മാന്‍കുട്ടിയുടെ ക്രിസ്മസ്

കാട്ടിലും ക്രിസ്മസ് ആ ഘോഷങ്ങൾ തകൃതിയായി നടക്കുന്നുണ്ടാവണം. ചെറുകാറ്റത്തു പോലും ഇളകുന്ന ആൽമരമായിരിക്കും അവിടെ ക്രിസ്മസ് ട്രീയായി തെരഞ്ഞെടുത്തിട്ടുണ്ടാവുക അല്ലേ?

priya as, childrens stories , iemalayalam

കാട്ടിലുമെത്തി ക്രിസ്മസ്. ചെറുജീവികളുടെ കാടായിരുന്നു അത്.

ഡിസംബറായി, ഡിസംബര്‍ 25 നാണ് ക്രിസ്മസ് എന്ന് രാവിലെ മരത്തലപ്പുകളില്‍ നിന്ന് താഴേയ്ക്ക് പൊഴിയുന്ന മഞ്ഞാണ് കാടാകെ വിളംബരം ചെയ്തത്.

മഞ്ഞുകാലത്തിനൊപ്പം എവിടെ നിന്നോ വരുന്ന നീലച്ചപ്പക്കിളി, മരങ്ങളില്‍ നിന്ന് മരങ്ങളിലേക്ക് പാറി നടന്ന് ക്രിസ്മസ്‌കാര്യം കാടാകെ കൂവിപ്പറയുകയും കൂടി ചെയ്തതോടെ, മഞ്ഞുവീഴ്ച കണ്ണില്‍പ്പെടാത്ത ജീവികള്‍ക്കുപോലും ബോദ്ധ്യമായി ക്രിസ്മസ് വന്നുവെന്ന്.

അവര്‍ എല്ലാം കൂടി പുഴയോരത്തു സമ്മേളിച്ച്, ഇത്തവണ എങ്ങനെ വരവേല്‍ക്കണം ക്രിസ്മസിനെ എന്ന് ആലോചനയായി. കുറുക്കച്ചനാണ് ആലോചനായോഗം വിളിച്ചു കൂട്ടിയത്.

പച്ചയിലകള്‍ കൊണ്ട് ഒരു പച്ചനക്ഷത്രം, മഞ്ഞ ഇലകള്‍ കൊണ്ട് ഒരു മഞ്ഞ നക്ഷത്രം, ചുവപ്പിലകള്‍ കൊണ്ട് ഒരു ചുവപ്പു നക്ഷത്രം ഇവ ഇലകളുടെ വക്കുകളെല്ലാം തുന്നിച്ചേര്‍ത്ത് ഉണ്ടാക്കാന്‍ ഞങ്ങള്‍ റെഡിയാണെന്നു പറഞ്ഞു മാവിന്മേല്‍ താമസിയ്ക്കുന്ന പുളിയുറുമ്പുകള്‍.

നക്ഷത്രത്തിനകത്ത് വിളക്കായി, രാത്രി ഞങ്ങള്‍ കൂട്ടം ചേര്‍ന്നിരിക്കാമെന്നുറപ്പു പറഞ്ഞു മിന്നാമിന്നികള്‍.

priya as, childrens stories , iemalayalam


പുഴയോരത്തെ ആല്‍മരം ക്രിസ്മസ് ട്രീ ആയി അലങ്കരിക്കാമെന്ന ഐഡിയ മുയലുകള്‍ പറഞ്ഞപ്പോള്‍ എല്ലാവര്‍ക്കും ഇഷ്ടമായി. ആലിലകള്‍ എപ്പോഴും ചെറിയ കാറ്റില്‍ പോലും ഇളകുമല്ലോ, അതു കൊണ്ട് ക്രിസ്മസ് ട്രീയായി അലങ്കരിച്ചാല്‍ ഏറ്റവും ഭംഗിയുണ്ടാവുക ആല്‍ മരത്തിനു തന്നെ എന്ന് കുറുക്കച്ചനും സമ്മതിച്ചു.

ആല്‍ മരം അലങ്കരിക്കാന്‍ പേരയ്ക്കകള്‍, ചാമ്പയ്ക്കകള്‍, ചെറുനാരങ്ങകള്‍, കുമ്പിളുമൂസുകള്‍, ലോലോലിയ്ക്ക, കോവയ്ക്ക, ഞാവല്‍പ്പഴം എന്നിവ സംഘടിപ്പിച്ചു കൊണ്ടു വരുന്ന ജോലി കുറുക്കച്ചന്‍, പലമാതിരി കിളികളെയും കുരങ്ങന്മാരെയും ഏല്പിച്ചു. ഭാരമുള്ള പഴങ്ങള്‍ കുരങ്ങന്മാര്‍ പറിയ്ക്കും. ഭാരം കുറഞ്ഞവ കിളികള്‍ കൊത്തിക്കൊണ്ടു വരും.

പിന്നെ പുല്‍ക്കൂട് തയ്യാറാക്കണം. അക്കാര്യം, പലതരം പുല്‍നാരുകള്‍ കൊണ്ടുവന്ന് ഓലേഞ്ഞാലികള്‍ ചെയ്യാമെന്നേറ്റു. അവരെ സഹായിക്കാം എന്ന് കീരികള്‍ ഉറപ്പു പറഞ്ഞു.

ഇനി പുല്‍ക്കൂടില്‍ വയ്ക്കാന്‍ ഉണ്ണിയേശുവിനെയും മേരിയമ്മയെയും ജോസഫച്ഛനെയും ആട്ടിടയന്മാരെയും മൂന്നു രാജാക്കന്മാരെയും ആട്ടിന്‍ പറ്റത്തെയെയും മാലാഖയെയും വേണ്ടേ?

വാഴപ്പിണ്ടികൊണ്ട് അതെല്ലാം ഉണ്ടാക്കുന്നതില്‍, കരളല്‍ വിദഗ്ധന്മാരായ എലികള്‍ക്കും അണ്ണാരക്കണ്ണന്മാര്‍ക്കും മുയലുകള്‍ക്കും നല്ല മിടുക്കുണ്ടല്ലോ എന്നു പറഞ്ഞു മയിലമ്മ. അതോടെ അക്കാര്യത്തിലും തീരുമാനമായി.

ക്രിസ്മസിനുള്ള മുന്തിരി കേക്കും ഞാവല്‍വൈനും ഉണ്ടാക്കാന്‍ അവര്‍ തെരഞ്ഞെടുത്തത് കുളക്കോഴികളെയാണ്.

priya as, childrens stories , iemalayalam


അങ്ങനെ തകൃതിയായി ക്രിസ്മസിനെ വരവേല്‍ക്കാനായുള്ള ഒരുക്കങ്ങള്‍ നടക്കുമ്പോഴാണ്, എല്ലാവരും ഓര്‍ത്തത് കാട്ടിലെ കുഞ്ഞുങ്ങള്‍ക്ക ക്രിസ്മസ് സമ്മാനങ്ങള്‍ തെരഞ്ഞെടുത്ത് വര്‍ണ്ണക്കടലാസു കൊണ്ട പൊതിഞ്ഞ് ചുവന്ന റിബണിട്ടു കെട്ടി രഹസ്യമായി സൂക്ഷിക്കണ്ടേ? എന്നിട്ട്, കുഞ്ഞുങ്ങളോരോരുത്തരുടെയും പേരെഴുതി ക്രിസ്മസ് ട്രീയുടെ കൊമ്പത്ത് അതെല്ലാം തൂക്കിയിട്ട് ക്രിസ്മസ് ദിവസം അവരെ അത്ഭുതപ്പെടുത്തണ്ടേ, ആഹ്‌ളാദിപ്പിക്കേണ്ടേ?

ക്രിസ്മസ് പപ്പ ,റെയിന്‍ഡിയര്‍ വലിയ്ക്കുന്ന വണ്ടിയില്‍ അങ്ങുമഞ്ഞുരാജ്യത്തുനിന്ന് ഒരുപാടു ദിവസം സഞ്ചരിച്ച് കുഞ്ഞുങ്ങള്‍ക്കായി തങ്ങള്‍ മോഹിച്ച ക്രിസ്മസ് സമ്മാനങ്ങളുമായി എത്തിയതാണ് എന്നു വിചാരിക്കുമ്പോള്‍ കുട്ടികളുടെ കണ്ണുകള്‍ സന്തോഷം കൊണ്ടു വിടരും. അതോര്‍ത്തപ്പോള്‍ കാട്ടിലെ മുതിര്‍ന്ന ജീവികള്‍ക്കെല്ലാം ആവേശമായി.

കാട്ടിലെ കുഞ്ഞുങ്ങളപ്പോഴത്തേയ്ക്ക്, തങ്ങള്‍ മോഹിക്കുന്ന ക്രിസ്മസ് സമ്മാനങ്ങളുടെ കാര്യം പറഞ്ഞ് ക്രിസ്മസ് പപ്പയ്ക്ക് കത്തുകളെഴുതാനും പുഴവക്കത്ത് സ്ഥാപിച്ച ക്രിസ്മസ് തപാല്‍പ്പെട്ടിയില്‍ കൊണ്ടിടാനും ആരം ഭിച്ചിരുന്നു.

അണ്ണാന്‍ കുഞ്ഞിനായിരുന്നു ഏറ്റവും ത്രില്‍. അവനോരോ മിനിട്ടു കൂടുമ്പോഴും അമ്മയോട് ചെന്നു ചോദിച്ചു കൊണ്ടിരുന്നു “ഞാന്‍ പറഞ്ഞേല്പിച്ചിരിക്കുന്ന ഓലപ്പന്തും ഓലപ്പീപ്പിയും കൊണ്ടു വരുമോ ക്രിസ്മസ് പപ്പ?”

“പിന്നില്ലാതെ,” എന്നു ചോദിച്ച അമ്മ അവനെ ഓരോ തവണയും കളിക്കാന്‍ പറഞ്ഞു വിട്ടു.
ഒരു രാത്രി, എല്ലാ ജീവികളും ചേര്‍ന്ന് ക്രിസ്മസ് കരോളു നടത്തി. ആടിയും പാടിയും അവര് ക്രിസ്മസിനെ വരവേറ്റു.

priya as, childrens stories , iemalayalam

Read More: പ്രിയ എ എസിന്‍റെ മറ്റ് രചനകള്‍ ഇവിടെ വായിക്കാം

ക്രിസ്മസിന്റെ തലേന്ന് പുള്ളിമാനച്ഛന്‍ റെയിന്‍ഡിയറുടെ വേഷം കെട്ടി. പുള്ളിമാനച്ഛന്റെ മക്കള്‍ക്കു പോലും മനസ്സിലായില്ല അവരുടെ അച്ഛനാണ് റെയിന്‍ഡിയറായി വേഷം കെട്ടിയതെന്ന്.

അങ്ങേക്കാട്ടിലെ കരടി, ഈ കാട്ടിലിലെ ജീവികളുടെ റിക്വസ്റ്റ അനുസരിച്ച് ക്രിസ്മസ് പപ്പയായി വേഷം മാറി വന്നു. മുളങ്കമ്പുകള്‍ കൊണ്ടു കുറുക്കച്ചന്‍ ക്രിസ്മസ് പപ്പയുടെ വണ്ടി ഒരുക്കി.

എല്ലാ കുഞ്ഞുങ്ങള്‍ക്കും സമ്മാനങ്ങള്‍ കൊടുത്ത ശേഷം ക്രിസ്മസ് പപ്പ , ഓരോ കുട്ടിയെയും എടുത്തു പൊക്കി നൃത്തം വച്ചു. റെയിന്‍ഡിയര്‍ അവരുടെ കൂടെ ഓടിക്കളിച്ചു.

ക്രിസ്മസ് ഫീസ്റ്റ് കഴിഞ്ഞു അവരെല്ലാം ഞാവല്‍ വൈന്‍ കഴിച്ചു. ക്രിസ്മസ് പപ്പയ്ക്ക് അവര്‍ ഒരു ഭരണി വീഞ്ഞ് വണ്ടിയില്‍ വച്ച് കൊടുത്തയച്ചു.

മാന്‍കുട്ടിയ്ക്ക് അവന്‍ ഏറെ നാളായി ആഗ്രഹിയ്ക്കുന്ന വെള്ളയ്ക്കാ വണ്ടിയാണ് സമ്മാനം കിട്ടിയത്. അവനത് വലിച്ചു രസിച്ച് ഓടി നടന്നു അവിടൊക്കെ.

ഓലേഞ്ഞാലിക്കുഞ്ഞിന് വെള്ളിനിറ കടലാസു കൊണ്ടുള്ള രണ്ടുകമ്മലാണ് കിട്ടിയത്. അവളത് കാതിലണിഞ്ഞ് അവിടൊക്കെ തത്തിനടന്നു.

അണ്ണാന്‍ കുഞ്ഞ്, അവന്റെ ക്രിസ്മസ് പന്തും പീപ്പിയും രണ്ടു കൈ കൊണ്ടും മുറുകെ പിടിച്ച്, റെയിന്‍ഡിയര്‍ വലിയ്ക്കുന്ന ക്രിസ്മസ് പപ്പയുടെ മുളവണ്ടി അങ്ങു ദൂരെ മറയുന്നതും നോക്കി നിന്നു.

അവന്‍, അടുത്ത ക്രിസ്മസിലേയ്ക്ക് ഇനി എത്ര നാള്‍ എന്നറിയാന്‍ കലണ്ടര്‍ നോക്കാന്‍ ഓടിപ്പോയി. അങ്ങനെ ഓടും വഴിയേ അവനൊരു സംശയം തോന്നി റെയിന്‍ഡിയറിന് പുള്ളിമാനച്ഛന്റെ ഛായ ഉണ്ടായിരുന്നുവോ? ഏയ്, എനിയ്ക്ക് വീഞ്ഞു കുടിച്ചിട്ടു മത്തു പിടിച്ചിട്ട് തോന്നുന്ന ഒരോ തോന്നലാവും എന്നു വിചാരിച്ച് പിന്നെ അവന് ചിരി വന്നു.

Read More: ഒരു കഥ കൂടി വായിക്കാന്‍ തോന്നുന്നുണ്ടോ, എന്നാല്‍ ഇവിടെ ക്ലിക്ക് ചെയ്യു

Get the latest Malayalam news and Children news here. You can also read all the Children news by following us on Twitter, Facebook and Telegram.

Web Title: Priya as stories for children maankutty christmas

The moderation of comments is automated and not cleared manually by malayalam.indianexpress.com