/indian-express-malayalam/media/media_files/2025/03/31/VST2nR96DrvNWHbdgR9W.jpg)
ചിത്രീകരണം : വിഷ്ണു റാം
കാറ്റത്തും മഴയത്തും
കുഞ്ഞുണ്ണിയുടെ വീടിന്റെ പേര് താരാവീട്.
ഒരു കളിമണ്‍കല്ല് വീടാണ് താരാവീട്.
താരാവീടിന്റെ ഭിത്തിയിലൊന്നും സിമന്റുമില്ല പെയിന്റുമില്ല.
കുഞ്ഞുണ്ണീടെ സ്വപ്‌നത്തിന്നു കിളിര്‍ത്ത വീടാണ് താരാവീട് എന്നാണ് കുഞ്ഞുണ്ണിയമ്മ പറയാറ്. ഇത്തിരിയൊക്കെ വര്‍ത്തമാനം പറയാറായപ്പോഴേ കുഞ്ഞുണ്ണി ചുമ്മാ എപ്പഴും പറയും - നമ്മള് എമ്മല്ലൂര് താരാവീട് പണിയൂല്ലേ, അപ്പഴില്ലേ...
അതെവിടുന്നു കിട്ടി ആ പേര് എന്ന് കുഞ്ഞുണ്ണിക്ക് അറിയാനേ പാടില്ല കേട്ടോ. താര എന്നൊരു വാക്കു കൂടി അറിയാമ്മേലാത്തത്രയും കുഞ്ഞല്ലേ കുഞ്ഞുണ്ണി എന്ന് കുഞ്ഞുണ്ണി, 'താരാവീട്... താരാവീട്...' എന്നു പറയുമ്പോഴൊക്കെയും അത്ഭുതപ്പെട്ടു കുഞ്ഞുണ്ണിയമ്മ.
താര എന്നു വച്ചാല്‍ നക്ഷത്രം എന്നു പറഞ്ഞുകൊടുത്ത് ഇത് കുഞ്ഞുണ്ണി നക്ഷത്രത്തിന്റെ വീടെന്നാണോ അതോ നല്ല തിളങ്ങുന്ന വീടെന്നാണോ കുഞ്ഞാ നീ ഉദ്ദേശിക്കുന്നത് എന്ന് അമ്മ എപ്പഴും ചോദിയ്ക്കും കുഞ്ഞുണ്ണിയെ എടുത്ത് മടിയില്‍വെച്ചുകൊണ്ട്.
അതിന് കുഞ്ഞുകുഞ്ഞുണ്ണിക്കറിയാമോ അതിന്റെ വല്ലതിന്റെയും ഉത്തരം?
മുറ്റത്തെ പഞ്ചാരമണ്ണ് കുറേയൊക്കെ കുഴിച്ച് അതിലൊരു മുല്ലപ്പൂ മാല ചൂടിയ കല്ല് കുഞ്ഞുണ്ണിയച്ഛനും കുഞ്ഞുണ്ണിയമ്മയും കൂടി വിളക്കിന്റെ വെളിച്ചത്തിലിറക്കിവച്ച്... അങ്ങനാരുന്നു കുഞ്ഞുണ്ണി വീടിന്റെ കല്ലിടല്‍.
ബാക്കി വന്ന മുല്ലപ്പൂമാല അന്നു മുഴുവന്‍ കുഞ്ഞുണ്ണി കഴുത്തിലിട്ടു രസിച്ചുനടന്നു.
വീടു പണിയാന്‍ കുറേ നാളെടുത്തു കേട്ടോ. കുഞ്ഞുണ്ണിയപ്പൂപ്പനാണ് വീടുപണിക്കാര്യങ്ങളൊക്കെ നോക്കിയത്.
അപ്പൂപ്പന്റെ കൂടെ പഴയ വീടിന്റെ ചുറ്റിറയത്തിരുന്ന്, പണി മുഴുവനാകാത്ത വീട്ടിലേക്ക് നോക്കുമ്പോ കുഞ്ഞുണ്ണിയ്ക്ക് തോന്നി- ഇപ്പോ വീടൊരു മരംകൊത്തിപ്പൊത്തുപോലെ, ഇപ്പോ ഒരു മുയല്‍മാളം പോലെ, ഇപ്പോ ഒരു കരടിഗുഹ പോലെ, ഇപ്പോ ചിത്രപ്പുസ്തകത്തിലെ കപ്പലു പോലെ. ഇപ്പോ വീടൊരു പൂതം പോലെ.
അങ്ങനെയങ്ങനെ ദിവസവും വളര്‍ന്നുവളര്‍ന്നാണ് കേട്ടോ അത് ഇപ്പോ നമ്മളീ കാണുന്ന താരാവീടായത്.
വീടിന്റെ ഭിത്തിയില്‍ പലപല നിറത്തിലെ ചായമടിക്കണം എന്നുണ്ടായിരുന്നു കുഞ്ഞുണ്ണിയ്ക്ക്. ഈ വീടിന് ചായം ചേരില്ല കുഞ്ഞാ എന്നു കുഞ്ഞുണ്ണിയുടെ തലയില്‍ തലോടി പറഞ്ഞു അമ്മ. അങ്ങനേങ്കില്‍ അങ്ങനെ എന്നു വിചാരിച്ച് ഒരു കടലാസെടുത്ത് എല്ലാ നിറത്തിലുമുള്ള ചായപ്പെന്‍സിലുകളും കൊണ്ട് ഒരു വീടു വരച്ചു സന്തോഷിച്ചു അപ്പോ കുഞ്ഞുണ്ണി.
കുട്ടികള്‍ക്ക് സന്തോഷം വരാന്‍ ചെറിയ ചെറിയ കാര്യങ്ങള്‍ മതിയല്ലോ. അമ്മ പിന്നെയത് സെന്‍ ആര്‍ട്‌സിലെ വേണുമാമനെക്കൊണ്ട് ഫ്രെയിം ചെയ്യിച്ച് താരാവീടിന്റെ ഭിത്തിയില്‍ തുക്കി.
ഓ പറഞ്ഞില്ലല്ലോ കുഞ്ഞുണ്ണി സ്ലേറ്റില് താരാവീടെന്നെഴുതിയതിന്റെ ഫോട്ടോയെടുത്ത് അതിലെന്തൊക്കെയോ വിദ്യ കാണിച്ചാണ് കേട്ടോ പീറ്റര്‍ മാമന്‍ താരാവീടിന്റെ മതിലില് വീട്ടുപേര് വയ്പിച്ചിരിക്കുന്നത്.
അത് നല്ല ഐഡിയ അല്ലേ?
താരാവീടു പണിത ആര്‍ക്കിട്ടെക്റ്റ് മാമനാണ് കേട്ടോ പീറ്റര്‍മാമന്‍.
താരാവീട്ടിലെ ഇന്നത്തെ രസം കേള്‍ക്കണോ നിങ്ങള്‍ക്ക്?
താരാവീടിന്റെ ചവിട്ടുപടിയിലിരിക്കുകയായിരുന്നു കുഞ്ഞുണ്ണിയും ഡെന്നിസ് പൂച്ചയും.
ഡെന്നിസ് വാലുപൊക്കിപ്പിടിച്ച് ഒരിരുപ്പായിരുന്നു. കുഞ്ഞുണ്ണി ചുമ്മാ അവനെ നാവുനീട്ടിക്കാണിച്ചു.
എന്നിട്ട് രണ്ടാളും തമ്മില്‍ത്തമ്മില്‍ നോക്കിചിരിച്ചു.
അപ്പോ ഒരു മഴ വന്നു. വീടിന്റെ ഓട്ടിറമ്പിലൂടെ വെള്ളിനൂലുകള്‍ പോലെ മഴ, മണ്ണിലേക്കു വീണു.
കുഞ്ഞുണ്ണി കൈ നീട്ടിപ്പിടിച്ചു. കൈ നിറയെ മഴവെള്ളം. കുഞ്ഞുണ്ണിയത് മുകളിലേക്കെറിഞ്ഞു.
അത് ഡെന്നിസ് പൂച്ചയുടെ തലയിലേക്കു തുള്ളിതുള്ളികളായി വീണു.
അവനത് കുടഞ്ഞു കളഞ്ഞുകൊണ്ട് കുഞ്ഞുണ്ണിയുടെ മടിയിലേയ്ക്ക് ചാടിക്കേറി.
കുഞ്ഞുണ്ണിയവനെ തലോടി. അവന്‍ കുഞ്ഞുണ്ണിയുടെ കൈയില്‍ നക്കി. അതിനിടെ കാറ്റു വന്നു.
മുറ്റത്തെ ഞാവല്‍മരത്തില്‍ നിന്ന് നല്ല പഴുത്ത ഞാവല്‍പ്പഴങ്ങളും പഴുത്ത ഇലകളും അടര്‍ന്നു വീണു.
ഞാവല്‍പ്പഴം പെറുക്കാന്‍ മുറ്റത്തേക്കിറങ്ങിയാല്‍ മഴയത്ത് നനയില്ലേ?
നനഞ്ഞാല്‍, അമ്മ വഴക്കു പറയില്ലേ?
എന്തു ചെയ്യണം എന്ന് താടിക്ക് കൈ കൊടുത്താലോചിച്ചു എണീറ്റുനിന്നു കുഞ്ഞുണ്ണി.
അപ്പോഴുണ്ട് ദാ വീഴുന്നു ചവിട്ടുപടിയിലേക്ക് ഞാവല്‍പ്പഴങ്ങള്‍.
കുഞ്ഞുണ്ണി, ഡെന്നിസിനെ മടിയില്‍ നിന്നെടുത്ത് താഴെയിരുത്തി.
പിന്നെ കുനിഞ്ഞിരുന്ന് ചവിട്ടുപടിയിലെ ഞാവല്‍പ്പഴം കുഞ്ഞിക്കൈകൊണ്ട് പെറുക്കി കൂട്ടി.
ഡെന്നിസ് ഒരു ഞാവല്‍പ്പഴം മണത്തുനോക്കി. പിന്നെ കാലുകൊണ്ട് അതിനിട്ടൊരു തട്ടു കൊടുത്തു.
അത് ഉരുണ്ടുരുണ്ടു പോയി. ഞാവല്‍പ്പഴം തട്ടിക്കളിയായി പിന്നെ ഡെന്നിസിന്‍റെ പണി.
കുഞ്ഞുണ്ണിയോ, ഞം ഞം എന്ന് ഓരോ ഞാവല്‍പ്പഴമായി എടുത്തു തിന്നു.
നല്ല വയലറ്റ് നിറമാണല്ലോ ഞാവല്‍പ്പഴത്തിന്.
ഞാവല്‍പ്പഴം തിന്നു തിന്ന് അവന്റെ കുഞ്ഞിനാവ് വയലറ്റ്‌നിറത്തിലായി.
കുഞ്ഞുണ്ണി അവന്റെ നാവ് കഴിയുന്നത്ര പുറത്തേക്കു നീട്ടി വയലറ്റ്‌നാവിന്റെ ഭംഗി നോക്കി രസിച്ചു.
ഡെന്നിസിന് പക്ഷേ അതത്ര രസിച്ചില്ല. അതോ അവന് പേടിയായതാണോ ആവോ?
അവന് കുഞ്ഞുണ്ണി ഒരു ഭയങ്കരന്‍ പൂതമായി തോന്നിക്കാണുമോ ആവോ?
എന്തായാലും വേണ്ടില്ല അവന്‍ മഴയിലൂടെയങ്ങ് ഓടിപ്പോയി.
എങ്ങോട്ടാവും അവനോടിപ്പോയത് ഈ കാറ്റത്തും മഴയത്തും?
Read More: പ്രിയ എ എസ് എഴുതിയ മറ്റു കഥകള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.