/indian-express-malayalam/media/media_files/2025/04/24/ckbmiVkGAir1biGIHG8l.jpg)
ചിത്രീകരണം: വിഷ്ണു റാം
കാക്കയുടെ കൊത്തും കുഞ്ഞുണ്ണിയുടെ കളിയും
കുഞ്ഞുണ്ണിത്താരാവീട്ടിൽ എന്നും വരണ ഒരു തടിയന്‍ കാക്കയുണ്ട്. അവന് സാധാരണ താരാവീട്ടിൽ വരണ കാക്കകളേക്കാള്‍ കരിങ്കറുപ്പു നിറമാണ്. അവന് കുഞ്ഞുണ്ണി ഇട്ടിരിക്കുന്ന പേരെന്താണെന്നോ സാംബൻ കാക്ക.
അപ്പൂപ്പന്‍ വായിച്ചുകൊടുത്ത ഒരു കഥയിലെ പേരാണ് കേട്ടോ സാംബന്‍. ബാക്കി കാക്കകളൊക്കെ മെലിഞ്ഞിട്ടാണ്, അവര്‍ക്കെല്ലാം ഒരു സാധാരണ കറുപ്പുനിറവും ചാരനിറവും കൂടി കലര്‍ന്ന നിറമാണ്. 'പേനക്കാക്ക' എന്നാണ് അത്തരം കാക്കകളെ വിളിക്കുക എന്നാണ് അപ്പൂപ്പന്‍ പറഞ്ഞത്. സാംബന്‍ ഒരു ബലിക്കാക്കയാണെന്നും പറഞ്ഞു അപ്പൂപ്പന്‍.
അപ്പൂപ്പന്‍ കുഞ്ഞുണ്ണിയോട് വിസ്തരിച്ചു ''ആളുകൾ മരിച്ചുപോയിക്കഴിയുമ്പോ വീട്ടിൽ ബാക്കിയായവർ കറുകപ്പുല്ലു മോതിരം വിരലിലിട്ട് എള്ളും പൂവും ചന്ദനവും ചോറുരുളയും ഒക്കെയായിട്ട് ബലിയിടും. എന്നിട്ട് അവസാനം കൈകൊട്ടി ബലിച്ചോറുരുള തിന്നാന്‍ കാക്കകളെ വിളിക്കും. മരിച്ചുപോയവർ കാക്കരൂപത്തില്‍ വന്ന് ബലിച്ചോറു കൊത്തിത്തിന്നും എന്നാണ് വിശ്വാസം. ബലിച്ചോറുതിന്നാന്‍ വരുന്ന കരിങ്കറുപ്പ് നിറത്തിലുള്ള സാധരണ കാക്കളേക്കാൾ വലിപ്പമുള്ള കാക്കകളാണ് ബലിക്കാക്കകള്‍.''
കുഞ്ഞുണ്ണീടെ വീട്ടിലും ആരൊക്കെയോ ആരൊക്കെയോ മരിച്ചുപോയിട്ടുണ്ട്, പക്ഷേ ബലിയിടാറൊന്നുമില്ല ആരും. അപ്പൂപ്പനും അമ്മൂമ്മയ്ക്കും അതിലൊന്നും വിശ്വാസമില്ല.
''ജീവിച്ചിരിക്കുമ്പോ നല്ലത് ചെയ്ത് ജീവിക്കുക, മരിച്ചുപോയാല്‍പ്പിന്നെ എന്തായാലെന്ത്'' എന്നാണ് അപ്പൂപ്പന്‍ പറച്ചില്‍.
സാംബന്‍കാക്ക ചുമ്മാ കറങ്ങിത്തിരിഞ്ഞ് ഇടയ്‌ക്കൊക്കെ താരാവീട്ടില്‍ വരാറുണ്ട്. കുഞ്ഞുണ്ണി ഉണ്ണണ നേരത്താണ് അവന്‍ പ്രത്യക്ഷപ്പെടുക. പപ്പടക്കൊതിയനാണ് അവന്‍.
ഒരു കഷണം പപ്പടമൊന്നും പോര അവന്. കുഞ്ഞുണ്ണി പപ്പടക്കഷണമെറിഞ്ഞുകൊടുത്താൽ ഒറ്റച്ചാട്ടത്തിന് അത് കൊത്തിവിഴുങ്ങി, 'ഇനീം... ഇനീം...' എന്നു പറയുന്നതുപോലെ അവന്‍ ''കാ... കാ...'' ഒച്ചയുണ്ടാക്കും കുഞ്ഞുണ്ണിയെയും കുഞ്ഞുണ്ണിയമ്മൂമ്മയെയും നോക്കി.
നിന്നെക്കൊണ്ടുതോറ്റല്ലോ സാംബാ എന്ന് തലയില്‍ കൈ വയ്ക്കും അമ്മൂമ്മ. ''പപ്പടത്തിനൊക്കെ ഇപ്പോ എന്താ വില എന്നറിയാമോ നിനക്ക്? നീ പോയി അപ്പുറത്തു നില്‍ക്കണ പഴുത്ത പപ്പായയെങ്ങാനും തിന്ന്...'' എന്നമ്മൂമ്മ പറയണത് ഒട്ടും ഇഷ്ടപ്പെടാത്ത മട്ടില്‍ ഒരു പോക്കുണ്ട് അവസാനം സാംബന്.
അമ്മൂമ്മ അങ്ങനെ പറയണതിനോടുള്ള ഇഷ്ടക്കേടു കൊണ്ടാണോ ആവോ, അമ്മൂമ്മ അലക്കുകല്ലിനരികെ എന്തോ തുണി നനച്ചുകൊണ്ടു നില്‍ക്കെ പറന്നു ചെന്ന് ഒരു ദിവസം അവന്‍ അമ്മൂമ്മയുടെ തലക്കിട്ടൊരു കൊത്ത്. എന്താ സംഭവിച്ചത് എന്നു മനസ്സിലായില്ല അമ്മൂമ്മയ്ക്കാദ്യം. നീറുന്നുണ്ടായിരുന്നു അമ്മൂമ്മയ്ക്ക്.
തലതിരുമ്മിക്കൊണ്ട് നിവര്‍ന്നു നോക്കുമ്പോഴല്ലേ മനസ്സിലായത് സാംബന്‍ പറ്റിച്ച പണിയാണെന്ന്. ''ഞാന്‍ കുഞ്ഞുണ്ണിയോട് പറഞ്ഞു കൊടുക്കും സാംബാ. നിന്റെയാ കൂര്‍ത്ത കൊക്കുകൊണ്ട്, ദേ നോക്കിയേ... എന്റെ തലേലെ തൊലി പോയി, എനിക്ക് നല്ലോണം നീറുന്നുണ്ട് കേട്ടോ...'' എന്ന് ദേഷ്യപ്പെട്ട് അമ്മൂമ്മ വീട്ടിനകത്തേക്ക് കയറിപ്പോന്നു.
സാംബന്‍ തലയില്‍ കൊത്തിയ കാര്യം അമ്മൂമ്മ അഭിനയിച്ചും വിസ്തരിച്ചും കുഞ്ഞുണ്ണീടടുത്ത് അവതരിപ്പിച്ചപ്പോഴുണ്ട് അവൻ കുടുകുടെ ചിരിയായി.
കഥയാണതെന്നാവും കഥകേള്‍ക്കലുകാരന്‍ കുഞ്ഞുണ്ണിക്ക് തോന്നിയത്.
ചൂരല്‍ സ്റ്റൂളെടുത്തു പൊക്കിക്കൊണ്ടുവന്നു, കുഞ്ഞുണ്ണി പറഞ്ഞു ''ഇത് അലക്കുകല്ല്.''
കുഞ്ഞുണ്ണി ഒരു കഥാപ്പുസ്തകമെടുത്തു കൊണ്ടുവന്നു ''ഇത് അമ്മൂമ്മ നനയ്ക്കണ തുണി. ഇനി അമ്മൂമ്മ അലക്കുകല്ലിലേക്കു കുനിഞ്ഞു നിന്ന് തുണി നനയ്ക്ക്.''
കുഞ്ഞുണ്ണി കടലാസിലെഴുതിയത് മായ്ക്കുന്ന റബ്ബര്‍ എടുത്തു കൊണ്ടുവന്നു ''ഇത് അമ്മൂമ്മ നനയ്ക്കണ സോപ്പ്.''
അമ്മൂമ്മ ചൂരല്‍സ്റ്റൂളിലേക്കു കുനിഞ്ഞു നിന്ന് കഥാപ്പുസ്തകത്തില്‍ റബ്ബറിട്ടുരച്ച് നില്‍ക്കുമ്പോഴ് കുഞ്ഞുണ്ണി സാംബന്‍ കാക്കയായി വന്ന് അമ്മൂമ്മയെ കൊത്തി.
''അയ്യോ...'' എന്ന് നിലവിളിച്ച് തല തിരുമ്മി നിവര്‍ന്നുനിന്ന് എന്താ സംഭവിച്ചത് എന്ന് ചുറ്റും ചുറ്റും നോക്കി അഭിനയഅമ്മൂമ്മ. പിന്നെ അമ്മൂമ്മ സാംബനെ വഴക്കുപറയണം, ഇനീം അവന്‍ കൊത്തിയാലോ എന്നു പേടിച്ച് ഓടി രക്ഷപ്പെടണം. കുഞ്ഞുണ്ണിക്കാക്ക അതെല്ലാം കണ്ട് ''കാ... കാ...'' എന്ന് നിര്‍ത്താച്ചിരിയായി.
പിന്നെ കുറേ ദിവസം അമ്മൂമ്മ കൊത്തുകൊണ്ട അമ്മൂമ്മയായും കുഞ്ഞുണ്ണി സാംബന്‍ കാക്കയുടെ ആഞ്ഞുകൊത്തായും അഭിനയിച്ച് വീടിനകത്ത് കളിരസം മുറുകിമുറുകി വന്നു.
കുനിഞ്ഞു നിന്ന് നടുവു വേദന എടുക്കുന്നു എന്ന് അമ്മൂമ്മ പരാതി പറഞ്ഞപ്പോഴൊക്കെ കുഞ്ഞുണ്ണി അമ്മൂമ്മയുടെ പുറം തിരുമ്മിക്കൊടുത്തു കുഞ്ഞിക്കൈകൊണ്ട്. എന്നിട്ട് ഉടനെ പറഞ്ഞു ''ഇനീം കൊത്തുകൊള്ളണ അമ്മൂമ്മയാക്.''
''ഇതെന്ത് പൊട്ടക്കളി?'' എന്ന് മുഖം ചുളിച്ചുപറഞ്ഞു കുഞ്ഞുണ്ണിയമ്മ.
''എത്ര കളിച്ചാലും കുഞ്ഞുണ്ണി നിനക്ക് മടുക്കില്ലേ ഇക്കളി? ഇതെന്തൊരു കൊച്ചാണ്, ഇനി മതി ഇക്കളി'' എന്നായി പിന്നെപ്പിന്നെ അമ്മ.
''കുഞ്ഞുങ്ങളുടെ കളികളും സന്തോഷങ്ങളും ര.സങ്ങളും ഇത്തിരി വട്ടത്തിലാണ്, അതറിയില്ലേ?'' എന്നു ചോദിച്ചു അപ്പോഴമ്മൂമ്മ.
അപ്പോ കുഞ്ഞുണ്ണി നിലത്ത് ചോക്കു കൊണ്ട് ഒരിത്തിരി വട്ടം വരച്ച് അതില്‍ കയറിനിന്ന് ''ഇതല്ലേ അമ്മൂമ്മേ ആ ഇത്തിരി വട്ടം?'' എന്നു ചോദിച്ചു.
അമ്മൂമ്മയും അമ്മയും അതു കണ്ടും കേട്ടും ചിരിയോട് ചിരിയായി. അവരടെ ചിരി കണ്ടുകണ്ട് കുഞ്ഞുണ്ണിയും ചിരിയായി. എന്തു രസാണല്ലേ എല്ലാവരും ചിരിക്കണതു കാണാന്‍?
Read More: പ്രിയ എ എസ് എഴുതിയ മറ്റു കഥകള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.