തന്മയ-കുട്ടികളുടെ നോവൽ ഭാഗം ആറ്

അവള്‍ വിശദീകരിച്ചു. ‘ഉത്തര്‍പ്രദേശിന്റെയും മദ്ധ്യപ്രദേശിന്റെയും ഒക്കെയടുത്ത് കേരളത്തെ എടുത്തു വച്ചുനോക്കിയാലറിഞ്ഞൂടെ കേരളം ഒരു തുമ്പിയാ ണെന്ന്?’ പ്രിയ എ എസ് എഴുതുന്ന കുട്ടികളുടെ നോവൽ

priya a s , novel

കേരള പിറവിയും ശിശുദിനവും ആഘോഷിക്കുന്ന നവംബറിൽ ഐഇ മലയാളം കുട്ടികൾക്കായി ഒരു വിഭാഗം തുടങ്ങുകയാണ്. കുട്ടികളുടെ രചനകളും കുട്ടികൾക്കായി മുതിർന്നവർ എഴുതിയ രചനകളും ഇതിലുണ്ടാകും.

പുതിയ കാലത്ത് ഓൺലൈൻ രംഗത്തെ വായന സജീവമാകുകയും കുട്ടികളും മുതിർന്നവരും ഓൺലൈൻ വായനയിലേയ്ക്ക് കൂടുതലായി കടന്നുവരികയും ചെയ്യുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കുട്ടികളുടെ ലോകത്തെ ഗൗരവമായി കണ്ടുകൊണ്ട് തന്നെയുളള ഉളളടക്കം നൽകുന്നതിനായിരിക്കും പ്രധാനമായും ശ്രദ്ധ ചെലുത്തുക. മലയാളത്തിലെ മാത്രമല്ല, ലോകത്തെ വിവിധയിടങ്ങളിലെ സർഗാത്മക മേഖലകളെ മലയാളത്തിൽ കുട്ടികൾക്കായി അവതരിപ്പിക്കുക എന്നതാണ് ലക്ഷ്യം.

സാഹിത്യം മാത്രമല്ല, മറ്റ് വിഷയങ്ങളും കുട്ടികൾക്കായി അവതരിപ്പിക്കുന്നതിന് ശ്രദ്ധ ചെലുത്തും. നവംബർ ഒന്നിന് മലയാളത്തിലെ പ്രിയ കഥാകാരി പ്രിയ എ എസ് കുട്ടികൾക്കായി എഴുതുന്ന ‘പെരുമഴയത്തെ കുഞ്ഞിതളുകള്‍’ നോവലിലൂടെയും പതിനൊന്നുകാരിയായ അകിയാ കൊമാച്ചിയുടെ ഫൊട്ടോ ഗ്യാലറിയിലൂടെയും ദ് ഇന്ത്യൻ എക്സ്പ്രസ്സിന്റെ ഐ ഇ മലയാളം കുട്ടികൾക്കായുളള പുതിയ വിഭാഗം ആരംഭിക്കുകയാണ്.

പെരുമഴയത്തെ കുഞ്ഞിതളുകള്‍ നോവലിനെ കുറിച്ച് പ്രിയ എഴുതുന്നു

ഇതായിരുന്നില്ല എഴുതാനുദ്ദേശിച്ച കഥാപ്രപഞ്ചം. പ്രളയത്തില്‍ നദികള്‍ ദിശ മാറി ഒഴുകിയതുപോലെ, എന്റെ മനസ്സിലെ കഥയും ദിശ മാറി ഒഴുകിയാണ് ‘പെരുമഴയത്തെ കുഞ്ഞിതളുകളാ’യത്. പ്രളയശേഷം , വേറെ എന്തെങ്കിലും കഥകളുമായി കുട്ടികളുടെ മുന്നില്‍ വരുന്നതില്‍ യാതൊരര്‍ത്ഥവുമില്ലെന്ന് തോന്നി. ഞാന്‍ ജോലി ചെയ്യുന്ന കൊച്ചിന്‍ യൂണിവേഴ്‌സിറ്റി, പ്രളയകാലത്ത് ദുരിതാശ്വാസ ക്യാമ്പ് നടത്താന്‍ തീരുമാനിച്ചില്ലായിരു ന്നെങ്കില്‍, ഈ പ്രളയ ചിത്രങ്ങളിത്രയടുത്ത് എനിക്ക് കിട്ടുമായിരുന്നോ എന്ന് സംശയം. അവിടെ ഞാന്‍ കണ്ടുമുട്ടിയ നനഞ്ഞുവിറങ്ങലിച്ച ഓരോ ജീവിതഏടുകളും ഈ പുസ്തകത്തിന്റെ പിറവിക്കുള്ള നിമിത്തങ്ങളാണ്. പ്രളയകാലം നോവിച്ച ഓരോ കുട്ടിയെയും, ഈ പുസ്തകം ഒരക്ഷരച്ചേക്കുട്ടിയായി കൈ പിടിച്ച് ചേറിനപ്പുറത്തേക്ക് കൊണ്ടുപോകണേ, ഇനിയൊരു പ്രളയം വരാതിരിക്കാന്‍ തക്ക മുന്‍കരുതലുകളെടുക്കാന്‍ തക്ക വണ്ണം ശാസ്ത്രീയമായ ഉള്‍ക്കാഴ്ചകളിലേക്ക് ഒരു പിടി കുഞ്ഞിതളുകളെയെങ്കിലും പ്രേരിപ്പിക്കണേ എന്നുമാണ് എഴുത്തുകാരിയുടെ പ്രാര്‍ത്ഥന.

 

നോവൽ ഭാഗം ആറ്
തന്മയ

 

അമ്മാവന്റെ കൂടെ ദുരിതാശ്വാസക്യാമ്പ് കാണാന്‍ പോവുകയായിരുന്നു തന്മയ.

‘മഴയുടെ ഊക്കൊന്നു കുറഞ്ഞില്ലേ കുറച്ചുദിവസം? അന്നേരം എല്ലാവരും, ഇനി പേടിക്കാനൊന്നുമില്ല എന്നൊരു മട്ടെടുത്തതാണ് പ്രശ്‌നങ്ങളിത്രയും വഷളാകാന്‍ കാരണം’ എന്ന് അമ്മാവന്‍ കാറിലിരുന്ന് ആരോടോ പറഞ്ഞു.
തന്മയ, കാറിലൂടെ പുറത്തെ പ്രളയാവശിഷ്ടങ്ങളായ ചെളിയിലേയ്ക്കും വെള്ളത്തിലേയ്ക്കും തകര്‍ന്ന കെട്ടിടങ്ങളിലേയ്ക്കും നോക്കി ചോദിച്ചു, ‘അമ്മാവന്‍ പുലിമുരുകന്‍ കണ്ടിട്ടുണ്ടോ?’

അത്രയും പഴയൊരു സിനിമയുടെ പരസ്യബോര്‍ഡൊന്നും വഴിയിലെവിടെയും കാണാനിടയില്ലല്ലോ, ഈ തന്മയയ്ക്ക് പെട്ടെന്നെവിടെ നിന്നാണ് ഈ പുലിമുരുകനെ കിട്ടിയത് എന്ന മട്ടില്‍ അമ്മാവന്‍ നെറ്റി ചുളിച്ചു.

വെള്ളം കയറി തവിട്ടുനിറമായ മൂന്നാലു വെളുത്ത ആടുകള്‍ ‘ബേ ബേ’ എന്ന് കരയുന്നത് എത്തിനോക്കിക്കൊണ്ട് തന്മയ, അവളുടെ ശബ്ദം മോഹന്‍ലാലിന്റേതുപോലെയാക്കിപ്പറഞ്ഞു.’പുലി പതുങ്ങുന്നത് ഒളിക്കാനല്ല, കുതിക്കാനാണ്.’

അമ്മാവന്‍ ചോദിച്ചുപോയി, ‘ഈ പുലിമുരുകനെ നീയിപ്പോ എന്തിനാ എങ്ങാണ്ടുന്ന് ഇങ്ങോട്ടു കൊണ്ടുവരുന്നത് ?’

‘മഴ പെരുമാറിയത് പുലിമുരുകനെപ്പോലെയായിരുന്നു.മഴ പതുങ്ങിയത് ഒളിക്കാനല്ല,കുതിക്കാനാണ് എന്ന് കാലാവസ്ഥാനിരീക്ഷകര്‍ക്ക് മനസ്സിലായില്ല.പലതവണ പുലിമുരുകന്‍ കണ്ട ഒരാളായിരുന്നിരിക്കും മഴ. അതു കൊണ്ടാണ് കക്ഷി ഒന്നു പതുങ്ങിയിട്ട് പിന്നെ കുതിച്ചത്.’ തന്മയ പറഞ്ഞുകൊടുത്തു അമ്മാവന്.

‘മോള്‍ക്ക് നല്ല ഭാവനയാണല്ലോ’ എന്നു ഡ്രൈവര്‍മാമന്‍ പറഞ്ഞത് തന്മയയ്ക്ക് പിടിച്ചില്ല. ‘ഭാവനയല്ല,സത്യമാണ്’ എന്ന് തന്മയ പ്രസ്താവിച്ചപ്പോള്‍ ഡ്രൈവര്‍ ചിരിയൊതുക്കി.

അമ്മാവനും ചിരിക്കുന്നുണ്ടോ എന്ന് തന്മയയ്ക്ക് സംശയം തോന്നാതിരുന്നില്ല. പക്ഷേ അതൊന്നും ആലോചിയ്ക്കാന്‍ നില്‍ക്കാതെ തന്മയ, അടുത്ത പ്രസ്താവന ഇറക്കി.

‘കേരളം ഒരു തുമ്പിയാണ്.’

അതെന്താ എന്ന് അപ്പോള്‍ അമ്മാവന്‍, അവള്‍ക്ക് നേരെ തിരിഞ്ഞ് നെറ്റി ചുളിച്ചു.

അവള്‍ വിശദീകരിച്ചു. ‘ഉത്തര്‍പ്രദേശിന്റെയും മദ്ധ്യപ്രദേശിന്റെയും ഒക്കെയടുത്ത് കേരളത്തെ എടുത്തു വച്ചുനോക്കിയാലറിഞ്ഞൂടെ കേരളം ഒരു തുമ്പിയാ ണെന്ന്?’

പിന്നെ തന്മയയ്ക്ക് ദേഷ്യം വന്നു, ‘നമ്മളെല്ലാവരും കൂടി തുമ്പിയെപ്പോലുള്ള ഈ കേരളത്തെക്കൊണ്ടാണ് കല്ലെടുപ്പിക്കുന്നത്. ഈ കുഞ്ഞുകേരളത്തില്‍ 44 നദിയുണ്ട്. അത് കേരളത്തില്‍ പണ്ടുപണ്ടേയുള്ളതാണ്. പക്ഷേ ഈ 33 ഡാമുകളോ? ഇതൊക്കെ മനുഷ്യരുണ്ടാക്കിയതല്ലേ ?.തുമ്പിയെപ്പോലുള്ള കേരളത്തിനെക്കൊണ്ടിത്ര ഡാമുകളെ സഹിപ്പിക്കേണ്ട കാര്യമെന്താണ് ?’

priya a s, novel
ചിത്രീകരണം : ജയകൃഷ്ണന്‍

‘ടിവിയിലെ ചര്‍ച്ചകളില്‍ നിന്നാണോ അമ്മയുടെ വീട്ടുപ്രസംഗത്തില്‍ നിന്നാണോ നിനക്കിത്ര വിവരം വെച്ചത്’ എന്നമ്മാവന് ചിരി വന്നത് അവള്‍ക്കിഷ്ടമായില്ല.

‘ഞാനേ പത്രം വായിച്ചറിഞ്ഞതാണ് ഇതെല്ലാം’ എന്നു ഗൗരവത്തിലും ‘ഡാമുകള്‍, മനുഷ്യരല്ലല്ലോ, വയസ്സായി മരിച്ചുപോകാന്‍? ഇതൊക്കെ പഴക്കം ചെന്ന് ഇടിഞ്ഞുപൊളിയുമല്ലോ ഇനി, അപ്പോഴും വരുമല്ലോ പ്രളയം, അപ്പോഴീ വെള്ളത്തിനെ നമ്മളെങ്ങോട്ടൊഴുക്കിവിടും?’ എന്ന് സങ്കടത്തിലും തന്മയ ഇരിക്കുന്നതു കണ്ട് അമ്മാവന്‍, അവളുടെ തലയില്‍ തലോടി.

‘ഞാനെന്തു പഠിച്ച് ആരാവും എന്ന് എപ്പോഴും എനിയ്ക്ക് സംശയമല്ലേ അമ്മാവാ എപ്പോഴും , ഇപ്പോ എന്റെ ആ സംശയം മാറി .പഴക്കം ചെന്ന അണക്കെട്ടുകളെ എങ്ങനെ കൈകാര്യം ചെയ്യണം,ഡാമുകള്‍ പൊട്ടിയാല്‍ വെള്ളത്തിന്റെ ഭ്രാന്തന്‍ മട്ടിനെ എങ്ങനെ മാനേജ് ചെയ്യണം എന്നൊക്കെയാണ് ഞാനിനി പഠിക്കുക എന്ന് തന്മയ പറഞ്ഞു. എല്ലാ അണക്കെട്ടില്‍ നിന്നും വൈദ്യുതി ഉണ്ടാക്കുന്നില്ലെങ്കില്‍ നമുക്കെന്തിനാണ് ഇത്രയും ഡാമുകള്‍? ഇത്രയധികം ജലസംഭരണികളുണ്ടായിട്ടും വേനലില്‍ നമ്മള്‍ കുടിവെള്ളം വിലയ്ക്കുവാങ്ങി കഴിയേണ്ടുന്ന അവസ്ഥ വരുന്നതെന്തുകൊണ്ടാണ് ? ഇന്‍വെര്‍ട്ടറുകളില്ലതെ വേനല്‍ക്കാലത്ത് നമുക്ക് വെളിച്ചവും കാറ്റും കിട്ടാറില്ലല്ലോ? ഇങ്ങനെയെല്ലാം തന്മയ അമ്മാവനോട് സംശയങ്ങള്‍ പങ്കുവയ്ക്കുന്നതിനിടെ ക്യാമ്പെത്തി.

ക്യാമ്പ് തീരുകയായിരുന്നു അന്ന്.

ക്യാമ്പിലെ അംഗങ്ങള്‍ക്ക് അരി ,ഉരുളക്കിഴങ്ങ്, സവാള, തേയില,പാല്‍പ്പൊടി, പഞ്ചസാര,ചെറുപയര്‍,മെഴുകുതിരി, തീപ്പെട്ടി,അച്ചാര്‍, നാലഞ്ച് പാത്രങ്ങള്‍ എന്നിവയടങ്ങുന്ന കിറ്റ് വിതരണം ചെയ്യുന്നതില്‍ തന്മയയും ചേര്‍ന്നു.

ഇടയ്ക്ക് തന്മയ, ക്യാമ്പിലെ കുട്ടികളെയെല്ലാം പരിചയപ്പെട്ടു.

ക്യാമ്പിലെ നദിക്കുട്ടിയും മഴക്കുട്ടിയും ആരു പറഞ്ഞിട്ടും നിര്‍ത്തതെ ആര്‍ത്തു വിളിച്ചോടിക്കൊണ്ടിരുന്നു, പുറത്തെ മഴയെയും നദിയെയും പോലെ തന്നെ!

ഇടയ്ക്ക് തന്മയ,ആഞ്ജനേയനെയും അമ്മയേയും പരിചയപ്പെട്ടു.

ആഞ്ജനേയന്‍ മുഖം കുനിച്ച് ഒരു ഡസ്‌ക്കിലിരിക്കുകയും അവന്റെ അമ്മ അവളോടും അമ്മാവനോടും സംസാരിക്കുകയും ചെയ്തു.

priya a s, novel
ചിത്രീകരണം : ജയകൃഷ്ണന്‍

നാലാം ക്‌ളാസിലാണ് അവന്‍ എന്നറിഞ്ഞപ്പോള്‍ ‘ഞാനും’ എന്ന് തന്മയ പറഞ്ഞതു കേട്ട് അവന്‍, അവളെ മുഖമുയര്‍ത്തിനോക്കി. ‘ഊണു കഴിക്കാന്‍ അമ്മ വിളിച്ചാല്‍ എനിക്കു വിശക്കുന്നില്ല എന്നു പറയുന്നവനാണ് ഇവന്‍’ എന്നും ‘ഓം ലെറ്റ് ഉണ്ടാക്കിയാല്‍ എനിക്കു വേണ്ട എന്നല്ലേ പറഞ്ഞത്’ എന്ന് ദേഷ്യപ്പെടുന്നവനുമാണ് ആഞ്ജനേയന്‍ എന്നവന്റെ അമ്മ പറഞ്ഞപ്പോള്‍ തന്മയ, അവനോട് ‘സെയിം പിച്ച് ‘എന്നു മന്ത്രിച്ച് ചിരിച്ചു. അപ്പോള്‍ അവനും ഒന്നു ചിരിച്ചു. ‘മുട്ട തന്നിരുന്ന ആ കോഴി വെള്ളപ്പാച്ചിലില്‍ പെട്ട് ചത്തുപോയി ‘ എന്നവന്റെ അമ്മ പറഞ്ഞപ്പോള്‍ പക്ഷേ, അവന്റെ മുഖം മങ്ങി.

‘അതൊന്നും സരമില്ല, തന്റെ പേരിന്റെ അര്‍ത്ഥമെന്താ എന്നറിയുമോ’ എന്ന് അമ്മാവന്‍ അപ്പോഴവനോട് ചോദിച്ചു. ‘ഹനുമാന്‍’ എന്ന് അവനുടനെ ഉത്തരം പറഞ്ഞു.

‘ലങ്ക ചാടിക്കടന്നവനാണ് ഹനുമാന്‍, മൃതസഞ്ജീവനിയുള്ള മരുത്വാമല മൊത്തമായി പൊക്കിക്കൊണ്ടുവന്നവന്‍, ആപത്തില്‍പ്പെട്ട രാമന് തുണയായി നിന്നവന്‍,അശോകവനിയില്‍ ഇരുന്ന് കരയുന്ന സീതയെ ആശ്വസിപ്പിച്ചവന്‍. എന്തൊക്കെ കഴിവാണ് ആഞ്ജനേയനുള്ളത്…താനും ആഞ്ജനേയനല്ലേ ? അതല്ലേ ഈ പ്രളയ-ആപത്തിനെയൊക്കെ ചാടിക്കടന്ന് സുഖമായി ഈ ക്യമ്പിലെത്തിയത്! ഇനിയോ, ആപത്തില്‍പ്പെട്ട സര്‍വ്വരെയും സഹായിക്കുന്ന ആഞ്ജനേയനായി വളര്‍ന്നുവലുതാകും, അല്ലേ’ എന്നു ചോദിച്ച് അമ്മാവന്‍, ആഞ്ജനേയന്റെ താടിയില്‍ തൊട്ടപ്പോള്‍ അവന്‍ ചിരിച്ച ആ ചിരിയുടെ ഭംഗിയുണ്ടല്ലോ, അത് ഈ ജീവിതത്തില്‍ തന്മയ മറക്കില്ല.

അവരെല്ലാം ക്യാമ്പ് അറേഞ്ച് ചെയ്ത ബസുകളില്‍ പോയിക്കഴിഞ്ഞപ്പോള്‍ തന്മയയും അമ്മാവനും തിരിച്ചുപോന്നു. കാറില്‍ തന്മയ നിശബ്ദയായിട്ടിരുന്നു. എന്തു പറ്റി എന്ന് അമ്മാവന്‍ അവളുടെ തലയില്‍ കൈവച്ച് ചോദിച്ചു. ‘അവര്‍ക്ക് പാചകം ചെയ്യാന്‍ അടുപ്പുണ്ടാവുമോ, വിറകോ ഗ്യാസുകുറ്റിയോ കാണുമോ, അതൊക്കെ ഒഴുകിപ്പോയിക്കാണുകില്ലേ’ എന്നു ചോദിച്ചു തന്മയ . ‘കുറച്ചുദിവസം കഴിഞ്ഞ് നമ്മളവരുടെയെല്ലാം വീടുകളില്‍ പോകും, അപ്പോള്‍ നമുക്കോരോരോ പ്രശ്‌നങ്ങളായി പരിഹരിക്കാന്‍നോക്കാം’ എന്നു പറഞ്ഞു അമ്മാവന്‍.

ആഞ്ജനേയന്റെയൊക്കെ നാടിന്റെ പേരാണ് കുട്ടനാട് , കുട്ടനാടിനാണ് പ്രളയത്തില്‍ റ്റേവും തീരാനഷ്ടങ്ങളുണ്ടായിരിക്കുന്നത് എന്നും എന്നും അമ്മാവന്‍ പറഞ്ഞു.കേരളത്തിന്റെ നെല്ലറയല്ലേ കുട്ടനാട് എന്നു ചോദിച്ചു തന്മയ.

പൂർണ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന ബാലസാഹിത്യ സമാഹാരത്തിലെ നോവലിൽ നിന്ന്

Get the latest Malayalam news and Children news here. You can also read all the Children news by following us on Twitter, Facebook and Telegram.

Web Title: Priya as novel perumazhayathe kunjithalukal part

Next Story
മഴ, നദി-കുട്ടികളുടെ നോവൽ അഞ്ചാം ഭാഗംpriya a s,novel
The moderation of comments is automated and not cleared manually by malayalam.indianexpress.com