കരിമ്പൂച്ച വെറുതേ വെയില് കായാന്‍ മുറ്റത്തങ്ങനെ നീണ്ടു നിവര്‍ന്നു കിടക്കുകയായിരുന്നു.
അവന്റെ വയറ് പെട്ടി പോലെ വീര്‍ത്തിരുന്നു. അവന്റെ വയറ്റില്‍ ചിക്കനും ചോറുമായിരുന്നു. മൂക്കുമുട്ടെ തിന്ന് അനങ്ങാന്‍ പറ്റാതെ കിടക്കുകയായിരുന്നു അവന്.
അടുത്തൊരു സക്കൂളിലെ കുട്ടികള്‍, അവര്‍ കൊണ്ടു വന്ന ഉച്ചഭക്ഷണത്തില്‍ മിച്ചം വന്നത് ഒക്കെ അവനിട്ടു കൊടുത്തത് കൊണ്ടാണ് ഇന്നവന്റെ വയറ് ഇത്രയും നിറഞ്ഞിരിക്കുന്നത എന്ന് അതു വഴി വന്ന കാക്കത്തമ്പുരാട്ടിക്കറിയാമായിരുന്നു. അവളും കരിമ്പൂച്ചയുടെ കൂടെ സ്ക്കൂള് മുറ്റത്തുണ്ടായിരുന്നു.
കൂടു വയ്ക്കാന്‍ പറ്റിയ ചുള്ളിക്കമ്പന്വേഷിച്ച് സക്കൂള് മുറ്റത്തെ മാവിന്റെ ചില്ലകളില്‍ കൂടി പരതി നടക്കുമ്പോഴാണ് സ്ക്കൂള് കുട്ടികള്‍ എറിഞ്ഞു കൊടുത്ത ഭക്ഷണം നക്കിയടിച്ച ശേഷം നീണ്ടിനിവര്ന്നു കിടന്നു വിശ്രമിയ്ക്കുന്ന പൂച്ചയെ അവള് കണ്ടത്.
കാക്കത്തമ്പുരാട്ടിയ്ക്ക് കരിമ്പൂച്ചയുടെ കിടപ്പു കണ്ട് ഒരു കളിയാക്കിച്ചിരി വന്നു. “ഒരു കറുത്ത തുണി ഉണക്കാനിട്ടതു പോലുണ്ട് നീ കിടക്കുന്ന കിടപ്പു കണ്ടാല്‍,” എന്നവള്‍ അവന്റെ മുകളിലൂടെ പറന്നു കൊണ്ട് പറഞ്ഞു.
പൂച്ചയ്ക്ക് ദേഷ്യം വന്നു. “ഒറ്റച്ചാട്ടത്തിന് നിന്നെ പിടിച്ച് വായിലാക്കി കറും മുറും എന്ന് നിന്നെ ഞാന്‍ തിന്നുകളയുമേ,” എന്നവന് അവളെ ഭീഷണിപ്പെടുത്തി.
“അതിന് നീ എങ്ങനെയാ ഈ പെട്ടിപോലത്തെ വയറും വച്ച് ചാടുക? വയറുനിറഞ്ഞിട്ട് നിനക്ക് അനങ്ങാന്‍ പോലും വയ്യല്ലോ,” എന്ന് പൂച്ചയെ അവള് കളിയാക്കി.
പൂച്ച, മീശ വിറപ്പിച്ചു കാണിയ്ക്കുകയും വാലു വളച്ച് ഓരോ അഭ്യാസം കാണിയ്ക്കുകയുമൊക്കെ ചെയ്ത് അവളെ പേടിപ്പിക്കാന്‍ നോക്കി.അവള്‍ക്കവന്റെ കാട്ടായങ്ങള് കണ്ട് പിന്നേം പിന്നേം ചിരി വന്നു.
അവള് അവന് കിടന്നിരുന്നതിനടുത്തു നിന്ന നെല്ലിമരക്കൊമ്പില്‍ കയറിയിരുന്ന് ‘മ്യാവൂ മ്യാവൂ’ എന്ന് പൂച്ച കരയും പോലെ ഒച്ചയുണ്ടാക്കി. കാക്കത്തമ്പുരാട്ടി അങ്ങനെയാണല്ലോ, വല്യ മിമിക്രിക്കാരിയാണല്ലോ.

കരിമ്പൂച്ച ഒരു നിമിഷം വിചാരിച്ചു അവന്റെ ഏതോ ഫ്രണ്ട് പൂച്ചയാണ് വന്ന് ‘മ്യാവു’ എന്ന് ബഹളമുണ്ടാക്കുന്നത എന്ന്.
അവന് പതുക്കെ എണീറ്റ് ചുറ്റുപാടും നോക്കി. എവിടെയും കാണാനില്ല മറ്റൊരു പൂച്ചയെ. തലയ്ക്കു മുകളില്‍ മരക്കൊമ്പില്‍ നി്നാണ് ‘മ്യാവൂ’ കേള്‍ക്കുന്നതെന്നു പിന്നെ മനസ്സിലായി.
മരത്തിന്റെ ചോട്ടില് കിടക്കണ ഞാന്‍ കാണാതെ ഈ മരത്തിന്റെ മുകളറ്റത്തു കയറിക്കൂടിയ പൂച്ച മഹാവീരന് ആരാണ് എന്ന മട്ടില്‍ അവന് തലയെത്തിച്ചു നോക്കി, കാണാനില്ലല്ലോ ഒരു പൂച്ചയെയും മരക്കൊമ്പിലെങ്ങും എന്നവന് ചിന്താവിഷ്ടനായി നിന്നതിന് മുകളില്‍ക്കൂടി അപ്പോ കാക്കത്തമ്പുരാട്ടി ‘മ്യാവൂ’ എന്നു കൂവി വിളിച്ചു പറന്നു കളിച്ചു അവിടൊക്കെത്തന്നെ.
“ആഹാ, ഇത് ഇവന്റെ പണിയാണല്ലേ? എന്നെ പറ്റിയ്ക്കാനായി മനപ്പൂര്‍വ്വം ഇറങ്ങിയിരിക്കുകയാണല്ലേ നീയ്,” എന്നൊക്കെ പറഞ്ഞു നിന്നു കരിമ്പൂച്ച.
നിന്റെ ഓരോരോ ബഹളം കാരണം ഇവിടെ സമാധാനമായി കിടന്ന് വെയിലു കായാനും പറ്റണില്ലല്ലോ എന്ന് ദേഷ്യം വന്നു അവന്.
അവനങ്ങനെ ദേഷ്യപ്പെട്ടു അവിടുന്നെണിറ്റു വേറെവിടേക്കെങ്കിലും പോകാന്‍ തുടങ്ങിയപ്പോള്‍, കാക്കത്തമ്പുരാട്ടി അവനെത്തി പിടിക്കാനാവാത്ത ഒരു കൊമ്പില്‍ പോയിരുന്നു നല്ല താളത്തില്‍ പാടാന്‍ തുടങ്ങി.
“ആഹാ, ഓരോ പണി ഒപ്പിച്ച് എന്നെ ഇവിടുന്നു പുറത്തു ചാടിച്ചിട്ട് നീ പാടി രസിക്കാനാണല്ലേ ഭാവം,” എന്ന് കരിമ്പൂച്ച തിരിഞ്ഞു നിന്നു.
അപ്പോ കാക്കത്തമ്പുരാട്ടി പറഞ്ഞതെന്താണെന്നറിയണ്ടേ?
“അതേ കരിമ്പൂച്ചേ, നീ മഹാദേഷ്യക്കാരനാണ്, നിന്നെ ദേഷ്യം പിടിപ്പിക്കാന്‍ വളരെ എളുപ്പമാണ്, നീ വാലു വളച്ച് മീശ വിറപ്പിച്ച് കാല്‍നഖം പുറത്തേക്കു നീട്ടി കലി തുള്ളുന്നതു കാണേണ്ട കാഴ്ച തന്നെയാണ് എന്ന എന്നോട് ഈ സക്കൂള് മുറ്റത്തെ അണ്ണാരക്കണ്ണനും ഉപ്പനും പറഞ്ഞായിരുന്നു. എന്നാലതൊന്ന് പരീക്ഷിച്ചിട്ടു തന്നെ കാര്യം, നിന്നെ കളിയാക്കി ദേഷ്യം പിടിപ്പിച്ചുനോക്കാം എന്നു ചുമ്മാ ഒരു പ്ളാനിട്ടു നോക്കിയതല്ലേ ഞാന്‍? അല്ലാതെ എനിക്കെന്തു വിരോധം നിന്നോട്?”
ആഹാ, അങ്ങനെയാണോ കാര്യങ്ങള്‍ എന്ന മട്ടില്‍ കരിമ്പൂച്ച ഉടനെ വാലു താഴ്ത്തി, കാല് നഖങ്ങള്‍ ഉള്ളിലേക്കാക്കി, മീശ വിറപ്പിയ്ക്കലും നിര്‍ത്തി.
“വയറു നിറഞ്ഞതിന്റെ ആലസ്യത്തിലാണു നി, നിനക്കിത്തിരി നേരം വെയിലും കാഞ്ഞു കിടന്ന് ഒന്നു മയങ്ങിയാല്‍ കൊള്ളാമെന്നുണ്ട് എന്നൊക്കെ എനിക്കറിയാം, പക്ഷേ നിനക്കിഷ്ടമില്ലാത്ത് ആരെങ്കിലും പറയുകയോ ചെയ്യുകയോ ചെയ്യുമ്പോള്‍ നീ എന്തിനാണ് ദേഷ്യം പിടിക്കുന്നത്? ദേഷ്യം പിടിയ്ക്കുമ്പോള്‍ നമ്മുടെ മുഖത്തിന്റെ ഭംഗിയൊക്കെ പോകും. പിന്നെ നമ്മളെ കാണാന്‍ ഒരു രസവുമുണ്ടാകില്ല,” അങ്ങനെയൊക്കെ മയപ്പെട്ടു സംസാരിച്ചു കാക്കത്തമ്പുരാട്ടി.
കരിമ്പൂച്ച തിരികെ അവനിഷ്ടപ്പെട്ട ഇളം വെയുള്ളയിടത്ത് വന്നു കിടന്നു. കുട്ടികളാരെല്ല്മോ
ചേര്‍ന്ന് പൈപ്പില്‍ നിന്ന് വെള്ളം ലഞ്ച് ബോക്സില്‍ പിടിച്ച്, വെള്ളക്കളി നടത്തിയതിന്റെ ബാക്കിയായ വെള്ളം അവിടവിടെ കെട്ടിക്കിടക്കുന്നുണ്ടായിരുന്നു അവന്റെ മുന്നില്‍. അതിലേയ്ക്കു കുനിഞ്ഞ് അവന് തന്റെ മുഖം നോക്കി . കെട്ടിക്കിടക്കുന്ന വെള്ളമോ കുളമോ ആണല്ലോ ജന്തുജാലങ്ങളുടെ കണ്ണാടി.

Read More: പ്രിയ എ എസിന്റെ മറ്റ് രചനകള്‍ ഇവിടെ വായിക്കാം
ശോ, എന്തൊരു ഭംഗിയുള്ള കരിമ്പൂച്ചയാണ്, ഞാന്‍ അവന് വിചാരിച്ചു . പിന്നെ അവന് ദേഷ്യം അഭിനയിച്ച് ആ വെള്ളത്തിലേയ്ക്ക് ഒന്നു കൂടി കുനിഞ്ഞുനോക്കി. അയ്യയ്യേ , ദേഷ്യം പിടിച്ച എന്നെ കാണാന്‍ എന്തൊരു വൃത്തികേട് എന്നവന് കാക്കത്തമ്പുരാട്ടിയോട് വിളിച്ചു പറഞ്ഞു.
“ചിരിയ്ക്കുമ്പോഴും സന്തോഷിക്കുമ്പോഴുമാണ് നമുക്കൊക്കെ ഭംഗി,” കാക്കത്തമ്പുരാട്ടി പറഞ്ഞു.
അതു കേട്ടപ്പോ കരിമ്പൂച്ചയ്ക്ക് താനേ ചിരി വന്നുപോയി. അവനും കാക്കത്തമ്പുരാട്ടിയും കൂടി മത്സരിച്ച് ‘മ്യാവൂ’ ശബ്ദം ഉണ്ടാക്കി രസിയ്ക്കുന്നതാണ് പിന്നെ കണ്ടത്.
എന്തൊരു ബഹളമാണ് ഈ സ്ക്കൂള് മുറ്റത്ത്, ഇവിടെ ക്ലാസിലിരിക്കുന്നതിനേക്കാള് വലിയ ബഹളപ്പുള്ളികളാണല്ലോ നമ്മുടെ മുറ്റത്ത് എന്നു പറഞ്ഞു അഞ്ചാം ക്ളാസിലെ റ്റീച്ചര്‍ ജനലോരത്തു വന്നു നിന്ന് മുറ്റത്തേയ്ക്കു നോക്കി.
അതൊന്നുമറിയാതെ കാക്കത്തമ്പുരാട്ടിയും കരിമ്പൂച്ചയും കലപിലബഹളം തുടര്‍ന്നു.
പൂച്ചയെ അനുകരിച്ച് ‘മ്യാവൂ’ ശബ്ദവും ഉണ്ടാക്കാന്‍ പറ്റുന്ന കിളിമിമിക്രിക്കാരനാണിവന് എന്നു പറഞ്ഞ് റ്റീച്ചര്‍ അവരെ മാവിന് കൊമ്പിലിരിക്കുന്ന കാക്കത്തമ്പുരാട്ടിയെ ചുണ്ടിക്കാണിച്ചു കൊടുത്തു.
കാക്കത്തമ്പുരാട്ടി അതോടെ ഗമയില്‍ അവിടൊക്കെ പറന്നു നടന്നു. അതിനിടെ കരിമ്പൂച്ച സുഖമായി ഉറങ്ങാനും തുടങ്ങി. നന്നായുറങ്ങിക്കോട്ടെ അവന് എന്നു വിചാരിച്ചു കാക്കത്തമ്പുരാട്ടി അവന് ഓമനത്തിങ്കള്‍ക്കിടാവോ ഈണത്തില്‍ പാടിക്കൊടുക്കാന്‍ തുടങ്ങി.
എത്ര പെട്ടെന്നാണ് രണ്ടു പേര് തമ്മില്‍ പിണങ്ങുന്നതും ഇണങ്ങുന്നതും അല്ലേ?