/indian-express-malayalam/media/media_files/2025/04/12/uL2d8hFkA764DTwOJiDb.jpg)
ചിത്രീകരണം: വിഷ്ണു റാം
രണ്ടു കുഞ്ഞുസമ്മാനങ്ങളുടെ കഥ
കുഞ്ഞുണ്ണിയമ്മയ്ക്ക് ഓരോന്നെഴുതിയതിന് കിട്ടിയ കുറേ സമ്മാനങ്ങള്‍ ഇരിക്കണതു കണ്ടിട്ടുണ്ടോ താരാവീട്ടിൽ? രണ്ടു നുണ്ണന്‍ സമ്മാനങ്ങളില്ലേ അതിൻ്റെടേല്? അതേ... അത് കുഞ്ഞുണ്ണിക്ക് കിട്ടിയതാ.
"ഈ കുഞ്ഞുണ്ണി ലീലാവതി ടീച്ചറുടെ വീട്ടിച്ചെന്ന് എടുത്തോണ്ടുപോന്നതാ അതുരണ്ടും" എന്നാണമ്മ എല്ലാരോടും പറയാറ്.
ശരിയ്ക്കും പറഞ്ഞാലേ... കുഞ്ഞുണ്ണിയും കൂട്ടരും തൃക്കാക്കരേലെ ദേവീദര്‍ശന്‍ വീട്ടിലായിരുന്നപ്പോഴാണ് ആ സംഭവം. ലീലാവതിയമ്മൂമ്മേടെ വീടിനു തൊട്ടടുത്ത് റോഡിനപ്പുറമായിരുന്നല്ലോ ദേവീദര്‍ശന്‍വീട്.
ഒരു ദിവസം കുഞ്ഞുണ്ണിക്കൊരു മോഹം, പെണ്‍കുട്ടിയാവണം. എന്നിട്ട് അമ്മേപ്പോലെ കണ്ണെഴുതി പൊട്ടുതൊട്ട് വളയിട്ട് മാലയിട്ട് മൂക്കുത്തിയൊക്കെയിട്ട് നടക്കണം. കുഞ്ഞുണ്ണി അങ്ങനെ പറഞ്ഞപ്പോ അമ്മ ആലോചനയിലായി.
എന്നിട്ട് പറഞ്ഞു "നമ്മടെ റെസിഡന്റ്‌സ് അസോസിയേഷന്റെ ആനുവല്‍ ഡെ അടുത്തയാഴ്ചയല്ലേ... കുഞ്ഞുങ്ങളുടെ ഫാന്‍സീ ഡ്രസ് ഉണ്ടാവും അപ്പോ. അമ്മ കുഞ്ഞുണ്ണിയെ പെണ്‍കുട്ടിയാക്കി സ്‌റ്റേജിക്കേറ്റാം അന്ന്."
എന്തൊക്കെയാണാവോ ഈ അമ്മ പറയണത് എന്നു വിചാരിച്ചു കുഞ്ഞുണ്ണി. എന്നാലും കുഞ്ഞുണ്ണി തലയാട്ടി കേട്ടോ. അമ്മ പിന്നെ കുഞ്ഞുണ്ണിപ്പെണ്‍കുട്ടിക്കുള്ള ഓരോരോ പണിയിലായി. ചേര്‍ത്തലക്കാരി മീന്‍കാരിയാവാം കുഞ്ഞുണ്ണീ... നമുക്കെന്ന് പറഞ്ഞു അമ്മ. അതിനുവേണ്ട ഡയലോഗ് പഠിപ്പിച്ചു അമ്മ.
ലുങ്കീം പുള്ളി ബ്ലൗസും തലേലെ തോര്‍ത്തുകെട്ടിന്മേൽ മീന്‍ നെറച്ച അലൂമിനിയച്ചരുവോം വച്ച് മീന്‍കാരി താളത്തില്‍ കുലുങ്ങി നടന്നു വരണം. എന്നിട്ട് മിറ്റത്ത് കുത്തിയിരുന്ന് വീട്ടുകാരോട് പറയണം "നല്ല പെടക്കണ അയലയാണെന്നേ... എടുക്കട്ടെ?"
"വേണ്ടെ? എന്നാപ്പിന്നെ കൊറച്ച് കൊഴുവയെടുക്കട്ടെ? പൊരിച്ചു പിള്ളേര്‍ക്ക് കൊടുത്താലേ ഉപ്പേരിപോലെ തിന്നോണ്ട് നടന്നോളും."
"അതും വേണ്ടെ? എന്നാപ്പിന്നെ നേരത്തെ പറയാമ്പാടില്ലായിരുന്നോ ഒന്നും വേണ്ടെന്ന്. മനുഷ്യരെ മെനക്കെടുത്താനായിട്ട്" എന്നുമ്പറഞ്ഞ് തട്ടിക്കുടഞ്ഞെണീറ്റ് മീന്‍കാരി ഒരു പോക്കുപോവും.
കുഞ്ഞുണ്ണി മീന്‍കാരീടെ വരവും കുത്തിയിരിപ്പും കെറുവിച്ചെണീറ്റുപോകലും കണ്ട് കുഞ്ഞുണ്ണിവീട്ടിലെ എല്ലാരും കൈയടിച്ചു. എനിക്ക് കൈ ഇല്ലാഞ്ഞിട്ടാ, ഇല്ലേല്‍ ഞാനും കൈയടിച്ചേനെ എന്ന മട്ടില്‍ സാംബന്‍ കാക്ക കുഞ്ഞുണ്ണീടഭിനയം ചാഞ്ഞുചരിഞ്ഞുനോക്കി.
കുഞ്ഞുണ്ണി പോസ്റ്റ്മാമനെ അതഭിനയിച്ചു കാണിച്ചപ്പോ "കുഞ്ഞുണ്ണീ... വീരാ... ഡയലോഗ് വീരാ... ചേര്‍ത്തലക്കാരി മീന്‍കാരീടെ ഈണം അസ്സലായിട്ടുണ്ടേ..." എന്ന് പറഞ്ഞു പോസ്റ്റ്മാമന്‍.
അതിനെടേൽ അമ്മ അപ്പൂപ്പന്റെ കളംകളം കൈലിവെട്ടി ചെറുതാക്കി മീന്‍കാരിക്കൈലിയാക്കി. കുഞ്ഞുണ്ണിക്കൈപ്പാകത്തിന് കരിവള വാങ്ങി. ചോപ്പില് വട്ടംവട്ടമുള്ള തുണി വാങ്ങി മീന്‍കാരിപ്പെണ്ണിന് ബ്‌ളൗസ് തുന്നി. കല്ലുപതിച്ച പൊട്ടുവാങ്ങി കുഞ്ഞുണ്ണിക്കാതിലൊട്ടിച്ച് കമ്മലാക്കി.
മൂക്കിൽ കൊളുത്തിവയ്ക്കണ മുത്തുമണികളാടുന്ന മൂക്കുത്തി വാങ്ങി കുഞ്ഞുണ്ണിമൂക്കിലിട്ടുകൊടുത്തു അമ്മ. അലൂമിനിയം ചരുവം സ്വാമിയപ്പൂപ്പന്റെ വീട്ടീന്ന് സംഘടിപ്പിച്ചു അമ്മ.
പക്ഷേ മത്സരത്തിന്റെ ദിവസം സ്റ്റേജിലുണ്ടായതെന്താണെന്നോ?
ഫാന്‍സി ഡ്രസിന് കുഞ്ഞുങ്ങളൊക്കെ വീട്ടുകാരുടെ കൈയും പിടിച്ച് നിരനിരന്നു നിന്നു സ്റ്റേജിനു പുറകില്‍. അമ്മയായിരുന്നു കുഞ്ഞുണ്ണിക്കൊപ്പം. വലിയ കണ്ണല്ലേ കുഞ്ഞുണ്ണിക്ക്, നീളന്‍ കണ്‍പീലിയല്ലേ കുഞ്ഞുണ്ണിക്ക്, കണ്ടവരെല്ലാം വിചാരിച്ചു കുഞ്ഞുണ്ണി അമ്മേടെ മകളാണെന്ന്.
പ്രോഗ്രാമിന്റെ ആളുകളിലാരോ പറഞ്ഞു "കുഞ്ഞുമോളേ... അങ്ങോട്ടു നീങ്ങിനില്‍ക്ക്" കുഞ്ഞുണ്ണിക്കവിളില്‍ തൊട്ടുതലോടി അമ്മ കുടുകുടെ ചിരിക്കുന്നതിനിടെ കര്‍ട്ടന്‍ പൊങ്ങി. ആദ്യ ഊഴം മീന്‍കാരിയുടേതായിരുന്നു.
അമ്മ കുഞ്ഞുണ്ണിയെ സ്റ്റേജിലേക്കാക്കിക്കൊടുത്തു പതിയെ. സ്റ്റേജിന്റെ നടുവിലെത്തിയതും കുഞ്ഞുണ്ണിമീന്‍കാരി ഒറ്റക്കരച്ചിൽ. ഉടനെ ആരോ കര്‍ട്ടനിട്ടു. എന്താ എന്താന്ന് ചോദിച്ച് അമ്മ ഓടിവന്നു.
"അതിനാരും വണ്‍ ടൂ ത്രീ പറഞ്ഞില്ലല്ലോ" എന്നായി കുഞ്ഞുണ്ണിപ്പരാതി.
അമ്മേം ബാക്കിയെല്ലാവരും മുഖത്തു പടര്‍ന്ന ചിരി തൂത്തുകളഞ്ഞ് കുഞ്ഞുണ്ണിച്ചുറ്റിനും നിന്നു. അമ്മ ചോദിച്ചു "ഞാന്‍ പറഞ്ഞാമതിയോ വണ്‍ ടൂ ത്രീ? കുഞ്ഞുണ്ണി തലയാട്ടി.
പിന്നേം കര്‍ട്ടനുയര്‍ന്നു, അമ്മ സ്റ്റേജിന്റെ ഒരു വശത്തു പതുങ്ങിനിന്ന് "വണ്‍... ടൂ... ത്രീ..." പറഞ്ഞു.
കുഞ്ഞുണ്ണിമീന്‍കാരി തലേല് അലൂമിനിയച്ചരുവവുമായി താളത്തില്‍ മുന്നോട്ട് നടന്നു. പക്ഷേ കുറേ... കുറേ... ആളുകളെ കണ്ടപ്പോ കുഞ്ഞുണ്ണീടെ ഒച്ച എങ്ങാണ്ടേക്ക് പോയി. വെടിപൊട്ടണ ഒച്ചേൽ വീട്ടിൽ ഡയലോഗ് പറഞ്ഞിരുന്ന ആൾ പിറുപിറാ... എന്നായി ഡയലോഗ് പറച്ചില്‍.
മീന്‍കാരി തിരിച്ചെത്തിയപ്പോ അമ്മ മീന്‍ചരുവത്തോടെ കുഞ്ഞുണ്ണിമീന്‍കാരിയെ എളിയിലെടുത്തു. ആരൊക്കെയോ "കൊള്ളാല്ലോ ഈ മീന്‍കാരി" എന്ന് കുഞ്ഞുണ്ണീടെ തലയില്‍ത്തലോടി.
എളിയിലിരുന്ന് കുഞ്ഞുണ്ണി കുഞ്ഞിക്കൈകൊണ്ട് അമ്മയെ അടിക്കാനും ഇടിക്കാനും പിന്നെ കരയാനും തുടങ്ങിയത് പെട്ടെന്നാണ്.
എന്താണാവോ കാര്യം? ഒരിക്കലും ഒന്നിനും ആരേം അടിക്കുകേം ഇടിക്കുകേം ചെയ്യാത്ത കുട്ടിയാണല്ലോ. എന്താ പറ്റിയെ? വീട്ടിപ്പോയി ഈ പെണ്‍കുട്ടിവേഷമെല്ലാം മാറ്റിയാലോ നമുക്കെന്ന് അമ്മ ചോദിച്ചതൊന്നും കുഞ്ഞുണ്ണി കേട്ടമട്ടില്ലായിരുന്നു. കരച്ചിലിനിടയില്‍ക്കൂടി ഇടീം അടീം തന്നെ കുഞ്ഞുണ്ണി.
എന്തായാലും വേണ്ടില്ല എന്നു വിചാരിച്ച് അമ്മ കുഞ്ഞുണ്ണിയേം കൊണ്ട് വീട്ടിലേക്കു നടക്കുന്ന വഴിയിലുണ്ട് ലീലാവതിയമ്മൂമ്മ വരണു. ലീലാവതിയമ്മൂമ്മ പ്രോഗ്രാമിൽ പ്രസംഗിക്കാന്‍ വന്നിട്ട് തിരിച്ചുപോണ വഴിയെ ആയിരുന്നു.
ലീലാവതിയമ്മൂമ്മ കുഞ്ഞുണ്ണീടെ മീന്‍കാരിവേഷം കണ്ട് ചിരിച്ചു "ഓ ഇയാളായിരുന്നോ ആ മീന്‍കാരി. മനസ്സിലായില്ല കേട്ടോ അമ്മൂമ്മയ്ക്ക്" എന്നു കുഞ്ഞുണ്ണിക്കൈയിൽ തൊട്ടു.
കുഞ്ഞുണ്ണി കരച്ചിലിലാണെന്നു കണ്ട് ലീലാവതിയമ്മൂമ്മ തിരക്കി "എന്താ കുഞ്ഞുണ്ണ്യേ... കാര്യം?"
കുഞ്ഞുണ്ണി കരച്ചിലിനിടയിലൂടെ പറഞ്ഞു "ഒരു സമ്മാനോം തന്നില്ല അവര്"
"അതിനാണോ നീ കരയണത്? ഇത് വെറുതെ പ്രോഗ്രാമല്ലെ. ഇതിന് ആമയും മുയലും കഥയിലെപ്പോലെയൊന്നും ആര്‍ക്കും സമ്മാനമില്ല" എന്നായി അമ്മ.
പക്ഷേ ലീലാവതിയമ്മൂമ്മ കുഞ്ഞുണ്ണിത്താടിയില്‍ പിടിച്ചു ചോദിച്ചു "സമ്മാനത്തിനാണോ വിഷമം? അമ്മൂമ്മേടെ വീട്ടിലിരിക്കണ കുറേ സമ്മാനങ്ങളില്ലേ? അതിലേതു വേണേലും കുഞ്ഞുണ്ണിയെടുത്തോ. ഇപ്പോത്തന്നെ പോരെ അമ്മൂമ്മേടെ വീട്ടിലേക്ക്."
അതു കേട്ടതും സ്വിച്ചിട്ടതുപോലെ കുഞ്ഞുണ്ണി കരച്ചിൽ നിര്‍ത്തി. കുഞ്ഞുണ്ണി അമ്മേടെ എളിയില്‍ നിന്ന് ചാടിയിറങ്ങി.
എന്നിട്ടോ, കുഞ്ഞുണ്ണി അമ്മേടെ കൈ പിടിച്ച് വലിക്കലായി "വാ... നമ്മുക്ക് പോയി സമ്മാനം എടുത്തോണ്ട് പോരാം" അയ്യടാന്നായി അപ്പോ അമ്മ.
"അതേ... പിന്നെ വരാം നമക്ക്. ഈ വേഷമൊക്കെ മാറ്റി പിന്നെ വരാം നമക്ക്" എന്നു സൂത്രക്കാരിയായി ഒന്നു പയറ്റിനോക്കി അമ്മ. പക്ഷേ കുഞ്ഞുണ്ണി ഉണ്ടോ വിടുന്നു?
അവർ മൂന്നാളും കൂടി ലീലാവതിയമ്മൂമ്മേടെ ആ ഇളം പച്ചവീട്ടിലെ അവാർഡ് കൊണ്ട് നിറഞ്ഞിരിക്കണ മുറിയിലങ്ങനെ ചെന്നുനിന്നപ്പോ ലീലാവതിയമ്മൂമ്മ പറഞ്ഞു "ഇതിലേതാ വേണ്ടതെന്നുവച്ചാ കുഞ്ഞുണ്ണി നോക്കിനോക്കി എടുത്തോ."
കുഞ്ഞുണ്ണി ആ വലിയ വയലാര്‍ അവാര്‍ഡെങ്ങാന്‍ പൊക്കിയെടുക്കുമോ എന്നു പേടിച്ചു നിന്ന അമ്മയുടെ മുന്നിലൂടെ ഓരോ അവാര്‍ഡും തൊട്ടുതൊട്ട് കുഞ്ഞുണ്ണി നടന്നു. ഒടുക്കം കുഞ്ഞിക്കൈയിലൊതുങ്ങുന്ന രണ്ടു പീക്കിരി സമ്മാനങ്ങളെടുത്തു സന്തോഷക്കുട്ടനായി.
"അതവാര്‍ഡല്ല മെമൻ്റോയാ, അതുമതിയോ?" എന്നു ചോദിച്ചു ലീലാവതിയമ്മൂമ്മ.
"മതി... മതി..." എന്നു ചിരിക്കുട്ടനായി കുഞ്ഞുണ്ണി.
"വലിയ ആളായി ഐ എഫ് എസുകാരനാവണം കേട്ടോ..." എന്നു പറഞ്ഞു ലീലാവതിയമ്മൂമ്മ. കുഞ്ഞുസമ്മാനത്തില്‍ മതിമയങ്ങി കുഞ്ഞുണ്ണി ഒക്കെ സമ്മതിച്ചു തലയാട്ടിനിന്നു.
അവിടിരുന്ന് തണുതണാ ഓറഞ്ചു രണ്ടുമൂന്നെണ്ണം തിന്ന് മീന്‍കാരിയായതിന്റെ ക്ഷീണമൊക്കെ മാറ്റി. ചെറിയമ്മയുടെ മുറിയില്‍ പോയി കുശലം പറഞ്ഞ് രണ്ടു കൈയിലും സമ്മാനങ്ങളെടുത്തിറുകെ പിടിച്ച് അമ്മയുടെ മടിയിലിരുന്ന് കുഞ്ഞുണ്ണി ഉറങ്ങിപ്പോയി.
ഉറക്കക്കുഞ്ഞുണ്ണിയെയും തോളിലിട്ട് ദേവീദര്‍ശന്‍ വീട്ടിലെത്തി അവനെ കിടക്കയില്‍ കിടത്തി കുഞ്ഞുണ്ണിയമ്മൂമ്മയോടും കുഞ്ഞുണ്ണിയപ്പൂപ്പനോടും സമ്മാനക്കഥ വിസ്തരിച്ച് അമ്മ ചിരിച്ചു.
ആ സമ്മാനമാണ് താരാവീട്ടിൽ അമ്മേടെ സമ്മാനങ്ങള്‍ക്കെടയിലിരിക്കണ ഈ കുഞ്ഞുസമ്മാനം. അതേയ്, കുഞ്ഞുണ്ണീടെ ഈ സമ്മാനക്കഥ ഇഷ്ടപ്പെട്ടോ?
Read More: പ്രിയ എ എസ് എഴുതിയ മറ്റു കഥകള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.