കഥ, ഉറങ്ങാൻ കഥ- സർവ്വത്ര കഥമയം. വായിച്ചതും കേട്ടതുമായ കഥകൾ തീർന്നാൽപ്പിന്നെ ഉണ്ടാക്കിക്കഥകൾ. പക്ഷേ ഇതിനു മാത്രം ഉണ്ടാക്കിക്കഥകളും കഥയുണ്ടാക്കാനുള്ള സമയവും എവിടെയിരിക്കുന്നു ഓരോ അമ്മയുടെയും അച്ഛന്റെയും കൈയിൽ? എന്നു ചോദിച്ചാൽ പറ്റില്ലല്ലോ. കഥയ്ക്കു പകരം മറ്റൊന്നില്ലല്ലോ. അപ്പോപ്പിന്നെ കഥയുണ്ടാക്കാനറിയുന്നവർ കഥ ഉണ്ടാക്കി പറയട്ടെ. നമുക്ക് നമ്മുടെ കുട്ടികൾക്ക് കഥ പറയാനറിയുന്നവർ മെനഞ്ഞ കഥകൾ അതേപടി വായിച്ചു കൊടുക്കാം, പൊട്ടും പൊടിയും ചേർത്ത് പറഞ്ഞു കൊടുക്കാം, അഭിനയിച്ചു കാണിച്ചു കൊടുക്കുകയുമാവാം. വേനലൊഴിവല്ലേ, ചൂടു കൊണ്ടു പൊരിഞ്ഞിരിക്കുകയല്ലേ കുഞ്ഞുങ്ങൾ? കുഞ്ഞുങ്ങളും വീട്ടുകാരും വാ, നമുക്ക് കഥച്ചെപ്പു തുറക്കാം. കഥ മണിയോരോന്നും പുറത്തെടുത്ത് തിരിച്ചിട്ടും മറിച്ചിട്ടും നോക്കാം. വേനൽ വഴിയോരത്ത് ഒരു പ്രിയച്ചെപ്പ്. അത് തുറന്നാൽ കഥച്ചെപ്പ്. അതിലെല്ലാം കുഞ്ഞിക്കഥ നിരത്തി പ്രിയ. എ.എസ്. ഇനി വേനൽച്ചൂടില്ല, കഥക്കുളിര്, കഥക്കാത്സ്യം…

മെയ് ഒന്ന്

ഇന്ന് മെയ് ഒന്നല്ലേ, എനിക്കവധിയല്ലേ ,നമുക്കിന്നു സിനിമ കാണാന്‍ പോയാലോ എന്നു ചോദിച്ചു അമ്മാവന്‍. ഇന്നെന്താ ഓണമോ ഞായറാഴ്ചയോ വിഷുവോ ക്രിസ്മസോ ആണോ എന്ന് പങ്കുവിന് സംശയമായി. തൊഴിലാളി ദിനമാണ് മെയ് ഒന്ന് എന്നു പറഞ്ഞു അമ്മാവന്‍.

മലയാള ദേശത്ത്, അതായത് കേരളത്തില്‍ ജനിച്ചയാളെ പറയുന്ന പേരാണ് മലയാളി.
അപ്പോപ്പിന്നെ മലയാളിയുടെ ചേട്ടനായിരിക്കും തൊഴിലാളി എന്ന് പങ്കു വിചാരിച്ചു.
അതു കേട്ടപ്പോള്‍ അമ്മാവന്‍ കുലുങ്ങിക്കുലുങ്ങിച്ചിരിച്ചു.

പണി ചെയ്യുന്നയളെയാണ് തൊഴിലാളി എന്നു പറയുക, നമ്മുടെ പാടത്ത് നെല്ല് വിതയ്ക്കാനും കള പറിയ്ക്കാനും കൊയ്യാനും മെതിയ്ക്കാനും വൈയ്‌ക്കോലുണക്കാനും വരുന്ന പണിക്കാരെല്ലാം തൊഴിലാളികളാണ് എന്ന് അമ്മാവന്‍ പറഞ്ഞു.

തൊഴിലാളികള്‍ക്ക് കൃത്യമായ കൂലിയും വേണ്ടത്ര വിശ്രമവും അപകടമൊന്നും വരാതെ ജോലി ചെയ്യാനുള്ള ഇടവും ഒക്കെ തൊഴിലാളികള്‍ സമരം ചെയ്ത് നേടിയെടുത്തതാണ്, അതിന്റെ ഓര്‍മ്മയ്ക്കാണ് മെയ്ദിനം എന്ന് കൂടി അമ്മാവന്‍ പറഞ്ഞു.

വേലി കെട്ടുന്നവരും ഇഷ്ടിക ചുമക്കുന്നവരും തെങ്ങു കയറുന്നവരും പുല്ലു ചെത്തുവ്വനവരും കിണര്‍ തേകാന്‍ വരുന്നവരും അദ്ധ്യാപകരും ഡോക്ടറെഴ്‌സും വക്കീലന്മാരും ഒക്കെ തൊഴിലാളികളാണ് എന്നു കൂടി അമ്മാവന്‍ പറഞ്ഞു. കൊയ്ത്ത് സമയമായതുകൊണ്ട് മുറ്റം നിറയെ കറ്റ-മെതിക്കല്‍കാരുണ്ട്.

അവരെയെല്ലാം പങ്കു അപ്പോഴൊന്നു നോക്കി. അവരും തൊഴിലാളികളാണ് എന്ന് പങ്കു ഓര്‍ത്തു. പങ്കു അമ്മാവന്റെ കൂടെ പോയി നെല്ലു കൃഷി ചെയ്യുന്ന സ്ഥലം കണ്ടിട്ടുണ്ട്.
അതിന് കണ്ടം എന്നാണ് പറയുക. കണ്ടത്തിന്റെ സ്‌ക്കൂളിലെ പേര് വയല്‍ എന്നാണ്.
പങ്കുവിന്റെ സക്കൂളിലെ പേര് പ്രണവ് എന്നാണ്. മാങ്ങാ പറിയ്ക്കും പോലെ നെല്ല് പറിക്കാന്‍ പറ്റില്ല.childrens stories, childrens literature, read aloud stories for children, stories for children, children stories children stories in malayalam, priya a s, priya a s stories, childrens stories online,ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children
നെല്ല് വിളഞ്ഞ് പാകമാകുമ്പോള്‍, നെല്‍കതിര്‍ മണ്ണിനോടു ചേരുന്ന ഭാഗത്തു വച്ച് മുറിച്ച് ചെറു ചെറു കെട്ടുകളാക്കും. ആ കെട്ടിനാണ് കറ്റ എന്നു പറയുക. കറ്റ പായിലിട്ട് ഒരു താളത്തില്‍ ചവിട്ടി മെതിക്കുമ്പോള്‍ നെല്ല് പായയില്‍ കൊഴിഞ്ഞു വീഴും.
അതു പുഴുങ്ങി ഉണക്കണം. പിന്നെ നെല്ല് കുത്തണം. നെല്ലിനകത്താണ് അരി.
അപ്പോഴേ അരി കിട്ടൂ. അരി കൊണ്ടാണ് ചോറുണ്ടാക്കുക. ചോറു കഴിയ്ക്കുന്നതിനാണ് ഊണു കഴിക്കുക എന്നു പറയുന്നത്.

ആലോചന അത്രയുമായപ്പോഴേക്ക് പങ്കു അമ്മാവനോട് ചോദിച്ചു.
ഇപ്പോ പ്ലെ സ്‌കൂളിന് വെക്കേഷനല്ലേ, ഞാനേ നമ്മുടെ ദേവകിയമ്മയുടെ ഒപ്പം നിന്ന് കറ്റ മെതിയ്ക്കണ തൊഴിലാളിയായിക്കോട്ടെ? ‘കറ്റ മെതിയ്ക്കണ ദേവകിയമ്മയും പുരുഷന്‍ മാമനും വേലായുധന്‍ മാമനും അത് കേട്ട്, നെല്ലിന്റെ അരം കൊണ്ടാല്‍ കുട്ടികളുടെ കാല് മുറിയും എന്നു പറഞ്ഞു. പങ്കുവിന് അത് തീരെ ഇഷ്ടപ്പെട്ടില്ല ‘ഞാനെന്നാ വലുതാവുക, എനിക്ക് കറ്റ മെതിക്കണ തൊഴിലാളിയാവണം’ എന്നു പറഞ്ഞു പങ്കു.

പ്ലെ സ്‌ക്കൂളില്‍ മേഘത്തിലെ ഘ എഴുതുന്നത്രയും വിഷമമുണ്ടോ കറ്റ മെതിയ്ക്കാന്‍ എന്ന് പങ്കു അമ്മാവനോട് ചോദിച്ചത് ഇടവഴിയിലൂടെ കടന്നുപോയ തൊഴിലാളി ഐക്യം സിന്ദാബാദ് എന്ന ജാഥയുടെ ഒച്ചയില്‍ പെട്ടുപോയതുകാരണം ആരും കേട്ടില്ല.

 

രണ്ടു തൊഴിലാളികള്‍

സ്‌ക്കൂള്‍ തുറക്കുമ്പോള്‍ എല്‍ കെ ജിയില്‍ നിന്ന് യു കെ ജി യിലേക്കാവും ഇനി ജാനി.
ഇനി ഒരു മാസമേയുള്ളൂ സ്‌ക്കൂള്‍ തുറക്കാന്‍. ഇപ്പോ ഒഴിവു കാലമല്ലേ,സ്‌ക്കൂള്‍ അടച്ചിരിക്കുകയല്ലേ …

സ്‌ക്കൂള്‍ തുറക്കുമ്പോഴേക്ക് ജാനിയ്ക്ക് പുതിയ യൂണിഫോം വേണം.
ജാനിക്ക് പൊക്കം വച്ചതു കൊണ്ട് യൂണിഫോമെല്ലാം ചെറുതായി. അതു കൊണ്ട് ജാനിയും അമ്മയും അച്ഛനും കൂടി യൂണിഫോമുകളുടെ ഷോറൂമില്‍ പോയി ഇന്ന്.

അവിടെ ചെന്നപ്പോഴുണ്ട് ജാനിയുടെ സ്‌ക്കൂളിലെ വല്യ ക്‌ളാസിലെ ചെറിയാന്‍ ചേട്ടന്‍ നില്‍ക്കുന്നു. ജാനിയും ചെറിയാന്‍ ചേട്ടനും ഒരേ വാനില്‍ ഒരേ സീറ്റിലിരുന്നാണ് സ്‌ക്കൂളില്‍ പോകുന്നത്. അങ്ങനെയാണ് അവള്‍ക്ക് ചേട്ടനെ പരിചയം.

ചേട്ടനും പൊക്കം വച്ചല്ലോ, ചേട്ടന്റെ സ്‌ക്കൂള്‍ യൂണിഫോമും ചെറുതായിക്കാണും. പുതിയത് വാങ്ങാന്‍ വന്നതായിരിക്കും ചേട്ടന്‍ എന്നു വിചാരിച്ചു ജാനു. അപ്പോ ചേട്ടന്‍ പറയുവാ, സ്‌ക്കൂള്‍ യൂണിഫോമിനുള്ള കാശ് സ്വന്തമായുണ്ടാക്കാന്‍ വേണ്ടി രണ്ടുമാസ ഒഴിവുകാലത്ത് സെയില്‍സ്മാന്റെ ജോലി എടുക്കാന്‍ വന്നതാ എന്ന്. രണ്ടുമാസം കഴിയുമ്പോ സ്‌ക്കൂള്‍ യൂണിഫോമും വാങ്ങി ചേട്ടന്‍ പന്ത്രണ്ടാം ക്‌ളാസിലേക്ക് തിരിച്ചുപോവും.

ജാനിയുടെ അച്ഛന്‍ ‘മിടുക്കന്‍’ എന്നു പറഞ്ഞ് ചെറിയാന്‍ ചേട്ടന്, ഷേക്ക് ഹാന്‍ഡ് കൊടുത്തു.
അതു കണ്ട് ജാനിയും കൊടുത്തു ചേട്ടന് ഷേക്ക് ഹാന്‍ഡ്.childrens stories, childrens literature, read aloud stories for children, stories for children, children stories children stories in malayalam, priya a s, priya a s stories, childrens stories online,ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children
അച്ഛന്റെയൊപ്പം ഡോക്റ്ററാണ് ചെറിയാന്‍ ചേട്ടന്റെ അച്ഛന്‍
പിന്നെ ചെറിയാന്‍ ചേട്ടനാണ് ജാനിയ്ക്ക് ചെറിയ യൂണിഫോം സ്‌കേര്‍ട്ടും ചെക് ചെക് റ്റോപ്പും ഷെല്‍ഫില്‍ നിന്ന് എടുത്തു പാകമാണോ എന്ന് നോക്കാന്‍ കൊടുത്തത്.
അതെല്ലാം ജാനിയ്ക്ക് കൃത്യം പാകമായിരുന്നു.

ജാനിയ്ക്കതെല്ലാം ശരിയ്ക്കും പാകമാണോ എന്ന് നോക്കാന്‍ വന്ന വലിയ സെയില്‍സ് മാമനോട്, ഞാന്‍ പന്ത്രണ്ടാം ക്‌ളാസിലെത്തുമ്പോള്‍ എനിയ്ക്കുമിവിടെ ജോലി തരണേ , എനിക്ക് സ്വന്തം കാശു കൊണ്ട് യൂണിഫോം വാങ്ങിയ്ക്കാനാ എന്നു ജാനി പറഞ്ഞു.
‘എന്തു തൊഴിലും ചെയ്യാന്‍ മടിയില്ലാത്ത നല്ല കുട്ടികളാണല്ലോ നിങ്ങളുടെ സ്‌ക്കൂളില്’ എന്നപ്പോള്‍ സെയില്‍സ് മാമന്‍ അവരെ നോക്കിപ്പറഞ്ഞു. അപ്പോള്‍ അവള്‍ക്ക്, എന്തൊരു നല്ല സ്‌ക്കൂള്‍ എന്ന് അഭിമാനം വന്നു.

യൂണിഫോം വാങ്ങി തിരകെ കാറിലിരിക്കുമ്പോള്‍, ‘എനിയ്ക്ക് പന്ത്രണ്ടാംക്‌ളാസിലെത്താന്‍ ധിറുതിയായി അമ്മേ’ എന്ന് ജാനി അമ്മയുടെ ചെവിയില്‍ സ്വകാര്യം പറഞ്ഞു.
അമ്മയ്ക്കും അച്ഛനും ഒരു പാക്കറ്റ് കര്‍ച്ചീഫ് കൂടി വാങ്ങിച്ചു തരുമോ അന്നേരം എന്നു ചോദിച്ചു അച്ഛന്‍ ‘ഓ റെഡി’ എന്നു ചിരിച്ചു കൊണ്ടു പറഞ്ഞ് ജാനി അപ്പോള്‍ പുറത്തെ ജാഥയെ നോക്കി.

നമ്മള്‍ വേനലവധിക്ക് കുഞ്ഞിക്കഥ പറയാനും വായിച്ചു കേള്‍പ്പിക്കാനും തുടങ്ങിയിട്ട് രണ്ടാഴ്ചയായി. വിഷുക്കൈ നീട്ടം മുതല്‍ തെരഞ്ഞെടുപ്പും കഴിഞ്ഞ് മെയ് ഒന്നു വരെ കഥകളായി നമ്മളെത്തി നില്‍ക്കുന്നു.

നിങ്ങള്‍ക്കിഷ്ടമാകുന്നുണ്ടോ ഈ കഥകള്‍ ,നിങ്ങള്‍ എല്ലാ ദിവസവും കഥ കേള്‍ക്കുന്നുണ്ടോ, നിങ്ങളിതു പോലെ ഉണ്ടാക്കിക്കഥ പറയാന്‍ തുടങ്ങിയോ, ആരാണ് നിങ്ങള്‍ക്ക് കഥ അഭിനയിച്ച് കാണിച്ചു തരുന്നത് ,ഇനി ഏതു തരം കഥയാണ് നിങ്ങള്‍ക്കു വേണ്ടത് എന്നൊക്കെ അറിയണമെന്നുണ്ട് ഞങ്ങള്‍ക്ക്. എന്നാലല്ലേ ഇനിയും നല്ല കഥകള്‍ പറഞ്ഞുതരാനാവൂ…

നിങ്ങള്‍ കുഞ്ഞിക്കുട്ടികള്‍ക്ക് ഞങ്ങളെ അതെഴുതി അറിയിക്കാനൊന്നും അറിയില്ല എന്നും ഞങ്ങള്‍ക്കറിയാം. അതു കൊണ്ട് അമ്മയോടോ അച്ഛനോടോ അമ്മൂമ്മയോടോ അപ്പൂപ്പനോടോ പേട്ടനോടോ ചേച്ചിയോടോ പറഞ്ഞ് നിങ്ങളുടെ ഇഷ്ടവും അഭിപ്രായവും ഞങ്ങളെ ഒന്നറിയിക്കുമോ?  കഥകള്‍ക്ക് താഴെ കമന്റ്‌ ബോക്സ് ഉണ്ട്, നിങ്ങളെ കേള്‍ക്കാന്‍ ഞങ്ങള്‍ കാത്തിരിക്കുന്നു… 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook