കഥ, ഉറങ്ങാൻ കഥ- സർവ്വത്ര കഥമയം. വായിച്ചതും കേട്ടതുമായ കഥകൾ തീർന്നാൽപ്പിന്നെ ഉണ്ടാക്കിക്കഥകൾ. പക്ഷേ ഇതിനു മാത്രം ഉണ്ടാക്കിക്കഥകളും കഥയുണ്ടാക്കാനുള്ള സമയവും എവിടെയിരിക്കുന്നു ഓരോ അമ്മയുടെയും അച്ഛന്റെയും കൈയിൽ?… എന്നു ചോദിച്ചാൽ പറ്റില്ലല്ലോ. കഥയ്ക്കു പകരം മറ്റൊന്നില്ലല്ലോ. അപ്പോപ്പിന്നെ കഥയുണ്ടാക്കാനറിയുന്നവർ കഥ ഉണ്ടാക്കി പറയട്ടെ.

നമുക്ക് നമ്മുടെ കുട്ടികൾക്ക് കഥ പറയാനറിയുന്നവർ മെനഞ്ഞ കഥകൾ അതേപടി വായിച്ചു കൊടുക്കാം, പൊട്ടും പൊടിയും ചേർത്ത് പറഞ്ഞു കൊടുക്കാം, അഭിനയിച്ചു കാണിച്ചു കൊടുക്കുകയുമാവാം. വേനലൊഴിവല്ലേ, ചൂടു കൊണ്ടു പൊരിഞ്ഞിരിക്കുകയല്ലേ കുഞ്ഞുങ്ങൾ? കുഞ്ഞുങ്ങളും വീട്ടുകാരും വാ, നമുക്ക് കഥച്ചെപ്പു തുറക്കാം. കഥ മണിയോരോന്നും പുറത്തെടുത്ത് തിരിച്ചിട്ടും മറിച്ചിട്ടും നോക്കാം.

വേനൽ വഴിയോരത്ത് ഒരു പ്രിയച്ചെപ്പ്. അത് തുറന്നാൽ കഥച്ചെപ്പ്. അതിലെല്ലാം കുഞ്ഞിക്കഥ നിരത്തി പ്രിയ. എ.എസ്. ഇനി വേനൽച്ചൂടില്ല, കഥക്കുളിര്, കഥക്കാത്സ്യം…

 

വരൂ നമുക്ക് തോല്‍ക്കാന്‍ പഠിക്കാം

ഇപ്പുറത്തെ വീട്ടിലെ ആന്‍ എന്ന കുട്ടിയെയും അപ്പുറത്തെ വീട്ടിലെ ഗോവിന്ദ് എന്ന കുട്ടിയെയും ചെസ് കളി പഠിപ്പിക്കാന്‍ ഒരു മാഷ് വന്നു. ആനിന്റെ അച്ഛനാണ് മാഷെ ഏര്‍പ്പെടുത്തിയത്.

കുട്ടികള്‍ എപ്പോഴും മൊബൈലില്‍ മുഖം പൂഴ്ത്തിയിരിക്കുന്നത് ഒട്ടും നല്ലതല്ല, കുട്ടികള്‍ ബുദ്ധി ഉപയോഗിക്കാന്‍ പഠിക്കണം എന്ന് ആനിന്റെ അച്ഛന്‍ പറഞ്ഞു. എന്താണ് ബുദ്ധി എന്നൊന്നും ആനിനും ഗോവിന്ദിനും പിടികിട്ടിയില്ല.

ആനിന്റെ അച്ഛന്‍ ഡോക്റ്ററല്ലേ, വലിയ വിവരമുള്ള ആളല്ലേ, അപ്പോ വല്ല നല്ല കാര്യവുമാവും ഈ ബുദ്ധി എന്നു പറയുന്ന കാര്യം എന്നു ഗോവിന്ദിനു തോന്നി. അച്ഛന്‍ പറയുന്നതനുസരിച്ചില്ലെങ്കില്‍ അച്ഛന്‍ പിണങ്ങിയാലോ, അതു കൊണ്ടാണ് ആന്‍ ചെസ് കളി പഠിക്കാന്‍ ഇരുന്നത്.

ഗോവിന്ദ് പെട്ടെന്ന് ഓരോ കരുവും എങ്ങനെ നീക്കണമെന്ന് പഠിച്ചു.

രണ്ടു കൂട്ടര്‍ തമ്മിലുള്ള യുദ്ധമാണ് ചെസ്. കാലാള്‍, കുതിര, തേര്, ആന, മന്ത്രി, രാജാവ്, രാജ്ഞി ഇവരൊക്കെയാണ് കരുക്കള്‍. ഇവരൊക്കെ എങ്ങനെ നീങ്ങണം എന്നതിന് നിയമങ്ങളുണ്ട്.

childrens stories, childrens literature, read aloud stories for children, stories for children, children stories children stories in malayalam, priya a s, priya a s stories, childrens stories online,ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children

ഒരു തടസ്സവുമില്ലാതെ മുന്നോട്ട് നീങ്ങി നീങ്ങി അപ്പുറത്തെ ശത്രുനിരയുടെ അറ്റത്തെത്തിയാല്‍ വെറുമൊരു കാലാളിന് മന്ത്രിയാകാം. അതൊരു നല്ല കാര്യമായി ആനിനു തോന്നി. നടക്കാന്‍ പോകുന്ന കാര്യങ്ങള്‍ മുന്‍കൂട്ടി ആലോചിക്കാൻ കഴിയുന്നവര്‍ക്കുള്ളതാണ് ചെസു കളി എന്നു മാഷ് പറഞ്ഞു.

ഞാനിങ്ങോട്ടു നീങ്ങിയാല്‍ അപ്പുറമുള്ള ശത്രുപാളയത്തിലെ ആളുകള്‍ എന്നെ തോല്‍പ്പിക്കാന്‍ എങ്ങനെയൊക്കെ നീങ്ങാം എന്നു കൂടി ആലോചിച്ചേ ഞാന്‍ ഓരോ അടിയും മുന്നോട്ടു നീങ്ങാവൂ -അതാണ് ചെസ് കളിയുടെ രീതി.

മാഷുമായുള്ള ചെസ് കളിയില്‍ മാഷ് അപ്പുറത്ത് ഒറ്റയ്ക്ക്, ആനും ഗോവിന്ദും ഒന്നിച്ച് ഇപ്പുറത്ത്. എപ്പഴും മാഷ് തന്നെ ജയിച്ചു. അതും വളരെ വേഗം.

പിന്നെ മാഷ് ഒന്നു രണ്ടുതവണ ആനിനെയും ഗോവിന്ദിനെയും, അങ്ങനെ ചെയ്യ്, ഇങ്ങനെ ചെയ്യ് എന്നു പറഞ്ഞ് ജയിപ്പിച്ചു.

തോറ്റപ്പോഴൊക്കെ ആനും ഗോവിന്ദും മത്സരിച്ച് കരഞ്ഞു. കരഞ്ഞു കണ്ണു വീര്‍ത്തു, മുഖം ചുമന്നു.

ഇനി നാളെ വരാം, നാളെ ഇതിനേക്കാള്‍ നന്നായി കളിക്കാന്‍ പറ്റും നിങ്ങൾക്ക് എന്നു മാഷ് അവരെ സമാധാനിപ്പിച്ചു. അതു വഴി പിച്ച വച്ചു വന്ന് പെട്ടെന്ന് ബാലന്‍സ് തെറ്റി വീണ ആനിന്റെ അനിയത്തിക്കുട്ടിയെ പിടിച്ചെണീപ്പിച്ചു കൊണ്ട് നടന്നു തുടങ്ങുമ്പോള്‍ വീഴാത്തത് ആരാണ് എന്നു ചോദിച്ചു മാഷ്.

അതു ശരിയാണല്ലോ എന്നോര്‍ത്ത് ഗോവിന്ദും ആനും പെട്ടെന്ന് കരച്ചില്‍ നിര്‍ത്തി. തോല്‍ക്കാന്‍ പഠിക്കാന്‍ കൂടിയാണ് കളികള്‍ എന്ന് ആനിന്റെ അച്ഛന്‍ പറഞ്ഞു.
രണ്ടു കൂട്ടരും ജയിക്കുന്ന കളികളില്ലല്ലോ, ആരെങ്കിലും ഒരാള്‍ തോറ്റേ പറ്റൂ, ഇന്ന് തോറ്റവന് നാളെ ജയിച്ചു കൂടെന്നുണ്ടോ എന്നു ചോദിച്ച്, വൈകുന്നേരം വന്നപ്പോള്‍ ആനിന്റെ അച്ഛന്‍ അവരെ രണ്ടാളെയും ചേര്‍ത്തു പിടിച്ചു.

അപ്പോള്‍ ഗോവിന്ദ് ആനിനോട് ചോദിച്ചു, നമുക്കൊന്നു കൂടി തോല്‍ക്കാന്‍ പഠിച്ചാലോ ? അപ്പോള്‍ ആന്‍ ചിരിച്ചു. എന്നിട്ട് കരുക്കള്‍ പിന്നെയും നിരത്തി. ആനിന്റെ അച്ഛന്‍ ഗോവിന്ദിന്റെ കൂടെ കൂടി കളിക്കാന്‍. അവരങ്ങനെ കളിച്ചു കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.
ആരു തോല്‍ക്കാന്‍ പഠിക്കുമോ ആവോ !

 

സിനിമാ കാണുന്നവര്‍

ബബ്‌ളുവിന്റെ വീടിന്റെ ഓടുമേല്‍ക്കൂരയില്‍ താമസിക്കുന്ന അണ്ണാനും ബെഡ്‌റൂമിലെ വെന്റിലേറ്ററില്‍ കൂടു വച്ചിരിക്കുന്ന വണ്ണാത്തിക്കിളിയും കൂടി സിനിമ കാണാന്‍ പോയി. ലുലു മാളിലെ മള്‍ട്ടിപ്ലെക്സ് തീയറ്ററിലൊന്നുമല്ല കേട്ടോ. അതൊക്കെ എന്തൊരു കൂറ്റന്‍ കെട്ടിടങ്ങളാണ്.!

അവിടുത്തെ സെക്യൂരിറ്റി ആളുകളുടെ കണ്ണു വെട്ടിച്ച് അതിനകത്ത് കടക്കാനൊന്നും പറ്റില്ല… ബബ്‌ളുവിന്റെ അമ്മൂമ്മ, വീട്ടിലെ റ്റിവിയില്‍ സിനിമ വയ്ക്കുമല്ലോ. തുറന്നു കിടക്കുന്ന ജനലുകളുടെ കമ്പിയിലിരുന്ന് അണ്ണാരക്കണ്ണനും വണ്ണാത്തിപ്പുള്ളും സിനിമ കണ്ടു. അതൊരു മോഹന്‍ലാല്‍ സിനിമയായിരുന്നു.

സിനിമയില്‍ ഒത്തിരി ഇടിയുണ്ടായിരുന്നു. ആ നേരത്ത് വണ്ണാത്തിപ്പുള്ള് പേടിച്ചു പറന്ന് മുരിങ്ങമരത്തിന്റെ കൊമ്പില്‍ പോയിരുന്നു. പക്ഷേ അണ്ണാരക്കണ്ണന് ഇടി ഇഷ്ടമായി.
അണ്ണാരക്കണ്ണന്‍ ജനലില്‍ നിന്ന് ഒറ്റച്ചാട്ടത്തിന് ബബ്‌ളുവിന്റെ അമ്മൂമ്മ ഇരിക്കുന്ന സെറ്റിയിലെത്തി വാലു പൊക്കി ‘ചില്‍ ചില്‍’ എന്ന് ഒച്ച വെച്ചു.

‘ചാടെടാ, ഇടിയെടാ, നല്ലോണം ഇടിയെടാ’ എന്ന് അണ്ണാരക്കണ്ണന്‍ പറയുമ്പോലെ തോന്നി ബബ്‌ളുവിന്റെ അമ്മൂമ്മയ്ക്ക്.

ഇതൊക്കെ അഭിനയമാണ്, ഇതിനു വേദനയൊന്നുമില്ല. അവര്‍ കാലു പൊക്കി തൊഴിക്കുകയും കൈ ചുരുട്ടി ഇടിക്കുകയും തോക്കെടുത്തു വെടി വയ്ക്കുകയും ഒന്നുമല്ല. ഇതൊന്നും ശരിക്കുള്ള ഇടിയല്ല, ശരിക്കുള്ള തൊഴിക്കലുമല്ല, ശരിക്കുള്ള തോക്കുമല്ല. ഇതു കണ്ടേച്ചു പോയി നീ നിന്റെ അനിയനെയും അനിയത്തിയേയും ഒന്നും ഉപദ്രവിച്ചേക്കരുത് കേട്ടോ എന്ന് പറഞ്ഞ് ബബ്‌ളുവിന്റെ അമ്മൂമ്മ നാലഞ്ച് കപ്പലണ്ടി അണ്ണാരക്കണ്ണന് നിലത്ത് വച്ചു കൊടുത്തു.

childrens stories, childrens literature, read aloud stories for children, stories for children, children stories children stories in malayalam, priya a s, priya a s stories, childrens stories online,ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children

അണ്ണാരക്കണ്ണന്‍ അതു തിന്നുന്ന നേരത്ത് ആഹാ, എനിക്കു തരാതെ തിന്നുവാ അല്ലേ എന്നു ചോദിച്ച് വണ്ണാത്തിക്കിളി വന്ന് നിലത്ത് പറന്നിരുന്നു. അവള്‍ കപ്പലണ്ടി, ആരോടും ചോദിക്കാതെ തിന്നുന്നതു കണ്ട് അണ്ണാരക്കണ്ണന് ദേഷ്യം വന്നു.

അവന്‍ വണ്ണാത്തിക്കിളിയുടെ ചുണ്ടിനിട്ട് ഒരു തട്ടു കൊടുത്തു കുഞ്ഞിക്കൈ കൊണ്ട്.
വണ്ണാത്തിക്കിളിക്ക് നൊന്തു.

കിളി, അവന്റെ മുഖത്തിട്ട് കൊത്തി. അണ്ണാരക്കണ്ണനവനെ മലത്തിയിട്ട് മാന്തിപ്പറിച്ചു. അമ്മൂമ്മ, ‘അയ്യോ ഇതെന്താ ഈ കാണിക്കണത്, നോവുമേ രണ്ടാള്‍ക്കും’ എന്ന് ഒച്ച വച്ചു.

അമ്മൂമ്മയുടെ ഒച്ചകേട്ട് ചോപ്പു എന്ന പൂച്ചയും ബബ്‌ളുവും കൂടി ഓടി വന്നു. ‘നീ എന്താ അണ്ണാര മോഹന്‍ലാലോ’ എന്ന് അണ്ണാരക്കണ്ണനോടും ‘നീയാര് വണ്ണാത്തി പൃഥ്വിരാജോ’ എന്നു വണ്ണാത്തിപ്പുള്ളിനോടും ചോദിച്ച് ബബ്ലു അവരെ രണ്ടുപേരെയും ജനലില്‍ക്കൂടി ഓടിച്ചു വിട്ടു.

ബാക്കി സിനിമ, ചോപ്പു എന്ന പൂച്ചച്ചനും അമ്മൂമ്മയും കൂടി ഇരുന്നു കണ്ടു. ബബ്‌ളു അത് നാലുതവണ കണ്ടു കഴിഞ്ഞതായിരുന്നു. അതു കൊണ്ട് അവന്‍ തനിച്ചു കണ്ണാടിയുടെ മുമ്പില്‍ ചെന്നു നിന്ന് ഒരു ഫഹദ് ഫാസില്‍ ഡാന്‍സ് ചെയ്തു.

അത് നോക്കി നോക്കിപ്പഠിച്ച് ഭിത്തിയില്‍ രണ്ട് പല്ലികളിരുന്നു.

Read More Stories for Children by Priya AS here

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook