/indian-express-malayalam/media/media_files/2025/04/24/XWtX2zqzaWWy7VcizTRZ.jpg)
ചിത്രീകരണം : വിഷ്ണു റാം
അമ്മേങ്കുഞ്ഞും ചെമ്പരത്തിപ്പൂ
കുഞ്ഞുണ്ണിയുടെ താരാവീട്ടില്‍ കുറേ ചെടികളുണ്ട്. കുഞ്ഞുണ്ണിയമ്മയാണ് ചെടിനടല്‍കാരി. ചെടിച്ചട്ടീലും മണ്ണിലുമൊക്കെ അമ്മ വളര്‍ത്തുന്നുണ്ട് ചെടികള്‍.
ഏറ്റവും കൂടുതലുള്ളത് ചെമ്പരത്തികളാണ്. മഞ്ഞ, പിങ്ക്, വെള്ള, വയലറ്റ്, പീച്ച് അങ്ങനെ ഒരുപാടു നിറത്തിലങ്ങനെ കാറ്റത്താടി ചെമ്പരത്തികള്‍ നില്‍ക്കുന്നതും നോക്കി വീടിന്റെ ചവിട്ടുകല്ലില്‍ രാവിലെ കുഞ്ഞുണ്ണിയ്‌ക്കൊരിരിപ്പുണ്ട്.
ചെമ്പരത്തികളില്‍ വച്ച് കുഞ്ഞുണ്ണിക്കേറ്റവുമിഷ്ടം അമ്മേങ്കുഞ്ഞും ചെമ്പരത്തിയാണ്. അതെന്താ സാധനം എന്നല്ലേ?
ഒരു വലിയ ചുവന്ന ചെമ്പരത്തിപ്പൂവ്, പുറത്തേക്ക് നീളത്തില്‍ തലനീട്ടി, അതിന്റെ അകത്തുനിന്ന് ഒരു കുഞ്ഞാപ്പീക്കിരിച്ചെമ്പരത്തിപ്പൂവ്. അമ്മേടെ മടിയില് കുഞ്ഞുണ്ണിക്കുഞ്ഞിരിക്കുന്നതുപോലെയാ കുഞ്ഞുണ്ണിക്കതു കാണുമ്പോ തോന്നണത്. അതാ കുഞ്ഞുണ്ണിയതിനെ അമ്മേങ്കുഞ്ഞും ചെമ്പരത്തി എന്നു വിളിക്കുന്നത്.
പീച്ച് നിറത്തിലുമുണ്ട് അമ്മേങ്കുഞ്ഞും ചെമ്പരത്തി. അത് താരാവീട്ടിലില്ല, അതിന്റെ കമ്പ് അപ്പറത്തെ വീട്ടീന്ന് കൊണ്ടുവന്ന് നടണം, മഴക്കാലത്ത്.
ചെമ്പരത്തികളീന്ന് തേന്‍ കുടിക്കാന്‍ രാവിലെ രണ്ട് കുഞ്ഞിക്കുരുവികള് വരും. രണ്ടിനും രണ്ട് നിറമാണേ. ഒന്ന് അവനും ഒന്ന് അവളും. അവള് ഒരു കേമിയാണ്. അവന്‍ ഒരു കേമനും. എന്താ അവരടെ കേമത്തം എന്നല്ലേ?
അവര് പൂവില് ഇരിക്കുകേ ഇല്ല. ചിറക് ഫാനാണെന്നാണ് അവരുടെ വിചാരം, എന്നാ കുഞ്ഞുണ്ണിയ്ക്ക് തോന്നണത് ചിറകുരണ്ടും മിന്നല് വരണതുപോലെ സ്പീഡില് സ്പീഡില് അകത്തോട്ട് പുറത്തോട്ട് വീശിക്കൊണ്ട് പൂവിന്റെ മുമ്പിലുനില്‍ക്കും അവര്. എന്നിട്ടോ? വളഞ്ഞ ചുണ്ട് പൂവിനകത്തോട്ടിട്ട് തേന്‍ കുടിയോട് തേന്‍കുടി. അപ്പോപ്പിന്നെ അവരെ കേമമ്മാര് എന്നല്ലേ വിളിക്കണ്ടത്?
''അവരടെ ചിറകടി ശ്രദ്ധിച്ചേ കുഞ്ഞാ, ഒരു മൂളല് പോലില്ലേ, മൂളലിൻ്റെ ഇംഗ്‌ളീഷാ ഹമ്മിങ്, കിളീടെ ഇംഗ്‌ളീഷാ ബേഡ്, അതാ ഈ തേന്‍കുരുവികളെ ഹമ്മിങ് ബേഡ് എന്നു വിളിക്കണത്'' എന്നു പറഞ്ഞു അമ്മ.
ചെലപ്പോ അതിനെടേല് ഒരു കാക്കച്ചി വരും. കുറച്ചുനേരം അവളതിലിരുന്ന് 'കാ... കാ...' എന്നൊരു പാട്ടൊക്കെ പാടി സുഖമായി വിശ്രമിക്കും. പിന്നെ അവള് ചെമ്പരത്തിക്കൂട്ടത്തിനെടേലൊക്കെ ആകെയൊന്ന് പരതും. എന്താണെന്നോ അവള് പരതുന്നത്? ഉണക്കക്കമ്പ്.
കൂടുണ്ടാക്കാനാണ് കേട്ടോ ഉണക്കക്കമ്പ്. കൂടില്ലാതെ അവളെങ്ങനെ മുട്ടയിടും, മുട്ടകള്‍ക്ക് മേലെ അടയിരിക്കും? പക്ഷേ ചെമ്പരത്തികളില് ഉണക്കക്കമ്പൊന്നും ഉണ്ടാവാറില്ല.
ഉണക്കക്കമ്പില്ലാത്തതിന്റെ ദേഷ്യത്തിലാണെന്നു തോന്നുന്നു അവള്‍ പൂവിനിട്ട് രണ്ടുമൂന്നു കൊത്തുകൊടുക്കും, അപ്പോ പൂ ആകെ കീറിപ്പറിയും, കുഞ്ഞുണ്ണിയമ്മ ദേഷ്യപ്പെടും ''പൂ കൊത്തിക്കീറുന്നതെന്തിനാ കാക്കച്ചീ, അതവിടെ നില്‍ക്കണതു കാണാന്‍ നല്ല ഭംഗിയല്ലേ?''
പറഞ്ഞത് തീരെ ഇഷ്ടപ്പെടാത്ത മട്ടില്‍ അമ്മയെ ഒന്നു ചരിഞ്ഞു നോക്കി അവള് ഞാവല്‍മരത്തിലേക്കു മാറിപ്പറന്നിരിക്കും.
ഞാവലില് ഇഷ്ടം പോലെ ഉണക്കക്കമ്പുണ്ടല്ലോ, അതെല്ലാം വലിച്ചുപറിച്ചെടുത്ത് കൊക്കിലൊതുക്കി അവള്‍ പറന്നുപോകും, അപ്പുറത്തെ പറമ്പിലെ തെങ്ങിന്‍ തലപ്പത്തേയ്ക്ക്. അതാണവള്‍ കൂടിനു കണ്ടുവച്ചിരിക്കുന്ന സ്ഥലം. എന്തൊരു പൊക്കമാണെന്നോ ആ തെങ്ങിന്.
ഞാവലില്‍ നിന്ന് പൊക്കക്കാരൻ തെങ്ങിലേക്ക് എത്രതവണ ഉണക്കക്കമ്പും കൊണ്ടു പറന്നാലാണ് അവളുടെ കൂടു പണി തീരുക. എന്തിനാണവളിത്രയും കഷ്ടപ്പെടുന്നത്? ഞാവലിന്റെ ഉണക്കക്കമ്പെല്ലാം കൊണ്ട് ഞാവലില്‍ത്തന്നെ കൂടുവച്ചാല്‍ പോരേ ഈ കാക്കച്ചിക്ക്? എന്നെല്ലാം കുറേ സംശയങ്ങളുണ്ട് കുഞ്ഞുണ്ണിയ്ക്ക്.
ചെലപ്പോ അവള്‍ക്ക് എറണാകുളത്തൊക്കെ കാണുന്നതുപോലെയുള്ള ഒരു കൂറ്റന്‍ ഫ്‌ളാറ്റിന്റെ ഏറ്റവും പൊക്കത്തിലെ നിലയില്‍ താമസിയ്ക്കണം എന്നാവും ആശ. തെങ്ങ് ഒരു കൂറ്റന്‍ ഫ്‌ളാറ്റാണെന്നാവും അവളുടെ വിചാരം എന്നമ്മ പറഞ്ഞത് കുഞ്ഞുണ്ണിയ്ക്കിഷ്ടപ്പെട്ടു. കാക്കച്ചിയും പൊയിക്കഴിഞ്ഞാല് താരാവീടിന്റെ ഗേറ്റില് ഒരു ആട് വരും.
ഗേറ്റിനുള്ളിലേയ്ക്കും നോക്കി, ഗേറ്റിന്റെ അഴികളില്‍ മുന്‍വശത്തെ രണ്ടുകാലും പൊക്കിവച്ച് ഒരു നില്‍പ്പുണ്ട് ആ ആടപ്പന്‍ ആടിന്. എനിയ്ക്ക് തിന്നാന്‍ ഇത്തിരി ചെമ്പരത്തിപ്പൂവു തരുമോ എന്നാണതിന്റെയാ നില്‍പ്പിന്റെ അര്‍ത്ഥം എന്നാണ് കുഞ്ഞുണ്ണിയമ്മ പറയുക.
അഞ്ചാറ് ചെമ്പരത്തിപ്പൂവും പറിച്ച് കുഞ്ഞുണ്ണി ഗേറ്റിന്റെടുത്തേയ്ക്ക് ചെല്ലും. ഗേറ്റിലൂടെ നാവുനീട്ടി എല്ലാ പൂവും സാപ്പിട്ട് പിന്നെയും നാവുനീട്ടിയത് നില്‍ക്കുമ്പോള്‍ കുഞ്ഞുണ്ണി പറയും ''ഇനിയുള്ളതേ എന്റെ വിരലാ, ഇതും തിന്നാന്‍ പോവുകാണോ, നീയ്?''
കുറച്ചുനേരം കൂടി അവിടെ നിന്നിട്ട്, ഇനി രക്ഷയില്ല എന്നാകുമ്പോ ആടപ്പന്‍ ആട് സ്ഥലം വിടും. അപ്പോ കുഞ്ഞുണ്ണിക്ക് കുളിക്കാറാവും.
അമ്മ കുഞ്ഞുണ്ണിത്തലമുടിയിലും കുഞ്ഞുണ്ണി ദേഹത്തും എണ്ണ തേപ്പിച്ച് ഒരു പിടി ചൈമ്പരത്തിപ്പൂവും ഇലയുമൊക്കെ കൈയിലിട്ട് കശക്കി ഒരു കുഞ്ഞിക്കിണ്ണത്തിലേയ്ക്ക് എടുത്തു വയ്ക്കും.
കുഞ്ഞുണ്ണിയെ കുളിപ്പിയ്ക്കുമ്പോള്‍ താളിയായി മേത്തും തലയിലുമൊക്കെ തേപ്പിക്കാനുള്ളതാണത്. അതാണ് ചെമ്പരത്തിത്താളി.
സോപ്പിനേക്കാള്‍ നല്ലതാണ് താളി. നല്ല തണുപ്പാണ് താളിക്ക്. താളിയിട്ട് കുളിച്ചു കഴിയുമ്പോ മിനുമിനാന്നാവും, പതുപതാന്നാവും കുഞ്ഞുണ്ണിദേഹം.
തേന്‍ കുടിക്കാന്‍ ചെമ്പരത്തി
വിശ്രമിക്കാന്‍ ചെമ്പരത്തി
പൂ തിന്നാന്‍ ചെമ്പരത്തി
താളി തരാന്‍ ചെമ്പരത്തി
ചെമ്പരത്തികളില്ലായിരുന്നെങ്കില്‍ കുഞ്ഞിക്കുരുവികളും കാക്കച്ചിയും ആടപ്പന്‍ആടും കുഞ്ഞുകുഞ്ഞുണ്ണിയുമൊക്കെ എന്തു ചെയ്‌തേനെ അല്ലേ?
"ചെമ്പരത്തി കൊണ്ടുളള സ്ക്വാഷ് നമ്മള് ഉണ്ടാക്കീട്ട് കുറേ നാളായി, അല്ലേ?" എന്നു ചോദിച്ചു കുഞ്ഞുണ്ണിത്തല മുടി ചീകിയൊതുക്കിക്കൊണ്ട്അമ്മ. കുഞ്ഞുണ്ണിക്കപ്പോ കൊതിയായി ചെമ്പരത്തി സ്ക്വാഷ് കുടിക്കാൻ.
"നോക്കിക്കോ വൈകിട്ടമ്മേം കുഞ്ഞുണ്ണീം കൂടി ചോന്ന ചെമ്പരത്തിപ്പൂവെല്ലാം പറിച്ച് നാരങ്ങാനീരും പഞ്ചാരപ്പാനീം ചേർത്ത് സ്ക്വാഷുണ്ടാക്കുമ്പോ വന്നാല് ടേസ്റ്റ് ചെയ്യാൻ തരാം", അമ്മ ഞാവൽ കാക്കച്ചിയോട് വിളിച്ചു പറഞ്ഞത് കുഞ്ഞുണ്ണിക്കിഷ്ടായി.
''എല്ലാ അമ്മമാരും മുറ്റത്ത് ചെമ്പരത്തി നടും അല്ലേ?'' കുഞ്ഞുണ്ണി ചോദിച്ചു അമ്മ ഉടുപ്പിടീക്കുന്നതിനിടയിൽ. അമ്മ ചിരിച്ച് തലയാട്ടി.
''കുഞ്ഞുണ്ണിക്കൂട്ടുകാരന്‍ കുഞ്ഞപ്പുവിന്റെ വീട്ടില് ചെമ്പരത്തിയുണ്ടോ? ഇല്ലെങ്കില് കുഞ്ഞപ്പുവമ്മയോട് പറയണം ഒരു ചെമ്പരത്തിനടാന്‍'' എന്നു കുഞ്ഞുണ്ണി പറഞ്ഞു. അമ്മ അതിനും തലയാട്ടി.
അമ്മേങ്കുഞ്ഞും ചെമ്പരത്തിക്കമ്പു തന്നെ കൊടുക്കാം കുഞ്ഞപ്പുവീട്ടിലേക്ക് എന്നായി കുഞ്ഞുണ്ണി. എല്ലാ അമ്മമാരും മണ്ണിലോ ചട്ടീലോ നടണേ... അമ്മേങ്കുഞ്ഞും ചെമ്പരത്തി. എന്നാലല്ലേ വീട്ടിലെ കുഞ്ഞുങ്ങള്‍ക്ക് കുഞ്ഞിക്കുരുവിയെയും കാക്കച്ചിയെയും ആടപ്പന്‍ ആടിനെയും താളിയെയും ഒക്കെ കാണാമ്പറ്റുള്ളൂ.
അതൊക്കെ കണ്ടാലല്ലേ ഓരോ ദിവസവും നല്ല രസമാവുള്ളൂ... കുട്ടികള്‍ക്കു വളരാന്‍ നല്ല രസമുള്ള കാര്യങ്ങള് വേണ്ടേ ചുറ്റും?
Read More: പ്രിയ എ എസ് എഴുതിയ മറ്റു കഥകള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.