scorecardresearch
Latest News

ക്രിസ്മസ് കഴിഞ്ഞ് ഒരു പിക്‌നിക്

ക്രിസ്മസ് ട്രീയും നക്ഷത്രങ്ങളും പുൽക്കൂടും വർണ്ണ ബൾബുകളും തോരണങ്ങളും സാൻ്റായും ക്രിസ്മസ് കഴിഞ്ഞാലെന്തു ചെയ്യും? അതാലോചിച്ചു നോക്കിയിട്ടുണ്ടോ എപ്പോഴെങ്കിലും?

ക്രിസ്മസ് കഴിഞ്ഞ് ഒരു പിക്‌നിക്

അങ്ങനെ, കാത്തുകാത്തിരുന്ന ക്രിസ്മസും കഴിയാറായി-ക്രിസ്മസ് ട്രീ നെടുവീര്‍പ്പിട്ടു.

അതിനെന്തിനാ ഇത്ര വിഷമം എന്ന മട്ടില്‍, ഒരു പല്ലി ,ക്രിസ്മസ് ട്രീയെ നോക്കി അത്ഭുതപ്പെട്ടു നിന്നു. ഇനി വിഷു വരും , ഓണം വരും എന്നൊക്കെ പറഞ്ഞു ക്രിസ്മസ് ട്രീയെ സന്തോഷിപ്പിയ്ക്കാന്‍ നോക്കി പല്ലി.

ക്രിസ്മസ് ട്രീകള്‍ക്ക് എന്ത് വിഷു, എന്ത് ഓണം, ക്രിസ്മസ് മാത്രമല്ലേ ഞങ്ങള്‍ക്കുള്ളൂ എന്നു പരാതി പറഞ്ഞു ക്രിസ്മസ് ട്രീ. അതു ശരിയാണല്ലോ എന്നോര്‍ത്തു നിന്നു പല്ലി.

അങ്ങനെ ഡിസംബറും കഴിയാറായി, ഇനിയിന്നു രാത്രി സാന്റാ വരും റെയിന്‍ഡിയര്‍ വലിയ്ക്കുന്ന മഞ്ഞുവണ്ടിയില്‍ കുട്ടികള്‍ക്കുള്ള സമ്മാനങ്ങളുമായി. എന്റെ ചുവട്ടില്‍ സാന്റാ വയ്ക്കുന്ന ക്രിസ്മസ് സമ്മാനങ്ങളുമെടുത്ത് കുട്ടികള്‍ ചിരിച്ചോടിപ്പോവും. അതുകഴിയുമ്പോ സാന്റായും റെയിന്‍ ഡിയറും മഞ്ഞു വണ്ടിയും ദൂരേയ്ക്കു ദൂരേയ്ക്കു പോയി മറയും. അതോടെ കഴിയും ക്രിസ്മസ് ആഘോഷം- ക്രിസ്മസ് ട്രീ അതിലേ പറന്ന കുഞ്ഞിക്കിളിയോട് സങ്കടം പറഞ്ഞു, ഉറക്കെ.

അതിനെന്താ പുതുവര്‍ഷം വരികയല്ലേ, പുതിയൊരു തുടക്കമാവുകയല്ലേ എല്ലാത്തിനും, അപ്പോ സന്തോഷിയ്ക്കുകയല്ലേ വേണ്ടത്, അതു കേട്ടുനിന്ന അണ്ണാരക്കണ്ണന്‍ ചോദിച്ചു.

ഇനി അടുത്ത ഡിസംബര്‍ വരെ ഷെല്‍ഫിനകത്ത്, അടച്ചിരുത്തില്ലേ എന്നെ എല്ലാവരും കൂടി? ശ്വാസം പോലും കിട്ടാതെ പൊടിയില്‍ മുങ്ങി ഒറ്റയ്ക്കിരിക്കണ്ടേ ഞാനതിനകത്ത് ഏതെങ്കിലും കുട്ടി തുള്ളിച്ചാടി വന്നു എന്നെ പുറത്തെടുത്ത്, ക്രിസ്മസ് എത്തിപ്പോയി എന്നു പറഞ്ഞ് കൂവിയാര്‍ക്കും വരെ.

ക്രിസ്മസ് ട്രീ അങ്ങനെ മറുപടി പറഞ്ഞപ്പോള്‍ അതു ശരിയാണ്, അതു ശരിയാണ് എന്നു ‘ഛില്‍, ഛില്‍’ ഭാഷയില്‍ പറഞ്ഞ് അണ്ണാരക്കണ്ണനെങ്ങോട്ടോ ധൃതിയില്‍ ഓടിപ്പോയി.

priya as, childrens stories , iemalayalam


ക്രിസ്മസ് നക്ഷത്രങ്ങളും ക്രിസ്മസ് തോരണങ്ങളും അലങ്കാര ലൈറ്റുകളും പുല്‍ക്കൂടും പുല്‍ക്കൂടുരൂപങ്ങളും തലയാട്ടി അതു ശരി വച്ചു.

“ഞങ്ങളുടെയും ഗതി ഇതു തന്നെ ഇനി ഒരു വര്‍ഷത്തേയ്ക്ക്. ആരും തിരിഞ്ഞു നോക്കുകപോലുമില്ല. നമ്മളവിടെയുണ്ടോ എന്നു ആരും ഷെല്‍ഫു തുറന്നൊന്നു പരിശോധിക്കുക പോലുമില്ല. പണ്ട് വീട് പുതുക്കിപ്പണിയും മുമ്പ് എല്ലാം കൂടി സ്റ്റോര്‍ റൂമിലൊരിടത്ത് കൂട്ടലായിരുന്നു പതിവ്. വീട് നന്നാക്കിയപ്പോള്‍, വീട്ടുകാര് ബള്‍ബിനും പുല്‍ക്കൂടിനും നക്ഷത്രത്തിനും ക്രിസ്മസ് ട്രീയ്ക്കുമെല്ലാം പ്രത്യേകം പ്രത്യേകം ഷെള്‍ഫ് പണിഞ്ഞു. സ്റ്റോര്‍ റൂമിലായിരുന്നെങ്കില്‍ എല്ലാവരും ഒന്നിച്ചാണെന്നൊരു സമാധാനമുണ്ടായിരുന്നു. തമ്മില്‍ത്തമ്മില്‍ കണ്ട് ഒന്നുമിണ്ടിപ്പറയുകയെങ്കിലും ചെയ്യാമായിരുന്നു . ഇപ്പോഴതിനും നിവൃത്തിയില്ലാതായി.”

അപ്പോഴേയ്ക്ക് സാന്റായുടെ വണ്ടിയുടെ മണിയൊച്ച കേള്‍ക്കാറായി. വീട്ടിലെ കുട്ടികള്‍ നല്ല കുട്ടികളായിരുന്നുവോ, അവരെഴുതി ചോദിച്ച സമ്മാനം കിട്ടാന്‍ തക്കവണ്ണം നല്ല കുട്ടികളായിരുന്നുവോ അവര്‍ എന്നൊക്കെ സാന്റായ്ക്ക് സന്ദേശങ്ങളയച്ചു കൊണ്ടിരുന്ന ക്രിസ്മസ് എല്ഫിനെ കുട്ടികള്‍ പേടിയോടെയും പ്രതീക്ഷയോടെയും നോക്കി.

നല്ല കുട്ടികളാണ് എല്ലാവരും എന്നാണ് ഞങ്ങള്‍ സാന്റായ്ക്ക് കൊടുത്തിരിക്കുന്ന റിപ്പോര്‍ട്ട് എന്നു എൽഫ് പറഞ്ഞപ്പോള്‍ കുട്ടികള്‍ സന്തോഷം കൊണ്ട് കൂവിയാര്‍ത്തു.

പിന്നെ എല്ലാവരും ക്രിസ്മസ് ഈവ് ബഹളവും ആട്ടവും പാട്ടുമൊക്കെ കഴിഞ്ഞ് ഉറങ്ങാന്‍ പോയി. സമ്മാനം കൊണ്ടുവയ്ക്കാന്‍ വരുന്ന സാന്റായുടെ കാലടിശബ്ദം കേള്‍ക്കുന്നുണ്ടോ ക്രിസ്മസ് ട്രീയ്ക്കടുത്ത് എന്നു കാതോര്‍ത്തു കിടന്ന് കുട്ടികള്‍ ഉറങ്ങിപ്പോയി.

രാവിലെ നേരത്തേ ഉണരണം, എന്നിട്ട് ക്രിസ്മസ് ട്രീയുടെ അടുത്തേയക്ക് ഓടണം, സാന്റാ കൊണ്ടുവച്ചിരിക്കുന്ന വര്‍ണ്ണക്കടലാസ് സമ്മാനപ്പൊതി തുറന്നു നോക്കുമ്പോള്‍, താനാവശ്യപ്പെട്ട സമ്മാനം തന്നെയാവുമോ അതിലുണ്ടാവുക എന്നൊക്കെ ഓര്‍ത്തോര്‍ത്ത് സമ്മാനം തന്നെ സ്വപ്‌നം കണ്ട് ചുണ്ടത്തൊരു മായാച്ചിരിയുമായാണ് അന്ന് ഓരോ കുഞ്ഞും ഉറങ്ങിയത്.

കുഞ്ഞുങ്ങളുറങ്ങുമ്പോള്‍ സാന്റാ, എല്‍ഫിന്റെ കൈയും പിടിച്ച് ഓരോ കുട്ടിയുടെയും അടുത്തു വന്നു അവരുടെ നെറ്റിയിലുമ്മ വച്ചു. ഓരോ കുട്ടിയും എത്ര നല്ല കുട്ടിയാണെന്ന് എല്‍ഫ്, സാന്റായെ പറഞ്ഞു കേള്‍പ്പിച്ചു.

priya as, childrens stories , iemalayalam


Read More: പ്രിയ എ എസിന്‍റെ മറ്റ് രചനകള്‍ ഇവിടെ വായിക്കാം

ഓരോ കുട്ടിയുടെയും സമ്മാനപ്പൊതി ക്രിസ്മസ് മരച്ചോട്ടില്‍ കൊണ്ടു വച്ചശേഷം സാന്റാ, ക്രിസ്മസ് ട്രീകളോടും നക്ഷത്രങ്ങളോടും രാജാക്കന്മാരോടും ആട്ടിന്‍ പറ്റങ്ങളോടും തോരണങ്ങളോടും അലങ്കാര ലൈറ്റുകളോടും “സുഖമല്ലേ?” എന്നു കുശലം ചോദിച്ചു പതിവു പോലെ.

ക്രിസ്മസ് കഴിഞ്ഞാല്‍ ഒരു മൂലയ്ക്ക് ആരം നോക്കാനില്ലാതെ , ആരോടും മിണ്ടാനില്ലാതെ ഉപേക്ഷിയ്ക്കപെട്ടവരായി കിടക്കുന്നതിലെ മഹാസങ്കടം, ഇത്തവണ അവര്‍ക്ക് സാന്റായോട് പറയാതിരിക്കാനായില്ല.

സാന്റാ ചിരിച്ചു. “എന്റെയും അവസ്ഥ അതു തന്നെയല്ലേ കൂട്ടുകാരെ? ക്രിസ്മസ് കഴിഞ്ഞാല്‍ എന്നെയും എന്റെ വണ്ടിയെയും എന്റെ റെയിന്‍ഡിയറുകളെയും ആരോര്‍ക്കുന്നു?”

അതു ശരിയാണല്ലോ എന്നേര്‍ത്തു നക്ഷത്രങ്ങളും പുല്‍ക്കൂടും ക്രിസ്മസ് ട്രീയും.

അപ്പോള്‍ സാന്റാ പറഞ്ഞു, “നോക്ക്, നാളത്തെ ക്രിസ്മസ് സമ്മാനം സ്വപ്‌നം കണ്ട് ഉറങ്ങുന്ന ഈ കുട്ടികളെ നോക്ക്. അവരുടെ ചുണ്ടത്തെ ചിരി കണ്ടോ? അത് നമ്മളെല്ലാവരും ചേര്‍ന്ന് കൊടുത്തതാണ്. കുട്ടികള്‍ക്ക് ഒരു ചിരി സമ്മാനിയ്ക്കാന്‍ കഴിയുക എന്നതിനോളം വലിയ കാര്യം ഈ ഭൂമിയില്‍ മറ്റെന്തുണ്ട്? ചില്ലറക്കാര്യമാണോ നമ്മളെല്ലാവരും കൂടി ഈ ക്രിസ്മസ് കാലത്ത് ചെയ്യുന്നത്?”

ശരിയാണല്ലോ എന്നു വിചാരിച്ചു അവരെല്ലാം. ഉറങ്ങിക്കിടക്കുന്ന കുട്ടികളുടെ ചുണ്ടത്ത് ഊറിക്കൂടിയ ചിരിയിലേയ്ക്ക് അവരെല്ലാം എത്തിനോക്കി സന്തുഷ്ടരായി. അവര്‍ക്ക് അവരെ കുറിച്ചഭിമാനം തോന്നി.

അപ്പോള്‍ സാന്റാ ഒരു ചിരിയോടെ പറഞ്ഞു, “ക്രിസ്മസ് ഒന്നു കഴിഞ്ഞോട്ടെ. ഇത്തവണ നമുക്ക്, അതായത് ക്രിസ്മസ് കഴിഞ്ഞ് ഒറ്റയ്ക്കാവുന്ന എല്ലാവര്‍ക്കും കൂടി ഒരു രഹസ്യയാത്ര പോവാം എന്റെ മഞ്ഞുനാട്ടിലേയ്ക്ക്. ആര്‍ക്കും ഒരു സൂചന പോലും കൊടുക്കാതെ, ഡിസംബര്‍ കഴിയുന്നതും രായ്ക്കുരാമാനം നമുക്ക് സ്ഥലം വിടാം. എന്നിട്ട് നമുക്കവിടെ എന്റെ മഞ്ഞുരാജ്യത്ത് കാഴ്ചകള്‍ കണ്ടും മിണ്ടീം പറഞ്ഞും ഡാന്‍സു ചെയ്തും പാട്ടു പാടിയും നാടകം കളിച്ചും ഓര്‍മ്മകള്‍ വിസ്തരിച്ചും കഴിയാം. എന്നിട്ട് അടുത്ത വര്‍ഷത്തിലെ ക്രിസ്മസ് ആവുമ്പോഴേയ്ക്ക് ഞാന്‍ നിങ്ങളെ രഹസ്യമായി തിരികെ കൊണ്ടുവന്നാക്കാം.”

നക്ഷത്രങ്ങളും തോരണങ്ങളും പുല്‍ക്കൂടുമൊക്കെ അതു കേട്ട് ‘ഹുറെ’ പറഞ്ഞ് തുള്ളിച്ചാടി. ക്രിസ്മസ് എല്‍ഫുകള്‍ ‘റിങ് എ റിങ് എ റോസസ്,’ കളിയ്ക്കാനാരംഭിച്ചു.

അതെല്ലാം കണ്ട് ഒരു ചിരിയോടെ സാന്റാ കുട്ടികള്‍ക്കുള്ള സമ്മാനപ്പൊതിയുമായി ഓരോ വീട്ടിലേക്കുമുള്ള റെയിന്‍ഡിയര്‍വണ്ടിയിലെ യാത്ര ആരംഭിച്ചു. വണ്ടിയിലെ മണി മുഴങ്ങുന്നതു കേട്ടാവും ഉറങ്ങിക്കിടന്ന കുട്ടികള്‍ ഒന്നു കൂടി ചിരിച്ചു.പുല്‍ക്കൂടുകള്‍ ആ ചിരി നോക്കി നിന്നു.

ഇത്തവണ ക്രിസ്മസ് കഴിഞ്ഞ് ഡിസംബര്‍ തീരുമ്പോള്‍, കുട്ടികളേ, അടുത്ത ഡിസംബറില്‍ പുറത്തെടുക്കാനായി നിങ്ങള്‍ പാക് ചെയ്തു വച്ച ക്രിസ്മസ് നക്ഷത്രവും തോരണ ബള്‍ബുകളും ക്രിസ്മസ് ട്രീയുമൊന്നും നിങ്ങള്‍ വച്ചിടത്ത് നിന്ന് കാണാതെ പോയാല്‍, ഇവിരിതെവിടെപ്പോയി എന്നു പേടിയ്ക്കണ്ട കേട്ടോ, അവര്‍ ഒരു പിക്‌നിക്കിന് പോയിരിക്കുകയാണ് സാന്റായുടെ കൂടെ.

തിരിച്ചു വരും അവരെല്ലാം അടുത്ത ഡിസംബര്‍കാലത്ത്. ഉറപ്പ്.

Read More: ഒരു കഥ കൂടി വായിക്കാന്‍ തോന്നുന്നുണ്ടോ, എന്നാല്‍ ഇവിടെ ക്ലിക്ക് ചെയ്യു

Stay updated with the latest news headlines and all the latest Children news download Indian Express Malayalam App.

Web Title: Priya as stories for children christmas kazhinju oru picnic

Best of Express