കഥസമ്മാനം

ചന്തുക്കുട്ടന്‍റെ അമ്മയ്ക്കും കിട്ടി ക്രിസ്മസ് സമ്മാനം. ക്രിസ്മസ് പപ്പ, അമ്മയുടെ ഹൃദയത്തിലേക്കിട്ടു കൊടുത്ത ആ മധുര സമ്മാനം എന്താവും?

priya as, childrens stories , iemalayalam

ചന്തുവിനാകെ അമ്മയല്ലേയുള്ളൂ അടുത്ത്. അച്ഛനങ്ങ് ദൂരെ ജോലിസ്ഥലത്തല്ലേ?
അമ്മയ്ക്ക് ക്രിസ്മസ് ഗിഫ്റ്റ് കൊടുക്കണം എന്നൊക്കെ വലിയ ആശയുണ്ട് ചന്തുവിന്.

പക്ഷേ ഗിഫ്റ്റു വാങ്ങാന്‍ അവന്റെ കൈയില്‍ പൈസയില്ലല്ലോ. അവനൊരു ചെറിയ കുട്ടിയല്ലേ? ചെറിയ കുട്ടികള്‍ക്ക് ഏതെങ്കിലും ഓഫീസില്‍ ജോലി കിട്ടുമോ? ഇല്ലല്ലോ. തന്നെയുമല്ല ബാലവേല, നിയമത്തിന് എതിരുമല്ലേ?

പക്ഷേ പൈസയില്ലാതെ എങ്ങനെയാണ് അമ്മയ്ക്ക് ഗിഫ്റ്റു വാങ്ങുക? ചന്തു അങ്ങനെ വലിയ ചിന്താക്കുഴപ്പത്തിലിരിക്കുമ്പോഴാണ് അവന്റെ അടുത്തേയ്ക്ക് ഒരു പൂമ്പാറ്റ പറന്നുവന്നതും അവന്‍ നീട്ടിയ ഉള്ളം കൈയില്‍ ചിറകു വിരിച്ചത് ഇരുന്നതും.

പൂമ്പാറ്റ, തന്നോട് എന്തോ പറയാന്‍ ശ്രമിയ്ക്കുന്നുണ്ടെന്നു തോന്നി അവന്. പൂമ്പാറ്റകളുടെ ശബ്ദം വളരെ വളരെ ചെറുതല്ലേ. കാര്യങ്ങള്‍ നല്ലോണം ശ്രദ്ധിക്കുന്ന കുട്ടികള്‍ക്കല്ലേ പൂമ്പാറ്റകള്‍ പറയുന്നതെന്താണെന്ന് മനസ്സിലാവൂ.

“ചന്തൂക്കുട്ടാ, നിന്റെ അമ്മയ്ക്കും കിട്ടി ക്രിസ്മസ് ഗിഫ്റ്റ്. നീ അക്കാര്യം ഇതുവരെ ശ്രദ്ധിച്ചില്ല അല്ലേ? എല്‍ഫുകള്‍ പൊതിഞ്ഞു വര്‍ണ്ണശബളമാക്കിയ ഒരു ഗിഫ്റ്റ് സാന്റാ വന്ന് അടുക്കളയുടെ ചിമ്മിനിയില്‍ക്കൂടി അമ്മയുടെ ഹൃദയത്തിലേക്കിട്ടു കൊടുത്തത് നീ എങ്ങനെ അറിയാന്‍? നീ അപ്പോ അമ്മയുടെ ദേഹത്തേയ്ക്ക് കാലെടുത്തു വച്ച് വിരലീമ്പി ഉറങ്ങുകയായിരുന്നല്ലോ,” പൂമ്പാറ്റ പറഞ്ഞു.

ഉറക്കത്തിലും താന്‍ വിരലീമ്പുന്നതോര്‍ത്ത് അവന് നാണമായി. ഹൃദയത്തിലേയ്ക്ക് സമ്മാനമിട്ടു കൊടുക്കുന്നതെങ്ങനെയാണ് എന്നവന് അത്ഭുതവുമായി.
അവനോടി അമ്മയുടെ അടുത്തേയ്ക്ക്.

priya as, childrens stories , iemalayalam


അമ്മ തേങ്ങ ചിരണ്ടുകയായിരുന്നു. ചിരവയുടെ പുറകില്‍, സ്‌ക്കൂട്ടറിലെന്നപോലെ അമ്മയെ കെട്ടിപ്പിടിച്ചിരുന്നു ചന്തു. എന്നിട്ടവന്‍ ചോദിച്ചു, “അമ്മയക്ക് ക്രിസ്മസ് പപ്പ വന്ന് ഹൃദയത്തിലേക്ക് ക്രിസ്മസ് ഗിഫ്റ്റ് വച്ചു തന്നുവെന്ന് പൂമ്പാറ്റ പറഞ്ഞല്ലോ ഇപ്പോ എന്നോട്. എന്നിട്ടാ സമ്മാനം എന്താ എന്നെ കാണിക്കാഞ്ഞത്?”

അമ്മ ഒരു കൈ പുറകിലേക്കെത്തിച്ച് അവനെ കെട്ടിപ്പിടിച്ച് ചേര്‍ത്തിരുത്തി. എന്നിട്ട് ഒന്നാലോചിച്ചശേഷം പറഞ്ഞു, “പൂമ്പാറ്റ പറഞ്ഞത് സത്യമാണ്. അമ്മയ്ക്കും കിട്ടി ക്രിസ്മസ് ഗിഫ്റ്റ്.
എവിടെ, എവിടെ, എന്നെ കാണിച്ചില്ലല്ലോ ഇതുവരെ, എന്നോടൊന്ന് പറയുക പോലും ചെയ്തില്ലല്ലോ,” എന്ന് പരിഭവക്കുട്ടിയായി ചന്തു മുഖം വീര്‍പ്പിച്ച് പിണങ്ങിയയിരുന്നു.

അമ്മ രണ്ടു കൈയും ചന്തുവിന്റെ കവിളില്‍ കളി മട്ടില്‍ ‘ഠപ്പോന്ന്’ വച്ച് ആ പിണക്കക്കുമിളവീര്‍പ്പ് പൊട്ടിച്ചുകളഞ്ഞു ചിരിച്ചു. അപ്പോ ചന്തുവും ചിരിച്ചുപോയി.

“രാത്രിയിലേ അമ്മ എടുക്കൂ ആ ഗിഫ്റ്റ് വര്‍ണ്ണക്കടലാസു തുറന്ന്. അതുവരെ അമ്മ ഹൃദയത്തിനുള്ളില്‍ തന്നെ സൂക്ഷിയ്ക്കും ആ ഗിഫ്റ്റ്.”

അമ്മ അങ്ങനെ പറഞ്ഞപ്പോ അവന് അത്ഭുതമായി. ഹൃദയത്തിനുള്ളില്‍ സൂക്ഷിയ്ക്കുന്ന ഗിഫ്‌റ്റോ? അതെന്താവും? അതെങ്ങനെയുള്ളതാവും?

അമ്മ പറഞ്ഞു, “ചന്തുക്കുട്ടന്‍ ആലോചിച്ചു നോക്ക്. അമ്മ എന്നും ഹൃദയത്തില്‍ നിന്നെടുത്ത് ചന്തുക്കുട്ടന് തരാറുള്ളതെന്താണ്?”

ചന്തുക്കുട്ടന്‍ ചോദിച്ചു “ഉമ്മയാണോ?”

അമ്മ പറഞ്ഞു, “അത് ചുണ്ടത്തുനിന്നല്ലേ വരുന്നത്? ചുണ്ടിലെക്കെത്തുന്നത് ആത്മാവില്‍ നിന്നാണ് എന്ന് അമ്മ പറഞ്ഞു തരാറില്ലേ?”

അതു ശരിയാണല്ലോ എന്നോര്‍ത്തു ചന്തുക്കുട്ടന്‍. പിന്നെന്താവും ഹൃദയത്തില്‍ നിന്നു വരുന്നത്? ചന്തു കൂടുതല്‍ കൂടുതല്‍ ആലോചിച്ചു.

“എനിക്കൊന്നും മനസ്സിലാവണില്ലല്ലോ,” എന്നു പറഞ്ഞ് മങ്ങിയ മുഖത്തോടെ ചന്തുക്കുട്ടന്‍ നിന്നപ്പോള്‍ അമ്മ അവനെ വാരിയെടുത്തു കൊണ്ട് പറഞ്ഞു “കഥകള്‍. അമ്മ ഓരോ ദിവസവും രാത്രിയില്‍ ചന്തുക്കുട്ടന് ഉറങ്ങാന്‍ നേരം പറഞ്ഞു തരുന്ന കഥകള്‍. കഥകളൊക്കെ അമ്മയുടെ ഹൃദയത്തില്‍ നിന്നല്ലേ വരുന്നത്? അതു കൊണ്ടല്ലേ കഥയ്ക്കിത്ര മധുരം?”

അമ്മയുടെ ഹൃദയത്തില്‍ നിന്ന് രാത്രിനേരം ഒഴുകി വരുന്ന മധുരകഥകളുടെ കാര്യം ഓര്‍ക്കാത്തതില്‍ ചന്തുക്കുട്ടന് നാണമായി.

priya as, childrens stories , iemalayalam

Read More: പ്രിയ എ എസിന്‍റെ മറ്റ് രചനകള്‍ ഇവിടെ വായിക്കാം

അമ്മ വിസ്തരിച്ചു, “ഇന്നൂ കൂടിയേയുള്ളു കഥ, ഇന്നു കൂടിയേയുള്ളു കഥ… കഥ പറഞ്ഞു, പറഞ്ഞ് അമ്മയുടെ ഹൃദയത്തിലെ ഭാവന വറ്റാറായി എന്നു പറയാറില്ലേ അമ്മ ഈയിടെയായി?”

ചന്തു തലയാട്ടി.

“അക്കാര്യം ക്രിസ്മസ് എൽഫ്, സാന്റാ അപ്പൂപ്പനോട് പറഞ്ഞു. അപ്പോ സാന്റാ അപ്പൂപ്പന്‍ ഒരു കിഴിയിലാക്കി ഒരു മുഴുവന്‍ കൊല്ലവും പറഞ്ഞാലും തീരാത്തത്ര കഥകള്‍ അമ്മയുടെ ഹൃദയത്തിലേക്കിട്ടു തന്നു. കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കാന്‍ കഥ കിട്ടുന്നതിലും വലിയ ഭാഗ്യം ഒരമ്മയ്ക്കുണ്ടാവാനുണ്ടോ? അമ്മമാരെ സംബന്ധിച്ചിടത്തോളം എത്ര വലിയ ഗിഫ്റ്റാണത് അല്ലേ?”

ചന്തു സന്തോഷം സഹിക്കാതെ തലയാട്ടി. ഇനി രാത്രി കിടക്കുമ്പോള്‍ എനിയ്ക്കിന്ന് കഥ തോന്നണില്ല ചന്തൂ, ഇന്ന് കഥ കേള്‍ക്കാതെ ഉറങ്ങാമ്പറ്റുവോന്നോ നോക്ക് എന്ന് അമ്മ, ചന്തൂവിനോട് പറയുകയേയില്ല.

ചന്തു അമ്മയുടെ ഹൃദയം ഇരിയ്ക്കുന്നയിടം തൊട്ടു നോക്കി. ഏറ്റവും മുമ്പില്‍ നില്‍ക്കുന്ന കഥ, അതായത് അമ്മ ഇന്നു രാത്രി പറയാന്‍ പോകുന്ന കഥ ഏതാവും? ആരെ കുറിച്ചുള്ളതാവും?
ചന്തു ചിന്തയിലാണ്ടു. മാലാഖമാരെ കുറിച്ചുള്ളതാവുമോ? കംഗാരുക്കുഞ്ഞിനെ കുറിച്ചുള്ളതാവുമോ? ആകാശം തൊടുന്ന മരത്തിനെ കുറിച്ചുള്ളതാവുമോ?

അപ്പോ അവന്റെ ഉള്ളം കൈയില്‍ നേരത്തേ വന്നിരുന്ന പൂമ്പാറ്റ, അവന്റെ കുഞ്ഞിക്കവിളത്തു വന്നിരുന്നു.

“ഓ, നിന്നെ കുറിച്ചാണ് ഇന്ന് അമ്മ പറയാന്‍ പോവുന്ന കഥ അല്ലേ,” എന്നു ചോദിച്ച് ചന്തു തുള്ളിച്ചാടി അവനെയുമെടുത്തു കൈയില്‍ പിടിച്ചു കൊണ്ട്.

പൂമ്പാറ്റ, ‘അതെ, അതെ’ എന്നു പറയുമ്പോലെ ചിറക് തുരുതുരാ വിടര്‍ത്തിക്കാണിച്ചു.

“എന്റെ അമ്മയ്ക്കും കിട്ടിയല്ലോ ക്രിസ്മസ് സമ്മാനം” എന്ന് അവന്‍ ആകാശത്തു കൂടി ഒഴുകി നീങ്ങുന്ന മേഘങ്ങളോട് വിളിച്ചു പറഞ്ഞു.

അമ്മ അതു കേട്ട് ചിരിച്ചു നിന്നു അവനെ ചേര്‍ത്തുപിടിച്ചു കൊണ്ട്.
പൂമ്പാറ്റ, അവളായിരിക്കുമോ അവനായിരിക്കുമോ എന്നു ആലോചിയ്ക്കാന്‍ തുടങ്ങി പെട്ടെന്ന് ചന്തു.

Read More: ഒരു കഥ കൂടി വായിക്കാന്‍ തോന്നുന്നുണ്ടോ, എന്നാല്‍ ഇവിടെ ക്ലിക്ക് ചെയ്യു

Get the latest Malayalam news and Children news here. You can also read all the Children news by following us on Twitter, Facebook and Telegram.

Web Title: Priya as stories for children katha sammanam

The moderation of comments is automated and not cleared manually by malayalam.indianexpress.com