/indian-express-malayalam/media/media_files/2025/04/12/nS2PGYGcvYDI6jlW3mbP.jpg)
ചിത്രീകരണം: വിഷ്ണു റാം
തണുതണാ ഓറഞ്ച്, പിന്നെ പുളിമുന്തിരീം
കുഞ്ഞുണ്ണിക്ക് ഇഷ്ടമുള്ള ഒരു കളി എന്താണെന്നോ? പൂക്കളി. ബൊക്കെയിലെ പൂക്കൾ ചന്നം പിന്നം കീറി മലപോലെ കൂട്ടിവയ്ക്കും കുഞ്ഞുണ്ണി, അതാണ് പൂക്കളി.
കുഞ്ഞുണ്ണിയമ്മയ്ക്ക് ഓരോ പ്രോഗ്രാമിന് പോകേണ്ടിവരാറുണ്ടല്ലോ ഇടയ്ക്കിടയ്ക്ക്, അപ്പോ പ്രോഗ്രാംകാര് അമ്മയ്ക്ക് ബൊക്കെ കൊടുക്കും. അതമ്മ കൊണ്ടുവന്ന് കുഞ്ഞുണ്ണിയ്ക്ക് കൊടുക്കും. പലപല നിറത്തിലെ പലപല പൂക്കളായിരിക്കും ബൊക്കെയിൽ നിറയെ.
അതമ്മ കൊടുക്കലും കുഞ്ഞുണ്ണിയത് കീറി അടര്‍ത്തലും ഓരേ സമയം കഴിയും. ''പൂക്കൾ കീറിപ്പറിക്കണ കുഞ്ഞുങ്ങളൊന്നും ഈ വീട്ടിലിതുവരെ ഉണ്ടായിട്ടില്ല, ഇതെന്തൊരു കുഞ്ഞ്'' എന്നമ്മൂമ്മയും അമ്മയും അന്നേരം മുഖം ചുളിക്കും.
''നമുക്ക് ഫ്ലവർ വെയ്‌സിൽ വച്ച് അതിന്റെ ഭംഗി കണ്ടോണ്ടിരുന്നാല്‍ പോരേ മക്കളേ...'' എന്നമ്മ പിന്നേംപിന്നേം പറയും.
ആരു കേക്കണു അതൊക്കെ? കുഞ്ഞുണ്ണിയുടെ പൂമല-കളിരസം അപ്പോഴേക്ക് മുളച്ചുതുടങ്ങിയിട്ടുണ്ടാവും.
''ആര്‍ക്കറിയാം കുഞ്ഞുങ്ങളുടെ മനസ്സിലെ ഓരോരോ വിചാരങ്ങൾ" എന്നു പറയും കുഞ്ഞുണ്ണിയമ്മൂമ്മ.
"പൂവെങ്കില്‍ പൂവ്, പിച്ചിക്കീറലെങ്കില്‍ പിച്ചിക്കീറല്‍, എന്തേലുമാവട്ടെ. അടങ്ങിയിരിക്കുമല്ലോ അത്രേം നേരം" എന്നു പറഞ്ഞ് അമ്മ പിന്നെ പ്രോഗ്രാമിനുടുത്ത സാരി മാറ്റാനകത്തേക്ക് പോവും.
പക്ഷേയുണ്ടല്ലോ എപ്പോ പ്രോഗ്രാമിന് പോയാലും ബൊക്കെ കിട്ടണ ആളല്ല അമ്മ. എപ്പോ എവിടെപ്പോയാലും ബൊക്കെ കിട്ടണ ആൾ ലീലാവതിയമ്മൂമ്മയാണ്.
എരമല്ലൂരെ ഈ താരാവീട്ടിനടുത്തല്ല, കുഞ്ഞുണ്ണിയൊക്കെ ഇന്നാള് താമസിച്ചിരുന്ന തൃക്കാക്കരേലെ ദേവീദര്‍ശന്‍ വീട്ടിനടുത്താണ് ലീലാവതിയമ്മൂമ്മയുടെ ഇളംപച്ചവീട്. അമ്മേപ്പോലെയല്ല, ഒത്തിരി ഒത്തിരി എഴുതണ ആളാണ് ലീലാവതിയമ്മൂമ്മ.
അമ്മേപ്പോലെ ഇത്തിരി അവാര്‍ഡല്ല ഒത്തിരിയൊത്തിരി അവാര്‍ഡൊക്കെ കിട്ടണ ആളാണ് ലീലാവതിയമ്മൂമ്മ. അമ്മേപ്പോലെ ചെറിയ എഴുത്തുകാരിയല്ല വലിയ വലിയ എഴുത്തുകാരിയാണ് ലീലാവതിയമ്മൂമ്മ. എപ്പോ ചെന്നാലും ലീലാവതിയമ്മൂമ്മ പുസ്തകങ്ങള്‍ക്കിടയിലായിരിക്കും, എന്നിട്ട് വായന അല്ലേല്‍ എഴുത്ത്, അതുതന്നെ പണി.
അവിടിരിക്കണ അവാര്‍ഡൊക്കെ കുഞ്ഞുണ്ണിക്ക് പൊക്കിനോക്കാന്‍ പറ്റാത്തത്ര വലുതാണ്. ഇടയ്‌ക്കൊക്കെ അമ്മേം കുഞ്ഞുണ്ണീം കൂടെ ലീലാവതിയമ്മൂമ്മയുടെ വീട്ടില്‍ പോവും. ചെലപ്പോ അവിടെ ചെല്ലുമ്പോ ആര്‍ക്കും വേണ്ടാതെ ഒരു മൂലയിലിരിക്കുന്നുണ്ടാവും ബൊക്കെകൾ. അമ്മേങ്കുഞ്ഞുണ്ണീം ആ ബൊക്കെ എടുത്തു കൊണ്ടുവരും കുഞ്ഞുണ്ണിക്ക്െ കീറിപ്പറിച്ച് കളിക്കാനായി.
"ഇവിടിരുന്നിട്ടെന്തിനാ? ചീഞ്ഞുപോവുകേയുള്ളു ഇതെല്ലാം. എത്രയാന്നു വച്ചാ കൊണ്ടുപൊക്കോ'' എന്നു ചിരിച്ചോണ്ട് നില്‍ക്കും ലീലാവതിയമ്മൂമ്മ.
അവിടെ പൂ രസം രസിക്കാന്‍ ഒരു കുട്ടിപോലുമില്ല. വേറെരണ്ടമ്മൂമ്മമാരുകൂടി മാത്രമേയുള്ളു അവിടെ. ചെറ്യമ്മ, ചേച്ചിയമ്മ എന്നാ അവരെ ലീലാവതിയമ്മൂമ്മ വിളിക്കാറ്.
ലീലാവതിയമ്മൂമ്മയുടെ മക്കളൊക്കെ വലുതായി കല്യാണമൊക്ക കഴിഞ്ഞ് ദൂരെദൂരെയാണ് എന്നെല്ലാം കുഞ്ഞുണ്ണിയമ്മ പറഞ്ഞുകൊടുക്കാറുണ്ട് കുഞ്ഞുണ്ണിക്ക്. മക്കൾ വരുമ്പോ അതിലെ ബാലാമണിയെക്കൊണ്ട് ചെറ്യമ്മ കുഞ്ഞുണ്ണിക്ക് ബിസ്‌ക്കറ്റൊക്കെ വാങ്ങിപ്പിച്ചു വയ്ക്കും.
അവിടെ ചെല്ലുമ്പോഴൊക്കെ കുഞ്ഞുണ്ണിക്ക് വേറെ രണ്ടുമൂന്ന് സാധനങ്ങൾ കൂടി കിട്ടും. കായുപ്പേരി, ഓറഞ്ച്, ഉണ്ണിയപ്പം... ഫ്രിഡ്ജീന്നെടുത്ത തണുതണാ ഓറഞ്ച് കൈയിലെത്തണതും കുഞ്ഞുണ്ണി ആര്‍ത്തിപിടിച്ച് ഓറഞ്ച്തീറ്റ ആരംഭിക്കും. അതെന്താണെന്നോ?
കുഞ്ഞുണ്ണിവീട്ടിൽ ഓറഞ്ച് വാങ്ങാറേയില്ല. എപ്പഴും കുഞ്ഞുണ്ണിക്ക് വരണ ഒരു ചുമയില്ലേ, അത് കൂടും ഓറഞ്ചു മുന്തിരിയും തിന്നാല്‍ എന്നാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത്. ചുമ വന്നാല്‍പ്പിന്നെ അത് നില്‍ക്കുകയേയില്ല.
ചുമ വന്നാലും കുഞ്ഞുണ്ണി കുത്തിയിരുന്ന് ബില്‍ഡിങ് ബോക്‌സൊക്കെ വച്ച് നെഞ്ചുവേദന വരണതുവരെ കളിക്കും. വേദന കൂടുമ്പോ കുഞ്ഞുണ്ണി എണീറ്റ് അമ്മയുടെയോ അപ്പൂപ്പന്റെയോ മടീല് കയറി നെഞ്ച് അവരടെ നെഞ്ചോടു ചേര്‍ത്തിരിക്കും.
ഉപ്പു കല്ലു ചൂടാക്കി ചൂടുപിടിക്കും അമ്മൂമ്മ, തവിടു ചൂടാക്കി പിടിക്കും അമ്മൂമ്മ, ഹോട്ട് വാട്ടര്‍ ബാഗ് വച്ചു കൊടുക്കും അമ്മൂമ്മ. ചെലപ്പോഴേ ചുമ കുറയൂ.
പിന്നെ ഡോക്റ്ററുടെ അടുത്തു പോയി മരുന്നു വാങ്ങി കുറേദിവസം കഴിച്ചാലേ രക്ഷയുള്ളൂ.
"ഓറഞ്ചും പാടില്ല, മുന്തിരിങ്ങയും പാടില്ല" ഡോക്ടര്‍ പറയും.
അപ്പോപ്പിന്നെ ഒരു തണുതണാ ഓറഞ്ച് കിട്ടിയാല്‍ പിന്നെ കൊതി അടക്കാന്‍ പറ്റുമോ? "വീട്ടില്‍ കൊണ്ടുപോയി തിന്നാം മക്കളേ..." എന്ന് പറഞ്ഞ് അമ്മ അത് കൈക്കലാക്കാന്‍ നോക്കും.
ആരു കേക്കണു അതൊക്കെ? അതമ്മേടെ സൂത്രമാണെന്നേ... വീട്ടില്‍ ചെന്നാല്‍ ഓരോരുത്തരും ചോദിക്കും ഓരോരോ ഓറഞ്ച് അല്ലി. അപ്പോപ്പിന്നെ കൊടുക്കാതിരിക്കാന്‍ പറ്റുമോ ഒടുക്കം കുഞ്ഞുണ്ണിക്ക് ഒന്നോ രണ്ടോ അല്ലി കിട്ടിയാലായി. മുന്തിരിങ്ങയും വാങ്ങാറില്ല വീട്ടിൽ.
റേഡിയോയിലെ 'ഓരൊടത്തൊരടത്തൊരടത്ത്' എന്ന പ്രോഗ്രാമിലെ ഗിരിജ വല്യമ്മയും നീലകണ്ഠന്‍ വല്യച്ഛനും കൂടി വന്നപ്പോ കൊണ്ടുവന്നാണ് കുഞ്ഞുണ്ണി ആദ്യമായി മുന്തിരിങ്ങ കാണുന്നത്. കുഞ്ഞുണ്ണി വിചാരിച്ചത് കുറേ ഞൊട്ടാഞൊടിയന്‍ കായ എന്നാണ്.
നല്ല പുളിമധുരമായിരുന്നു അതിന്. ഓറഞ്ച് പോലെ തന്നെ അതും നല്ലോണം ഇഷ്ടപ്പെട്ടു കുഞ്ഞുണ്ണിക്ക്. അന്ന് അപ്പൂപ്പന്‍ ഈവനിങ് വാക്കിന് പോയപ്പോ കുഞ്ഞുണ്ണി പറഞ്ഞതെന്താണെന്നോ? വരുമ്പോ കുറച്ച് ഞൊട്ടാഞൊടിയന്‍ കായ വാങ്ങിവരണേന്ന്.
അപ്പോ അമ്മ കുറേ ചിരിച്ചു, എന്നിട്ട് പറഞ്ഞു "അത് ഞൊട്ടാഞൊടിയനല്ല, മുന്തിരിങ്ങയാന്ന്"
"അത് ഗിരിജവല്യമ്മ താമസിക്കണേടത്തേ കിട്ടുള്ളൂ..." എന്ന് പറഞ്ഞു അപ്പൂപ്പന്‍.
മുന്തിരിങ്ങയോ കിട്ടില്ല എന്നാപ്പിന്നെ വല്ലപ്പോഴും കിട്ടണ ഓറഞ്ചെങ്കിലും കഴിച്ചു രസിച്ചുപോവില്ലേ കുട്ടികൾ? അതും വെറുതെ ഓറഞ്ചാണോ? തണുതണാ ഓറഞ്ചല്ലേ... ചുമയൊക്കെ മറന്ന് കഴിച്ചുപോവില്ലേ ആരായാലും?
"എത്ര നാളായി ലീലാവതിയമ്മൂമ്മയെ കണ്ടിട്ട്? പോണ്ടെ നമുക്ക്?" എന്നു ചോദിച്ചു കുഞ്ഞുണ്ണി ഒരു ദിവസം.
"കള്ളപ്പന്‍കള്ളാ... നിനക്ക് ഓറഞ്ച് തിന്നാനല്ലേ?" എന്ന് അമ്മ ചിരിക്കും അപ്പോഴൊക്കെ.
"ദേവീദര്‍ശന്‍ വീട്ടില്‍ താമസിച്ചാല്‍ മതിയായിരുന്നു എന്ന് തോന്നണുണ്ട് അല്ലേ? ഗിരിജ വല്യമ്മ വന്ന് മുന്തിരി തന്നേനെ. ലിലാവതിയമ്മൂമ്മേടെ ഫ്രിഡ്ജിലിരുന്ന് ഓറഞ്ചുകള്‍ കുഞ്ഞുണ്ണിയെവിടെപ്പോയി എന്ന് വിചാരിക്കണൊണ്ടാവും അല്ലേ?" എന്ന് ചോദിച്ച് കുഞ്ഞുണ്ണിയെ എളിയിലെടുത്ത് മുറ്റത്തേക്കിറങ്ങി ഒരു ഞാവല്‍പ്പഴം പറിച്ചുകൊടുക്കും അപ്പോഴമ്മ.
ഓറഞ്ചും മുന്തിരിങ്ങയുമൊക്കെ മറന്ന് കുഞ്ഞുണ്ണി നീലനാവുകാരനായി അങ്ങനിരിക്കുമ്പോ അമ്മ പാടും "ഒരു താരകയെ കണ്ട് രാവു മറന്നു..."
അര്‍ത്ഥമൊന്നുമറിയില്ലെങ്കിലും കുഞ്ഞുണ്ണിയും പാടും "ഒരു താരകയെ കണ്ട് രാവു മറന്നു..."
"താരക എന്നു വച്ചാല്‍ താരാ വീട്ടിലെ താര തന്നെ, എന്നു വച്ചാനക്ഷത്രം. രാവെന്നു വച്ചാല്‍ രാത്രി" അങ്ങനാ അമ്മ പറഞ്ഞത്.
"പക്ഷേ എന്തിനാ നക്ഷത്രത്തെ കാണുമ്പോ രാത്രിയെ മറക്കണത്? രണ്ടിനേം ഓര്‍ത്തൂടെ അല്ലേ... കുഞ്ഞാ?" എന്നു ചോദിച്ചു അമ്മ.
ആ ആര്‍ക്കറിയം അതൊക്കെ, ഈ അമ്മേടെ ഒരു കാര്യം എന്ന മട്ടിലാണോ അപ്പോ കുഞ്ഞുണ്ണി അമ്മയെ ഉമ്മ വച്ചത് ആവോ?
എന്തു തോന്നണു നിങ്ങള്‍ക്ക്?
Read More: പ്രിയ എ എസ് എഴുതിയ മറ്റു കഥകള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.