scorecardresearch
Latest News

സ്വപ്‌നങ്ങളുടെ കഥ

സ്വപ്നവും കഥയും സയാമീസ് ഇരട്ടകളാണ്. അവരുടെ കൈ പിടിച്ച് എങ്ങോട്ടു വേണമെങ്കിലും പോവാം. പക്ഷേ സ്വപനവും കഥയും തമ്മിൽ ഒരു വലിയ വത്യാസവുമുണ്ട്. അതെന്താണെന്ന് പറയാമോ?

priya as, childrens stories , iemalayalam

അറിയാമല്ലോ , ഓലേഞ്ഞാലിക്കിളി ഒരു ഊഞ്ഞാലാട്ടക്കാരിയാണെന്ന്?
അവള്‍ക്കാ പേരു വന്നതു തന്നെ അവളെപ്പോഴും തെങ്ങോലത്തുമ്പത്തിരുന്ന് ഊഞ്ഞാലാടുന്നതു കൊണ്ടാണല്ലോ.

ഊഞ്ഞാലാടാന്‍ അവള്‍ക്കെപ്പോഴും ഒത്തിരി ഇഷ്ടം തോന്നുന്നതെന്തു കൊണ്ടാണെന്നറിയാമോ?
ഊഞ്ഞാലാടുമ്പോ ഒരുപാട് സ്വപ്‌നം കാണാം, നടക്കാന്‍ സാദ്ധ്യതയുള്ളതും നടക്കാന്‍ സാദ്ധ്യതയില്ലാത്തതുമായ ഒരു പാട് സ്വപ്‌നങ്ങള്‍ കാണാനാര്‍ക്കാണ് ഇഷ്ടമല്ലാത്തത് എന്നവള്‍ ഊഞ്ഞാലാടിക്കൊണ്ട് ഉറക്കെ വിളിച്ചു ചോദിയ്ക്കുന്നത് കേള്‍ക്കുന്നുണ്ടല്ലോ അല്ലേ, എല്ലാവരും?തന്നെയുമല്ല സ്വപ്‌നം കാണാന്‍ ഒരു ചിലവുമില്ലല്ലോ.

അവളിന്നാള് കണ്ട ഒരു ഊഞ്ഞാലാട്ട സ്വപ്‌നം എന്താണെന്നു കേള്‍ക്കണ്ടേ? അവളെ ലോകൈക സുന്ദരിക്കിളിയായി എല്ലാ ജന്തുജാലങ്ങളും ചേര്‍ന്ന് തിരഞ്ഞെടുക്കുന്നു, രത്‌നം പതിച്ച കിരീടമണിയിച്ച് അവളെ പരമസുന്ദരിയായി വാഴിക്കുന്നു, അവള്‍ ചിറകിട്ടടിച്ച് സന്തോഷം പ്രകടിപ്പിയ്ക്കുന്നു.

സിംഹവും, കടുവയും, കരടിയും, പുലിയും, ഹിപ്പൊപ്പൊട്ടാമസുമൊക്കെ അവളുടെ ഭംഗി കണ്ട് അന്തം വിട്ടുനില്‍ക്കുന്നു. എന്റെ ദേഹത്തു വന്നിരിക്കുമോ ഇത്തിരിനേരം സുന്ദരിക്കിളീ എന്നവരൊക്കെ അവളോട് ചോദിയ്ക്കുന്നു.

അവളവരുടെ ആവശ്യം നിറവേറ്റിക്കൊടുക്കുമ്പോള്‍, അവളൊരു കിരീടമാണെന്ന മട്ടില്‍ അവരൊക്കെ അവളെയും തലയില്‍ വച്ച് ഗമയില്‍ അവിടൊക്കെ ചുറ്റിക്കറങ്ങുന്നു. ഇതവളുടെ ഒരു സ്വപ്‌നം .

priya as, childrens stories , iemalayalam


ഇനിയൊരെണ്ണം, അവള്‍ പറന്നു പറന്ന് അമ്പിളിയമ്മാവനില്‍ പോകുന്നതാണ്. സൂര്യനെ തുളച്ച്, മേഘങ്ങളിലൂടെ കയറിയിറങ്ങിയാണ് അവള്‍ ചന്ദ്രനിലേക്ക് പറക്കുക. അവിടെ ചെല്ലുമ്പോള്‍, അവിടമാകെ വെള്ളിനിറമുള്ള നിലാവില്‍ കുളിച്ചു നില്‍ക്കുകയാവും. നിലാവു വീണ് അവളുടെ മേലാകെ തിളതിളങ്ങും.

അമ്പിളിയമ്മാവന്റെ അകത്തുകൂടി, നമ്മള്‍ ഭൂമിയില്‍ നിന്നു നോക്കുമ്പോള്‍ കാണുന്ന മുയല്‍ രൂപം ഓടിച്ചാടി നടക്കുന്നുണ്ടാവും. അത് ശരിയ്ക്കും മുയലാണോ എന്നവള്‍ തൊട്ടും പിടിച്ചും നോക്കും. അപ്പോ ആ മുയല്‍ അവളോട്, എന്റെ ഒപ്പം കളിക്കാന്‍ കൂടുന്നോ എന്നു ചോദിയ്ക്കും.

ഇത്രദൂരെ , അതും കളിക്കാന്‍ കൂട്ടിനാരുമില്ലാതെ ബോറടിച്ചിരിക്കുന്ന മുയല്‍ക്കുട്ടന്റെ കൂടെ ഇത്തിരി നേരം കളിച്ച് അവനെ ഒന്ന് സന്തോഷിപ്പിയ്ക്കൂ, എന്റെ പുന്നാര ഓലേഞ്ഞാലീ, എന്ന് അമ്പിളിയമ്മാവന്‍ അവളോട് ശുപാര്‍ശ ചെയ്യും.

പോരാന്‍ നേരം, നിലാവ് , ഒരു കുടത്തിലാക്കി അമ്പിളിയമ്മാവന്‍ അവള്‍ക്ക് കൊടുത്തു വിടും. അതു കൊക്കു കൊണ്ട് കൊത്തിയെടുത്ത് കൂട്ടില്‍ കൊണ്ടു വന്ന് അവള്‍ ആവശ്യം പോലെ ചൊരിഞ്ഞിടും. അപ്പോഴവളുടെ കൂട് പ്രകാശിയ്ക്കും ചന്ദ്രനെപ്പോലെ.

എല്ലാവരും തിക്കിത്തിരക്കി വരും നിലാവ് നിറഞ്ഞ അവളുടെ കൂട് കാണാന്‍. എല്ലാവരെയും ഒപ്പം ചേര്‍ത്ത്, അവള്‍, കൂടിരിക്കുന്ന മരക്കൊമ്പിലൂടെ തത്തിനടന്ന് നൃത്തം ചെയ്യും. അതു കാണാന്‍ അമ്പിളിയമ്മാവന്‍ ആകാശത്തു നിന്ന് മേഘങ്ങള്‍ക്കിടയിലൂടെ, മരത്തലപ്പുകള്‍ക്കിടയിലൂടെ എത്തിനോക്കും. കൂടെ ആ മുയല്‍ക്കൂട്ടനുമുണ്ടാവും അമ്പിളിയമ്മാവന്റെയകത്ത്. ഇതും നല്ല സ്വപ്‌നമല്ലേ?

അവള്‍ കഥയെഴുതുന്നതാണ് അവള്‍ക്കേറ്റവുമിഷ്ടപ്പെട്ട സ്വപ്‌നം. സ്വപ്‌നവും കഥയും സയാമീസ് ഇരട്ടക്കുട്ടികളാണ് എന്നാണവള്‍ക്ക് തോന്നാറ്. നല്ല സാമ്യമാണ് അവര്‍ക്കു തമ്മില്‍. അവരുടെ കൈയും പിടിച്ച് എങ്ങോട്ടുവേണമെങ്കിലും പോവാം.

സ്വപ്‌നത്തിലും കഥയിലും ആരെ വേണമെങ്കിലും ചേര്‍ക്കാം. എന്താണ് കഥയും സ്വപ്‌നവും തമ്മിലുള്ള വത്യാസമെന്നു ചോദിച്ചാല്‍, സ്വപ്‌നം, അതു കാണുന്നവര്‍ക്ക് മാത്രം ഇഷ്ടപ്പെടാനുള്ളതാണ്. കഥയോ അതെഴുതുന്നവര്‍ക്ക് മാത്രം ഇഷ്ടമായാല്‍പ്പോരാ അതു കേള്‍ക്കുന്നവര്‍ക്കു കൂടി ഇഷ്ടമാവണം.

അങ്ങനെ നോക്കുമ്പോള്‍, സ്വപ്‌നം കാണാന്‍ എളുപ്പമാണ്. കഥ എഴുതാന്‍ പ്രയാസവും. പ്രയാസമാണ് കഥ എഴുത്തെങ്കിലും, എനിയ്ക്ക് കഥ എഴുതിയേ പറ്റൂ എന്നാണ് ഓലേഞ്ഞാലിയുടെ വിചാരം.

അവളെഴുതി തയ്യാറാക്കിയ കഥ, അവള്‍ ചുറ്റുമുള്ളവരെയെല്ലാം വിളിച്ചിരുത്തി പറഞ്ഞു കേള്‍പ്പിയ്ക്കുമ്പോള്‍, അവരെല്ലാം “എന്തൊരു നല്ല കഥ,” എന്നു പറഞ്ഞ് കൈ അടിയ്ക്കും.

“ഇനിയും കഥ വേണം , കഥ പറയൂ കഥ പറയൂ,” എന്നാര്‍ത്തു വിളിയ്ക്കും. അങ്ങനെ സ്വപ്‌നം കണ്ട് ഊഞ്ഞാലാടുമ്പോള്‍, ഭൂമിയും ആകാശവും കടലും ഓലേഞ്ഞാലിയെ കണ്ണിമ ചിമ്മാതെ നോക്കിനില്‍ക്കും.

priya as, childrens stories , iemalayalam

Read More: പ്രിയ എ എസിന്‍റെ മറ്റ് രചനകള്‍ ഇവിടെ വായിക്കാം

ഓലേഞ്ഞാലിയുടെ മൂന്നു സ്വപ്‌നങ്ങളും ഇഷ്ടമായല്ലോ അല്ലേ?

ഓലേഞ്ഞാലി ഊഞ്ഞാലാടിക്കൊണ്ട് സ്വപ്‌നം കാണുമ്പോലെയാണ്, കുഞ്ഞുവാവമാര് തൊട്ടിലില്‍ കിടക്കുമ്പോ കാണുന്ന സ്പ്‌നങ്ങള്‍. രസമുള്ള സ്വപ്നങ്ങള്‍ കാണുമ്പോഴാണ് അവര്‍ തൊട്ടിലില്‍ കിടന്ന് മോണ കാട്ടി ചിരിക്കാറ്.

എന്താവും അവരുടെ സ്വപ്‌നത്തില്‍?

അമ്മാപ്പാല് വയറ് നിറയുവോളം കുടിക്കുന്നതാവുമോ?

പൂമ്പാറ്റകള്‍ അവരെ ചിറകില്‍ എടുത്തുവച്ചു കൊണ്ട് പൂക്കള്‍തോറും നടക്കുന്നതാവുമോ?
നിലാവത്ത് മതിവരുവോളം കളിയ്ക്കുന്നതാവുമോ?


മഴ നനഞ്ഞ് കുടുകുടാ ചിരിയ്ക്കുന്നതാവുമോ? മിന്നാമിനുങ്ങിനെ പിടിയ്ക്കാന്‍ ഓടുന്നതാവുമോ?

നിങ്ങള്‍ കുട്ടികള്‍ പറയ്, നിങ്ങള്‍ക്കേറ്റവുമിഷ്ടപ്പെട്ട സ്വപ്‌നം. ഓരോ കുട്ടിയ്ക്കുമുണ്ടാവില്ലേ അവര്‍ക്ക് പ്രിയപ്പെട്ട ഒരു സ്വപ്‌നം?

ഓരോ കുട്ടിയും അവരവരുടെ സ്വപ്‌നമൊന്ന് കഥ പോലെ എഴുതിനോക്കിയേ…

Read More: ഒരു കഥ കൂടി വായിക്കാന്‍ തോന്നുന്നുണ്ടോ, എന്നാല്‍ ഇവിടെ ക്ലിക്ക് ചെയ്യു

Stay updated with the latest news headlines and all the latest Children news download Indian Express Malayalam App.

Web Title: Priya as stories for children swapnangalude katha