കേരള പിറവിയും ശിശുദിനവും ആഘോഷിക്കുന്ന നവംബറിൽ ഐഇ മലയാളം കുട്ടികൾക്കായി ഒരു വിഭാഗം തുടങ്ങുകയാണ്. കുട്ടികളുടെ രചനകളും കുട്ടികൾക്കായി മുതിർന്നവർ എഴുതിയ രചനകളും ഇതിലുണ്ടാകും.

പുതിയ കാലത്ത് ഓൺലൈൻ രംഗത്തെ വായന സജീവമാകുകയും കുട്ടികളും മുതിർന്നവരും ഓൺലൈൻ വായനയിലേയ്ക്ക് കൂടുതലായി കടന്നുവരികയും ചെയ്യുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കുട്ടികളുടെ ലോകത്തെ ഗൗരവമായി കണ്ടുകൊണ്ട് തന്നെയുളള ഉളളടക്കം നൽകുന്നതിനായിരിക്കും പ്രധാനമായും ശ്രദ്ധ ചെലുത്തുക. മലയാളത്തിലെ മാത്രമല്ല, ലോകത്തെ വിവിധയിടങ്ങളിലെ സർഗാത്മക മേഖലകളെ മലയാളത്തിൽ കുട്ടികൾക്കായി അവതരിപ്പിക്കുക എന്നതാണ് ലക്ഷ്യം.

സാഹിത്യം മാത്രമല്ല, മറ്റ് വിഷയങ്ങളും കുട്ടികൾക്കായി അവതരിപ്പിക്കുന്നതിന് ശ്രദ്ധ ചെലുത്തും. നവംബർ ഒന്നിന് മലയാളത്തിലെ പ്രിയ കഥാകാരി പ്രിയ എ എസ് കുട്ടികൾക്കായി എഴുതുന്ന ‘പെരുമഴയത്തെ കുഞ്ഞിതളുകള്‍’ നോവലിലൂടെയും പതിനൊന്നുകാരിയായ അകിയാ കൊമാച്ചിയുടെ ഫൊട്ടോ ഗ്യാലറിയിലൂടെയും ദ് ഇന്ത്യൻ എക്സ്പ്രസ്സിന്റെ ഐ ഇ മലയാളം കുട്ടികൾക്കായുളള പുതിയ വിഭാഗം ആരംഭിക്കുകയാണ്.

പെരുമഴയത്തെ കുഞ്ഞിതളുകള്‍ നോവലിനെ കുറിച്ച് പ്രിയ എഴുതുന്നു

ഇതായിരുന്നില്ല എഴുതാനുദ്ദേശിച്ച കഥാപ്രപഞ്ചം. പ്രളയത്തില്‍ നദികള്‍ ദിശ മാറി ഒഴുകിയതുപോലെ, എന്റെ മനസ്സിലെ കഥയും ദിശ മാറി ഒഴുകിയാണ് ‘പെരുമഴയത്തെ കുഞ്ഞിതളുകളാ’യത്. പ്രളയശേഷം , വേറെ എന്തെങ്കിലും കഥകളുമായി കുട്ടികളുടെ മുന്നില്‍ വരുന്നതില്‍ യാതൊരര്‍ത്ഥവുമില്ലെന്ന് തോന്നി. ഞാന്‍ ജോലി ചെയ്യുന്ന കൊച്ചിന്‍ യൂണിവേഴ്‌സിറ്റി, പ്രളയകാലത്ത് ദുരിതാശ്വാസ ക്യാമ്പ് നടത്താന്‍ തീരുമാനിച്ചില്ലായിരു ന്നെങ്കില്‍, ഈ പ്രളയ ചിത്രങ്ങളിത്രയടുത്ത് എനിക്ക് കിട്ടുമായിരുന്നോ എന്ന് സംശയം. അവിടെ ഞാന്‍ കണ്ടുമുട്ടിയ നനഞ്ഞുവിറങ്ങലിച്ച ഓരോ ജീവിതഏടുകളും ഈ പുസ്തകത്തിന്റെ പിറവിക്കുള്ള നിമിത്തങ്ങളാണ്. പ്രളയകാലം നോവിച്ച ഓരോ കുട്ടിയെയും, ഈ പുസ്തകം ഒരക്ഷരച്ചേക്കുട്ടിയായി കൈ പിടിച്ച് ചേറിനപ്പുറത്തേക്ക് കൊണ്ടുപോകണേ, ഇനിയൊരു പ്രളയം വരാതിരിക്കാന്‍ തക്ക മുന്‍കരുതലുകളെടുക്കാന്‍ തക്ക വണ്ണം ശാസ്ത്രീയമായ ഉള്‍ക്കാഴ്ചകളിലേക്ക് ഒരു പിടി കുഞ്ഞിതളുകളെയെങ്കിലും പ്രേരിപ്പിക്കണേ എന്നുമാണ് എഴുത്തുകാരിയുടെ പ്രാര്‍ത്ഥന.

നോവൽ രണ്ടാം അധ്യായം 

വയലറ്റും ഗ്രീനും

തുടരെത്തുടരെ നിര്‍ത്താമഴ വന്ന് മണ്ണിലും പത്രത്തിലും ടിവിയിലും നിറഞ്ഞപ്പോള്‍, കലക്ടര്‍ തുടരെത്തുടരെ അവധി പ്രഖ്യാപിക്കാന്‍ തുടങ്ങി. എന്നും രാവിലെ എഴുന്നേല്‍ക്കും മുമ്പ് ഗ്രീനും വയലറ്റും ചോദിയ്ക്കും, ‘മമ്മാ പത്രം വന്നോ?’. ‘അവധിയാണ് ‘ എന്ന് മമ്മ പറഞ്ഞാല്‍ രണ്ടാളും കെട്ടിപ്പിടിച്ച് പിന്നെയും കിടന്നുറങ്ങും. മമ്മ ഓഫീസില്‍ പോകാന്‍ നേരത്ത് ഭദ്രകാളിയായി, ‘ ഇനി സ്‌ക്കൂളുള്ള ദിവസമേ നിങ്ങളുരണ്ടും എണീക്കുകയും വല്ലതും കഴിയ്ക്കുകയും ചെയ്യുന്നുള്ളോ ‘എന്ന് ചോദിച്ച് ഉറഞ്ഞു തുള്ളുന്നത് വരെ ആ ഇരട്ടക്കുട്ടികള്‍ രണ്ടാളും കിടന്നുറങ്ങിത്തകര്‍ത്തു .

എണീറ്റാലോ, വല്യമ്മച്ചിയുടെ ശല്യം സഹിക്കാന്‍ വയ്യാതെ വല്ലതും കഴിച്ചെന്ന് വരുത്തി ഫോണില്‍ കുത്തി, ടാബില്‍ കളിച്ച്, ലാപ് ടോപ്പിലേയ്ക്ക് സിനിമ ഡൗണ്‍ലോഡ് ചെയ്ത്, നെറ്റ് ഫ്‌ളിക്‌സ് സിനിമകള്‍ കണ്ട് സദാ വളഞ്ഞുകൂടി ഇരുന്നു.

മമ്മ ഓഫീസില്‍നിന്നു വന്നുകയറുമ്പോള്‍ത്തന്നെ വല്യമ്മച്ചി രണ്ടെണ്ണത്തിനെയും കുറിച്ചുള്ള പരാതികളുമായി മമ്മയെ വരവേറ്റു. ‘ഈ കലക്ടറെ വെടിവച്ചു കൊല്ലണം, മഴയെ തൂക്കിക്കൊല്ലണം’ എന്ന് മമ്മ, ഫോണില്‍ പപ്പയോട് ദേഷ്യം പിടിച്ചപ്പോള്‍ രണ്ടാളും ചവിട്ടിക്കുത്തി അമര്‍ഷം കഴിയുന്നത്ര പ്രകടിപ്പിച്ച് എണീറ്റുപോയി, പേരിനെന്നോണം എന്തെങ്കിലും ഒരു പുസ്തകം നിവര്‍ത്തി.

രണ്ടും എണീറ്റുപോയ തക്കത്തില്‍ വല്യമ്മച്ചി, ടിവി വച്ചു വാര്‍ത്ത കണ്ടു.

ഒരു വലിയബൗളില്‍ നിന്ന് ഒരു സ്‌ക്കൂപ്പ് ഐസ്‌ക്രീം എടുത്തു കൊണ്ടുപോകുന്ന കുട്ടിയെപ്പോലെ മഴവെള്ളം വന്ന് കൂറ്റനൊരു റോഡ് രണ്ടുവശത്തുനിന്നും ചെത്തിക്കൊണ്ടുപോകുന്നതായിരുന്നു ടിവിയില്‍..അതു കണ്ട് വല്യമ്മച്ചി, ‘അയ്യോ എന്നതാ ഈ കാണുന്നേ’ എന്ന് പറഞ്ഞ കുരിശു വരച്ചു.

priya as malayalam writer

ചിത്രീകരണം: ജയകൃഷ്ണൻ

ഒരു രക്ഷാപ്രവര്‍ത്തകന്‍, ഒരു കുഞ്ഞിനെയും കൊണ്ടോടിപ്പാഞ്ഞ് അപ്പുറത്തുകടന്നപ്പോഴേയ്ക്കും അയാള്‍ കടന്നുവന്ന പാലത്തെയും കൊണ്ട് മലവെള്ളപ്പാച്ചില്‍ കടന്നുകളഞ്ഞതു കണ്ട് വല്യമ്മച്ചി അന്തം വിട്ടിരുന്നു.

വെള്ളം വന്ന് ഞെരിച്ചപ്പോള്‍, കൂറ്റനൊരു കരിങ്കല്‍ വീട് ചുള്ളിക്കമ്പു നാട്ടി മണ്ണില്‍ ഉണ്ടാക്കിയ കളിവീടുപോലെ നിലം പൊത്തുന്ന രംഗം ടി വി കാണിച്ചപ്പോള്‍, വല്യമ്മച്ചി കരയാറായി.

‘വല്യമ്മച്ചിക്കെന്നതാ പറ്റിയെ, അത് ടീവീലല്ലേ, അങ്ങ് വയനാട്ടിലല്ലേ, പാലക്കാടല്ലേ’ എന്നു ചോദിച്ച് ‘പേടിത്തൊണ്ടി വല്യമ്മച്ചി’ എന്നു വിളിച്ച് താഴേയ്ക്കിറങ്ങിവന്നതായിരുന്നു ഇരട്ടക്കുട്ടികള്‍. പക്ഷേ, ടി വി രംഗങ്ങള്‍ കണ്ട് അവരും പേടിച്ചുപോയി.

മഴയുടെ കാലിലും കൈയിലും മനുഷ്യന്‍ ഇടാന്‍ നോക്കിയ ചങ്ങലകളെല്ലാം തട്ടിപ്പൊട്ടിച്ചെറിഞ്ഞ് ഊക്കോടെ തുള്ളിയലറി പെരുംശംഖൂതി, പെരുങ്കണ്ണ് തുറിപ്പിച്ച്, പെരും നാവ് നീട്ടിവളച്ച് ‘ആരെങ്ങനെ പൂട്ടിയാലും അടങ്ങില്ല ഞാന്‍’ എന്നലറിവിളിച്ച് മഴത്തെയ്യം വരുന്നതു കണ്ട് അവര്‍ രണ്ടും നിശ്ചലരായി.

ആളുകള്‍,പൂച്ചകള്‍,കോഴികള്‍,ആടുകള്‍,തോണികള്‍,കാറുകള്‍,കിളികള്‍,വീടുകള്‍,പാവകള്‍,പാത്രങ്ങള്‍,കിടക്കകള്‍,ഫ്രിഡ്ജുകള്‍,പാമ്പുകള്‍ എല്ലാമെല്ലാം വെള്ളത്തില്‍

ചക്രങ്ങളുള്ളവരും പങ്കായങ്ങളുള്ളവരും ചിറകുള്ളവരും ഒഴുകുന്നു. ജീവനുള്ളവരും ജീവനില്ലാത്തവയും ഒഴുകുന്നു. കണ്ണീരും മഴയും ഒന്നായൊഴുകുന്നു.

ഗ്രീന്‍ നിറമുള്ള ഇലകള്‍ക്കും വയലറ്റ് നിറമുള്ള പൂവുകള്‍ക്കും എക്കല്‍ വെള്ളത്തിന്റെ തവിട്ടുനിറമാകുന്നത് നോക്കി ഗ്രീനും വയലറ്റും ടി വിയുടെ മുന്നിലിരുന്നു.

വല്യമ്മച്ചി പറഞ്ഞു. ‘ടി വി പറയണത് കേട്ടില്ലായോ, എപ്പഴാ ഇവിടം വിട്ട് പോകേണ്ടി വരുന്നതെന്നാര്‍ക്കറിയാം! വെക്കം ചെന്ന് രണ്ട് ഉടുപ്പും ഒരു തോര്‍ത്തും എടുത്ത് ഒരു ബാഗിലേയ്ക്ക് വയ്ക്ക്,വിക്‌സും ജലദോഷംവന്ന് മൂക്കടയുമ്പോഴൊഴിക്കാറുള്ള തുള്ളി മരുന്നും എടുക്കാന്‍ മറക്കണ്ട’

Read in English Logo Indian Express

‘ഇങ്ങോട്ട് വരുമോ വെള്ളം ,ഇത് പൊക്കത്തിലുള്ള സ്ഥലമല്ലേ, ഇത് രണ്ടുനില വീടല്ലേ, മുകളിലെ നിലയിലിരുന്നാല്‍ സേഫല്ലേ’ എന്ന് ചോദിച്ചു ഗ്രീന്‍. ‘അങ്ങനെയൊക്കെത്തന്നെ വിചാരിച്ചിരുന്നവരാണ് ഇപ്പോളീ കരയുന്നതും നീന്തുന്നതും വീഴുന്നതും മരിക്കുന്നതും’ എന്നു പറഞ്ഞു വല്യമ്മച്ചി.

‘എന്നോടും വല്യമ്മച്ചിയോടും തര്‍ക്കിച്ച് ജയിക്കുന്നതു പോലെ മഴവെള്ളത്തിമര്‍പ്പിനോട് വാദിച്ച് ജയിക്കാന്‍ പറ്റില്ല ഗ്രീന്‍’ എന്നിത്തിരി ദേഷ്യം കാണിച്ചു മമ്മ.

പിന്നെ മമ്മ, മമ്മയ്ക്കു വേണ്ടിയും വല്യമ്മച്ചിക്കു വേണ്ടിയും ഓരോ എമര്‍ജന്‍സി ബാഗൊരുക്കി. വല്യമ്മച്ചീടെ റേഡിയോ എടുക്കാന്‍ മറക്കരുതെന്ന് വല്യമ്മച്ചി പ്രത്യേകം ഓര്‍മ്മിപ്പിച്ചു. അതില്ലതെ ചലച്ചിത്രഗാനങ്ങളില്ലാതെ വല്യമ്മച്ചി എങ്ങനെ ജീവിക്കും! പാന്‍ കാര്‍ഡും എ റ്റി എം കാര്‍ഡും ചെക്ക് ബുക്കുകളും വെള്ളം കയറാത്ത ഫയലിലിട്ടു മമ്മ ബാഗിലേയ്ക്കെടുത്തു വച്ചു.

അവര്‍ രണ്ടാളും ടെറസ്സില്‍ പോയി ആകാശം നോക്കി.മഴ ,ആകാശത്തെ മൂടിക്കളഞ്ഞിരിക്കുന്നു.രണ്ടിനെയും പറത്തിക്കളയുമെന്നപോലെ കാറ്റ് വന്നു. തണുത്തുവിറച്ചുനിന്ന്, ജാസ്‌ ക്‌ളാസില്‍ വരാറുള്ള അബു പാടുന്ന പാട്ട് അവര്‍ പാടിനോക്കി.’മഴ പോ, മഴ പോ, മഴയ്ക്കു ചക്കര പീര തരാം’ എന്ന ആ പാട്ടിനെ തട്ടിത്തെറിപ്പിച്ച് ‘പീരയല്ല ,കരകളാണ് എനിക്കു വേണ്ടത് ‘ എന്ന് വയലറ്റിനോട് അപ്പോള്‍ മഴ ഗര്‍ജ്ജിച്ചു.

ആലുവയെ നിമിഷം കൊണ്ട് ഒരു മിഠായിപോലെ അലിയിച്ച് ഇല്ലാതാക്കുകയാണ് വെള്ളം എന്ന് ടിവി പറഞ്ഞു. ‘ക്‌ളാസിലെ കാര്‍ത്തിക്കിന്റെ വീട് ആലുവയിലാണ്. പക്ഷേ അവരുടെ ഫോണ്‍ റിങ് ചെയ്യുന്നില്ല ‘എന്നു ഗ്രീന്‍ ആധിപിടിച്ച് മമ്മയോട് പറഞ്ഞു.’ഒരിടത്തും കറന്റില്ല ,ഫോണില്ല , അത്രയേയുള്ളു.അവനൊന്നും പറ്റിയിട്ടുണ്ടാവില്ല’ എന്നു മമ്മ അവളുടെ തലയില്‍ തലോടിപ്പറഞ്ഞു. ഗ്രീന്‍ ഓടിപ്പോയി, എല്ലാ മൊബൈലുകളും ചാര്‍ജ് ചെയ്യാനിട്ടു. മെഴുകുതിരിയും തീപ്പെട്ടിയും റെഡിയാക്കി വച്ചു. ടോര്‍ച്ചും എമര്‍ജന്‍സി ലാംപും തപ്പിയെടുത്തു.

priya as malayalam writer, jayakrishnan

ചിത്രീകരണം: ജയകൃഷ്ണൻ

രാത്രി മമ്മയെ കെട്ടിപ്പിടിച്ച് കിടന്നുറങ്ങുന്നതിനിടെ പലതവണ രണ്ടാളും കാലെത്തിച്ച് താഴെ നിലത്ത് തൊട്ടുനോക്കിചോദിച്ചു, ‘നമ്മടെ വീട്ടിലും വെള്ളം കേറിയോ മമ്മാ?’  ‘ഇല്ല മക്കളേ’ എന്ന് പറഞ്ഞെങ്കിലും മമ്മ പലതവണ ഉറക്കം മുറിഞ്ഞ് ‘ചോദിക്കാതേം പറയാതേം മിറ്റത്തെത്തീട്ടു ണ്ടോ വെള്ളപ്പാച്ചില്‍’ എന്ന് ജനലിനടുത്ത് ചെന്നുനിന്നു നോക്കി. പിന്നെ അടുത്ത മുറിയില്‍ പോയി നിന്ന് കുട്ടികളുടെ പപ്പയെ ദുബായിലേക്ക് ഫോണ്‍ ചെയ്ത്, ‘സാരമില്ല, ഇവിടെ എനിക്ക് മാനേജ് ചെയ്യാവുന്ന തേയുള്ളൂ, പേടിക്കണ്ട’ എന്ന് പറഞ്ഞു.

 

പൂർണ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന ബാലസാഹിത്യ സമാഹാരത്തിലെ നോവലിൽ നിന്ന്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook