കഥ, ഉറങ്ങാൻ കഥ- സർവ്വത്ര കഥമയം. വായിച്ചതും കേട്ടതുമായ കഥകൾ തീർന്നാൽപ്പിന്നെ ഉണ്ടാക്കിക്കഥകൾ. പക്ഷേ ഇതിനു മാത്രം ഉണ്ടാക്കിക്കഥകളും കഥയുണ്ടാക്കാനുള്ള സമയവും എവിടെയിരിക്കുന്നു ഓരോ അമ്മയുടെയും അച്ഛന്റെയും കൈയിൽ?… എന്നു ചോദിച്ചാൽ പറ്റില്ലല്ലോ. കഥയ്ക്കു പകരം മറ്റൊന്നില്ലല്ലോ. അപ്പോപ്പിന്നെ കഥയുണ്ടാക്കാനറിയുന്നവർ കഥ ഉണ്ടാക്കി പറയട്ടെ.

നമുക്ക് നമ്മുടെ കുട്ടികൾക്ക് കഥ പറയാനറിയുന്നവർ മെനഞ്ഞ കഥകൾ അതേപടി വായിച്ചു കൊടുക്കാം, പൊട്ടും പൊടിയും ചേർത്ത് പറഞ്ഞു കൊടുക്കാം, അഭിനയിച്ചു കാണിച്ചു കൊടുക്കുകയുമാവാം. വേനലൊഴിവല്ലേ, ചൂടു കൊണ്ടു പൊരിഞ്ഞിരിക്കുകയല്ലേ കുഞ്ഞുങ്ങൾ? കുഞ്ഞുങ്ങളും വീട്ടുകാരും വാ, നമുക്ക് കഥച്ചെപ്പു തുറക്കാം. കഥ മണിയോരോന്നും പുറത്തെടുത്ത് തിരിച്ചിട്ടും മറിച്ചിട്ടും നോക്കാം.

വേനൽ വഴിയോരത്ത് ഒരു പ്രിയച്ചെപ്പ്. അത് തുറന്നാൽ കഥച്ചെപ്പ്. അതിലെല്ലാം കുഞ്ഞിക്കഥ നിരത്തി പ്രിയ. എ.എസ്. ഇനി വേനൽച്ചൂടില്ല, കഥക്കുളിര്, കഥക്കാത്സ്യം…

തിരിഞ്ഞുനോക്കിപ്പൂച്ച

ഏയ്ഞ്ചലും അമ്മയും കാറില്‍ വീട്ടിലേക്ക് വരികയായിരുന്നു. മെയിന്‍ റോഡില്‍ നിന്ന് ഏയ്ഞ്ചലിന്റെ റോഡിലേക്കുള്ള വഴിയിലേക്ക് കാര്‍തിരിഞ്ഞപ്പോള്‍ ഏയ്ഞ്ചൽക്കുട്ടി കണ്ടു, അപ്പുറത്തെ വീട്ടിലെ അമ്മിണിപ്പൂച്ച സ്വപ്‌നം കാണ്ടോണ്ട് നടക്കും പോലെ മെല്ലെ മെല്ലെ നടക്കുന്നു, വഴിയുടെ നടുവില്‍ക്കൂടി.

അമ്മ ചെറുതായൊന്ന് ഹോണടിച്ചു.

അമ്മിണിപ്പൂച്ച ഒരു നിമിഷം നിന്ന് ഒന്നു തിരിഞ്ഞുനോക്കി. പിന്നെ ഓടടാ ഓട്ടം.

‘ഓടണ്ട, ഇത് ഞങ്ങളാ അമ്മീണീ’ എന്ന് അമ്മ അവളുടെ അടുത്ത് കാറെത്തിയപ്പോള്‍ വിളിച്ചു പറഞ്ഞു.

ആരു കേള്‍ക്കുന്നു അതൊക്കെ! വെടിയുണ്ട കൊണ്ട പോലെയല്ലേ അവളുടെ ഓട്ടം! ഇടയ്ക്ക് നില്‍ക്കും, പിന്നൊന്നു തിരിഞ്ഞു നോക്കും, പിന്നെയും വേഗത്തില്‍ ഓടും.
അതു കണ്ട് ഏയ്ഞ്ചൽക്കുട്ടിക്ക് രസം പിടിച്ചു.

ഓട്ടവെപ്രാളത്തില്‍, ഗൗരിച്ചേട്ടിയുടെ വീടാണവളുടെയും വീട് എന്നു പോലും അവൾ മറന്നു പോയി എന്നു തോന്നി.

ജോ ചേട്ടന്റെ വീടിന്റെ ഗേറ്റില്‍ച്ചെന്ന് അവളൊന്നു കിതച്ചു നിന്നു. അമ്മയും ഏയ്ഞ്ചലും അവരുടെ വീട്ടിലേക്ക് കാര്‍ തിരിക്കും മുമ്പ് ‘ഹായ്, അമ്മിണീ’ എന്ന് അവളെ നോക്കി കൈവീശി.

ഒന്നു കൂടി പേടിച്ച മട്ടില്‍ അവള്‍, ജോ ചേട്ടന്റെ വീടിന്റെ ഗേറ്റിനു മുകളിലേക്ക് അള്ളിപ്പിടിച്ചു കയറി. എന്നിട്ട് ഗേറ്റ് ലൈറ്റിന്റെ മറവിലിരുന്ന് അവരെ നോക്കി ‘മ്യാവൂ’ എന്നു പറഞ്ഞു.childrens stories, childrens literature, read aloud stories for children, stories for children, children stories children stories in malayalam, priya a s, priya a s stories, childrens stories online,ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children
നമ്മളിവിളെ പേടിപ്പിക്കാറേയില്ലല്ലോ, പിന്നെന്തിനാ ഇവള്‍ നമ്മളെ പേടിക്കുന്നത് എന്നത്ഭുതപ്പെട്ടു ഏയ്ഞ്ചൽ.

‘അവള്‍ക്കും നമ്മുടെ പോലെ ഓരോ സമയത്ത് ഓരോ തോന്നലുകളാവും, എപ്പഴാ ആരാ പേടിപ്പിക്കുക എന്നറിയില്ലല്ലോ അവള്‍ക്ക്’ എന്നമ്മ പറഞ്ഞു.

ഞാനേ , ഈ അമ്മിണിയുടെ പേര് ‘തിരിഞ്ഞുനോക്കിപ്പൂച്ച’ എന്നാക്കാന്‍ പോവുകയാണ് എന്ന് എയ്ഞ്ചൽ പറഞ്ഞു.

കാര്‍ പോര്‍ച്ചില്‍ കാര്‍ പാര്‍ക് ചെയ്ത് അമ്മയും ഏയ്ഞ്ചൽക്കുട്ടിയും കൂടി ഇറങ്ങി വരുമ്പോഴുണ്ട് ദേ വരുന്നു തിരിഞ്ഞുനോക്കിപ്പൂച്ച.

‘ആ പേടി മാറിയോ നിന്റെ?’ എന്നു ചോദിച്ചു എയ്ഞ്ചൽ, അവളോട്.

‘മ്യാവു’ എന്നു പറഞ്ഞിട്ട് അവള്‍ കാറിനടിയിലേക്ക് കുനിഞ്ഞൊരു പോക്ക്. എന്നിട്ടവിടെയിരുന്ന് കാലൊക്കെ നക്കിത്തുടച്ചു വൃത്തിയാക്കുന്നതില്‍ മുഴുകി. ഏയ്ഞ്ചൽ നിലത്തു കുനിഞ്ഞിരുന്ന് അവളോട് വിളിച്ചു പറഞ്ഞു, ‘ഇന്നു മുതല്‍ നിന്റെ പേര് തിരിഞ്ഞുനോക്കിപ്പൂച്ച’ എന്നാണ്.

അവളുടനെ ‘മ്യാവു’ എന്നു പറഞ്ഞു. അതിനര്‍ത്ഥം, ‘ശരി ശരി’ എന്നാണെന്ന് അമ്മ പറഞ്ഞു.
അന്നു മുതലാണ് അമ്മയും എയ്ഞ്ചലും തിരിഞ്ഞുനോക്കിപ്പൂച്ച എന്നവളെ വിളിച്ചു തുടങ്ങിയത്. എന്തൊരു നല്ല പേര് അല്ലേ ?

നിങ്ങളുടെ നാട്ടിലെ പൂച്ചകളും ഇങ്ങനെ തിരിഞ്ഞുനോക്കി ഓടാറുണ്ടോ എന്ന് ശ്രദ്ധിക്കണേ. അങ്ങനെയാണെങ്കില്‍പ്പിന്നെ നമുക്കവരെയും തിരിഞ്ഞുനോക്കിപ്പൂച്ച എന്നു തന്നെ വിളിയ്ക്കാം, അല്ലേ?

 

മഴവിശേഷങ്ങൾ

മഴ പെയ്തു. ഉഗ്രൻ മഴ. മണ്ണിൽ നിന്ന്, ഊ എന്ന ഒച്ചയോടെ ഈയൽ പൊങ്ങിപ്പറന്നു.

കുരവപ്പൂ കത്തും പോലെ എന്നാണ് സമീറിന് ഈയൽ പൊങ്ങുന്നത് കണ്ടപ്പോ തോന്നിയത്.
സമീറും അച്ഛനും കൂടി പൂക്കളുള്ള വലിയ കുട ചൂടി മുറ്റത്തു കൂടി നടക്കുമ്പോഴാണ് ഈയൽ പൊങ്ങിയത്, മതിലിന്റെയും കിണറിനും നടുവിലെ മണ്ണിൽ നിന്ന്. ലൈറ്റു കണ്ടാൽ ഈയൽ വീട്ടിനകത്തേക്ക് വരും, വേഗം ലൈറ്റണയ്ക്ക്, വാതിലടയ്ക്ക് എന്നു പറഞ്ഞു അപ്പൂപ്പൻ.

സമീറും അച്ഛനും മഴയത്തു തന്നെ കറങ്ങി നടന്നു. ഓടിന്റെ തുമ്പത്തു നിന്നു മഴ, വെളളിനാരു പോലെ വീഴുന്നതു കണ്ടപ്പോൾ സമീറിന് വീട് കല്യാണവീടായതു പോലെ തോന്നി. അപ്പുറത്തെ ആൻ ചേച്ചിയുടെ വീട് ചേച്ചീടെ കല്യാണത്തിനലങ്കരിച്ചത് വെള്ളിനിറ കുഞ്ഞി ബൾബുകളുടെ മാല നിറയെ തൂക്കിയാണ്. അതു പോലെ തന്നെയുണ്ടിപ്പോ സമീറിന്റെ വീട്.

ഓടിറമ്പിലെ വെള്ളം വീഴുന്നിടത്ത് കിടക്കുന്ന പെയിന്റു പാട്ട, ചെണ്ടയാണെന്നാണ് മഴയുടെ വിചാരം എന്ന് സമീറിന് തോന്നി. ചെണ്ട കൊട്ടും പോലെ മഴ അതിന്റെ ഇല്ലാക്കൈ കൊണ്ട് പാട്ടയിൽ ചെണ്ട കൊട്ടുന്നത് സമീർ കേൾപ്പിച്ചു കൊടുത്തപ്പോൾ സമീറിന്റെ അച്ഛൻ കുടുകുടെ ചിരിച്ചു.

ഇനി പൂക്കുട വേണ്ട, ഇലക്കുടയാവാം എന്ന് മഴ കുറഞ്ഞപ്പോഴച്ഛൻ പറഞ്ഞു. എന്നിട്ട് രണ്ടു ചേമ്പില പൊട്ടിച്ചെടുത്തു അച്ഛൻ. ഒരു കുഞ്ഞു ചേമ്പില സമീറിന് ചൂടാനും മറ്റൊന്ന് സമീറിന് കളിക്കാനും. ചേമ്പിലയെ നനയ്ക്കാതെ മഴവെള്ളത്തുള്ളി ചേമ്പിലപ്പുറത്തു കൂടി ഒരു വെള്ളി മുത്തു പോലെ ഓടിപ്പാഞ്ഞു നടന്ന് കളിച്ചു തിമർക്കുന്നത് സമീർ രസിച്ച്, അത്ഭുതത്തോടെ കണ്ടു നിന്നു.

അപ്പോഴേയ്ക്ക് ഈയൽ എല്ലാം ചത്തു പോയിരുന്നു. ഈയൽസദ്യക്ക് കാക്കയും മറ്റു കിളികളും എത്തിയിരുന്നു. ഈയലിനെ തിന്നു തിന്ന് കിളികളുടെ വയറ് പൊട്ടാറായപ്പോൾ കിളികൾ പറന്നു പോയി. അപ്പോൾ വേറൊരു കൂട്ടം കിളികൾ ഈയൽ സദ്യക്കായി പറന്നു വന്നു. കുരവപ്പൂ പോലെ ഒച്ചയുണ്ടാക്കി ഇത്തിരി നേരം മുൻപ് പറന്നുയർന്ന ഈയൽ ഇത്ര വേഗം മരിച്ചു പോയത് സമീറിന് വലിയ സങ്കടമായി.

മഴസന്തോഷത്തിൽ നിന്ന് ഈയൽ സങ്കടത്തിലേക്ക് പോയ സമീറിനെ അച്ഛനപ്പോൾ മഴയത്ത് കിളിർത്ത കൂൺകൂട്ടം കാണിച്ചു കൊടുത്തു ചിരിപ്പിച്ചു. ഈയൽക്കൂട്ടം പോലെ സങ്കടവും കൂൺകൂട്ടം പോലെ സന്തോഷവും നിറഞ്ഞതാണ് മഴ എന്നച്ഛൻ പറഞ്ഞു. മഴ പോലാണ് ജീവിതവും എന്നും. സമീറിന് മനസ്സിലായോ എന്തോ!childrens stories, childrens literature, read aloud stories for children, stories for children, children stories children stories in malayalam, priya a s, priya a s stories, childrens stories online,ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children

Read More Stories for Children by Priya AS here

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook