‍ പാഞ്ഞുപോയി എങ്ങാണ്ടേക്ക്.

അവനെ എവിടെയെങ്കിലും വച്ചു കണ്ടാലൊന്നു പറയണേ... ആരെങ്കിലും.

Read More:  പ്രിയ എ എസ് എഴുതിയ മറ്റു കഥകള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Children Stories Priya As

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: