/indian-express-malayalam/media/media_files/2025/04/21/priya-as-stories-2025-17-1-512219.jpg)
ചിത്രീകരണം: വിഷ്ണു റാം
കുഞ്ഞു ദിനോസര്‍ സിനിമാ കാണാന്‍ പോകുന്നു
"കുളിക്കാന്‍ നേരമായി, കളിയൊക്കെ നിര്‍ത്തി വന്നേ കുഞ്ഞുണ്ണീ..." എന്നു വിളിച്ചു കുഞ്ഞുണ്ണിയമ്മ.
കളിയിടത്തുനിന്ന് എണീറ്റുവരാനുള്ള ഭാവമൊന്നുമില്ല കുഞ്ഞുണ്ണി എന്നു മനസ്സിലായപ്പോ അമ്മ വന്ന് അവനെ പൊക്കിയെടുത്ത് അരപ്രൈസില്‍ നിര്‍ത്തി. എന്നിട്ട് കുഞ്ഞുണ്ണിയുടെ ഉടുപ്പൂരിമാറ്റി.
പിന്നെ, കുഞ്ഞിക്കിണ്ണത്തിലെണ്ണയെടുത്ത് മേലുമുഴുവന്‍ എണ്ണതേപ്പിക്കലായി അമ്മ. കുഞ്ഞുണ്ണി കുഞ്ഞിക്കൈ നീട്ടി പറഞ്ഞു "എനിക്കും താ... എണ്ണ"
അമ്മ കുഞ്ഞുണ്ണിക്കൈയില്‍ നാലുതുള്ളി എണ്ണ ഒഴിച്ചു കൊടുത്തു. എവിടെ തേക്കണം എണ്ണ, കുഞ്ഞുണ്ണി ആലോചിച്ചു.
കുനിഞ്ഞങ്ങനെ ആലോചിച്ചുനിന്നപ്പോ കുഞ്ഞുണ്ണി ആദ്യം കണ്ടത് കുഞ്ഞുണ്ണിവയറാണ്. കുഞ്ഞിവയറിൽ പിന്നൊരു കുഞ്ഞിപ്പൊക്കിൾ.
ആദ്യം കൈയ്യെത്തണത് പൊക്കിളിലാണ്. പിന്നേം... പിന്നേം... എണ്ണതേച്ചുപിടിപ്പിച്ചു കുഞ്ഞുണ്ണി, വയറിന്മേലും പൊക്കിളിന്മേലും.
"പൊക്കിള്‍ക്കുഴി, ഒരു കിണറാണെന്നു തോന്നണുണ്ടല്ലേ കുഞ്ഞുണ്ണിക്ക്?" അമ്മ ചിരിച്ചുചോദിച്ചു.
കിണറ്റിൽ വെള്ളം, പൊക്കിള്‍ക്കുഴീൽ എണ്ണ, അല്ലെ കുഞ്ഞുണ്ണി? എന്നു 'ചില്‍... ചില്‍...' ഭാഷയില്‍ ചോദിച്ചുകൊണ്ട് ഒരു പേരില്ലാ അണ്ണാരക്കണ്ണനപ്പോള്‍ മുറ്റത്തുകൂടെ ഓടിപ്പോയി.
അവനോട് ഒന്നും മിണ്ടാന്‍ നിന്നില്ല കുഞ്ഞുണ്ണി. അതിനൊക്കെയെവിടെ സമയം? പൊക്കിള്‍ക്കിണറില്‍ മുഴുവന്‍ ബിസിബിസിയായിനിന്ന് എണ്ണ നിറയ്ക്കുകയല്ലേ കുഞ്ഞുണ്ണി.
അപ്പോഴുണ്ട് വേറൊരു രസം. ആ നീലാഞ്ജനത്തുമ്പിയില്ലേ...? അവൾ കറങ്ങിത്തിരിഞ്ഞു വന്ന് കുഞ്ഞുണ്ണിപ്പൊക്കിളിലിരിപ്പായി.
"അവള്‍ക്കേ... കുഞ്ഞുണ്ണിപ്പൊക്കിളൊരു പൂവാണെന്നു തോന്നണുണ്ടാവും" കുഞ്ഞുണ്ണിയമ്മ അങ്ങനെ പറഞ്ഞു ചിരിച്ചപ്പോ കുഞ്ഞുണ്ണി കുനിഞ്ഞു നിന്നവളോട് ചോദിച്ചു "നീ പൊക്കിള്‍പ്പൂവീന്ന് തേന്‍ കുടിക്കാന്‍ വന്നതാ? ഇതില് നെറയെ എണ്ണയാ... അമ്മൂമ്മ ചെത്തിപ്പൂവിട്ടു കാച്ചിയെടുത്ത എണ്ണയാ ഇത്"
"എണ്ണേല് കാലുതെന്നി വീണാപ്പിന്നെ നിനക്ക് പറക്കാമ്പറ്റില്ല കേട്ടോ നീലാഞ്ജനേ..." എന്നു പറഞ്ഞ് അമ്മ അവളെ പിടിച്ച് അരപ്രൈസിനടുത്തുനിന്ന മന്ദാരച്ചെടിയിലിരുത്തി.
"ഞാനീ ചെയ്തത് തീരെ ഇഷടപ്പെട്ടില്ല അല്ലേ നിനക്ക്" എന്നമ്മ അവളോട് ചോദിച്ചതു കേട്ടഭാവം കാണിയ്ക്കാതെ അവള്‍ ഒറ്റപ്പറന്നുപോക്ക് .
"അവള്‍ക്കൊരു മഞ്ഞത്തുമ്പിക്കൂട്ടുകാരനുണ്ട്, അവന്റൊപ്പം ചുറ്റിക്കറങ്ങാന്‍ പോയതാവും അവൾ. ചെലപ്പോ കുറച്ചുകഴിഞ്ഞ് ആ മഞ്ഞത്തുമ്പിക്കൂട്ടുകാരനേം കൂട്ടി അവൾ തിരിച്ചുവരുമായിരിക്കും" എന്നു പറഞ്ഞു അമ്മ.
പക്ഷേ വന്നതാരാണെന്നോ?
ഒരു കുഞ്ഞു ദിനോസര്‍.
/indian-express-malayalam/media/media_files/2025/04/21/priya-as-stories-2025-17-2-429820.jpg)
കുഞ്ഞുണ്ണിക്കമ്മ വാങ്ങിച്ചുകൊടുത്ത ഒരു പുസ്തകത്തില്‍ നിറയെ ദിനോസറുകളുടെ പടങ്ങളല്ലെ, അതു തിരിച്ചും മറിച്ചും നോക്കിനോക്കി ഒരുപാടുനേരം ഇരിക്കാറുണ്ടല്ലോ കുഞ്ഞുണ്ണി. അതുകൊണ്ടാണ് കുഞ്ഞുണ്ണിക്കീ ജീവിയെ കണ്ടപാടേ മനസ്സിലായത്.
കുഞ്ഞുണ്ണിയാണ് അമ്മേക്കാളും മുന്നേ അവനെ കണ്ടത്. ഭയങ്കര സ്പീഡില്‍ നാലുകാലും വലിച്ചിഴച്ച് നല്ല നീളമുള്ളനാക്ക് ഇടക്കൊക്കെ പുറത്തേക്ക് നീട്ടി അവന്‍ വരുന്നതു കണ്ട് ഡെന്നീസ് പൂച്ച ഓടടാ... ഓട്ടം.
അവന്റെ ഓടടാ... ഓട്ടം കണ്ട് കുഞ്ഞുണ്ണി കൈയടിച്ചു ചിരിച്ചപ്പോഴാണ് അമ്മ തിരിഞ്ഞുനോക്കിയതും കുഞ്ഞുദിനോസറിനെ കണ്ടതും.
"അയ്യയ്യോ... ഇവന് നമ്മടെ ഇത്രേം അടുത്തുവരാനുള്ള ധൈര്യമൊക്കെയായോ" എന്ന് പറഞ്ഞ്, "പേടിച്ചോ കുഞ്ഞുണ്ണീ..." എന്നു ചോദിച്ച് എണ്ണക്കുഞ്ഞുണ്ണിയെ ചേര്‍ത്തുപിടിച്ചു അമ്മ.
"അത് കുഞ്ഞു ദിനോസറൊന്നുമല്ല, ഉടുമ്പ് എന്നു പേരുള്ള ഒരു കുഞ്ഞുവിദ്വാനാണ്. ഇവൻ നമ്മടെ ചിത്രപ്പുസ്തകത്തിലെ ദിനോസറുമായി ഒരു കുഞ്ഞുഛായയുണ്ടെന്നേയുള്ളു" എന്നമ്മ അവന് പിന്നെ തിരുത്തിക്കൊടുത്തു.
"ദിനോസറുകളൊക്കെ ചത്തുചത്ത് പോയി. ഒരെണ്ണം പോലും ബാക്കിയില്ല ഭൂമിയില്‍ എന്നമ്മ പറഞ്ഞു തന്നിട്ടില്ലേ?" എന്നൊക്കെ അമ്മ ചോദിച്ചതു കേട്ടെങ്കിലും കുഞ്ഞുണ്ണി അവനെ നോക്കി ഉച്ചത്തില്‍ വിളിച്ചു "കുഞ്ഞുദിനോസറേ..."
കുഞ്ഞുണ്ണിവിളി കേട്ടിട്ടാവും അവന്‍ പരക്കംപായല്‍ നിര്‍ത്തി ഒന്നു തിരിഞ്ഞുനിന്നു. കുഞ്ഞുണ്ണിയെ നോക്കി, എന്നിട്ടാ നീളന്‍നാക്കുനീട്ടി.
"അവനെന്തോ പറയുന്നുണ്ട്, അമ്മ ശ്രദ്ധിക്ക്" എന്നു പറഞ്ഞു കുഞ്ഞുണ്ണി.
"എനിക്കൊന്നും മനസ്സിലാവണില്ല കേക്കാമ്പറ്റണുമില്ല" എന്നായി അമ്മ.
കുഞ്ഞുദിനോസറിനെ അമ്മയല്ല കുളിപ്പിക്കണത്, കുളത്തിലേക്ക് ചാടിയിറങ്ങി അവന്‍ തന്നത്താനാ കുളിക്കണത് എന്നാ അവന്‍ പറഞ്ഞതെന്ന് എങ്ങനെയോ കുഞ്ഞുണ്ണിക്കുമാത്രം മനസ്സിലായി.
അല്ലെങ്കിലും കുഞ്ഞുങ്ങള്‍ക്ക് മനസ്സിലാവുന്നത്രയും കാര്യങ്ങള്‍ വേറാര്‍ക്കു മനസ്സിലാവാനാണ് അല്ലേ?
"ഓ... കുളി കഴിഞ്ഞ് കുളത്തീന്ന് കേറി വരണവരവാ... അല്ലേ. അതാ അവന്റെ മേത്തൊക്കെ പായലും പച്ചയും അല്ലേ?" എന്നമ്മ ചോദിച്ചു. കുഞ്ഞുണ്ണി തലകുലുക്കി.
"കുളിയൊക്കെ കഴിഞ്ഞ് അവനെങ്ങോട്ടാ പോണത്?" എന്നായി അമ്മ.
"അവന്‍ ചമ്മനാട്ടമ്പലത്തിലെ ഉത്സവത്തിന് പോവുകാ... ഗരുഡന്‍ തൂക്കം കാണാന്‍. ഗരുഡന്‍ കൊത്തിയെറിയണ പഴം കിട്ടണം, എന്നിട്ടതു തിന്നണം എന്നൊക്കെ അവന് നല്ല മോഹമുണ്ട് എന്നാ തോന്നണത്" എന്നമ്മ പറഞ്ഞു.
"അല്ലല്ല, അവന്‍ സാനിയാ തീയറ്ററിൽ 'ടോം ആൻഡ് ജെറി' കാണാന്‍പോവുകാ..." എന്നു പറഞ്ഞു കുഞ്ഞുണ്ണി.
"വിന്നി ദ പൂ കാണാനല്ലേ അവന്‍ സാനിയാ തീയറ്ററില് പോണത്?" എന്നു ചോദിച്ചു അമ്മ. എന്നിട്ടമ്മ അവനെ അരപ്രൈസില്‍ നിന്നെടുത്ത് കുളിമുറിയിലേക്കു കൊണ്ടുപോയി.
കുളിക്കുമ്പോ അമ്മ കൊടുത്ത സോപ്പു മുഴുവന്‍ പൊക്കിളിലാണ് കുഞ്ഞുണ്ണി തേച്ചത്.
"ഈ വയറും അതിലെ പൊക്കിളും മാത്രമേ നെനക്ക് സ്വന്തായിട്ടുള്ളോ? ഈ ചെവീം കാലും കൈയും ഒന്നും നിന്റെയല്ലേ...? ഇവിടൊന്നും സോപ്പ് തേക്കണില്ലെ" എന്ന് കളിയാക്കി അമ്മ.
അതൊന്നും കേട്ടതേയില്ല കുഞ്ഞുണ്ണി. അവന്‍ ആലോചിച്ചതു മുഴുവന്‍ കുഞ്ഞുദിനോസറിനെ കുറിച്ചായിരുന്നു. അവന്‍ 'ടോം ആൻഡ് ജെറി'യാണോ 'വിന്നി ദ പൂ'വാണോ കാണുന്നത് ഇപ്പോ സാനിയാതീയറ്ററിലിരുന്ന്. ആ സംശയത്തിലായിരുന്നു കുഞ്ഞുണ്ണി, അമ്മ കുളിപ്പിക്കുന്ന നേരമത്രയും.
അവന്‍ പോപ്പ് കോണ്‍ കൊറിച്ചോണ്ടായിരിക്കുമോ തീയറ്ററിലിരിക്കുന്നത്? ഏതു ഫ്‌ളേവര്‍ പോപ്പ്‌കോണാവും അവന്‍ വാങ്ങിയിട്ടുണ്ടാവുക? ചെലപ്പോ അവനതു കഴിഞ്ഞ് കോണ്‍ ഐസ്‌ക്രീമും വാങ്ങിത്തിന്നുകാണും.
കുളിനേരമത്രയും കുഞ്ഞുണ്ണി മിണ്ടാതെ നില്‍ക്കുന്നതു കണ്ട് അമ്മ ചോദിച്ചു "എന്താണ് ഇത്ര ചിന്താവിഷ്ടനായി നില്‍ക്കുന്നത്?"
കുളിപ്പിച്ചുതോര്‍ത്തി കുട്ടപ്പനായ കുഞ്ഞുണ്ണിയെ എടുത്തോണ്ട് അമ്മ വരുമ്പോഴുണ്ട് ദാ... വരണു നീലാഞ്ജനത്തുമ്പി അവളുടെ കൂട്ടുകാരന്‍ മഞ്ഞത്തുമ്പിയെയും കൂട്ടി. കുഞ്ഞുണ്ണി കുഞ്ഞുദിനോസറിനെ മറന്ന് തുമ്പിവിശേഷങ്ങളുടെ പുറകെ ആയി പിന്നെ.
കുഞ്ഞുങ്ങള്‍ ഒരു കാര്യത്തില്‍ നിന്ന് മറ്റൊരു കാര്യത്തിലേക്ക് ഓടിക്കയറുന്നത് എത്ര പെട്ടെന്നാണ് അല്ലേ? എന്നു ചോദിച്ചത് ആ നീലാഞ്ജനത്തുമ്പിയാണോ അതോ അവളുടെ കൂട്ടുകാരന്‍ മഞ്ഞത്തുമ്പിയാണോ, അതോ ആ പേരില്ലാ അണ്ണാരക്കണ്ണനാണോ എന്നറിയാന്‍ എന്താ ഇപ്പോ ഒരു വഴി?
Read More: പ്രിയ എ എസ് എഴുതിയ മറ്റു കഥകള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us