കേരള പിറവിയും ശിശുദിനവും ആഘോഷിക്കുന്ന നവംബറിൽ ഐഇ മലയാളം കുട്ടികൾക്കായി ഒരു വിഭാഗം തുടങ്ങുകയാണ്. കുട്ടികളുടെ രചനകളും കുട്ടികൾക്കായി മുതിർന്നവർ എഴുതിയ രചനകളും ഇതിലുണ്ടാകും.

പുതിയ കാലത്ത് ഓൺലൈൻ രംഗത്തെ വായന സജീവമാകുകയും കുട്ടികളും മുതിർന്നവരും ഓൺലൈൻ വായനയിലേയ്ക്ക് കൂടുതലായി കടന്നുവരികയും ചെയ്യുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കുട്ടികളുടെ ലോകത്തെ ഗൗരവമായി കണ്ടുകൊണ്ട് തന്നെയുളള ഉളളടക്കം നൽകുന്നതിനായിരിക്കും പ്രധാനമായും ശ്രദ്ധ ചെലുത്തുക. മലയാളത്തിലെ മാത്രമല്ല, ലോകത്തെ വിവിധയിടങ്ങളിലെ സർഗാത്മക മേഖലകളെ മലയാളത്തിൽ കുട്ടികൾക്കായി അവതരിപ്പിക്കുക എന്നതാണ് ലക്ഷ്യം.

സാഹിത്യം മാത്രമല്ല, മറ്റ് വിഷയങ്ങളും കുട്ടികൾക്കായി അവതരിപ്പിക്കുന്നതിന് ശ്രദ്ധ ചെലുത്തും. നവംബർ ഒന്നിന് മലയാളത്തിലെ പ്രിയ കഥാകാരി പ്രിയ എ എസ് കുട്ടികൾക്കായി എഴുതുന്ന ‘പെരുമഴയത്തെ കുഞ്ഞിതളുകള്‍’ നോവലിലൂടെയും പതിനൊന്നുകാരിയായ അകിയാ കൊമാച്ചിയുടെ ഫൊട്ടോ ഗ്യാലറിയിലൂടെയും ദ് ഇന്ത്യൻ എക്സ്‌പ്രസ്സിന്റെ  ഐ ഇ മലയാളം കുട്ടികൾക്കായുളള പുതിയ വിഭാഗം ആരംഭിക്കുകയാണ്.

പെരുമഴയത്തെ കുഞ്ഞിതളുകള്‍ നോവലിനെ കുറിച്ച് പ്രിയ എഴുതുന്നു

ഇതായിരുന്നില്ല എഴുതാനുദ്ദേശിച്ച കഥാപ്രപഞ്ചം. പ്രളയത്തില്‍ നദികള്‍ ദിശ മാറി ഒഴുകിയതുപോലെ, എന്റെ മനസ്സിലെ കഥയും ദിശ മാറി ഒഴുകിയാണ് ‘പെരുമഴയത്തെ കുഞ്ഞിതളുകളാ’യത്. പ്രളയശേഷം , വേറെ എന്തെങ്കിലും കഥകളുമായി കുട്ടികളുടെ മുന്നില്‍ വരുന്നതില്‍ യാതൊരര്‍ത്ഥവുമില്ലെന്ന് തോന്നി. ഞാന്‍ ജോലി ചെയ്യുന്ന കൊച്ചിന്‍ യൂണിവേഴ്‌സിറ്റി, പ്രളയകാലത്ത് ദുരിതാശ്വാസ ക്യാമ്പ് നടത്താന്‍ തീരുമാനിച്ചില്ലായിരു ന്നെങ്കില്‍, ഈ പ്രളയ ചിത്രങ്ങളിത്രയടുത്ത് എനിക്ക് കിട്ടുമായിരുന്നോ എന്ന് സംശയം. അവിടെ ഞാന്‍ കണ്ടുമുട്ടിയ നനഞ്ഞുവിറങ്ങലിച്ച ഓരോ ജീവിതഏടുകളും ഈ പുസ്തകത്തിന്റെ പിറവിക്കുള്ള നിമിത്തങ്ങളാണ്. പ്രളയകാലം നോവിച്ച ഓരോ കുട്ടിയെയും, ഈ പുസ്തകം ഒരക്ഷരച്ചേക്കുട്ടിയായി കൈ പിടിച്ച് ചേറിനപ്പുറത്തേക്ക് കൊണ്ടുപോകണേ, ഇനിയൊരു പ്രളയം വരാതിരിക്കാന്‍ തക്ക മുന്‍കരുതലുകളെടുക്കാന്‍ തക്ക വണ്ണം ശാസ്ത്രീയമായ ഉള്‍ക്കാഴ്ചകളിലേക്ക് ഒരു പിടി കുഞ്ഞിതളുകളെയെങ്കിലും പ്രേരിപ്പിക്കണേ എന്നുമാണ് എഴുത്തുകാരിയുടെ പ്രാര്‍ത്ഥന.

നോവൽ ഭാഗം ​ഏഴ്
അല്ലി

അല്ലി എന്ന അഞ്ചാം ക്‌ളാസുകാരിക്ക് സ്കൂളിൽ പോകാനേ ഇഷ്ടമുണ്ടായി രുന്നില്ല.യൂണിഫോമിടാനേ ഇഷ്ടമുണ്ടായിരുന്നില്ല. പഠിക്കാനേ ഇഷ്ടമുണ്ടായി രുന്നില്ല

‘ശബരിമല കയറുന്നതില്‍ക്കൂടുതല്‍ പടി കയറണം എന്റെ സ്‌കൂളിലേയ്ക്ക് ‘എന്നാണ് ശബരിമല കണ്ടിട്ടില്ലെങ്കിലും അവള്‍, എല്ലാവരോടും പറയുമായിരുന്നത്.ബാഗും കുടയും വെള്ളവും ചോറും പിന്നെ കുറേ പുസ്തകങ്ങളും നോട്ട് ബുക്കുകളുമൊക്കെയായിട്ട് പടികള്‍ കയറേണ്ടി വരുമ്പോഴെല്ലാം, ബാഗ് വല്ല കാട്ടിലും കൊണ്ടുക്കളഞ്ഞിട്ട് കൈ വീശി വീശി ഓടിയോടി കയറണം സ്‌കൂളിലേയ്ക്ക് എന്നായിരുന്നു അവളുടെ മോഹം.

യൂണിഫോമെല്ലാമെടുത്ത് കാറ്റില്‍ പറത്തിവിടണം എന്നും ഓരോ ദിവസവും നിറമുള്ള ഉടുപ്പുകള്‍ മാറിമാറിയിട്ട് സ്‌കൂളില്‍ പോകണമെന്നുമായിരുന്നു അവളുടെ കൊതി. മുകളില്‍ വെള്ളയും താഴെ നീലയും എന്ന കോമ്പിനേഷനിലെ അവളുടെ യൂണിഫോം, ലോകത്തിലെതന്നെ ഏറ്റവും വൃത്തികെട്ട യൂണിഫോമാണ് എന്ന് എല്ലാ ദിവസവും അവളമ്മയോട് വഴക്കുകൂടാറുമുണ്ടായിരുന്നു.

സോഷ്യല്‍സ്റ്റഡീസിലെ ഹുമയൂണിന്റെയും അക്ബറിന്റെയുമൊക്കെ നില്‍പ്പും തലയില്‍ കെട്ടും കാണുമ്പോള്‍ , ‘ഒരു ഹുമയൂണും അക്ബറും വന്നിരിക്കണു കുറേ ഭരണപരിഷ്‌ക്കാരങ്ങളുമായി’ എന്ന് അവള്‍ക്ക് കലികയറുമായിരുന്നു.

പക്ഷേ പ്രളയജലപ്പൊക്കത്തില്‍പ്പെട്ട് അവളുടെ സ്‌കൂളിന് സാരമായ പരിക്കുകൾ പറ്റി. ബഞ്ചുകൾ, കസേരകള്‍, കംപ്യൂട്ടറുകള്‍, ചോക്കുകള്‍, ഡസ്റ്ററുകള്‍ എല്ലാം നശിച്ചുപോയി. ചെളിപിടിച്ച ഭിത്തികള്‍, മരങ്ങള്‍ ഒടിഞ്ഞിവീണ് തകര്‍ന്ന ക്‌ളാസ്‌റൂമുകള്‍, ഇടിഞ്ഞുപൊടിഞ്ഞ് കല്‍ക്കൂമ്പാരം മാത്രമായിത്തീര്‍ന്ന പടികള്‍ – അങ്ങനെ നില്‍ക്കുന്ന സ്കൂളിനെ കണ്ടിട്ട് അല്ലിയ്ക്ക് മനസ്സിലായതുപോലുമില്ല.

സ്‌കൂളിന് അവളെയും മനസ്സിലായില്ല. യൂണിഫോമിനു പകരം, പാകമാകാത്ത ഒരു ചുവപ്പും കറപ്പും ഉടുപ്പുമിട്ട് ബാഗോ പുസ്തകമോ ചെരുപ്പോ ഒന്നുമില്ലാതെ വന്ന അല്ലിയെ, സ്‌ക്കൂളിനെങ്ങനെ മനസ്സിലാകാനാണ് ?

യൂണിഫോമിന് പകരം ഏതൊക്കെയോ ഉടുപ്പിട്ട് വന്നതു കൊണ്ട്, അല്ലിക്ക്  മുന്നേയും പിന്നെയും വന്നവരെ ആരെയും സ്‌കൂളിന് ഒരു തരിപോലും മനസ്സിലായില്ല ആദ്യം. അവരെയൊക്കെ അവരുടെ ശബ്ദം കൊണ്ടു മനസ്സിലായില്ലേ എന്നു ചോദിച്ചാല്‍, അതിനാരെങ്കിലും പരസ്പരം ഒന്നു മിണ്ടിയിട്ടുവേണ്ടേ?

ടീച്ചര്‍ വന്ന് എല്ലാവരെയും കെട്ടിപ്പിടിച്ച്, അവരുടെ ബാഗില്ലായ്മയും ചെരുപ്പില്ലായ്മയും യൂണിഫോമില്ലായ്മയും ഒന്നും ഒരു പ്രശ്‌നമേയല്ല എന്ന മട്ടില്‍ സംസാരിച്ചുതുടങ്ങിയപ്പോഴാണ് കുട്ടികളുടെ നാവിന് അനക്കം വച്ചത്. യൂണിഫോമൊക്കെ വെള്ളം കൊണ്ടുപോയി ചേറില്‍ പൂഴ്ത്തിയതും കുരുത്തോലത്തോരണം പോലെ കീറിരസിച്ചതും അവര്‍ മെല്ലെ പറയാന്‍ തുടങ്ങി.priya a s, novel

അങ്ങനെ അവരുടെയെല്ലാം ശബ്ദം പുറത്തുവന്നപ്പോഴാണ് സ്‌കൂളിനോരുരുത്തരെയും മനസ്സിലായത്. ഓരോ കുട്ടിയെയും വെള്ളപ്പൊക്കം വന്ന് സങ്കടപ്പെടുത്തിയത് ഓരോ തരത്തിലായിരുന്നു. അതെല്ലാം പറയുമ്പോള്‍ ചില കുട്ടികള്‍ കരഞ്ഞു. ചിലര്‍ കല്ലുപോലെ നിന്നു.

‘വീടിനകത്തെ താമസം എന്ന അനുഭവം അനുഭവിച്ചുതന്നെ അറിയാന്‍ വേണ്ടിയും പുഴയില്‍ താമസിക്കുന്നതിനേക്കാള്‍ സുഖമാണോ വീട്ടിനകത്തെ താമസം, അതു കൊണ്ടാവുമോ സ്വന്തമായി ഒരു വീടുണ്ടാവലാണ് ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നമെന്ന് മനുഷ്യര്‍ പറയുന്നത് എന്നറിയാന്‍ വേണ്ടിയുമാണ് ‘ പുഴയില്‍ നിന്ന് വെള്ളം, വീടിനകത്തേക്കു വന്നതെന്ന് ടീച്ചര്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. വീടിന് പുറത്തുതാമസിക്കുന്നതെങ്ങനെയാ എന്നറിയാനാണ് വാഷിങ് മെഷീനും പ്രഷര്‍കുക്കറും റ്റി വിയും കൂടെ പുറത്തേക്ക് ഒഴുകിപ്പോയതെന്ന് അപ്പോഴവര്‍ക്ക് ടീച്ചര്‍ പറയാതെ തന്നെ മനസ്സിലായി. അവരുടെയെല്ലാം മുഖത്തപ്പോള്‍ ഒരു കുഞ്ഞുചിരി വന്നു.

‘ടീച്ചറുടെ വീട്ടിലും വെള്ളം കേറി മറിഞ്ഞല്ലോ, ആ മഴത്തെമ്മാടി ടീച്ചറിന്റെ ബാഗും ചെരിപ്പും ഫോണുമൊക്കെ കൊണ്ടുപോയല്ലോ, എന്നിട്ടും ടീച്ചര്‍ വന്നല്ലോ സ്‌കൂളിലേയ്ക്ക്’എന്നു ടീച്ചര്‍ പറഞ്ഞപ്പോഴാണവര്‍ക്ക് ഇത്തിരി സമാധാനമായത്.

പിന്നെ മഴവെള്ളപ്പൊക്കമുണ്ടാക്കിയ നാശനഷ്ടങ്ങളുടെ കെട്ടുംമട്ടും ഒന്നു പരിഷ്‌ക്കരിച്ചവതരിപ്പിച്ച് ടീച്ചര്‍ അവരെ രസിപ്പിച്ചു ചിരിച്ചു. ‘പഴഞ്ചന്‍ കസേരയും ഡസ്‌ക്കും ചില്ലുപൊട്ടിയ ജനാലയും ലീക്കുള്ള ടാപ്പും തന്നെ കണ്ടുകണ്ട് നമ്മടെ സകൂളിന് വല്ലാത്തൊരു മടുപ്പുതോന്നിയിരുന്നു. ഈ യൂണിഫോമിന്റെ നിറം ഒന്നു മാറ്റണമെന്നും പുതിയ കംപ്യൂട്ടറുകള്‍ വാങ്ങിപ്പിക്കണമെന്നും പുതിയ പുസ്തകങ്ങളൊന്നും ലൈബ്രറിയിലേയ്ക്ക് വരുന്നില്ലല്ലോ എന്നും ഒക്കെ ചിന്തിച്ചിരുന്നു സ്കൂള്‍. നിങ്ങളുടെ വീടിനുമുണ്ടായിരുന്നു പരാതി. ഈ ദോശക്കല്ല് പഴയതായി, ഇതൊന്നു മാറ്റ് , ഈ കര്‍ട്ടന്റെ നിറം എനിക്കിഷ്ടമല്ല, ഈ സോഫ മുഷിഞ്ഞു എന്നൊക്കെ വീട് പരാതി പറയുമ്പോൾ ആ പിന്നെയാവട്ടെ എന്നു പറയാറുണ്ടായിരുന്നില്ലേ അച്ഛനും അമ്മയും? ഇനി സ്‌കൂളിനും വീടിനും നിങ്ങള്‍ക്കിഷ്ടമുള്ള നിറത്തില്‍ പെയിന്റടിക്കും. നിങ്ങളുടെ സ്‌കൂള്‍ യൂണിഫോമിന്റെ നിറവും മാറ്റാന്‍പോവുകയാണ്. അതൊക്കെ നല്ല കാര്യമല്ലേ?

അങ്ങനെയങ്ങനെ ടീച്ചര്‍ ഓരോന്നുപറഞ്ഞപ്പോള്‍, അവരുടെ മുഖമെല്ലാം വിടര്‍ന്നു. ‘ജീവിതത്തില്‍ ചീത്തക്കാര്യങ്ങള്‍ ചേറുപോലെ അടിഞ്ഞുകൂടുമ്പോഴും, അതിലെവിടെയെങ്കിലുമൊരു താമരക്കിഴങ്ങ് വീണിട്ടുണ്ടാവും അത് കിളിര്‍ക്കുന്നുണ്ടോ എന്ന് നോക്കിയിരിക്കണം നമ്മള്‍’ എന്നു പറഞ്ഞു ടീച്ചര്‍. എന്നിട്ട്, ചേറില്‍ നിന്നു കഴുത്തുനീട്ടി ലോകത്തെ നോക്കി ചിരിച്ചാടി നില്‍ക്കുന്ന ഒരു താമരപ്പൂ ബോര്‍ഡില്‍ ടീച്ചര്‍ വരച്ചിട്ടു. അപ്പോള്‍ കുട്ടികള്‍ എണീറ്റുനിന്ന് കൈയടിച്ചു.

‘ക്‌ളാസാകെ അലങ്കോലമായിക്കിടക്കുന്നത് കൊണ്ട് നമുക്കിനി നമ്മുടെ മഞ്ചാടിച്ചോട്ടില്‍ കാറ്റും കൊണ്ടിരുന്ന് സംസാരിക്കാ’മെന്ന് ടീച്ചറവരോട് പറഞ്ഞപ്പോള്‍ അവരാര്‍ത്തുവിളിച്ച് പുറത്തേക്കോടി.priya a s, novel

വെളുത്ത കടലാസ്സില്‍ രണ്ടു വലിയ കരിങ്കറുപ്പു കുത്തിട്ട് ടീച്ചര്‍ അതുയര്‍ത്തിക്കാണിച്ചു കൊടുത്തു പിന്നെയും വിസ്തരിച്ചു.

പ്രളയം, ഒന്നു രണ്ടു വലിയ കറുത്ത കുത്തുകള്‍ നമ്മുടെയൊക്കെ ജീവിതത്തിലേക്ക് കൊണ്ടുവന്നെങ്കിലെന്താണ്? ആ കറുത്ത കുത്തിനപ്പുറമിപ്പുറമൊക്കെ വെളുപ്പ് തന്നെയല്ലേ? പ്രളയ കാലത്ത് നമ്മളെ പൊക്കിയെടുത്തു കൊണ്ടു പോയ ഹെലിക്കോപ്റ്റര്‍, വെള്ളത്തില്‍ മുട്ടുകുത്തിനിന്ന് ‘ബോട്ടിലേക്കുള്ള പടിയായി എന്റെ നടുവ് ഉപയോഗിച്ചോളൂ ,അങ്ങനെ ചവിട്ടിക്കയറിക്കോളൂ’ എന്നു പറഞ്ഞ ഒരാള്‍ , നമുക്കായി ദുരിതാശ്വാസക്യാമ്പ് നടത്തി നേരത്തും കാലത്തും നമ്മളെ ഊട്ടിയുറക്കിയവര്‍ – അവരൊക്കെ ഇല്ലായിരുന്നെങ്കിലോ ? അവരൊക്കെ ചേര്‍ന്ന് ജീവിതത്തിന്റെ എന്തുമാത്രം വെളുപ്പാണ് നമുക്ക് കാണിച്ചുതന്നത് ? അവരില്ലായിരുന്നെങ്കിലോ? പ്രളയത്തിന്റെ കറുത്ത കുത്തുകള്‍ വലുതായി വലുതായി വന്ന് നമ്മള്‍ മുഴുവനായും ആ കറുപ്പില്‍പ്പെട്ട് ഇല്ലാതായിപ്പോയേനെ, അല്ലേ ?

ശരിയാണല്ലോ എന്നോര്‍ത്തു കുട്ടികള്‍.

‘വെള്ളപ്പൊക്കം വന്നെങ്കിലെന്താ? നിറയെ നിറയെ സ്വപ്‌നം കാണാന്‍ പറ്റുന്ന മനസ്സില്ലേ ഇപ്പോഴും നമുക്ക്? മുറ്റത്തെയും സ്‌ക്കൂളിലെയും ചേറ് കോരിക്കളയാവുന്നതല്ലേയുള്ളു , നമുക്കൊക്കെ ജീവന്‍ ബാക്കിയില്ലേ? നമ്മളാരും മരിച്ചുപോയിട്ടില്ലല്ലോ ‘എന്ന് ടീച്ചര്‍ ചോദിച്ചത് അല്ലിയോടാണ്. ശരിയാണല്ലോ എന്നോര്‍ത്തു അല്ലി.

‘ഹൈഡ്രോക്ലോറിക് ആസിഡും ട്യൂണിങ് ഫോര്‍ക്കും പഞ്ചായത്തിരാജും കുറച്ചുദിവസം സ്‌ക്കൂളിന് പുറത്തുനില്‍ക്കട്ടെ, അവര്‍ക്കും വേണ്ടേ ഒരു മാറ്റം? നമുക്ക് പതുക്കെപ്പതുക്കെ നമ്മുടെ സ്‌കൂളും വീടും നമ്മളെയത്തന്നെയും ചില അറ്റകുറ്റപ്പണികള്‍ ചെയ്ത് ശരിയാക്കാം അത്രയും നേരം കൊണ്ട് ‘എന്ന് ടീച്ചര്‍ പറഞ്ഞത് അവര്‍ക്ക് വല്ലാതെ രസിച്ചു. ഹൈഡ്രോ ക്‌ളോറിക് ആസിഡും ട്യൂണിങ് ഫോര്‍ക്കും സ്‌കൂള്‍ഗേറ്റിന് പുറത്ത് നില്‍ക്കുന്നുണ്ടോ എന്ന് എത്തിനോക്കാന്‍ അവര്‍ ജനലരികിലേക്കോടി.
.
പുറത്തുവന്നു നിന്ന ഇന്നോവയില്‍ നിന്നിറങ്ങി വന്നവരിലേക്ക് അവരുടെ ശ്രദ്ധ പോയി അപ്പോള്‍.

‘നമ്മള്‍ക്കെന്ത് സഹായമാണ് വേണ്ടത് എന്നു ചോദിച്ചെത്തിയ തൊട്ടുത്തുള്ള കോളേജുകാരണിവര്‍’ എന്ന് പ്രിന്‍സിപ്പല്‍ കുറച്ചുകഴിഞ്ഞ് അവരെയെല്ലാം കൂട്ടി വന്ന് കുട്ടികളോട് പറഞ്ഞു.

കുട്ടികളുടെ കൂടെ അവരുമിരുന്നു മരച്ചോട്ടില്‍.വെള്ളം കാരണം പരിക്കുകള്‍ പറ്റിയ സ്‌കൂളിനെ പിടിച്ചെഴുന്നേല്‍പ്പിക്കേണ്ടത് എങ്ങനെയൊക്കെയാണ് എന്ന് അവര്‍ കുട്ടികളെ സാക്ഷി നിര്‍ത്തി ടീച്ചര്‍മാരുമായി ചര്‍ച്ച ചെയ്തു.

സ്‌കൂളിന് പുതിയ ചായങ്ങള്‍ പൂശാമെന്നും അതില്‍ മുഴുവനും അവരെക്കൊണ്ടുതന്നെ ചിത്രങ്ങള്‍ വരച്ചു ചേര്‍ക്കാമെന്നും അവര്‍ കുഞ്ഞുങ്ങള്‍ക്കുറപ്പു കൊടുത്തു. പഴയ യൂണിഫോമിലെ നീലയും വെള്ളയും മാറ്റി പൂപ്പല്‍പ്പച്ച താഴെയും ചാമ്പയ്ക്കച്ചോപ്പ് മുകളിലും ആക്കാം യൂണിഫോമിന്, അപ്പോള്‍ ചാമ്പക്കാമരങ്ങള്‍ നിറയെ കുലച്ചുനില്‍ക്കുമ്പോലെ തോന്നും എന്നും ആ ഇന്നോവയാളുകള്‍ കുട്ടികളോട് പറഞ്ഞു.

‘പുസ്തകങ്ങള്‍, പെന്‍സില്‍ ബോക്‌സുകള്‍, ചെരിപ്പുകള്‍,ബാഗുകള്‍ ഇവയെല്ലാമായി വരാം അടുത്തയാഴ്ച’ എന്നു പറഞ്ഞവര്‍ പോയപ്പോള്‍, അല്ലിക്ക് ഉറപ്പായി ടീച്ചര്‍ കാണിച്ച കടലാസ്സില്‍ കറുത്ത കുത്തുകള്‍ കുറച്ചേയുള്ളുവെന്നും വെളുപ്പാണ് കടലാസ്സിലും ജീവിതത്തിലും കൂടുതലും എന്നും.

വീട്ടില്‍ ചെന്നും അല്ലി അതു തന്നെ പറഞ്ഞു,’അപ്പായുടെ സ്കൂട്ടര്‍ പഴയതായിരുന്നില്ലേ? അതിനെ വെള്ളം കേറിവന്ന് ഒടിച്ചുമടക്കിയതില്‍ ഇത്ര സങ്കടപ്പെടാനൊന്നുമില്ല.അതു പോയില്ലെങ്കില്‍ നമ്മള്‍ പുതിയതൊന്ന് വാങ്ങാനാലോചിക്കുമായിരുന്നോ, ഇല്ലല്ലോ. നമ്മള് മരിച്ചുപോയൊന്നുമില്ലല്ലോ. പ്രാണനില്ലേ നമുക്ക്, ജോലി ചെയ്യാന്‍ കൈകളും സ്വപ്‌നം കാണാന്‍ തലച്ചോറുമില്ലേ നമുക്ക്?’

ടീച്ചര്‍ പറഞ്ഞ ഒരു വാചകം, ടീച്ചറിന്റെ അതേ മട്ടില്‍ ‘ഒന്നു മുന്നോട്ടു നടന്ന് പിന്നെ ഒന്ന് തിരിഞ്ഞുനോക്കി’ അവള്‍ അമ്മയോടുമച്ഛനോടും പറഞ്ഞു, ‘നമുക്ക് പഴയ കേരളം തിരിച്ചുപിടിക്കാമെന്നല്ല, പുതിയ കേരളം നെയ്‌തെടുക്കാമെന്നാണ് വിചാരിക്കേണ്ടത്.’

ഭിത്തിയിലിരുന്ന പച്ചപ്പുല്‍ച്ചാടിക്ക് പോലും അതു ശരിയാണെന്ന് തോന്നി. അത് അങ്ങോട്ടിങ്ങോട്ട് ഇളകിച്ചാടി, ‘അതെ,അതെ’ എന്നു പറയുന്നത് അല്ലി, അച്ഛനെയുമമ്മയെയും കാണിച്ചു കൊടുത്തു.

പൂർണ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന ബാലസാഹിത്യ സമാഹാരത്തിലെ നോവലിൽ നിന്ന്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook