കേരള പിറവിയും ശിശുദിനവും ആഘോഷിക്കുന്ന നവംബറിൽ ഐഇ മലയാളം കുട്ടികൾക്കായി ഒരു വിഭാഗം തുടങ്ങുകയാണ്. കുട്ടികളുടെ രചനകളും കുട്ടികൾക്കായി മുതിർന്നവർ എഴുതിയ രചനകളും ഇതിലുണ്ടാകും.

പുതിയ കാലത്ത് ഓൺലൈൻ രംഗത്തെ വായന സജീവമാകുകയും കുട്ടികളും മുതിർന്നവരും ഓൺലൈൻ വായനയിലേയ്ക്ക് കൂടുതലായി കടന്നുവരികയും ചെയ്യുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കുട്ടികളുടെ ലോകത്തെ ഗൗരവമായി കണ്ടുകൊണ്ട് തന്നെയുളള ഉളളടക്കം നൽകുന്നതിനായിരിക്കും പ്രധാനമായും ശ്രദ്ധ ചെലുത്തുക. മലയാളത്തിലെ മാത്രമല്ല, ലോകത്തെ വിവിധയിടങ്ങളിലെ സർഗാത്മക മേഖലകളെ മലയാളത്തിൽ കുട്ടികൾക്കായി അവതരിപ്പിക്കുക എന്നതാണ് ലക്ഷ്യം.

സാഹിത്യം മാത്രമല്ല, മറ്റ് വിഷയങ്ങളും കുട്ടികൾക്കായി അവതരിപ്പിക്കുന്നതിന് ശ്രദ്ധ ചെലുത്തും. നവംബർ ഒന്നിന് മലയാളത്തിലെ പ്രിയ കഥാകാരി പ്രിയ എ എസ് കുട്ടികൾക്കായി എഴുതുന്ന ‘പെരുമഴയത്തെ കുഞ്ഞിതളുകള്‍’ നോവലിലൂടെയും പതിനൊന്നുകാരിയായ അകിയാ കൊമാച്ചിയുടെ ഫൊട്ടോ ഗ്യാലറിയിലൂടെയും ദ് ഇന്ത്യൻ എക്സ്പ്രസ്സിന്റെ ഐ ഇ മലയാളം കുട്ടികൾക്കായുളള പുതിയ വിഭാഗം ആരംഭിക്കുകയാണ്.

പെരുമഴയത്തെ കുഞ്ഞിതളുകള്‍ നോവലിനെ കുറിച്ച് പ്രിയ എഴുതുന്നു

ഇതായിരുന്നില്ല എഴുതാനുദ്ദേശിച്ച കഥാപ്രപഞ്ചം. പ്രളയത്തില്‍ നദികള്‍ ദിശ മാറി ഒഴുകിയതുപോലെ, എന്റെ മനസ്സിലെ കഥയും ദിശ മാറി ഒഴുകിയാണ് ‘പെരുമഴയത്തെ കുഞ്ഞിതളുകളാ’യത്. പ്രളയശേഷം , വേറെ എന്തെങ്കിലും കഥകളുമായി കുട്ടികളുടെ മുന്നില്‍ വരുന്നതില്‍ യാതൊരര്‍ത്ഥവുമില്ലെന്ന് തോന്നി. ഞാന്‍ ജോലി ചെയ്യുന്ന കൊച്ചിന്‍ യൂണിവേഴ്‌സിറ്റി, പ്രളയകാലത്ത് ദുരിതാശ്വാസ ക്യാമ്പ് നടത്താന്‍ തീരുമാനിച്ചില്ലായിരു ന്നെങ്കില്‍, ഈ പ്രളയ ചിത്രങ്ങളിത്രയടുത്ത് എനിക്ക് കിട്ടുമായിരുന്നോ എന്ന് സംശയം. അവിടെ ഞാന്‍ കണ്ടുമുട്ടിയ നനഞ്ഞുവിറങ്ങലിച്ച ഓരോ ജീവിതഏടുകളും ഈ പുസ്തകത്തിന്റെ പിറവിക്കുള്ള നിമിത്തങ്ങളാണ്. പ്രളയകാലം നോവിച്ച ഓരോ കുട്ടിയെയും, ഈ പുസ്തകം ഒരക്ഷരച്ചേക്കുട്ടിയായി കൈ പിടിച്ച് ചേറിനപ്പുറത്തേക്ക് കൊണ്ടുപോകണേ, ഇനിയൊരു പ്രളയം വരാതിരിക്കാന്‍ തക്ക മുന്‍കരുതലുകളെടുക്കാന്‍ തക്ക വണ്ണം ശാസ്ത്രീയമായ ഉള്‍ക്കാഴ്ചകളിലേക്ക് ഒരു പിടി കുഞ്ഞിതളുകളെയെങ്കിലും പ്രേരിപ്പിക്കണേ എന്നുമാണ് എഴുത്തുകാരിയുടെ പ്രാര്‍ത്ഥന.

നോവൽ അവസാനിക്കുന്നു
എല്‍ദോ

എല്‍ദോയുടെ പിറന്നാള്‍ സെപ്റ്റംബറവസാനമാണ്. ക്‌ളാസിലെ മുപ്പതുപേരെയും വീട്ടിലേക്ക് വിളിക്കണം, പിറന്നാളാഘോഷം പൊടിപൊടിക്കണം എന്നാണ് എല്‍ദോ കരുതിയിരുന്നത്.

പക്ഷേ, ഈ പ്രളയദുരന്തങ്ങള്‍ കണ്ട് മനസ്സുമരവിച്ചിരിക്കുമ്പോള്‍ എന്ത് പിറന്നാളാഘോഷം എന്ന് എല്‍ദോയുടെ അമ്മ പറഞ്ഞു. അത് ശരിയാണെന്നും ശരിയല്ലെന്നും ഒരേസമയം തോന്നി എല്‍ദോയ്ക്ക്.

എല്‍ദോയുടെ അമ്മ പഠിപ്പിക്കുന്ന സ്‌കൂളിലെ കുട്ടികളില്‍ കുറച്ചുപേരുടെ വീടുകളില്‍ പ്രളയം കനത്ത പരിക്കുകളേല്‍പ്പിച്ചിരുന്നു. എവിടെ തുടങ്ങണം, എന്തു ചെയ്യണം എന്നൊന്നും പിടിയില്ലാത്ത അവരെ എങ്ങനെ തുന്നിക്കൂട്ടാം എന്ന് അമ്മ ആലോചിച്ചു വിഷമിക്കുന്ന സമയം കൂടിയായിരുന്നു അത്. ‘അവരൊക്കെ കഷ്ടപ്പെടുമ്പോള്‍ എന്താഘോഷം’ എന്ന് അമ്മ സങ്കടപ്പെട്ടതില്‍ കാര്യമില്ലാതില്ല. അമ്മയുടെ ക്‌ളാസിലെ കുട്ടികളൊക്കെ ഇടക്കിടെ അവരുടെ വീട്ടില്‍ വരാറുണ്ട്.അതുകൊണ്ട് അവരെയെല്ലാം എല്‍ദോക്ക് നന്നായറിയാം..

എല്‍ദോയുടെ അച്ഛനാണ് അപ്പോള്‍ പറഞ്ഞത്, ‘പിറന്നാളാഘോഷം വേണ്ടെന്ന് വച്ചതു കൊണ്ട് പ്രളയദുരന്തം കുറയുകയൊന്നുമില്ലല്ലോ , തന്നെയുമല്ല പിറന്നാളാഘോഷം നടത്തുന്നതുകൊണ്ട് നമുക്ക് കുറച്ചു കുട്ടികളെ സഹിയാക്കാനൊരു വഴി തുറന്നു കിട്ടുകയും ചെയ്യും.’

എന്നിട്ട് അച്ഛന്‍ ചോദിച്ചു.’നമുക്ക് ജീവന്റെ അച്ഛനെക്കൊണ്ട് അപ്പവും ഫ്രൈഡ്‌റൈസും പാചകം ചെയ്യിപ്പിച്ച് പാര്‍ട്ടി നടത്താം, ജീവന്റെ അച്ഛനതൊരു വലിയ സഹായമാവുകയും ചെയ്യും, ശരിയല്ലേ എന്ന് ചോദിച്ചു അച്ഛന്‍..

ജീവന്‍, അമ്മയുടെ ക്‌ളാസിലെ ഏറ്റവും മിടുക്കനായി പഠിക്കുന്ന കുട്ടിയാണ്. നല്ലൊരു പാചകക്കാരനാണ് അവന്റെ അച്ഛന്‍. പക്ഷേ, ജീവന്റെ അച്ഛന്റെ പാചക-ഇടം , കൂറ്റന്‍ പാത്രങ്ങള്‍ , വലുതും ചെറുതുമായ പലതരം അടുപ്പുകള്‍ ഒക്കെ പ്രളയം കൊണ്ടുപോയി തകര്‍ത്തുകളഞ്ഞു.

പിറന്നാളാഘോഷത്തീരുമാനവുമായി ചേര്‍ത്തുവച്ച് , പാചകവുമായി ബന്ധപ്പെട്ടതെല്ലാം ജീവന്റെ അച്ഛന് എല്‍ദോയുടെ അമ്മയും അച്ഛനും വാങ്ങിക്കൊടുത്തു. അതാണ് ഇത്തവണ എല്‍ദോയ്ക്കുള്ള പിറന്നാള്‍ സമ്മാനം എന്ന് അമ്മയും അച്ഛനും പറഞ്ഞു.

എല്‍ദോയുടെ കുഞ്ഞമ്മ, അവര്‍ക്ക് പാചകം ചെയ്യാന്‍ പാകത്തിലൊരു ഷെഡ്ഡ് കെട്ടാനുള്ള രൂപ കൊടുത്തു. അതാണ് ഇത്തവണ നിനക്കുള്ള സമ്മാനം എന്ന് കുഞ്ഞമ്മ എല്‍ദോയോട് പറഞ്ഞു.

ജീവന്റെ കൂട്ടുകാരായ അമ്മു, റീത്ത, ദേവന്‍,പാറു എന്നിവരുടെ അച്ഛന്മാര്‍ ചേര്‍ന്ന് ജീവന്റെ അച്ഛന് ഷെഡ് കെട്ടിക്കൊടുത്തപ്പോള്‍ ആ നാല് വീട്ടുകാര്‍ക്കും ഒരു വരുമാനമായി. പ്രളയശേഷം ജീവിതം എവിടെ നിന്ന് തുടങ്ങണം എന്നറിയാതെ നിന്ന അവര്‍ക്ക് കിട്ടിയ ആ വരുമാനവും അവരുടെ വീട്ടില്‍ അതുവഴി എത്തിയ സന്തോഷവും അവര്‍ ഓരോരുത്തരും എല്‍ദോയുടെ അച്ഛന്റെ കൈകളെടുത്ത് നെഞ്ചില്‍ ചേര്‍ത്ത് നിന്നതും, എല്‍ദോയ്ക്കുള്ള സമ്മാനമാണെന്ന് അമ്മയും അച്ഛനും പറഞ്ഞു.

പിറന്നാളിന് പക്ഷേ അതിഥികള്‍ വരികയായിരുന്നില്ല, എല്‍ദോയും അച്ഛനും അമ്മയും കൂടി ഒരു ‘പകല്‍വീട്ടി’ല്‍ ചെന്ന് അപ്പവും ഫ്രൈഡ് റൈസും ചിക്കനും ബട്ടര്‍ പനീര്‍മസാലയും വിളമ്പുകയായിരുന്നു. ജീവന്റെയും അമ്മുവിന്റെയും റീത്തയുടെയും പാറുവിന്റെയും ദേവന്റെയും വീട്ടുകാരും എല്‍ദോസംഘത്തിനൊപ്പം ചേര്‍ന്നു.

പകല്‍വീടെന്നുവച്ചാല്‍ എന്താണെന്ന് എല്‍ദോയ്ക്ക് അമ്മ പറഞ്ഞുകൊടുത്തു – ജോലിയുള്ള മക്കള്‍ , അവര്‍ ജോലി കഴിഞ്ഞ് തിരിച്ചെത്തും വരെ അവരുടെ വയസ്സായ അച്ഛനെയുമമ്മയെയും സുരക്ഷിതമായി കൊണ്ടുചെന്നിരുത്തുന്ന സ്ഥാപനം.

priya a s ,novel

ചിത്രീകരണം : ജയകൃഷ്ണന്‍

വയറുനിറയെ ആഹാരം കഴിച്ചതിനുശേഷം അവിടുത്തെ വയസ്സായവര്‍, എല്‍ദോയുടെ നെറ്റിയില്‍ കൊടുത്ത ഉമ്മകളും എല്‍ദോയ്ക്ക് കിട്ടുന്ന പിറന്നാള്‍ സമ്മാനങ്ങളാണെന്ന് അമ്മ പറഞ്ഞു.

‘ജീവിതം നെയ്യാനുള്ള നൂലുകള്‍ എപ്പോഴും കൈയിലുണ്ടാവട്ടെ’ എന്നു പറഞ്ഞ് ആ പകല്‍സദനം നടത്തുന്നവര്‍ എല്‍ദോയ്ക്ക് കൊടുത്ത ഷെയ്ക്ക്ഹാന്‍ഡുകള്‍, അതും എല്‍ദോയ്ക്ക് കിട്ടിയ സമ്മാനങ്ങളായിരുന്നു.

‘നല്ല ആഹാരമാണല്ലോ, ന്യായവിലയും,എന്നാല്‍പ്പിന്നെ ഞങ്ങളുടെ ഈ അമ്മമാര്‍ക്കും അച്ഛന്മാര്‍ക്കും എന്നും ആഹാരം എത്തിയ്ക്കാമോ’ എന്നു ചോദിച്ച് ആ ജോലി പകല്‍വീടുനടത്തിപ്പുകാര്‍ ജീവന്റെ, അമ്മുവിന്റെ, റീത്തയുടെ, ദേവന്റെയൊക്കെ വീട്ടുകാരെ സമീപിച്ചതായിരുന്നു എല്‍ദോയ്ക്ക് കിട്ടിയ ഏറ്റവും വലിയ പിറന്നാള്‍ സമ്മാനം.

എല്‍ദോയുടെ പിറന്നാള്‍ആഘോഷം വഴി കുറച്ചു പ്രളയബാധിതര്‍ അവരുടെ ദുരന്തങ്ങളില്‍ നിന്നു കരകയറുന്നതില്‍പ്പരം എന്തു സമ്മാനമാണ് എല്‍ദോയ്ക്ക് വേണ്ടതെന്ന്, എല്‍ദോ പുറത്തിറങ്ങി മുറ്റത്തുനിന്നപ്പോള്‍ ഒരു കുഞ്ഞിക്കിളി വന്ന് എല്‍ദോയോട് ചോദിച്ചു.

‘ഇനി നമുക്ക് വേണമെങ്കില്‍ ജീവനെയും അമ്മുവിനെയും റീത്തയെയും ദേവനെയും കൂട്ടി ഒരു സിനിമയ്ക്ക് പോകാം’ എന്നു പറഞ്ഞു അച്ഛനും അമ്മയും. ഒരു നിമിഷം ഒന്നാലോചിച്ച് ‘വേണ്ട,നമുക്ക് ചേക്കുട്ടിപ്പാവ ഉണ്ടാക്കുന്നയിടത്തുപോയി അതുണ്ടാക്കാം, ഇവിടെ അടുത്തൊരു പാര്‍ക്കില്‍ ഇന്ന് ചേക്കുട്ടി നിര്‍മ്മണ ശില്പശാല ഉണ്ടല്ലോ ‘എന്നു എല്‍ദോ പറഞ്ഞതനുസരിച്ച് അവരെല്ലാവരും അങ്ങോട്ടുപോയി.

വലിയ ആള്‍ക്കൂട്ടമായിരുന്നു പാര്‍ക്കില്‍.

ആള്‍ക്കൂട്ടത്തിന്റെ ഓരത്തിരുന്ന്, അവിടവിടെയായി കറ പിടിച്ച ഒരു ചേന്ദമംഗലം കസവുസാരിയെടുത്ത് അതില്‍ 360 വട്ടങ്ങള്‍ കോംപസുകൊണ്ട് വരച്ചു റീത്ത.

അതോരോന്നും മുറിച്ചെടുത്തത് അമ്മു.

റീത്ത, പാവയ്ക്കായി ചരടുകള്‍ പാകത്തിനിഴ പിരിച്ചെടുത്തു മാറ്റി വച്ചു.

ദേവന്‍ വട്ടത്തുണി നാലായി മടക്കി ഉണ്ടാക്കിയ ത്രികോണയറ്റത്ത് കത്രികത്തുമ്പു കൊണ്ട്, ഉറുമ്പോളം ചെറിയ ഓട്ടയുണ്ടാക്കി അതിലൂടെ ചരടു കയറ്റി.

പഴന്തുണിയുടെ വെട്ടുകഷണങ്ങള്‍ മടക്കിയുരുട്ടി കുഞ്ഞിത്തലയാക്കി ചരടിലൂടെകയറ്റി അതിനു മുകളിലൂടെ വട്ടത്തുണിയിട്ട് കഴുത്തിലൊരു കെട്ടുകെട്ടി, പാവാട വിടര്‍ത്തിയടുക്കി പാവരൂപമാക്കിയത് എല്‍ദോ .

priya a s ,novel

ചിത്രീകരണം : ജയകൃഷ്ണന്‍

കണ്ണുവരച്ചത്, ചുണ്ടില്‍ ചിരി ചേര്‍ത്ത് ജീവന്‍.

രാത്രിയായപ്പോള്‍ ചേക്കുട്ടിയെ രസിപ്പിക്കാനായി കുട്ടികളുടെ ഒരു മ്യൂസിക് ബാന്‍ഡുമെത്തി. ശന്തനു,തന്മയ എന്നീ കുട്ടികളെല്ലാം ചേര്‍ന്നു പാടിയ’ ഇനി വരുന്നൊരു തലമുറയ്ക്ക്,’ എന്ന പാട്ടുകേട്ടാവും ആകാശത്തുനിന്ന് താരകങ്ങള്‍ വന്നെത്തിനോക്കി ചേക്കുട്ടിപ്പിറവിയ്ക്ക് ‘ഹല്ലേലുയ്യ’ പാടാനായി എന്നു തോന്നിയത് അമ്മുവിനാണ്.

‘എത്രപെട്ടെന്നാണ് ഒരു കറകേറിയ പ്രളയത്തുണി ഒരു ചിരിക്കുന്ന പാവയായി മാറിയത് , ഇത്രയും വേഗത്തില്‍ത്തന്നെ കരകയറാം നമുക്ക് പ്രളയപ്പരിക്കുകളല്‍ നിന്ന് ഒരു ചെറുപുഞ്ചിരിയോടെ, അല്ലേ! ‘എന്ന് എല്‍ദോയുടെ അമ്മ, ജീവന്റെ അച്ഛനോട് ചോദിച്ചു.

ജീവന്റെ അച്ഛന്‍ തലയാട്ടുന്നത് നോക്കി, എല്‍ദോ ഉണ്ടാക്കിയ ചേക്കുട്ടിപ്പാവ ചിരിച്ചു.

താനുണ്ടാക്കിയ ഈ ചേക്കുട്ടിപ്പാവയാണ് തനിക്കു കിട്ടിയ ഏറ്റവും വലിയ പിറന്നാള്‍ സമ്മാനമെന്ന് അപ്പോള്‍ എല്‍ദോയ്ക്ക് തോന്നി.

‘ഇതിനേക്കാള്‍ വലിയ സമ്മാനം സ്വപ്‌നങ്ങളില്‍ മാത്രം’ എന്ന് എല്‍ദോയുടെ അമ്മ, അവനെ കെട്ടിപ്പിടിച്ചു.

‘പിറന്നാളായിരുന്നില്ലേ, എവിടെ ഞങ്ങളുടെ പങ്ക് ?’എന്നു ചോദിച്ച് വരും എല്‍ദോയുടെ ക്‌ളാസിലെ കൂട്ടുകാര്‍ എന്നുറപ്പാണല്ലോ. അവര്‍ക്ക് കൊടുക്കാന്‍ മിഠായിയ്ക്ക് പകരം മുപ്പത് ചേക്കുട്ടികളെ വാങ്ങിപ്പിച്ചു എല്‍ദോ.

മുറിയില്‍ മേശപ്പുറത്തിരിപ്പായ പല നിറങ്ങളിലെ മുപ്പതു ചേക്കുട്ടിമാരും കിടക്കയിലെ ഒരു എല്‍ദോയും അങ്ങനെ മിണ്ടിമിണ്ടിക്കിടന്നു രാത്രിയില്‍.

പതുക്കെ എല്‍ദോ ഉറങ്ങിപ്പോയി.

ചേക്കൂട്ടിമാര്‍, എല്‍ദോ ഉറങ്ങുന്നതും നോക്കി കണ്ണു വിടര്‍ത്തിയിരുന്നു.

ഉറക്കത്തിനിടയിലെപ്പോഴോ എല്‍ദോ, ചേക്കുട്ടിപ്പാട്ട് കേട്ടു.

മുറിവുകളുണ്ടേ ചേക്കുട്ടിക്ക്
കറപ്പാടുകളുണ്ടേ ചേക്കുട്ടിക്ക്
പക്ഷേ,പ്രളയം പാടി ചേക്കുട്ടി
കുപ്പായത്തുമ്പു വിടര്‍ത്തിപ്പാടി്
മഴ കടന്ന് ചേറു നൂണ്ട് ചേക്കുട്ടി.

‘എന്റെ ചേക്കുട്ടീ, ഞാനൊന്ന് ഉറങ്ങട്ടെ, പതുക്കെപ്പാട് ‘ എന്ന് എല്‍ദോ പറഞ്ഞത് കേട്ടുകൊണ്ടുവന്ന അമ്മ , എല്‍ദോയേയും എൽദോയ്ക്കേറ്റവും ഇഷ്ടപ്പെട്ട ചുവന്ന ചേക്കുട്ടിയെയും ഒന്നു തലോടി.

പൂർണ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന ബാലസാഹിത്യ സമാഹാരത്തിലെ നോവലിൽ നിന്ന്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook