scorecardresearch

പരം പരം പരമസുന്ദരീ

പുൽച്ചാടിക്കുഞ്ഞൻറെ ഉറക്കം, കണ്ണാടി, നൃത്തം, അമ്മയോടുള്ള ഒട്ടി നടക്കൽ അതൊക്കെ ചേർന്നൊരു കുഞ്ഞൻ കഥ

priya as, childrens stories , iemalayalam

പുല്‍ച്ചാടിക്കുഞ്ഞന്‍ രാവിലെ തന്നെ ഉണര്‍ന്നു. ഒരു ഇലയിലായിരുന്നു അവന്റെ ഉറക്കം.
രാവിലെ ഒരു കാറ്റ്, നല്ല തണുപ്പോടെ വീശിയപ്പോഴാണ് പുല്‍ച്ചാടിക്കുഞ്ഞന്‍ ഉണര്‍ന്നു പോയത്.

കാറ്റ് വന്ന് അവനുറങ്ങിക്കിടന്നിരുന്ന ഇലയുള്ള ചെടിയെ ആകെ അങ്ങോട്ടിങ്ങോട്ടുലച്ചു. അവന്‍ കുഞ്ഞിക്കൈ കൊണ്ട് ഇലക്കിടക്കയില്‍ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു ഉറങ്ങുമ്പോഴും. അതു കൊണ്ടാണവന്‍ ആ കാറ്റിളക്കത്തിലും വീണു പോകാതിരുന്നത്. പിന്നെയാ തണുത്ത കാറ്റത്ത് അവന്‍ കിലുകിലാ വിറയ്ക്കാനും തുടങ്ങി.

കാറ്റില്‍ നിന്നും തണുപ്പില്‍ നിന്നും രക്ഷ നേടാനായി അവന്‍ അമ്മപ്പുല്‍ച്ചാടി ഉറങ്ങുന്ന ഇലയിലേയ്ക്ക് പറന്നു ചെന്നു. എന്നിട്ട് അമ്മയെ കെട്ടിപ്പിടിച്ച് അമ്മച്ചൂടില്‍ രസിച്ച് അങ്ങനെ കൊഞ്ചിക്കിടന്നു.
എന്താ ഉറക്കം മതിയായോ എന്നു ചോദിച്ചവനെ അമ്മ പുന്നാരിച്ചു.

അവനമ്മയുടെ നെഞ്ചിലേക്ക് ചുരുണ്ടു കൂടിക്കൊണ്ട് പറഞ്ഞു ഒരിശരന്‍ കാറ്റുവന്ന് എന്റെ ഇലക്കിടക്കയെയും എന്നെയും ഇളക്കി മറിച്ചു, പോരാഞ്ഞ് തണുതണാ എന്ന് തണുപ്പിയ്ക്കാനും തുടങ്ങി കാറ്റ്. അപ്പോഴാ ഞാനിങ്ങോട്ട് ചാടിയിറങ്ങിപ്പോന്നത്.

അമ്മ അവനെ കെട്ടിപ്പിടിച്ചു. കുഞ്ഞ് പേടിച്ചു പോയോ, എന്നു ചോദിച്ചു. അപ്പോ അവന്‍ അമ്മയോട് തിരക്കി, അമ്മേടെ ഇലക്കിടക്ക കൂടുതല്‍ വലുതും കട്ടിയുള്ളതുമായതു കൊണ്ടാണോ അമ്മയെ പേടിപ്പിയ്ക്കാനും തണുപ്പിയ്ക്കാനും കാറ്റിന് പറ്റാത്തത്? വലുതാവുമ്പോ എനിയ്ക്കും പേടിയില്ലാതാവുമോ കാറ്റിനെ?

priya as, childrens stories , iemalayalam


പുല്‍ച്ചാടിയമ്മ തന്റെ നേര്‍ത്ത കൈ കൊണ്ട് മുഖം താങ്ങി അല്പനേരമിരുന്നു എന്തോ ആലോചിയ്ക്കും പോലെ. എന്നിട്ട് പറഞ്ഞു, “വലുതാവുമ്പോള്‍ നമ്മുടെ ഒരുപാടൊരുപാട് സ്വഭാവങ്ങള്‍ മാറും. ഇപ്പോ എന്തിനോടെങ്കിലും പേടി വരുമ്പോള്‍ കുഞ്ഞ്, അമ്മയുടെ അടുത്തു വന്ന് അമ്മയുടെ മേലേക്ക് കാല്‍ വച്ച് അമ്മയുടെ വയറ്റത്ത് മുഖം പൂഴ്ത്തി കിടക്കാറില്ലേ? ആ സ്വഭാവമൊക്കെ മാറും.

കുഞ്ഞ്, നല്ല നീളവും തടിയുമുള്ള ഒരു പുല്‍ച്ചാടിക്കുഞ്ഞനായി മാറും. അമ്മ പേടിക്കുന്ന ഇടങ്ങളിലും സമയത്തും അമ്മയ്ക്ക് ധൈര്യം തരുന്ന ആളായി മാറും. വലുതായ കുഞ്ഞന്‍ വന്ന് അമ്മയെ ഒന്നു കെട്ടിപ്പിടിച്ചാല്‍ത്തന്നെ, അമ്മയുടെ പേടികളൊക്കെ മാഞ്ഞു പോകുന്ന തരത്തില്‍ കുഞ്ഞന്‍ വലുതാവും.”

അങ്ങനെയൊക്കെ അമ്മ പറയുന്നതിനിടെ, അവര്‍ കെട്ടിപ്പിടിച്ച് പരസ്പരം പുന്നാരിച്ച് കിടന്ന ഇലയിലേയ്ക്ക് ഒരു മഞ്ഞു തുള്ളിയോ മഴത്തുള്ളിയോ വന്നു വീണു. കാറ്റ്വീരന്‍ കൊണ്ടിട്ടതാവണം ആ വെള്ളത്തുള്ളിയെ എന്നോര്‍ത്തു പുല്‍ച്ചാടിക്കുഞ്ഞന്‍.

അമ്മ അടുത്തുള്ളതു കൊണ്ടാവും ഓര്‍ക്കാപ്പുറത്ത് ആ തണുത്തതുള്ളി വന്നു വീണിട്ടും പുല്‍ച്ചാടിക്കുഞ്ഞന്‍ ഞെട്ടുകയോ പേടിക്കുകയോ ചെയ്തില്ല. പുല്‍ച്ചാടിക്കുഞ്ഞന് അമ്മയുണ്ട് അടുത്തെങ്കില്‍പ്പിന്നെ എന്തിനും ഏതിനും നല്ല ധൈര്യമാണല്ലോ.

അവന്‍ എണീറ്റു പതുക്കെ അമ്മയുടെ അടുത്തുനിന്ന്. എന്നിട്ട് തന്റെ നീണ്ടു മെലിഞ്ഞ കൈ കൊണ്ട് ആ തുള്ളിയെ തൊട്ടു. അപ്പോ അവന് അതില്‍ തന്റെ ഛായ അതിന്മേല്‍ കാണാന്‍ പറ്റി. ഇതു നല്ലൊരു കണ്ണാടി പോലുണ്ടല്ലോ, എനിക്കെന്നെ നന്നായി കാണാന്‍ പറ്റുന്നുണ്ടല്ലോ എന്നവന് സന്തോഷമായി.

അവനും അമ്മയും ഉറങ്ങുന്ന ചെടിയുടെ ഉടമസ്ഥരായ ചിന്നുക്കുട്ടിയും അവളുടെ അച്ഛനും അമ്മയും മുറ്റത്തിനപ്പുറമുള്ള ആ വീടിനകത്താണല്ലോ താമസം, ചിലപ്പോള്‍ ചിന്നുക്കുട്ടി ഒരില അപ്പാടെ പറിച്ച് അതിന്മേലിരിക്കുന്ന പുല്‍ച്ചാടിക്കുഞ്ഞനുമായി വീട്ടിനകത്ത് അവളുടെ മുറിയിലേയ്ക്ക് പോകാറുണ്ട്.

അപ്പോഴൊക്കെ ചിന്നുക്കുട്ടിയുടെ മുറിയിലെ വലിയ കണ്ണാടി കാണാറുണ്ട് പുല്‍ച്ചാടിക്കുഞ്ഞന്‍. ആദ്യം പുല്‍ച്ചാടിക്കുഞ്ഞന്‍ വിചാരിച്ചത് കണ്ണാടിയുടെ അകത്ത് കാണുന്നത് വേറൊരു ചിന്നുക്കുട്ടിയും വേറൊരു പച്ച ജിവിയും എന്നാണ്. അപ്പോ ചിന്നുക്കുട്ടി ചിരിച്ചു. എന്നിട്ട് പറഞ്ഞു, “നീയ് നല്ലോണം നോക്ക്, കണ്ണാടിയില്‍ കാണുന്ന പച്ചജീവി നീയാ.നിന്റെ അടുത്തു കാണുന്നത് എന്നെയാ…”

അവന്‍ അവന്റെ ഉണ്ടക്കണ്ണു മിഴിച്ച് കണ്ണാടിയിലെ പച്ച ജിവിയെ നോക്കിക്കൊണ്ട് കണ്ണാടിപ്പുറത്ത് ചെന്നിരിക്കാറുണ്ട് പലപ്പോഴും. അവന് അവന്റെ രൂപവും നിറവും അപ്പോഴൊക്കെ നല്ലോണം ഇഷ്ടമാകാറുണ്ട്.

അവനങ്ങോട്ടിങ്ങോട്ട് മാറിയിരുന്നും കൈകാാലിളക്കിയും തല ഗമയില്‍ പിടിച്ചു ഉണ്ടക്കണ്ണൊന്നു കൂടി മിഴിച്ചും എല്ലാം അവനെത്തന്നെ നോക്കി രസിക്കും. അവന്‍ ചെയ്യുന്നതെല്ലാം അപ്പടി ചെയ്യുന്ന കണ്ണാടിരൂപന്‍ പുല്‍ച്ചാടിയെ അവന് ഒത്തിരി ഇഷ്ടമാണ്. അവന്‍ കണ്ണാടിപ്പുല്‍ച്ചാടിയെ ഉമ്മ വയ്ക്കും. അപ്പോ കണ്ണാടിപ്പുല്‍ച്ചാടി അവനെയും ഉമ്മ വയ്ക്കും.

priya as, childrens stories , iemalayalam

Read More: പ്രിയ എ എസിന്‍റെ മറ്റ് രചനകള്‍ ഇവിടെ വായിക്കാം

അവന്‍ തിരികെ അവന്റെ ഇലവീട്ടില്‍ വന്ന് കണ്ണാടി വിശേഷം വിസ്തരിച്ചപ്പോള്‍ അമ്മ പറഞ്ഞു, “നമുക്കുമുണ്ട് കണ്ണാടി. മഴവെള്ളത്തുള്ളി അല്ലെങ്കില്‍ മഞ്ഞുതുള്ളി. അത് പുല്‍ത്തുമ്പിലൊക്കെ പറ്റിപ്പിടിച്ചിരിക്കും മഴക്കാലത്തും മഞ്ഞുകാലത്തും. അതില്‍ നോക്കിയാല്‍ നമുക്ക് നമ്മളെ കാണാം.”

അന്നു മുതല്‍ പുല്‍ച്ചാടിക്കുഞ്ഞന്‍ കാത്തിരിക്കുകയാണ് മഴക്കാലത്തിനെയും മഞ്ഞുകാലത്തിനെയും.
എത്രനാളത്തെ കാത്തിരിപ്പു കഴിഞ്ഞതിനു ശേഷമാണ് ഒടുക്കം വെള്ളത്തുള്ളി അവര്‍ താമസിയ്ക്കുന്ന ചെടിയിലേക്ക് വിരുന്നു വന്നിരിയ്ക്കുന്നത്.

അവന്‍ അടുത്തു ചെന്ന് ഇലത്തുമ്പത്തു തൂങ്ങിനില്‍ക്കുന്ന തുള്ളിയുടെ ചുറ്റും നടന്ന് പരിശോധിച്ചു, മഴത്തുള്ളിയോ മഞ്ഞുതുള്ളിയോ ഇത്? സൂര്യന്‍ എണീറ്റുവന്നാല്‍ സൂര്യച്ചൂടുകൊണ്ട് മഴത്തുള്ളിയായാലും മഞ്ഞുതുള്ളിയായാലും വറ്റിപ്പോകും എന്ന് അവന് അമ്മ പറഞ്ഞു കൊടുത്തിട്ടുണ്ടായിരുന്നു.

സൂര്യാ പതുക്കെ വന്നാല്‍ മതി, ഞാനീ കണ്ണാടിത്തുള്ളിയില്‍ എനിക്ക് മതിയാവും വരെ എന്നെ ഒന്ന് കണ്ടോട്ടെ എന്നു പറഞ്ഞു പുല്‍ച്ചാടിക്കുഞ്ഞന്‍ സൂര്യനെ നോക്കി കൈകൂപ്പിക്കൊണ്ട്.

പുല്‍ച്ചാടിയമ്മ പറഞ്ഞു, “നീ ഒരു ഡാന്‍സു കളിയ്ക്ക്. അതീ കണ്ണാടിത്തുള്ളിയില്‍ കാണാന്‍ നല്ല രസമുണ്ടാവും. പുല്‍ച്ചാടി ഏതു ഡാന്‍സുവേണം എന്ന് ഒരു നിമിഷം ആലോചിച്ചു. പിന്നെ അമ്മയ്ക്കേറ്റവുമിഷ്ടമുള്ള ‘പരം പരം പരമസുന്ദരീ’ ആടിക്കുലുങ്ങി കളിയ്ക്കാന്‍ തുടങ്ങി . ഇടയ്ക്ക് അവന്‍ അമ്മയുടെ കൈയില്‍ പിടിച്ച് അമ്മയെയും ചേര്‍ത്തു ഡാന്‍സില്‍.

പുല്‍ച്ചാടിയമ്മയ്ക്ക് അപ്പോള്‍ താനൊരു പരമസുന്ദരിയാണെന്ന മട്ടില്‍ സന്തോഷം വന്നു.
വെള്ളത്തുള്ളി അങ്ങോട്ടിങ്ങോട്ടിളകിയപ്പോള്‍ പുല്‍ച്ചാടിക്കുഞ്ഞന്റെ ഛായയും ഇളകിവലുതായി. അവന്‍ വലുതാവുമ്പോള്‍ നല്ല തടിയും നീളവും വച്ച് ഒരു ഗംഭീര പുല്‍ച്ചാടിയാവും എന്നു അമ്മ പറഞ്ഞതു പോലൊരു വല്യ പുല്‍ച്ചാടിരൂപം ആ ഇളകും തുള്ളിയില്‍ തെളിഞ്ഞു.

അപ്പോള്‍ പുല്‍ച്ചാടിക്കുഞ്ഞന്, അവന്‍ വളരെ വലുതായി അമ്മയക്ക് എല്ലാത്തിനും ധൈര്യം നല്‍ക്കുന്ന ആളായി അവന്‍ മാറിയതായി തോന്നി.

ആ വെള്ളത്തുള്ളിക്കണ്ണാടി ഉടയരുതേ, അവര്‍ കുറച്ചു നേരം കൂടി ഡാന്‍സും വലുതാവലും ഒക്കെയായി സന്തോഷിക്കട്ടെ കേട്ടോ എന്ന് അപ്പോള്‍ അവരിരിക്കുന്ന ഇലച്ചെടി സൂര്യനോട് ശുപാര്‍ശ ചെയ്തു.

സൂര്യനതപ്പടി അനുസരിച്ചു. തളരുവോളം അവരങ്ങനെ നൃത്തം ചെയ്തു, ദാ പിന്നെയും ഇലയരികുകളെ കെട്ടിപ്പിടിച്ച് ഉറങ്ങിപ്പോയതു കണ്ടോ?

അവരിതിനിടെ വല്ലതും കഴിച്ചോ? അവരെന്താവും ഇനി ഉണര്‍ന്ന് കഴിയ്ക്കുക?

Read More: ഒരു കഥ കൂടി വായിക്കാന്‍ തോന്നുന്നുണ്ടോ, എന്നാല്‍ ഇവിടെ ക്ലിക്ക് ചെയ്യു

Stay updated with the latest news headlines and all the latest Children news download Indian Express Malayalam App.

Web Title: Priya as stories for children param param paramasundari