/indian-express-malayalam/media/media_files/2025/04/25/K69sm8jVvGP5CaPWmvde.jpg)
ചിത്രീകരണം: വിഷ്ണു റാം
നട്ട് കേസ്
ആ ഗിരിജവല്യമ്മ ദേവീദര്‍ശന്‍ വീട്ടിൽ വന്നുപോയതില്‍പ്പിന്നെ മുന്തിരിങ്ങാ... മുന്തിരിങ്ങാ... എന്നു പറയണ സാധനം കാണാനും കൂടി കിട്ടീട്ടില്ല കുഞ്ഞുണ്ണിക്ക്.
കുഞ്ഞുണ്ണിക്ക് അമ്മ പറഞ്ഞുകൊടുത്ത ഒരു കഥേലുണ്ട് മുന്തിരിങ്ങയും ഒരു കുറുക്കച്ചാരും.
മരത്തിൽ പടര്‍ന്നുകേറി കായ്ച്ചിരിക്കണ മുന്തിരിങ്ങാക്കുല കണ്ട് കൊതിപിടിച്ച് അവന്‍ കുറേ... കുറേ... ചാടി നോക്കും. എന്നിട്ട് മുന്തിരിങ്ങ കിട്ടാതാവുമ്പോ ''ആര്‍ക്കു മേണം ഈ പുളിമുന്തിരിങ്ങ?'' എന്നുചോദിച്ച് പുറകില്‍ കൈയും കെട്ടി മുഖം കോട്ടി തിരിച്ച് നടക്കും.
മുന്തിരിങ്ങ തിന്നതോടെ കുഞ്ഞുണ്ണിക്കിത്തിരികൂടി ഇഷ്ടം കൂടി ആ കഥയോട്. അത് അഭിനയിച്ച് കളിക്കലായി പിന്നെ കുഞ്ഞുണ്ണി.
ഭിത്തിയാണ് മരം. കുഞ്ഞുണ്ണി അതിലെ മുന്തിരിവള്ളീം കുലേം നോക്കി ചാടടാ.... ചാട്ടം. ഭയങ്കര ഉയരത്തില്ലേ മരം, എങ്ങനെ കിട്ടാനാ മുന്തിരിങ്ങ. ചാടിത്തളരും കുഞ്ഞുണ്ണിക്കുറുക്കന്‍.
പിന്നെ ആര്‍ക്കുമേണം പുളിമുന്തിരിങ്ങ എന്ന് കുഞ്ഞുണ്ണിക്കുറുക്കന്‍ ഠപ്പോന്ന് തിരിഞ്ഞുനടക്കും, നെറ്റിയൊക്കെ ചുളിച്ച്. അക്കളി താരാവീട്ടിലും കളിക്കാറുണ്ട് കുഞ്ഞുണ്ണി.
കുറേ നാളായില്ലേ എപ്പഴും 'കിട്ടാത്ത മുന്തിരിങ്ങ' യും വാതില്‍പ്പുറകില്‍ ഒളിച്ചുകളിയും, സാംബവന്‍കാക്കയുടെ അമ്മൂമ്മേ കൊത്തല്‍കളിയും, സ്‌കൂളില്‍പ്പോക്ക് കളിയും തന്നെ കളിക്കണു, ഇനി ഇത്തിരിനാള്‍ വേറെ എന്തെങ്കിലും കളിക്കാം എന്ന് പറഞ്ഞ് അമ്മ ഒരു ദിവസം വാങ്ങിച്ചു കൊണ്ടുവന്നതെന്താണെന്നു പറയട്ടെ?
എന്‍ജിനീയറിങ് ടൂള്‍സിന്റെ ഒരു കിറ്റ്. അത് കിട്ടിയതും കുഞ്ഞുണ്ണി അതെല്ലാം കൂടി നിലത്തേക്ക് ചൊരിഞ്ഞിട്ട് അതിന്റെ നടുവിലിരിപ്പായി.
അതുവരെ കുഞ്ഞുണ്ണിക്കു പണിയായുധങ്ങളായുണ്ടായിരുന്നത് താരാവീടു പണിതപ്പോ ബാക്കിയായ കുറേ കുഞ്ഞുകുഞ്ഞു മരക്കഷ്ണങ്ങളാണ്. 'ആശാരി-മാമന്‍' കളിക്കായി കുഞ്ഞുണ്ണി തന്നെ മുറ്റത്തുനിന്നു പെറുക്കിയെടുത്തതാണതെല്ലാം.
അതിൽ കൊട്ടുവടീം ചിന്തേരിടണ സാധനവും അളക്കാനുള്ള സാധനവും ഒക്കെയുണ്ട്. ഒരു ബാഗിലതെല്ലാം പെറുക്കിയിട്ട് ബാഗ് തോളത്തുതൂക്കിയാണ് കുഞ്ഞുണ്ണിയാശാരിയുടെ നടപ്പ്.
കുഞ്ഞുണ്ണീടെ പാല്‍ക്കുപ്പീം കുറുക്കുപാത്രവും വെള്ളം സിപ് ചെയ്തു കുടിക്കുന്ന സിപ്പറും ഒക്കെ നിറച്ചുവച്ചു കുഞ്ഞുണ്ണിയേം കൊണ്ട് പുറത്തുപോകുമ്പോഴൊക്കെ അമ്മ തോളത്തുതൂക്കിയിടുന്ന ഒരു പച്ച-മഞ്ഞ-നീല ബാഗില്ലേ, കുഞ്ഞുണ്ണി വലുതായി താനേ നടക്കാറായപ്പോ അത് ആവശ്യമില്ലാതായല്ലോ. ആ ബാഗാണ് അമ്മ ആശാരിബാഗായി കുഞ്ഞുണ്ണിക്ക് കൊടുത്തിരിക്കുന്നത് കേട്ടോ.
ആ ബാഗും തോളില്‍തൂക്കി കുഞ്ഞുണ്ണിയാശാരി വീട്ടുപടിക്കല്‍ വന്ന് ചോദിക്കും "വീട്ടുകാരെ എന്തേലും പണിയാനുണ്ടോ...? ഒടിഞ്ഞതെന്തെങ്കിലും നന്നാക്കാനുണ്ടോ...?"
അമ്മൂമ്മ പറയും "എന്റെ ചാരുകസേരയുടെ വടിയൊടിഞ്ഞത് ഒന്നു നന്നാക്കിത്താ കുഞ്ഞുണ്ണിയാശാരീ..."
അപ്പൂപ്പന്‍ പറയും "എനിക്ക് ഒരു മേശ പണിതുതാ ആശാരീ..."
അമ്മ പറയും "എനിക്ക് നടുവു വേദനയൊന്നും വരാത്ത തരത്തില്‍, എഴുത്തുനേരത്ത് കമ്പ്യൂട്ടറിന്റെ മുമ്പിലിടാന്‍ ഒരു കസേരയുണ്ടാക്കിത്താ ആശാരീ..."
ആശാരി മുന്‍വശത്ത് നിലത്ത് ചടഞ്ഞിരിപ്പാവും. ബാഗിലെ മരസാധനങ്ങളോരോന്നായി നിലത്ത് ചൊരിഞ്ഞിടും. പിന്നെ തട്ടലും മുട്ടലും ആണിയടിക്കലും ആകെ കോലാഹലമയം. ഒടുക്കം ചാരുകസേരയുടെ വടിയും മേശയും കമ്പ്യൂട്ടര്‍ ചെയറുമൊക്കെ ചടുപടാന്ന് റെഡിയാകും.
"എന്തൊരു സ്പീഡാ ഈ ആശാരിക്ക്, പണിയെല്ലാം തകര്‍പ്പനായിട്ടുണ്ട്" എന്നൊക്കെ എല്ലാരും പറയുന്നതിനിടെ അമ്മൂമ്മ കൊടുത്ത നാരങ്ങാവെള്ളവും കുടിച്ച് പഴവും തിന്ന് പണിക്കാശും വാങ്ങി, കൊടുത്ത കാശെണ്ണിനോക്കി കുഞ്ഞുണ്ണിയാശാരി തിരിച്ചുപോവും. വേറെയേതോ വീട്ടിലേക്ക്, വേറെയേതോ പണിക്കായി.
ആശാരിക്കളി കണ്ടുകണ്ടാവുമല്ലേ അമ്മയ്ക്കു തോന്നിയത് എന്‍ജിനീയറിങ് ടൂള്‍സ് വാങ്ങിക്കൊടുക്കാം കുഞ്ഞുണ്ണിക്കെന്ന്. പലപല തട്ടുകളുള്ള പരന്ന നീളന്‍ ടിഫിന്‍ ബോക്‌സില്ലേ? അതുപോലൊരു ബോക്‌സിലാണ് ടൂള്‍സ്.
"ഇതിനൊരു തൂക്കുചരടുള്ളത് നന്നായി, തൂക്കിപ്പിടിച്ച് കൊണ്ടുപോകാമല്ലോ എല്ലായിടത്തേക്കും" എന്നു അതുകണ്ടപ്പോ കുഞ്ഞുണ്ണിയപ്പൂപ്പൻ പറഞ്ഞു.
അതിൽ പല പല വലിപ്പത്തിലുള്ള കുറേ സ്പാനറും നട്ടും ബോള്‍ട്ടുമൊക്കെയുള്ളത് കുഞ്ഞുണ്ണിക്ക് ക്ഷ പിടിച്ചു. അമ്മൂമ്മ കൊണ്ടുവന്ന ഇഡ്ഡലി കഴിക്കാന്‍ വാ തുറക്കാന്‍ പോലും നേരമില്ലാതെ, ഭയങ്കര ബിസിയായിരിക്കുന്ന കുഞ്ഞുണ്ണി എന്‍ജിനീയറെ കണ്ടോണ്ട് അകത്തേക്കു പോയി അമ്മ.
പക്ഷേ ഇത്തിരിനേരത്തിനകം അമ്മ ഓടിപ്പാഞ്ഞുവരേണ്ടി വന്നു കുഞ്ഞുണ്ണിയുടെ "അയ്യോ.... അയ്യോ..." കരച്ചില്‍ കേട്ട്. എന്താ സംഭവിച്ചതെന്നോ?
ആ നട്ടും ബോള്‍ട്ടും സെറ്റിലെ നട്ടെടുത്ത് തിരിച്ചും മറിച്ചും നോക്കിയപ്പോ അമ്മേടെ മോതിരം പോലുണ്ടല്ലോ എന്നു കുഞ്ഞുണ്ണിക്ക് ചിരിവന്നു. കുഞ്ഞുണ്ണിയാണെങ്കിലോ അതുവരെ ഒരു മോതിരമിട്ടിട്ടില്ല താനും.
കുഞ്ഞുണ്ണിക്ക് തോന്നി ഈ പിങ്ക് നട്ടെടുത്ത് വിരലിലിട്ട് ഒരു പിങ്ക് മോതിരമാക്കിയാലോ? എന്നിട്ടമ്മേ കാണിക്കാം. പിന്നെ ഒട്ടും തമസിച്ചില്ല, കുഞ്ഞുണ്ണിയത് തിരികിത്തിരുകി വിരലില്‍ കേറ്റി. എന്നിട്ട് വിരല്‍ തിരിച്ചും മറിച്ചും മോതിരത്തിന്റെ ഭംഗിനോക്കി.
ഇനിയത് ഊരി മാറ്റി കളി തുടരാം എന്നുവിചാരിച്ചപ്പോഴാണ് ആകെ പ്രശ്‌നമായത്. നട്ടുമോതിരം അനക്കാനേ പറ്റുന്നുള്ളൂ, ഊരാന്‍ പറ്റുന്നില്ല. അത് കുഞ്ഞുണ്ണി വിരലില്‍ ഇറുകിമുറുകി കിടപ്പാണ് .
കുഞ്ഞുണ്ണിയാകെ പേടിച്ചു നിലവിളിയായി. എല്ലാരും ഓടിവന്നു, വിരല്‍ പിടിച്ച് നട്ട് മോതിരം ഊരാമ്പറ്റുമോന്ന് നോക്കി ഓരോരുത്തരും. തിരിക്കുമ്പോ അനങ്ങുന്നതല്ലാതെ അത് ഊരിപ്പോരണില്ല എന്നു കണ്ട് എല്ലാവരും പരിഭ്രമത്തിലായി.
അമ്മ വിരലില്‍ കുറെ ക്രീമൊക്കെയിട്ട് "ഇപ്പോ ശരിയാക്കാം കുഞ്ഞാ..." എന്നു കുഞ്ഞുണ്ണിയെ സമാധാനിപ്പിച്ചിരുത്താന്‍ നോക്കിയെങ്കിലും അതൊക്കെ വെറുതായി. കുഞ്ഞുണ്ണിയോ? അതിനകം കരച്ചില്‍ പെരുമഴയായിക്കഴിഞ്ഞിരുന്നു. എന്താ ചെയ്യേണ്ടത് എന്നായി എല്ലാരും.
തോരാക്കരച്ചില്‍ കുഞ്ഞുണ്ണിയെ എടുത്തുകൊണ്ട് അമ്മൂമ്മ കാറില്‍ക്കയറി. അമ്മ അപ്പുറത്തെ ശ്യാംമാമനെ ഒരു ധൈര്യത്തിനായി കൂട്ടു വിളിച്ചു. പിന്നെ അമ്മ അടുത്തുള്ള ഡോക്റ്ററുടെ വീട്ടിലേക്ക് കാറോടിച്ചു.
കാറിലിരുന്ന് കുഞ്ഞുണ്ണി എണ്ണിപ്പെറുക്കിയോരോന്നു പറഞ്ഞ് കരഞ്ഞു. "ഞാനെന്തൊരു മണ്ടനാണ്. ആരെങ്കിലും നട്ട് വിരലിൽ മോതിരമായി ഇടുമോ? ഒട്ടും ബുദ്ധിയില്ലാത്ത കുട്ടികളല്ലേ ഇങ്ങനെയൊക്കെ ചെയ്യൂ. ഇനിയിപ്പോ എങ്ങനെ ഇത് ഊരും? ഊരാന്‍ പറ്റിയില്ലെങ്കില്‍ ദൈവേ... പ്ലേ സ്‌കൂളില്‍ പോകാറാകുമ്പോ ഇതിട്ടോണ്ട് പോകേണ്ടി വരും. ഇതു വിരലിലിട്ടോണ്ട് ഞാനെങ്ങനെ പൂവന്‍കോഴിയ്ക്ക് കളറു കൊടുക്കും? എങ്ങനെ മോരുംകൂട്ടി ഉണ്ണും? കുഷനും കെട്ടിപ്പിടിച്ച് ഉറങ്ങും? ദൈവേ... എന്നാലും ഞാനിത്ര മണ്ടനായിപ്പോയല്ലോ"
ആകെ വിഷമിച്ചിരിക്കുന്ന അമ്മയും അമ്മൂമ്മയും പോലും കുഞ്ഞുണ്ണീ വിലാപം കേട്ട് ചിരിച്ചുപോയി. ഹോസ്പിറ്റലിലെത്തിയപ്പോ ഡോക്ടർ ഒരു നൂൽ വിരലില്‍ കെട്ടി നട്ട് മോതിരം ഊരിയെടുക്കാന്‍ നോക്കി. ഒന്നൂടെ മോതിരം മുറുകിയതു തന്നെ മിച്ചം.
കുഞ്ഞുണ്ണി ചുറ്റും ചുറ്റും നടക്കണതെല്ലാം നോക്കി കരച്ചില്‍ നിര്‍ത്തി. അതിന് നട്ട് മോതിരമിട്ടിട്ട് കുഞ്ഞുണ്ണിക്ക് വേദനയൊന്നുമുണ്ടായിരുന്നില്ലല്ലോ. പക്ഷേ എണ്ണിപ്പെറുക്കല്‍ ഒരു തരിപോലും നിര്‍ത്താതെ തുടര്‍ന്നു കുഞ്ഞുണ്ണി.
"ഇവനാളൊരു 'നട്ടുകേസാ'ണല്ലോ" എന്ന് ഡോക്ടര്‍ പറഞ്ഞതുകേട്ട് മോതിരമൂരാനായി ഹെല്‍പ് ചെയ്യാന്‍ വന്ന നേഴ്‌സുമാരും ചിരിയോടു ചിരിയായി.
ഒടുക്കം ഇന്‍ജക്ഷന്‍ ചെയ്ത് കൈ മരവിപ്പിച്ച് മിനി ഓപ്പറേഷന്‍ തീയറ്ററില്‍ കേറ്റിയാണ് ആ നട്ടാശാനെ അവരൂരിയെടുത്തത്.
അതൂരി മാറ്റി വിരല്‍ ഫ്രീയായതും കുഞ്ഞുണ്ണി പാടാന്‍ തുടങ്ങി "ആരു വാങ്ങുമിന്നാരു വാങ്ങുമീ ആരാമത്തിന്റെ രോമാഞ്ചം?...." അപ്പൂപ്പന്‍ പഠിപ്പിച്ച പാട്ടാണതെന്ന് കുഞ്ഞുണ്ണി ഡോക്ടറോടു പറഞ്ഞു.
ഈ ആരാമത്തിന്റെ രോമാഞ്ചത്തിന് തിരിച്ചുപോണ വഴി ഒരു ഐസ്‌ക്രീം വാങ്ങിക്കൊടുക്കെന്നു പറഞ്ഞ് അവന്റെ തലയില്‍ തലോടി ഡോക്ടര്‍.
ഐസ്‌ക്രീം തിന്നോണ്ടിരിക്കുന്നതിനിടെ, അടുത്തുള്ള ടേബിളിലെ ഒരു ചേട്ടൻ-കുട്ടിയുടെ അടുത്തു ചെന്ന് അവനെ തോണ്ടിവിളിച്ച് കുഞ്ഞുണ്ണി ഉപദേശിച്ചു.
"എന്‍ജിനീയറിങ് ടൂള്‍സ് വച്ചു കളിക്കുമ്പോ നട്ടെടുത്ത് വിരലിൽ മോതിരം പോലെ ഇടരുത് കേട്ടോ, അത് ഭയങ്കര പ്രശ്‌നാവും..."
അമ്മ തിരിഞ്ഞിരുന്ന് ചിരിയോടെ അവര്‍ക്കെല്ലാം കാര്യം വിശദീകരിച്ചുകൊടുത്തു. അവരൊക്കെ കുലുങ്ങിച്ചിരിക്കുമ്പോ കണ്ണിലും കവിളിലും തലയിലും വരെയാക്കി ഐസ്‌ക്രീം തിന്നുന്ന തിരക്കിലായിരുന്നു കുഞ്ഞുണ്ണി.
ഏതായാലും പിന്നെ ഒരിയ്ക്കലും കുഞ്ഞുണ്ണിയാശാന്‍ ആ നട്ടാശാനെ വിരലിലിട്ടില്ല കേട്ടോ.
Read More: പ്രിയ എ എസ് എഴുതിയ മറ്റു കഥകള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.