/indian-express-malayalam/media/media_files/2025/04/23/priya-as-stories-2025-18-1-476336.jpg)
ചിത്രീകരണം: വിഷ്ണു റാം
കുഞ്ഞുണ്ണീസ് ഫാമിലി
കുഞ്ഞുണ്ണിയോട് അമ്മ വിളിച്ചു ചോദിച്ചു "ഉണ്ണിയപ്പം തരട്ടെ, ഇപ്പോഴുണ്ടാക്കിയ ചൂടുചൂട് ഉണ്ണിയപ്പം?"
ഇത്തിരിനേരം ഒന്നാലോചിച്ചു കുഞ്ഞുണ്ണി. എന്നിട്ട് വിളിച്ചു പറഞ്ഞു "എനിക്കേ... ഉണ്ണ്യപ്പം വേണ്ട, കുഞ്ഞുണ്ണ്യപ്പം മതി!"
അതു കേട്ടതും അമ്മ ചിരിച്ചോണ്ട് "നിന്റെ ഒരു കാര്യം കൊണ്ട് ഞാന്‍ തോറ്റു" എന്ന് പറയലായി.
കുഞ്ഞുണ്ണ്യപ്പത്തിന്റെ കാര്യം കേട്ടോണ്ടിരുന്ന കുഞ്ഞുണ്ണീടെ പാവക്കുട്ടികൾ അപ്പോ ബഹളമായി.
നാണിപ്പാവ അമ്മയോട് വിളിച്ചു പറഞ്ഞു "നാണ്യപ്പം വേണം."
പൊന്നിപ്പാവ വിളിച്ചു പറഞ്ഞു "പൊന്നിയപ്പം വേണം എനിക്ക്."
അപ്പു ജോര്‍ജ് വിളിച്ചു പറഞ്ഞു "അപ്പുജോര്‍ജപ്പം കിട്ടീട്ടേയുള്ളു ഇനി ബാക്കികാര്യം!"
പങ്കുപ്പിള്ള വിളിച്ചു പറഞ്ഞു "ഒരു പങ്കുവപ്പം കൂടി ഉണ്ടാക്കിക്കോളൂ അമ്മേ..."
അമ്മ എല്ലാവരും പറഞ്ഞതിനോടൊക്കെ "ഓ... ശരി ശരി..." എന്നു പറഞ്ഞു.
എന്നിട്ട് ഇത്തിരി കഴിഞ്ഞപ്പോ ഒരു പാത്രത്തില് നിറയെ അപ്പവുമായി വന്നു. ഒരുനുണുങ്ങനപ്പം കുഞ്ഞുണ്ണിക്ക് കൊടുത്തിട്ട് അമ്മ പറഞ്ഞു "തിന്നു നോക്ക് കുഞ്ഞുണ്യപ്പം."
പിന്നെ ഓരോരുത്തര്‍ക്കും കൊടുത്തു അമ്മ അവരവരടെ അപ്പങ്ങൾ.
നാണ്യപ്പം പരന്നിട്ട്
പൊന്നിയപ്പം കൂര്‍ത്തിട്ട്
അപ്പുജോര്‍ജപ്പം മൊരിഞ്ഞിട്ട്
പങ്കുവപ്പം രണ്ടുനെലയായിട്ട്
എല്ലാവരും അവരവരടെ അപ്പം തിന്ന് ഹാപ്പിയായി.
ഒരു കാര്യമറിയാമോ? ചില അമ്മമാര്‍ക്കേ... അവരടെ കുട്ടികളുടെ പാവക്കുട്ടന്മാരും പാവക്കുട്ടത്തികളും പറയണതൊന്നും കേൾക്കാനും മനസ്സിലാക്കാനും പറ്റില്ല.
കുഞ്ഞുണ്ണിയമ്മ കഥയെഴുതണ അമ്മയല്ലേ... അതുകൊണ്ട് ഇലകളും കാറ്റും പാവകളും ആകാശവുമൊക്കെ പറയണത് കേൾക്കാനും മനസ്സിലാക്കാനും പറ്റും.
കഥയെഴുതണവര്‍ക്കേ അതൊക്കെ പറ്റൂന്നാ വിചാരം?
അല്ലാട്ടോ... കുട്ടികള്‍ക്കും അതൊക്കെ പറ്റും അവർ കുഞ്ഞിക്കുഞ്ഞിക്കുട്ടികളായിരിക്കുമ്പോ. പിന്നെ അവര് വലുതായി സ്‌കൂളിപ്പോയി കൊറേ... കൊറേ... പഠിക്കാനൊക്കെ തൊടങ്ങി അവര്‍ക്ക് തിരക്കോടുതിരക്കാവും. അപ്പഴാ അവര് കാറ്റിനേം... ഇലകളേം... ആകാശത്തിനേം... പാവകളേം... ഒക്കെ മറന്നുപോകണതും അവരൊക്കെ പറയണത് കേക്കാമ്പറ്റാത്തവരാകണതും, അങ്ങനാ അമ്മ പറയണത്.
മരച്ചോട്ടിലിരുത്തി കഥയൊക്കെ പറഞ്ഞ്, പാട്ടൊക്കെ പാടി, മാജിക്കൊക്കെ കാണിച്ച്, നാടകമൊക്കെ കളിച്ച് അതിന്റെടേക്കൂടി ഓരോന്ന് പഠിപ്പിക്കണ സ്‌കൂളുകളുണ്ട് എവിടെയൊക്കെയോ, അങ്ങനാ അമ്മ പറയണത്.
അവിടേ പഠിക്കണുള്ളൂ... കുഞ്ഞുണ്ണി. ലോകത്തുള്ള എല്ലാരും പറയണത് കേക്കാമ്പറ്റണ ആളായിത്തീരണം കുഞ്ഞുണ്ണിക്ക്.
കുട്ടികളുടെ പാവകള്‍ക്കും ഉണ്ട് സ്‌കൂൾ. പാവകളുടെ സ്‌ക്കൂളുകൾ രാത്രീലാ തൊറക്കുക.
കുട്ടികൾ പാവകളൊയൊക്കെ വച്ച് കളിച്ച് അവര് ഉറങ്ങാമ്പോണ രാത്രിനേരത്തല്ലെ പാവകള്‍ക്ക് സ്‌കൂളിപ്പോകാമ്പറ്റൂ...
കുട്ടികളെ എങ്ങനെയാ രസിപ്പിക്കുക, അവരോടെങ്ങനെയാ വഴക്കു കൂടാണ്ടിരിക്കുക, അവര് പഠിപ്പിക്കണ കളികളിലൊക്കെ ചേര്‍ന്നെങ്ങനെയാ കളിക്കുക, അതൊക്കെയാ അവരെ സ്‌കൂളിൽ പഠിപ്പിക്കണത്.
പാവസ്‌കൂളിന്റെ സമയം കഴിയുമ്പോ അവര് കൂട്ടംചേര്‍ന്നിരുന്ന് അവരടെ ഓരോരോ കളികൾ കളിച്ച് കളിച്ച് ക്ഷീണിച്ച് പിന്നെ പാവയുറക്കത്തിലേക്ക് ചായും.
സോഫേൽ കുഞ്ഞുണ്ണി നെരനെരയായി ഇരുത്തീട്ട് പോണ പാവകളൊക്കെ രാവിലെയാകുമ്പോ വീണുകെടക്കണത് കാണാറില്ലേ നമ്മൾ. അവര് പാവയുറക്കത്തിലേക്ക് ചായണതാ കാര്യം. പാവകളേ കുഞ്ഞുണ്ണീടെ ഫാമിലിയാ...
അവരെയൊക്കെ കുഞ്ഞുണ്ണീടെ അപ്പുറത്തുമിപ്പുറത്തുമിരുത്തീട്ട് ഒരു ഫോട്ടോ എടുക്കണം. അതാണോ കുഞ്ഞുണ്ണീടെ ഫാമിലി ഫോട്ടോ എന്ന് ആരോ ചോദിച്ചല്ലോ ഇപ്പോ.
അമ്മയാണോ അങ്ങനെ ചോദിച്ചത്? അല്ലല്ലാ... ഞാനാ അങ്ങനെ ചോദിച്ചത് എന്നു പറഞ്ഞു പാഞ്ഞുവരണതാരാ? നമ്മടെ ഡെന്നീസ് പൂച്ചയല്ലേ?
ഞാനും നിന്റെ ഫാമിലിയല്ലേന്നു ചോദിച്ച് അവന്‍ ദാ വന്നു കുത്തിയിരിപ്പായിട്ടുണ്ട് ഇവടെ. അതു ശരിയാണല്ലോ, കുഞ്ചാക്കോ ബോബന്‍ ഓലേഞ്ഞാലിയും, ദേവയാനി കാക്കയും, പേരില്ലാ അണ്ണാരക്കണ്ണനും, കുഞ്ഞുദിനോസറും ഒക്കെ കുഞ്ഞുണ്ണീടെ ഫാമിലിയാണല്ലോ.
"അവരേം ഫാമിലി ഫോട്ടോയില്‍ കൂട്ടാം" എന്നു പറഞ്ഞു കുഞ്ഞുണ്ണി.
"അവരെപ്പോഴും പറന്നും ഓടിപ്പാഞ്ഞുമൊക്കെ നടപ്പല്ലെ, അവര് ഇരുന്നു തന്നിട്ടുവേണ്ടേ... ഫോട്ടോയെടുക്കാന്‍" എന്നു ചോദിക്കണു അമ്മ.
അതു ശരിയാണല്ലോ, ഓലേഞ്ഞാലി വരുമ്പോ കുഞ്ഞു ദിനോസറിനെ കാണാന്‍ കിട്ടില്ല. കുഞ്ഞുദിനോസറ് വരുമ്പോ പേരില്ലാ അണ്ണാറക്കണ്ണന്റെ പൊടിപോലുമുണ്ടാവില്ല.
ലൂയി കാക്ക വരുമ്പോ ദോവയാനികാക്കേടെ പൊടിപോലും കാണില്ല. പിന്നെങ്ങനാ എല്ലാരേം ചേര്‍ത്തിരുത്തി ഫോട്ടോയെടുക്കണത്?
അവരൊക്കെ എങ്ങോട്ടാവും ഈ പാച്ചില് പായണത്? സ്‌കൂളിൽ പോണ തിരക്കിലാവുമോ അവരൊക്കെ?
അവരടെ സ്‌കൂളിൽ എന്തൊക്കെ കാര്യങ്ങൾ നടക്കണൊണ്ടാവും? കുഞ്ഞുദിനോസര്‍ ദിനോസര്‍സ്‌കൂളില്‍ നിന്നാവുമോ നീന്തലും മണ്ണ് കുഴിക്കലും പഠിച്ചത്?
മാവീന്ന് താഴെ വീഴാതെ ഓരോരോ കൊമ്പത്തുകൂടെ ചാടിച്ചാടി നടക്കണ വിദ്യ അണ്ണാന്‍സ്‌കൂളീന്നാവും അണ്ണാൻ പഠിച്ചത്.
കുഞ്ഞുണ്ണീടെ ഓരോരോ ആലോചനേടെടേൽ കുഞ്ഞുണ്ണ്യപ്പം അങ്ങ് കുഞ്ഞുണ്ണിവയറ്റിലെത്തി തുള്ളിക്കളിക്കാന്‍ തുടങ്ങിയത് ആരെങ്കിലും അറിഞ്ഞായിരുന്നോ?
Read More: പ്രിയ എ എസ് എഴുതിയ മറ്റു കഥകള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.