Latest News

ശന്തനു-കുട്ടികളുടെ നോവൽ ഭാഗം എട്ട്

കേരള പിറവിയും ശിശുദിനവും ആഘോഷിക്കുന്ന നവംബറിൽ ഐഇ മലയാളം കുട്ടികൾക്കായി ഒരു വിഭാഗം തുടങ്ങുകയാണ്. കുട്ടികളുടെ രചനകളും കുട്ടികൾക്കായി മുതിർന്നവർ എഴുതിയ രചനകളും ഇതിലുണ്ടാകും. പുതിയ കാലത്ത് ഓൺലൈൻ രംഗത്തെ വായന സജീവമാകുകയും കുട്ടികളും മുതിർന്നവരും ഓൺലൈൻ വായനയിലേയ്ക്ക് കൂടുതലായി കടന്നുവരികയും ചെയ്യുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കുട്ടികളുടെ ലോകത്തെ ഗൗരവമായി കണ്ടുകൊണ്ട് തന്നെയുളള ഉളളടക്കം നൽകുന്നതിനായിരിക്കും പ്രധാനമായും ശ്രദ്ധ ചെലുത്തുക. മലയാളത്തിലെ മാത്രമല്ല, ലോകത്തെ വിവിധയിടങ്ങളിലെ സർഗാത്മക മേഖലകളെ മലയാളത്തിൽ കുട്ടികൾക്കായി അവതരിപ്പിക്കുക എന്നതാണ് ലക്ഷ്യം. സാഹിത്യം […]

priya a s ,novel

കേരള പിറവിയും ശിശുദിനവും ആഘോഷിക്കുന്ന നവംബറിൽ ഐഇ മലയാളം കുട്ടികൾക്കായി ഒരു വിഭാഗം തുടങ്ങുകയാണ്. കുട്ടികളുടെ രചനകളും കുട്ടികൾക്കായി മുതിർന്നവർ എഴുതിയ രചനകളും ഇതിലുണ്ടാകും.

പുതിയ കാലത്ത് ഓൺലൈൻ രംഗത്തെ വായന സജീവമാകുകയും കുട്ടികളും മുതിർന്നവരും ഓൺലൈൻ വായനയിലേയ്ക്ക് കൂടുതലായി കടന്നുവരികയും ചെയ്യുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കുട്ടികളുടെ ലോകത്തെ ഗൗരവമായി കണ്ടുകൊണ്ട് തന്നെയുളള ഉളളടക്കം നൽകുന്നതിനായിരിക്കും പ്രധാനമായും ശ്രദ്ധ ചെലുത്തുക. മലയാളത്തിലെ മാത്രമല്ല, ലോകത്തെ വിവിധയിടങ്ങളിലെ സർഗാത്മക മേഖലകളെ മലയാളത്തിൽ കുട്ടികൾക്കായി അവതരിപ്പിക്കുക എന്നതാണ് ലക്ഷ്യം.

സാഹിത്യം മാത്രമല്ല, മറ്റ് വിഷയങ്ങളും കുട്ടികൾക്കായി അവതരിപ്പിക്കുന്നതിന് ശ്രദ്ധ ചെലുത്തും. നവംബർ ഒന്നിന് മലയാളത്തിലെ പ്രിയ കഥാകാരി പ്രിയ എ എസ് കുട്ടികൾക്കായി എഴുതുന്ന ‘പെരുമഴയത്തെ കുഞ്ഞിതളുകള്‍’ നോവലിലൂടെയും പതിനൊന്നുകാരിയായ അകിയാ കൊമാച്ചിയുടെ ഫൊട്ടോ ഗ്യാലറിയിലൂടെയും ദ് ഇന്ത്യൻ എക്സ്പ്രസ്സിന്റെ ഐ ഇ മലയാളം കുട്ടികൾക്കായുളള പുതിയ വിഭാഗം ആരംഭിക്കുകയാണ്.

പെരുമഴയത്തെ കുഞ്ഞിതളുകള്‍ നോവലിനെ കുറിച്ച് പ്രിയ എഴുതുന്നു

ഇതായിരുന്നില്ല എഴുതാനുദ്ദേശിച്ച കഥാപ്രപഞ്ചം. പ്രളയത്തില്‍ നദികള്‍ ദിശ മാറി ഒഴുകിയതുപോലെ, എന്റെ മനസ്സിലെ കഥയും ദിശ മാറി ഒഴുകിയാണ് ‘പെരുമഴയത്തെ കുഞ്ഞിതളുകളാ’യത്. പ്രളയശേഷം , വേറെ എന്തെങ്കിലും കഥകളുമായി കുട്ടികളുടെ മുന്നില്‍ വരുന്നതില്‍ യാതൊരര്‍ത്ഥവുമില്ലെന്ന് തോന്നി. ഞാന്‍ ജോലി ചെയ്യുന്ന കൊച്ചിന്‍ യൂണിവേഴ്‌സിറ്റി, പ്രളയകാലത്ത് ദുരിതാശ്വാസ ക്യാമ്പ് നടത്താന്‍ തീരുമാനിച്ചില്ലായിരു ന്നെങ്കില്‍, ഈ പ്രളയ ചിത്രങ്ങളിത്രയടുത്ത് എനിക്ക് കിട്ടുമായിരുന്നോ എന്ന് സംശയം. അവിടെ ഞാന്‍ കണ്ടുമുട്ടിയ നനഞ്ഞുവിറങ്ങലിച്ച ഓരോ ജീവിതഏടുകളും ഈ പുസ്തകത്തിന്റെ പിറവിക്കുള്ള നിമിത്തങ്ങളാണ്. പ്രളയകാലം നോവിച്ച ഓരോ കുട്ടിയെയും, ഈ പുസ്തകം ഒരക്ഷരച്ചേക്കുട്ടിയായി കൈ പിടിച്ച് ചേറിനപ്പുറത്തേക്ക് കൊണ്ടുപോകണേ, ഇനിയൊരു പ്രളയം വരാതിരിക്കാന്‍ തക്ക മുന്‍കരുതലുകളെടുക്കാന്‍ തക്ക വണ്ണം ശാസ്ത്രീയമായ ഉള്‍ക്കാഴ്ചകളിലേക്ക് ഒരു പിടി കുഞ്ഞിതളുകളെയെങ്കിലും പ്രേരിപ്പിക്കണേ എന്നുമാണ് എഴുത്തുകാരിയുടെ പ്രാര്‍ത്ഥന.

 

നോവൽ എട്ടാം ഭാഗം
ശന്തനു

സ്‌നേഹപൂര്‍വ്വം മഴദേവന്,

ഇത്തവണ നിന്റെ മഴ ,ഞങ്ങള്‍ മനുഷ്യരെ വല്ലാതെ ബുദ്ധിമുട്ടിച്ചു.നനഞ്ഞും തണുത്തും വിറച്ചും നീന്തിയും ഞങ്ങളൊക്കെ വല്ലാതെ കഷ്ടപ്പെട്ടു. ഞാനിന്നാളൊരു ദിവസം അച്ഛന്റെ കൂടെ, പ്രളയം കേറിയിറങ്ങിയ ചില ഇടങ്ങളിലൂടെ പോയി. മഴ, കേടാക്കിയ തുണികളും പാത്രങ്ങളും കിടക്കകളും സോഫകളും അലമാരകളും വഴിയോരത്തൊക്കെ കുന്നുകുന്നുപോലെ.

അങ്ങനെ നോക്കുമ്പോള്‍,ഒരു വീടിന്റെ മുറ്റത്ത് ഒരു കുട്ടി . കുളിച്ചശേഷം തോര്‍ത്തുടുത്തു വരുന്ന വരവാണ് .മഴ , ഞെക്കിഞെരുക്കി ചളുക്കിയതു കാരണം ഉപയോഗിക്കാന്‍ വയ്യാതെയായതിനാല്‍ കളയാനായി അച്ഛനെടുത്തിട്ട അലമാര മുറ്റത്തു കിടപ്പുണ്ട്. അതിലെ പൊട്ടാതെ ബാക്കിയായ ഒരു തുണ്ടു കണ്ണാടിക്കഷ്ണത്തിലേയ്ക്ക് നോക്കി അവന്‍ മുറ്റത്തിരുന്നു. എന്നിട്ട് അതിലേയ്ക്ക് കുനിഞ്ഞിരുന്നു നോക്കി, കൈ കൊണ്ട് തലമുടി ചീകി. എനിക്കാകെ സങ്കടം വന്നു. അവന് ചീപ്പില്ല, കണ്ണാടിയില്ല,അലമാരയില്ല .പക്ഷേ അവന്‍ ഞങ്ങളെ നോക്കി കൈവീശി.’എന്തൊരു മിടുക്കന്‍ കുട്ടിയാണവന്‍’ എന്ന് അച്ഛന്‍ പറയുന്നുണ്ടായിരുന്നു..

പിന്നൊരു കുട്ടിയെ കണ്ടു. അവള്‍, വീടിന് മുന്നിലെ റോഡിലേയ്ക്കിറങ്ങി ആകാശത്തേയ്ക്ക് നോക്കി നില്‍ക്കുകയായിരുന്നു. കൈയിലൊരു പാവയുണ്ടായിരുന്നു. നനഞ്ഞത്,കുതിര്‍ന്നത്, അവിടവിടെ പിഞ്ഞിയത്. അവളോട് ‘എന്തു നോക്കി നില്‍ക്കുകയാണ് ‘എന്നു ഞാനും അച്ഛനും ചോദിച്ചു.’വെയിലിന്റെ ഷട്ടറുകള്‍ തുറക്കുന്നുണ്ടോ’ എന്നു നോക്കിനില്‍ക്കുകയാണെന്നും ‘വെയില്‍ വന്നിട്ടു വേണം അവളുടെ പാവക്കുട്ടിയെ ഉണക്കിയെടുക്കാനെ’ന്നും അവള്‍ പറഞ്ഞു. അവളുടെ പാവക്കുട്ടിയുടെ മുഖത്തിനും കാലിനും ഉടുപ്പിനുമൊക്കെ ഒരേ നിറമായിരുന്നു, അതായത് ചെളിയുടെ നിറം. അവളുടെയാ പാവക്കുട്ടിയെക്കാണാന്‍ നല്ല ഭംഗിയായി രുന്നെന്നും അതിന്റെ പേര് ചന്ദ്രിക എന്നാണെന്നും നന്നായി കഴുകി വെയിലത്തു വച്ചാല്‍ ചന്ദ്രിക, പഴയ സുന്ദരിച്ചന്ദ്രിക തന്നെയാവും എന്നും അവള്‍ പറഞ്ഞു.

നിനക്കറിയാമല്ലോ, ഞങ്ങള്‍ കുട്ടികള്‍ക്ക് ഞങ്ങളുടെ കളിപ്പാട്ടങ്ങളാണ് ഏറ്റവും വലിയ സ്വത്ത്. ഒരുപാട് കുട്ടികളുടെ പാവക്കുട്ടികള്‍ മഴയത്ത് ഒലിച്ചുപോയി. ചിലരുടെ പാവക്കുട്ടികള്‍ വെള്ളം കയറി ചീര്‍ത്തുവന്നു. ഉണക്കിയെടുത്താല്‍ ചിലപ്പോഴതെല്ലാം ശരിയാകുമായിരിക്കും.അതൊക്കെ .പക്ഷേ അതിന് നീ , മഴയുടെ ഷട്ടറൊന്നടച്ചിട്ട് വേണ്ടേ? പ്‌ളീസ് മഴദേവാ, നീ നിന്റെ ഷട്ടറൊന്നടയ്ക്ക്. വെയിലിനെ അതിന്റെ ഷട്ടറുകള്‍ തുറക്കാനൊന്നനുവദിക്ക്.

പുല്ലു പറിച്ചുകളഞ്ഞ് മുറ്റം വൃത്തിയാക്കാന്‍ അച്ഛനൊപ്പം കൂടുമ്പോള്‍ അച്ഛനെനിക്ക് തരുന്ന രൂപ ഞാന്‍ സൂക്ഷിച്ചുവെയ്ക്കുന്നത്, ഹാരിപോര്‍ട്ടര്‍ സീരീസ് വാങ്ങാനാണ്. പക്ഷേ ഞാനെതടുത്ത്, അലമാരയും കണ്ണാടിയും ചീപ്പും ഇല്ലാതായ ആ കുട്ടിയ്ക്ക് ,കണ്ണാടിയുള്ള ഒരു ചെറിയ അലമാരയും ചീപ്പും നല്ലൊരു തോര്‍ത്തും കുറച്ചു സോപ്പും വാങ്ങിക്കൊടുക്കാനായി എന്റെ അച്ഛനെ ഏല്‍പ്പിച്ചു. ബാക്കിയാവുന്ന രൂപ കൊണ്ട് ആ ചന്ദികാപ്പാവക്കുട്ടിയെ കെട്ടിപ്പിടിച്ചു നിന്ന പെണ്‍കുട്ടിക്ക് രണ്ടു നല്ല പാവകളെ വാങ്ങിക്കൊടുക്കാനും ഞാനും അച്ഛനും കൂടി തീരുമാനിച്ചിട്ടുണ്ട്.

മഴദേവാ, നീ നിന്റെ ഷട്ടറുകള്‍ അടച്ചില്ല എങ്കിലും വെയിലിനെ അതിന്റെ ഷട്ടറുകള്‍ തുറക്കാന്‍ സമ്മതിച്ചില്ല എങ്കിലും ഞാനും അച്ഛനും കൂടി ഇങ്ങനെ ചിലതെല്ലാം ചെയ്ത് മനുഷ്യത്വത്തിന്റെ ഷട്ടറുകള്‍ തുറന്നിടാന്‍ തീരുമാനിച്ചു. ഒരു പത്രത്തില്‍ നിന്ന് അമ്മ വായിച്ചു കേള്‍പ്പിച്ച പ്രളയകാലക്കുറിപ്പിന്റെ പേരാണ് മഴദേവാ,ഞാനിപ്പോള്‍ പറഞ്ഞത് -‘മനുഷ്യത്വത്തിന്റെ ഷട്ടറുകള്‍ തുറപ്പിച്ച പ്രളയകാലം.’

priya a s ,novel
ചിത്രീകരണം : ജയകൃഷ്ണന്‍

അത് ചേക്കുട്ടിപ്പാവകളെക്കുറിച്ചുള്ള കുറിപ്പാണ്. നിനക്കറിയില്ലല്ലോ ചേക്കുട്ടിപ്പാവയെന്നുവച്ചാല്‍ എന്താണെന്ന് ! ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ അത് നിന്നെക്കുറിച്ചും കൂടിയുള്ള കുറിപ്പാണ്. നീ ചേന്ദമംഗലത്തെ കൈത്തറിത്തൊഴിലാളികളുടെ തറികള്‍ തട്ടിത്തെറിപ്പിച്ചില്ലേ, അവര്‍ നെയ്ത മുണ്ടുകളിലും സാരികളിലും കറ പിടിപ്പിച്ച് ഉപയോഗശൂന്യമാക്കിയില്ലേ ? പക്ഷേ എന്റെ മലയാളം മിസ് പറയാറുള്ള ആ ചൊല്ലില്ലേ, വീണിടം വിദ്യയാക്കുക എന്ന് ? ആ വിദ്യ ഉപയോഗിച്ച്, ചില പരിപാടികളൊക്കെ നടക്കുകയാണ് ഇവിടെ.

കഴുകിയാല്‍ മായാത്ത പ്രളയക്കറ പിടിച്ച ചേന്ദമംഗലം കൈത്തറിത്തുണികള്‍ കത്തിച്ചു കളയുകയേ നിവൃത്തിയുള്ളൂ എന്നാണ് എല്ലാവരും കരുതിയത്. ഓണക്കാലത്തെ വന്‍തോതിലെ വില്‍പ്പനക്കായി ചേന്ദമംഗലത്തുകാര്‍ തറികളില്‍ നെയ്തുണ്ടാക്കിയ കെട്ടുകണക്കിന് തുണികള്‍. എത്രയോ മനുഷ്യരുടെ വിയര്‍പ്പും ജീവിതവും ആണ് ഒന്നിനും കൊള്ളാതെ, തീയ്ക്ക് കൊടുക്കേണ്ടി വരുന്നത് എന്ന് പത്രവാര്‍ത്തകള്‍ വന്നു കൊണ്ടേയിരുന്നു പ്രളയശേഷം.

അപ്പോള്‍ രണ്ടുപേര്‍ അവിടെ ചെല്ലുകയും തീ കാത്ത് ഒരു കോണില്‍ കുമിഞ്ഞുകൂടിക്കിടക്കുന്ന തുണിമലകള്‍ നോക്കി സങ്കടപ്പെട്ടു നില്‍ക്കുകയും ചെയ്തു. പെട്ടെന്നവര്‍ക്ക് തോന്നി, തുണികളില്‍ നിന്നൊരു പാവനൃത്തം ആരംഭിക്കുന്നുവെന്ന് .

കുഞ്ഞിത്തലയും രണ്ട് ഉണ്ടക്കണ്ണും ഒരു ചിരിശ്രമവും അതിനൊക്കെയൊപ്പം വിടര്‍ത്തിയിട്ട ഒരു കുപ്പായവുമായി ആയിരക്കണക്കിന് പാവകള്‍ ആ തുണിക്കൂമ്പാരത്തില്‍ നിന്ന്. ഈയലുപോലെ തുരുതുരാ എന്ന് ഉയര്‍ന്നു പൊങ്ങാന്‍ തുടങ്ങി. പക്ഷേ, അവരാരും ഈയലുകളെപ്പോലെ പറന്നിറങ്ങി ഇത്തിരിനേരത്തിനകം പ്രാണന്‍ കെട്ട്, ഒടുങ്ങിപ്പോയില്ല. ‘മിന്നാമിന്നികളെപ്പോലെ ഇരുട്ടിലെ പ്രത്യാശയാകാനാണ് ഞങ്ങള്‍ നിശ്ചയിച്ചിരിക്കുന്നത് ‘എന്നവര്‍ ഉറക്കെ ഉറക്കെ വിളിച്ചു പറഞ്ഞത് അവര്‍,ആ രണ്ടാളുകള്‍ മാത്രം കേട്ടു..

അവരെ കണ്ടത് ആ രണ്ടുപേര്‍ മാത്രം. അവരെ കേട്ടതും ആ രണ്ടു പേര്‍ മാത്രം . ‘ചേറിനെ അതിജീവിച്ച പാവക്കുട്ടിക്ക് ചേക്കുട്ടിപ്പാവ എന്നു പേരിട്ടോളൂ’ എന്നും ആ പാവനൃത്തം, ആടിപ്പാടി പറയുന്നുണ്ടായിരുന്നു.

മുറിവു പറ്റിയ,കറ പിടിച്ച തുണിക്കൂമ്പാരത്തിനിടയില്‍ അങ്ങനെ നില്‍ക്കുമ്പോള്‍, നൃത്തക്കാരായ ആ കുഞ്ഞിത്തുത്തുണിപ്പാവകളെ ദത്തെടുക്കാന്‍ ആ രണ്ടുപേര്‍ തീരുമാനിച്ചു.

‘ചേക്കുട്ടിപ്പാവകളോരോന്നിന്റെയും കണ്ണും ചിരിയും നില്‍പ്പും മട്ടും ഒക്കെ വത്യസ്തമായിരിക്കും.കാരണം ഓരോരുത്തരും പ്രളയമനുഭവിച്ചത് ഓരോ തരത്തിലല്ലേ? അവരവരനുഭവിച്ചതല്ലേ ഓരോരുത്തരുടെയും ഭാവത്തിലും കണ്ണിലും നില്‍പ്പിലും തെളിയുക ‘എന്നു കൂടി പാവകള്‍ പറഞ്ഞു. അങ്ങനെ ഒരു സാരിയില്‍ നിന്ന് അനേകമനേകം ചേക്കുട്ടിപ്പാവകള്‍.. !

മഴയത്തെ ചേറില്‍ വീണ് മുഴുവനും കേടായിപ്പോയ തുണിയില്‍ നിന്ന് , മഴക്കെടുതിയെത്തോല്‍പ്പിക്കാന്‍ ഒരു പാവസൈന്യം! മഴദേവാ,നീ കേട്ടിരിക്കുന്നത് ട്രോജന്‍ യുദ്ധത്തെക്കുറിച്ചുള്ള കഥയാവും .ട്രോയ് നഗരത്തിനുള്ളിലേക്ക് കടക്കാന്‍ തങ്ങളുടെ സൈന്യത്തെ കയറ്റിയിരുത്തിയ ഒരു ട്രോജന്‍മരക്കുതിരയെ ഗ്രീക്കുകാര്‍ ഉപയോഗിച്ച സൂത്രക്കഥ ഞങ്ങള്‍ക്ക് പറഞ്ഞുതന്നതും മലയാളം ടീച്ചറാണ്.

ഇതുമൊരു സൂത്രവിദ്യയാണ്. പക്ഷേ ഇതില്‍ ഒരു തരിപോലും അക്രമമില്ല. അത് ഗാന്ധിയന്‍ രീതിയാണ് എന്നമ്മ പറഞ്ഞു.നമ്മുടെ പരിമിതികളെ നമ്മള്‍ വെളിച്ചമാക്കിയെടുക്കുകയാണ്. കൂടിവന്നാല്‍ 1300രൂപ കിട്ടുന്ന ഒരു സാരിയില്‍ നിന്ന് 360 കുഞ്ഞിപ്പാവകള്‍. 25 രൂപ ഓരോന്നിനും. നിനക്ക് കണക്കറിയാമോ മഴദേവാ? ഇന്നസ്ഥലത്ത് ഇത്ര സെന്റിമീറ്റര്‍ മഴ പെയ്തു എന്നു പറയുന്ന തരം കണക്കല്ലേ നിനക്കറിയൂ! ഇാ കണക്ക് ഞാന്‍ പഠിപ്പിച്ചു തരാം. 360 ഗുണം 25 സമം 9000.ലാഭമായി കിട്ടുന്നതെല്ലാം ചേന്ദമംഗലത്തുകാരുടെ തറി പുനര്‍നിര്‍മ്മിക്കാനാണ് ഉപയോഗിക്കുക.

ഭീകരമായി വീണുപോയ ഇടത്തുനിന്നും ഒരു കുഞ്ഞന്‍പാവയുടെ കൈത്തറിപ്പാവാടത്തുമ്പില്‍പ്പിടിച്ച് ഞങ്ങള്‍ ഞൊടിയിടകൊണ്ട് എണീക്കുന്നത് കണ്ടാല്‍ മഴദേവാ, നിനക്ക് വിശ്വാസം വരുമോ ആവോ ?

ഞങ്ങള്‍ കടന്നു പോന്ന പ്രളയച്ചേറിന്റെ മണം എന്നും ഞങ്ങളുടെ ഓര്‍മ്മയിലുണ്ടായിരിക്കാനാണ് ഈ ചേക്കുട്ടിപ്പാവ. ഇത്തിരിപ്പോന്ന ചേക്കുട്ടിയെ നമുക്ക് എവിടെ വേണമെങ്കിലും തൂക്കിയിടാം. കാറില്‍ ,വീട്ടില്‍,ക്‌ളാസ് മുറിയില്‍, ഓഫീസില്‍, കടകളില്‍, ബാഗില്‍, മാലയില്‍, ബ്രെയ്‌സ് ലെറ്റുകളില്‍,ഗിറ്റാറില്‍ എവിടെയും പാകമാവുന്ന പാവ.

priya a s ,novel
ചിത്രീകരണം : ജയകൃഷ്ണന്‍

കേരളത്തിലൊരു 2018 ല്‍ ഒരു മഹാപ്രളയമുണ്ടായി എന്ന് സദാസമയവും അങ്ങനെയങ്ങനെ നമ്മുടെ കണ്‍വെട്ടത്തിരുന്ന് ചേക്കുട്ടി ഓര്‍മ്മിപ്പിക്കും. പുഴയെ,മലയെ,മണ്ണിനെ,മരത്തെ ഒക്കെ നോവിക്കാന്‍ ഇനിയും ഞങ്ങള്‍ മനുഷ്യന്മാരൊരുങ്ങിയാല്‍ ചേക്കുട്ടി കണ്ണുരുട്ടി ചോദിക്കും, ‘പ്രളയപാഠങ്ങള്‍ ഇത്ര വേഗം മറന്നുവോ ? ‘ചേക്കുട്ടി അതിന്റെ കറക്കുപ്പായം നിവര്‍ത്തി ,ഒന്നു വട്ടം കറങ്ങി ഇടക്കിടക്കൊക്കെ ചോദിയ്ക്കും , ‘ഈ പ്രളയക്കറ മാറ്റാന്‍ എന്തു വഴി, ഇനിയുമിത്തരം കറയുമായി പ്രളയം വരാതിരിക്കാനെന്തുവഴി?’

എനിക്കറിയാം മഴദേവാ, നിന്നെ ദേഷ്യം പിടിപ്പിച്ചത് ഞങ്ങളുടെ മണ്ടത്തരങ്ങളും അത്യാഗ്രഹങ്ങളുമാണ്. വയൽ നികത്തി , മലയിടിച്ചു കളഞ്ഞ്, പുഴമണലിനെ തട്ടിയെടുത്ത് ഞങ്ങളെന്തൊക്കെയാണ് പണിതു കൂട്ടിയത്! അതില്‍ നിന്നൊക്കെ കിട്ടിയ കാശുകൂമ്പാരത്തിനു മുകളിലിരുന്നുതന്നെയാണ് കുടിവെള്ളത്തിനും ഉടുപ്പിനും ആഹാരത്തിനും വേണ്ടി , മുകളിലൂടെ വണ്ടുകളെപ്പോലെ മൂളിപ്പാഞ്ഞുനടന്ന ഹെലിക്കോപ്റ്ററുകളെ മെഴുകുതിരി കൊളുത്തിവച്ചും ടോര്‍ച്ച് മിന്നിക്കാണിച്ചും വിളിച്ചുവരുത്താന്‍ നോക്കി ഞങ്ങള്‍ കരഞ്ഞു ക്ഷീണിച്ചതും .

കാശല്ല ഒത്തൊരുമയാണ് വലുത്, കൂറ്റന്‍ വീടല്ല വിശാലമായ മനസ്സാണ് വേണ്ടത് എന്ന് ഞങ്ങളെ പഠിപ്പിക്കാന്‍ നീയെടുത്ത സൂത്രവിദ്യയാണ് ഈ പ്രളയം എന്ന് വിചാരിക്കാനാണ് ഞങ്ങള്‍ക്കിപ്പോഴിഷ്ടം.

പറഞ്ഞുവന്നത് മറന്നു..വെയിലിന്റെ ഷട്ടറുകള്‍ തുറക്കാന്‍ ഒന്ന് സഹകരിക്കണേ മഴദേവാ. എന്നിട്ട് ഇനിയും നീ വരണം. എനിക്കും എന്റെ അനിയത്തി തന്മയയ്ക്കും ഒക്കെ നിന്നെ നനയാന്‍ എന്തിഷ്ടമമാണെന്നോ. പക്ഷേ നീ ഞങ്ങളെ ഇനി കഴുത്തറ്റം വെള്ളത്തിലാക്കി മരവിപ്പിക്കരുത്.

നിന്റെ കാടന്‍വരവ് കാരണം ഇത്തവണ മൂന്നാറില്‍ നീലക്കുറിഞ്ഞി മലകളെയൊന്നും മുഴുനീളനീലനിറമായില്ല.ഞാന്‍ കൈക്കുഞ്ഞായിരുന്ന പന്ത്രണ്ടു കൊല്ലം മുമ്പാണ് നീലക്കുറിഞ്ഞി പൂത്തത്.അന്ന് ഞങ്ങള്‍ പോയില്ല മൂന്നാറിന്. മൂന്നുമാസം പ്രായമുള്ള ഞാന്‍ എന്തു കാഴ്ച കാണാന്‍, എന്തോര്‍മ്മ സൂക്ഷിച്ചുവയ്ക്കാന്‍ എന്നോര്‍ത്ത് മൂന്നാര്‍യാത്ര ഇത്തവണത്തേയ്ക്ക് മാറ്റി വച്ചതാണ് അച്ഛനുമമ്മയും. പക്ഷേ നീ പറ്റിച്ചില്ലേ ഞങ്ങളെ?

സാരമില്ല, അടുത്ത തവണ പൂത്തുമറിയാന്‍ നീ മലയെ സമ്മതിക്കും എന്ന് ഈ ചേക്കുട്ടിപ്പാവയെ കുറിച്ചുള്ള കുറിപ്പിലെ നീലച്ചേക്കുട്ടിപ്പാവ എന്നോട് ഉറപ്പു പറയുന്നു. അപ്പോഴേക്ക് എനിയ്ക്ക് ഇരുപത്തിനാല് വയസ്സാവും. തന്മയയ്ക്ക് ഇരുപത്തിയൊന്നും. ഈ നീലപ്പാവയുടെ നിറം അപ്പോഴേക്ക് മങ്ങിയിട്ടുണ്ടാവും. പക്ഷേ കാറില്‍ നീലച്ചേക്കുട്ടിപ്പാവയെയും കൂട്ടിനു പിടിച്ചിരുത്തിത്തന്നെയാവും , പൂത്തുമറിയാന്‍ നീ എല്ലാ ഒത്താശയും ചെയ്തുകൊടുത്ത മൂന്നാര്‍ നീലമലകള്‍ കാണാന്‍ ഞാനും തന്മയയും അച്ഛനും അമ്മയും വരിക.

എന്ന്
നിന്റെ സ്വന്തം,
ശന്തനു

പൂർണ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന ബാലസാഹിത്യ സമാഹാരത്തിലെ നോവലിൽ നിന്ന്

Get the latest Malayalam news and Children news here. You can also read all the Children news by following us on Twitter, Facebook and Telegram.

Web Title: Priya as novel perumazhayathe kunjithalukal part 7

Next Story
അല്ലി-കുട്ടികളുടെ നോവൽ ഏഴാം ഭാഗംpriya a s ,novel
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express
X