/indian-express-malayalam/media/media_files/2025/03/31/051KxWU0J5dOSqW3qFE1.jpg)
ചിത്രീകരണം : വിഷ്ണു റാം
വായോ വായോ ഒളിച്ചുകളിക്കാന്‍
കുഞ്ഞുണ്ണി നോക്കുമ്പോഴുണ്ട് കുഞ്ഞുണ്ണിയെത്തന്നെ നോക്കിക്കൊണ്ട് ഭിത്തിയിലിരിക്കുന്നു രണ്ടു പല്ലികള്‍.
"നിങ്ങള് പോയി വല്ല പാറ്റകളെയും പിടിക്ക്," എന്നു പറഞ്ഞു കുഞ്ഞുണ്ണി അവരോട്.
കുഞ്ഞുണ്ണി പറഞ്ഞത് കേള്‍ക്കാത്ത മട്ടിൽ അവർ ഒരു അനങ്ങാ ഇരിപ്പിരിക്കണതു കണ്ടിട്ട് കുഞ്ഞുണ്ണിക്ക് ദേഷ്യം വന്നു.
താരാവീടു മുഴുവന്‍ കാഷ്ഠിച്ചു വയ്ക്കും പല്ലികൾ, അതാ കുഞ്ഞുണ്ണിക്ക് പല്ലികളോട് ഇത്ര ദേഷ്യം.
കുഞ്ഞുണ്ണിക്ക് അവരുടെ വാലേപ്പടിച്ചുവലിച്ച് നിലത്തിടാന്‍ തോന്നി .
പക്ഷേ കുഞ്ഞണ്ണി കുഞ്ഞല്ലേ, അവരിരിക്കണ ഉയരത്തോളം കുഞ്ഞുണ്ണീടെ കൈ എത്തുമോ, ഇല്ലല്ലോ.
കുഞ്ഞുണ്ണി വിരുതന്‍ എന്തു ചെയ്‌തെന്നറിയാമോ, ഒരു ന്യൂസ്‌പേപ്പറെടുത്ത് ചുരുട്ടി അവരുടെ നേരെ വലിച്ചൊരേറ്.
ദേ കെടക്കണു കാലും തെറ്റി രണ്ടും താഴത്ത്. എന്നിട്ടവര് രണ്ടും രണ്ടുവഴിയേ ഓടടാഓട്ടം. അവരങ്ങനെ ഓടി എവിടെപ്പോയി മറഞ്ഞാവോ?
ചെലപ്പോ അരയന്നത്തിനടുത്ത് ദമയന്തിയമ്മ നില്‍ക്കണ പടമില്ലേ, അതിന്റെ പുറകില് രണ്ടും കൂടെ ഒളിച്ചിരിപ്പുണ്ടാവും.
ഇനി എന്താ ചെയ്യുക എന്നാലോചിച്ച് കുഞ്ഞുണ്ണി ചൂരല്‍ ഊഞ്ഞാലയില്‍ കയറിയിരുന്ന സമയത്താണ് അമ്മൂമ്മ കുളിച്ച് മിടുക്കിയായി അങ്ങോട്ടുവന്നത്.
കുഞ്ഞുണ്ണി ഊഞ്ഞാലില്‍ നിന്ന് ചാടിയിറങ്ങി അമമൂമ്മയോട് പറഞ്ഞു, "നമുക്ക് ഒളിച്ചുകളിക്കാം."
"ഓ ,റെഡി..." എന്നു പറഞ്ഞു അമ്മൂമ്മ.
ഒളിച്ചുകളീല് എപ്പഴും കുഞ്ഞുണ്ണിയാണ് കേട്ടോ ഒളിച്ചിരിക്കണ ആള്.
കുഞ്ഞുണ്ണിയമ്മൂമ്മ കണ്ണടച്ച് കൈ കൊണ്ടു കണ്ണു പൊത്തുകയും കൂടി ചെയ്ത് പത്തുവരെ എണ്ണുന്നതിനിടയിൽ കുഞ്ഞുണ്ണി ഒളിക്കണം.
അമ്മൂമ്മ കണ്ണടക്കാന്‍ തുടങ്ങിയതും കുഞ്ഞുണ്ണി എന്നത്തേയും പോലെ അമ്മൂമ്മേടെ സാരിയില്‍ പിടിച്ചു വലിച്ച് ചോദിച്ചു, "കുഞ്ഞുണ്ണി എവിടെയാ ഒളിക്കുക?"
"ഓ നിന്നെക്കൊണ്ട് തോറ്റല്ലോ കുഞ്ഞുണ്ണിയേ, അമ്മൂമ്മ പറയണ സ്ഥലത്ത് ഒളിച്ചാല്‍ അമ്മൂമ്മയ്ക്ക് കുഞ്ഞുണ്ണിയെ കണ്ടുപിടിക്കാനെന്താ പിന്നെ പ്രയാസം?കുഞ്ഞുണ്ണി തന്നത്താനെയാ ഒളിച്ചിരിക്കാമ്പോണ സ്ഥലം കണ്ടുപിടിക്കേണ്ടത്. അതാ ഒളിച്ചുകളിയിലെ നിയമം. ഇതെത്ര പ്രാവശ്യ പറഞ്ഞു തന്നിരിക്കണു അമ്മൂമ്മ..." അങ്ങനായി അമ്മൂമ്മപ്പറച്ചില്‍.
അമ്മൂമ്മ എന്നും ഇതൊക്കെത്തന്നെ പറയും. പക്ഷേ കുഞ്ഞുണ്ണിക്ക് അതു കേള്‍ക്കുമ്പോഴേ അത്ഭുതം വരും . അമ്മൂമ്മ പറഞ്ഞുകൊടുക്കണ ഇടത്തല്ലാതെ എവിടെയാ കുഞ്ഞുണ്ണി ഒളിക്കുക?
"പറയ് അമ്മൂമ്മേ, ഞാനെവിടെയാ ഒളിക്കുക?" കുഞ്ഞുണ്ണി പിന്നേംപിന്നേം ചോദിച്ചു.
"ലോകത്തെ സര്‍വ്വകാര്യങ്ങളും പറഞ്ഞാ മനസ്സിലാകണ കുട്ടിക്ക് ഇതുമാത്രം പറഞ്ഞാമനസ്സിലാവില്ല അല്ലേ?" എന്ന് അമ്മൂമ്മ ചിരിച്ചുപോയി.
പിന്നെ അമ്മൂമ്മ ചൂണ്ടിക്കാണിച്ചു കൊടുത്തു "ദാ ആ വാതലിന്റെ പൊറകില് ഒളിച്ചോ കുഞ്ഞുണ്ണീ നീയ്."
കുഞ്ഞുണ്ണിയമ്മൂമ്മ ഭിത്തീല് മുഖം വച്ച് കണ്ണുകളടച്ച് കൈകൊണ്ടു മുഖം പൊത്തി ഒന്നു മുതല്‍ എണ്ണാന്‍ തുടങ്ങി .
കുഞ്ഞുണ്ണി വാതില്‍പ്പുറകില്‍ ഒളിക്കാനും പോയി. ശ്വാസമടക്കിപ്പിടിച്ച് അനങ്ങാതങ്ങനെ നിന്നു കുഞ്ഞുണ്ണി .
കുഞ്ഞുണ്ണി കാതോര്‍ത്തു, അമ്മൂമ്മ എണ്ണിക്കഴിഞ്ഞോ? ഉവ്വുവ്വ്, അമ്മൂമ്മ എണ്ണിക്കഴിഞ്ഞു.
കുഞ്ഞുണ്ണി അരക്കണ്ണ് വാതിലിനപ്പുറത്തേക്കു നീട്ടി കള്ളനോട്ടം നോക്കി. വരണുണ്ടോ അമ്മൂമ്മ ഒളിക്കുഞ്ഞുണ്ണിയെ തിരക്കി?
ഉവ്വുവ്വ്, അമ്മൂമ്മ വരണൊണ്ട്. അമ്മൂമ്മ ചെയ്യണതെല്ലാം അരക്കണ്ണുവച്ച് കുഞ്ഞുണ്ണി പാളിനോക്കി.
മേശേടടീല് നോക്കണു അമ്മൂമ്മ. കട്ടിലിനടീല് നോക്കണു അമ്മൂമ്മ. അലങ്കാരഭരണിക്കകത്ത് നോക്കണു അമ്മൂമ്മ. വിടര്‍ത്തുവച്ച കുട പൊക്കിനോക്കണു അമ്മൂമ്മ.എവിടേമില്ല കുഞ്ഞുണ്ണി.
ഇനി എവിടെയാവും ആ കുസൃതിക്കുഞ്ഞുണ്ണി എന്നു കുഞ്ഞുണ്ണിക്കളിപ്പാട്ടങ്ങളോട് ചോദിച്ച് ദാ വരണു അമ്മൂമ്മ വാതിലിനരികിലേക്ക്.
വാതില്‍പ്പുറകില്‍ നോക്കാന്‍ മറന്ന് അമ്മൂമ്മയങ്ങനെ മുന്നോട്ട് നടക്കുമ്പോഴുണ്ട് ആരോ സാരിത്തുമ്പത്ത് പിടിച്ചുവലിയ്ക്കണു.
"ആരപ്പാ അത്, കുഞ്ഞുണ്ണിപ്പാവകളാരെങ്കിലുമാണോ?" എന്ന് അമ്മൂമ്മ ഉറക്കെ ചോദിക്കണു.
"ഞാനിവിടെയല്ലേ അമ്മൂമ്മേ ഒളിച്ചിരിക്കണത്, അമ്മൂമ്മ മറന്നുപോയോ അത്?" എന്നാര്‍ത്തുവിളിച്ച് വാതില്‍പ്പുറകില്‍ നിന്ന് ഹനുമാനെപ്പോലെ അമ്മൂമ്മയുടെ മുന്നിലേക്കൊരു ചാട്ടം കുഞ്ഞുണ്ണി.
അമ്മൂമ്മ കണ്ണുമിഴിച്ചത്ഭുതപ്പെട്ട്, "അമ്പട കേമാ കുഞ്ഞുണ്ണീ, അമ്മൂമ്മയെ കളിയില്‍ തോല്‍പ്പിക്കണത്രയും കേമനായി അല്ലേ?" എന്നു ചോദിച്ച് അപ്പോ കുഞ്ഞുണ്ണിയെ എടുത്തു പൊക്കി എളീലിരുത്തണം ഇനി.
എളീലിരുന്ന് കുഞ്ഞുണ്ണി ചോദിക്കും, "ഇനി ഞാനെവിടെയാ അമ്മൂമ്മേ ഒളിക്കുക?"
അമ്മൂമ്മ പറയും "നമ്മടെയീ വാതില്‍പ്പുറകില്‍ത്തന്നെ, അല്ലാണ്ടെവിടെയാ?
കുഞ്ഞുണ്ണി എളീന്നൂര്‍ന്നിറങ്ങി വാതില്‍പ്പുറകിലേക്കുതന്നെ ഓടും.
"ഇതെന്തൊരു കുട്ടിയാ, എണ്ണണ ആള് തന്നെ പറഞ്ഞുകൊടുക്കണം ഒളിക്കാനുള്ള സ്ഥലം. എന്നിട്ടോ ഒരിടത്തുതന്നെ ഒളിച്ചിരിപ്പും." അതുവഴി വന്ന കുഞ്ഞുണ്ണിയമ്മ അവരുടെ കളി കണ്ട് തലേകൈവച്ചിരിക്കും.
"കുട്ടികളുടെ രസങ്ങൾ. കളികൾ. പറച്ചിലുകൾ അതൊക്കെ മനസ്സിലാക്കാൻ വല്യപാടാ അല്ലേ കുഞ്ഞുണ്ണീ?" എന്നു പറയും അപ്പോ അമ്മൂമ്മ.
അതെ, അതെ എന്നു ചിലച്ചുകൊണ്ട് ദമയന്തിയമ്മയുടെ പുറകില്‍ നിന്ന് ദാ അപ്പോ തലനീട്ടണു ആ രണ്ടു പല്ലികൾ.
കുഞ്ഞുണ്ണി അവരെ കണ്ടഭാവും വയ്ക്കാതെ കേട്ടഭാവവും വയ്ക്കാതെ കളി തുടര്‍ന്നു അമ്മൂമ്മയോടൊപ്പം.
കളികൾ എന്നു വച്ചാല്‍ കുട്ടികള്‍ക്ക് ജീവനാണ് എന്നാവും ആ പല്ലികൾ തമ്മില്‍ത്തമ്മില്‍ ചിലച്ചുപറഞ്ഞത് അല്ലേ?
Read More: പ്രിയ എ എസ് എഴുതിയ മറ്റു കഥകള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.